

ഏറനാടിന്റെ ചരിത്രം ഉറങ്ങുന്ന മണ്ണാണ് നിലമ്പൂര്‍. (Nilambur By Election 2025) നിയമസഭാ തെരഞ്ഞെടുപ്പിന് പത്തുമാസം മാത്രം ബാക്കിനില്‍ക്കെ ഈ ഉപതെരഞ്ഞെടുപ്പ് ഇരുമുന്നണികള്‍ക്കും നിര്‍ണായകമാണ്. ഇത്തവണ എല്‍ഡിഎഫിനും യുഡിഎഫിനും പുറമെ പിവി അന്‍വറും ബിജെപി സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജുമുണ്ട് കളത്തില്‍. നാളെ നിലമ്പൂരുകാര്‍ പോളിങ് ബൂത്തിലേക്ക് പോവുമ്പോള്‍ വിജയപരാജയങ്ങള്‍ നിശ്ചയിക്കുക സര്‍ക്കാരിന്റെ വിലയിരുത്തലാകുമോ? അതോ പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനമാകുമോ? അതോ അടിയൊഴുക്കുകളാകുമോ?. ഫലം അറിയാന്‍ കാത്തിരിക്കേണ്ടത് അടുത്ത തിങ്കളാഴ്ച വരെ.
ഏഴ് പഞ്ചായത്തുകള്‍ ഒരു മുന്‍സിപ്പാലിറ്റി എന്നിവ അടങ്ങുന്നതാണ് നിലമ്പുര്‍ അസംബ്ലി മണ്ഡലം. 1967 ലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ സഖാവ് കുഞ്ഞാലിയില്‍ തുടങ്ങി 2021ല്‍ രണ്ടാം വട്ടവും ഇടതുപക്ഷ സ്വതന്ത്രനായ പി.വി അന്‍വറില്‍ എത്തിനില്‍ക്കുന്നത് വരെ കോണ്‍ഗ്രസും ഇടതുപക്ഷത്തെയും മാറിമാറി തുണച്ച മണ്ഡലം. ടികെ ഹംസയുടെ അട്ടിമറി വിജയം, എം.പി ഗംഗാധരനെയും, സി. ഹരിദാസിനെയും ജയിപ്പിച്ച രാഷ്ട്രീയ ഭൂമികയുടെ പേരുകൂടിയാണ് നിലമ്പൂര്‍.
2,32,384 പേരാണ് വോട്ടര്‍മാര്‍. 1,18,889 വനിതകളും, 1,13,486 പുരുഷന്മാരും, ഒമ്പത് ട്രാന്‍സ് ജന്‍ഡര്‍ വോട്ടര്‍മാരും, 374 പ്രവാസി വോട്ടര്‍മാരും ഉള്‍പ്പെടുന്നു. ആറ് സ്ഥാനാര്‍ഥികളാണ് മത്സരരംഗത്ത്. ആര്യാടന്‍ ഷൗക്കത്ത്, എം.സ്വരാജ്, മോഹന്‍ ജോര്‍ജ്, പി.വി അന്‍വര്‍, സാദിക് നടുത്തൊടി, ഹരിനാരായണ്‍ എന്നിവര്‍.
ഷൗക്കത്തിന്റെയും യുഡിഎഫിന്റെയും പ്രതീക്ഷ
നിലമ്പൂരില്‍ ഷൗക്കത്തും യുഡിഎഫും തികഞ്ഞ വിജയപ്രതീക്ഷയിലാണ്. മണ്ഡലത്തില്‍ ഇന്നും തകര്‍ക്കാനാവാത്ത ആര്യാടന്റെ സ്വാധീനവും, യുഡിഎഫിനകത്ത് കാര്യമായ പടലപ്പിണക്കങ്ങള്‍ ഇല്ല എന്നുള്ളതും, ഭരണവിരുദ്ധവികാരവും തുണയ്ക്കുന്നതോടെ ഭൂരിപക്ഷം പതിനായിരം കടക്കാനാകുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. മണ്ഡലത്തിലെ സജീവസാന്നിധ്യം, നഗരസഭ ചെയര്‍മാന്‍, പഞ്ചായത്ത് പ്രസിഡന്റ് പദവികളിലെ പ്രവര്‍ത്തന മികവ് തുടങ്ങി അനുകൂല ഘടകങ്ങള്‍ ഏറെയുണ്ട് ഷൗക്കത്തിന്. മുന്‍കാലങ്ങളില്‍ മുസ്ലിം ലീഗിനെയും നേതാക്കളെയും രൂക്ഷമായി വിമര്‍ശിച്ച, ഷൗക്കത്തിന് അവരെ ചേര്‍ത്തുനിര്‍ത്താന്‍ കഴിഞ്ഞെന്നതും നേട്ടമാണ്. എന്നാല്‍ ഷൗക്കത്തിന് പാര്‍ട്ടിക്കകത്തെയും മുസ്ലിം ലീഗന്റെയും മുഴുവന്‍ രാഷ്ട്രീയ വോട്ടുകളെയും സമാഹരിക്കാന്‍ കഴിയുമോ എന്നുള്ളതാണ്. പാണക്കാട്ടെ തങ്ങന്മാരെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്ന ആര്യാടനും മകന്‍ ഷൗക്കത്തും പിന്നീട് നിലപാടുകള്‍ മയപ്പെടുത്തിയിരുന്നുവെങ്കിലും അവയെ പൂര്‍ണമായി തള്ളിപറയാന്‍ കൂട്ടാക്കിയിട്ടില്ല എന്നൊരു പരാതി ലീഗിലെ വലിയൊരു വിഭാഗത്തിനിടയിലുണ്ട്. മുസ്ലിം ലീഗ് വോട്ടുകളില്‍ ഒരു വിള്ളലുണ്ടായാല്‍ അത് മറികടക്കാനുള്ള കരുത്ത് ഷൗക്കത്തിനോ കോണ്‍ഗ്രസിനോ ഉണ്ടെന്നത് കണ്ടറിയണം.
പി.വി അന്‍വര്‍ പിടിക്കുക സിപിഎമ്മിന് ലഭിക്കുന്ന വോട്ടുകള്‍ ആയിരിക്കുമെന്ന് മേനി പറയുന്നുണ്ടെങ്കിലും, സ്വന്തം പാളയത്തിലും ചോര്‍ച്ചയുണ്ടാകുമെന്ന ഭയം കോണ്‍ഗ്രസിന് ഇല്ലാതില്ല. വിഎസ് ജോയിയെ സ്ഥാനാര്‍ഥിയാക്കണമെന്നാഗ്രഹിച്ച ഒരുവിഭാഗം ഷൗക്കത്തിന് വോട്ടുചെയ്യുമോ എന്ന ആശങ്ക നേതൃത്വത്തിന് ഇല്ലാതില്ല. എന്തൊക്കെ പറഞ്ഞാലും കോണ്‍ഗ്രസിനെക്കാള്‍ സജീവമായി പ്രചാരണരംഗത്ത് ലീഗാണെന്നതാണ് ഷൗക്കത്തിന്റെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നത്. അതിനുകാരണവും ഉണ്ട്. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പുള്ള സെമി മത്സരമായതിനാല്‍ കരുത്തുകാട്ടി വിജയം ഉറപ്പിച്ചാലെ ഫൈനല്‍ മത്സരത്തില്‍ ജയിക്കാനാകൂ എന്നാണ് ലീഗിന്റെ വിലയിരുത്തല്‍.
സ്വരാജിന്റെ വരവ്
വികസനത്തിന് ഒരു വോട്ട്, നിലപാടുകളുടെ രാജകുമാരന് ഒരു വോട്ട്, എല്ലാത്തിലുമുപരി ഇടതുപക്ഷത്തിന്റെ ന്റെ തുടര്‍ഭരണത്തിന് ഒരു വോട്ട്. എന്നതാണ് എല്‍ഡിഎഫ് പറയുന്നത്. വിജയം ഉറപ്പാക്കാനാണ് ഇത്തവണ സിപിഎം യുവ നേതാവായ സ്വരാജിനെ തന്നെ കളത്തിലിറക്കിയത്. യുഡിഎഫ് കോട്ടയില്‍ കടന്നുകയറി അവരുടെ വോട്ട് ഉറപ്പിക്കാന്‍ സ്വരാജിന്റെ നിലപാടുകള്‍ക്ക് കഴിയുമെന്ന ആത്മവിശ്വാസമാണ് നിലമ്പൂരില്‍ സ്ഥാനാര്‍ഥിയാക്കാനുള്ള സിപിഎം തീരുമാനം.
സിപിഎമ്മിന്റെ വോട്ടുകള്‍ ചോരാതിരിക്കാനും യുഡിഎഫ് എന്‍ഡിഎ വോട്ടുകള്‍ സ്വരാജിന് സമാഹരിക്കാനാകുമെന്നും സിപിഎം കരുതുന്നു, എന്നാല്‍ സിപിഎം വോട്ടുകള്‍ അന്‍വറിന് പോകുമെന്ന ആശങ്കയും ഇടതുമുന്നണിക്കുണ്ട്. സ്വരാജിലുടെ അട്ടിമറി വിജയം നേടിയാല്‍ അത് എല്‍ഡിഎഫിന്റെ മൂന്നാം തുടര്‍ഭരണത്തിനുള്ള ഇന്ധനം കൂടിയാകും.
അന്‍വര്‍ എന്ന വന്‍മരം
എല്‍ഡിഎഫ്- യുഡിഎഫ് മുന്നണികള്‍ ഒരു പോലെ കൈയൊഴിഞ്ഞ പിവി അന്‍വറിന് കേരള രാഷ്ട്രീയത്തില്‍ പ്രസക്തിയുണ്ടോ എന്ന് തെളിയിക്കുന്നതുകൂടിയാകും ഈ ഉപതെരഞ്ഞെടുപ്പ്. അന്‍വറിന്റെ സ്വതന്ത്രവേഷം ഇരുമുന്നണികള്‍ക്കും തലവേദനയാണ്. അന്‍വര്‍ പിടിക്കുന്ന വോട്ടുകളാവും വിജയിയെ നിര്‍ണയിക്കുക
പിണറായിസത്തിനെതിരെ ഒരുവോട്ട് എന്നതാണ് അന്‍വറിന്റെ മുദ്രാവാക്യം. മലയോരമേഖലയിലെ കര്‍ഷകര്‍ അനുഭവിക്കുന്ന പ്രയാസങ്ങളും വന്യജീവികളുടെ ആക്രമണത്തിനെതിരെയുള്ള സര്‍ക്കാരുകളുടെ നിസ്സംഗതയും അന്‍വര്‍ ഉയര്‍ത്തിക്കാണിക്കുന്നു. മരുമോനിസവും വിഡി സതീശന്റെ അഹങ്കാരവുമെല്ലാം അന്‍വര്‍ പ്രചാരണായുധമാക്കി. തന്നെ നിലമ്പൂര്‍ കൈവിടില്ലെന്ന ആത്മവിശ്വാസത്തിലാണ് ഹാട്രിക് വിജയം നേടുമെന്ന് അന്‍വര്‍ പറയുന്നത്.
ഹിന്ദുക്കളും മുസ്ലിങ്ങളും തുല്യനിലയില്‍ ഒരുപക്ഷേ മുസ്ലിം ഭൂരിപക്ഷമല്ലാത്ത മലപ്പുറത്തെ ഏക മണ്ഡലമാണ് നിലമ്പൂര്‍. വിധിനിര്‍ണയിക്കാനാകുന്ന തരത്തില്‍ ക്രിസ്ത്യന്‍ സമൂഹം, പ്രത്യേകിച്ച് കുടിയേറ്റ ക്രിസ്ത്യാനികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടം. ഇതായിരുന്നു അന്‍വറും ലക്ഷ്യമിട്ടിരുന്നത്. പി.വി അന്‍വറിന്റെ എന്തെങ്കിലും സ്വാധീനത്തില്‍ യു.ഡി.എഫിന് വോട്ട് നഷ്ടപ്പെട്ടാല്‍ അതിന്റെ പഴി മുഴുവന്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ തലയിലുമാവും. അതുകൊണ്ടു തന്നെ നിലമ്പൂരില്‍ ക്യാമ്പ് ചെയ്ത് തന്നെയായിരുന്നു വി.ഡി സതീശന്റെ തിരഞ്ഞെടുപ്പ് മേല്‍നോട്ടവും. തോറ്റാല്‍ ചെറിയ പ്രത്യാഘാതത്തെയല്ല നേരിടേണ്ടി വരിക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates