

വെഞ്ഞാറമൂട് 23 കാരന്‍ തന്റെ സഹോദരനെയും കാമുകിയെയും ഉള്‍പ്പെടെ അഞ്ച് പേരെ ക്രൂരമായി കൊലപ്പെടുത്തുന്നു, മലപ്പുറം തിരൂരില്‍ 25 വയസ്സുകാരന്‍ മാതാവിനെ വെട്ടിയും തലയ്ക്കടിച്ചും കൊലപ്പെടുത്തുന്നു, ഏറ്റവുമൊടുവില്‍ കോഴിക്കോട് താമരശ്ശേരിയില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷത്തില്‍ സഹപാഠികളുടെ മര്‍ദ്ദനത്തില്‍ പത്താം ക്ലാസുകാരന് ജീവന്‍ നഷ്ടപ്പെടുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കേരളം തലയില്‍ കൈവച്ച് കേട്ട വാര്‍ത്തകളില്‍ ചിലത് മാത്രമാണിത്. ഈ വാര്‍ത്തകള്‍ക്ക് പിന്നാലെ തന്നെ, യുവജനങ്ങളുടെ മാനസിക നിലയെക്കുറിച്ചും ന്യൂജന്‍ ജെന്‍ സി (Gen Z) ജെന്‍ ആല്‍ഫ (Gen Alpha) തലമുറകളിലെ അക്രമോത്സുകത, സാമൂഹിക ചുറ്റുപാടിലുള്ള ഇവരുടെ പെരുമാറ്റം എന്നിവയെക്കുറിച്ചുമുള്ള ചര്‍ച്ചകളും പൊതുമധ്യത്തില്‍ ആരംഭിച്ചുകഴിഞ്ഞു.
എന്നാല്‍, ഇത്തരം അക്രമസംഭവങ്ങളെ യുവതലമുറയുടെ മൂല്യച്യുതിയായി മുതിര്‍ന്നയാളുകളും എതിര്‍ചേരിയിലുള്ള രാഷ്ട്രീയ കക്ഷികളിലേക്ക് ചേര്‍ത്തുവയ്ക്കാന്‍ രാഷ്ട്രീയ പ്രതിനിധികളും മത്സരിക്കുമ്പോള്‍, ചര്‍ച്ച ചെയ്യാതെ പോവുന്ന കാരണങ്ങള്‍ ഏറെയുണ്ട്. അതില്‍ തന്നെ ഓണ്‍ലൈന്‍ ഗെയിമുകളും സിനിമകളും ഇവരില്‍ ചെലുത്തുന്ന സ്വാധീനങ്ങളും, നിയന്ത്രണമില്ലാത്ത സോഷ്യല്‍ മീഡിയ ഉള്ളടക്കങ്ങള്‍ മൂലമുണ്ടാവുന്ന അപകടങ്ങളും ഗൗരവമായി തന്നെ പരിശോധിക്കേണ്ടതുണ്ട് എന്നാണ് മനശാസ്ത്രജ്ഞരും ക്ലിനിക്കല്‍ സൈക്ക്യാട്രിസ്റ്റുകളും ഒരേസ്വരത്തില്‍ മുന്നറിയിപ്പു നല്‍കുന്നത്.
യഥാര്‍ത്ഥത്തില്‍ യുവതലമുറയ്ക്ക് എന്താണ് സംഭവിക്കുന്നത്?
ഒരു കുട്ടിയുടെ പെരുമാറ്റത്തിലും വളര്‍ച്ചയിലും കുടുംബവും സൗഹൃദവലയങ്ങളും ചുറ്റിലുമുള്ള സമൂഹവും ഏറെ സ്വാധീനം ചെലുത്തുന്നുണ്ട്. എന്നാല്‍ ഇവരില്‍ നിന്നുണ്ടാവുന്ന എല്ലാ അക്രമണവാസനകളും പെരുമാറ്റദൂഷ്യങ്ങളും കുടുംബത്തിന്റെയോ സമൂഹത്തിന്റെ തലയില്‍ വച്ചൊഴിയാനുമാവില്ല. സൊലേസ് ന്യൂറോ ബിഹേവിയറല്‍ ആന്‍ഡ് ചൈല്‍ഡ് ഗൈഡന്‍സ് സെന്ററിലെ കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റ് ഡോ. എം.എസ് പ്രണവ് പറയുന്നതിങ്ങനെയാണ്: ' പ്രീഫ്രണ്ടല്‍ കോര്‍ട്ടെക്‌സിന്റെ (വ്യക്തിത്വം, തീരുമാനമെടുക്കല്‍, സാമൂഹിക പെരുമാറ്റം എന്നിവ നിയന്ത്രിക്കുന്ന മസ്തിഷ്‌കഭാഗം) ശരിയായ വളര്‍ച്ചയില്ലായ്മയാണ് വ്യക്തികളില്‍ ഇത്തരം എല്ലാ പ്രശ്‌നങ്ങളുടെയും മൂലകാരണമെന്ന് ഒറ്റവാക്കില്‍ നമുക്ക് പറയാനാവും. അതായത്, മസ്തിഷ്‌കം വെറുമൊരു 'ഹാര്‍ഡ് വെയറാണ്'. ആ സിസ്റ്റത്തിലേക്ക് ചുറ്റുപാടില്‍ നിന്നും, മാതാപിതാക്കളില്‍ നിന്നും സമപ്രായക്കാരില്‍ നിന്നുമെല്ലാമായി ധാര്‍മികവും മൂല്യപരവുമായ ഒത്തിരി ഘടകങ്ങള്‍ ഒരു 'സോഫ്റ്റ് വെയറായി' ഓരോ വ്യക്തിയിലും എത്തേണ്ടതുണ്ട്. ഇതില്‍ നിന്നുകൊണ്ട് നല്ലതേത്, ചീത്തയേത് എന്നുള്ളത് വേര്‍തിരിച്ചെടുക്കാന്‍ ഓരോ വ്യക്തിക്കും കഴിയേണ്ടതുണ്ട്.' ഇങ്ങനെയൊക്കെ തന്നെയെങ്കിലും, വ്യക്തിപരമായ വൈകല്യങ്ങളും പെരുമാറ്റത്തിലെ പ്രശ്‌നങ്ങളുമെല്ലാം ചിലപ്പോഴെങ്കിലും വില്ലനാവാമെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.
എവിടെയാണ് പിഴയ്ക്കുന്നത്?
കണ്ടുപഠിക്കുകയും, അത് അനുകരിക്കുകയും ചെയ്യുന്നതാണ് മനുഷ്യരുടെ പൊതുവേയുള്ള സ്വഭാവം. കുട്ടികളിലേക്കും യുവാക്കളിലേക്കുമെത്തുമ്പോള്‍, കുടുംബം, സുഹൃത്തുക്കള്‍, സമൂഹം, പരിസ്ഥിതി തുടങ്ങിയവയില്‍ കാണുന്നതെന്തും അതുപോലെ പ്രതിഫലിപ്പിക്കുകയാണ് അവരുടെ പതിവ്. ഉദാഹരണത്തിന് ജംഗിള്‍ ബുക്കിലെ 'മൗഗ്ലി' സംസാരത്തിന് പകരം പ്രത്യേക ശബ്ദങ്ങള്‍ പുറപ്പെടുവിക്കുകയും മൃഗങ്ങളെപോലെ നാലുകാലില്‍ നടക്കുകയും ചെയ്തത്, കാടിന്റെ ചുറ്റുപാടിനെ പകര്‍ത്തിയതുകൊണ്ടാണ്. എന്നാല്‍, ഈ അനുകരണത്തിന് പുറമെ, വ്യക്തിത്വ പ്രശ്‌നങ്ങള്‍, സ്വഭാവത്തിലെ വ്യത്യസ്തതകള്‍, അമിതമായ സ്വാതന്ത്ര്യം, ശ്രദ്ധ ആകര്‍ഷിക്കാനുള്ള ത്വര, അരക്ഷിതബോധം തുടങ്ങി ഒട്ടനവധി കാര്യങ്ങള്‍ കൂടി ഒരു വ്യക്തിയെ അക്രമത്തിലേക്കും മോശം പ്രവണതകളിലേക്കും വഴിനടത്തിയേക്കാം.
'മുമ്പ് സമൂഹത്തെ നിയന്ത്രിച്ചുകൊണ്ടിരുന്നത് ശക്തമായ വ്യവസ്ഥകളും വ്യവസ്ഥിതികളുമായിരുന്നു. അതുകൊണ്ടുതന്നെ അന്ന് കുട്ടികളും യുവാക്കളും വീടുകളിലും പുറമെയുള്ള ചുറ്റുപാടിലും നിയന്ത്രിക്കപ്പെട്ടിരുന്നു. ഏതാനും പേര്‍ മാത്രമാണ് ഈ നിയന്ത്രണങ്ങളെ ഭേദിച്ച് അക്രമണസ്വഭാവം പുറപ്പെടുവിച്ചിരുന്നത്. എന്നാല്‍, നിലവില്‍ കുട്ടികളുടെയോ യുവാക്കളുടെയോ മേല്‍ കാര്യമായ നിയന്ത്രണങ്ങളോ ഗൗരവപൂര്‍വമുള്ള ശിക്ഷണങ്ങളോ കാണാനാവില്ല. മാത്രമല്ല, അടിസ്ഥാനപരമായ കാര്യങ്ങളില്‍ പോലും ഇവരില്‍ ഭൂരിഭാഗവും ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നതുമില്ല. അതുകൊണ്ടുതന്നെ, വളരെ ചെറിയ കാര്യങ്ങളില്‍ അസ്വസ്ഥരായാല്‍ പോലും ഇവര്‍ അക്രമങ്ങളിലേക്ക് നീങ്ങാറുണ്ട്' എന്ന് ഡോ. എം.എസ് പ്രണവ് പറയുന്നു.
സിനിമകള്‍, സോഷ്യല്‍ മീഡിയയിലെ ഉള്ളടക്കങ്ങള്‍, ഓണ്‍ലൈന്‍ ഗെയിമുകള്‍ തുടങ്ങി മാധ്യമ വാര്‍ത്തകള്‍ വരെ ഇവരില്‍ അക്രമവാസന വളര്‍ത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞുവെക്കുന്നു. 'സ്‌പൈഡര്‍മാന്‍, സൂപ്പര്‍മാന്‍, ഫാന്റം പോലെയുള്ള നന്മയെ പ്രതിനിധീകരിച്ച കഥാപാത്രങ്ങളായിരുന്നു മുമ്പ് യുവാക്കളുടെ സൂപ്പര്‍ ഹീറോകള്‍. എന്നാല്‍, ഇന്ന് അതില്‍ നിന്നെല്ലാം മാറി കുറ്റകൃത്യങ്ങളും മദ്യവും മയക്കുമരുന്ന് ഉപയോഗവും ചെയ്യുന്നവരെയാണ് ഇവര്‍ ഹീറോകളായി കാണുന്നത്. മുമ്പ് സിനിമകളില്‍ മദ്യപാന, പുകവലി രംഗങ്ങള്‍ മോശമായി ചിത്രീകരിച്ചിരുന്നുവെങ്കില്‍ ഇന്നത് സ്വാഭാവിക രംഗങ്ങളും അതിലുപരി ഹീറോ പരിവേഷം നല്‍കുന്ന ഭാഗങ്ങളുമായിട്ടുണ്ട്. മാത്രമല്ല, വാര്‍ത്തകളില്‍ പോലും അക്രമസംഭവങ്ങളെ 'സിനിമ സ്‌റ്റൈല്‍' എന്നും 'മാസ്സ്' എന്നും ടാഗ് ചെയ്യുന്നതിലൂടെയും യുവാക്കള്‍ അതിലേക്ക് അടുക്കുന്നുണ്ട് ' എന്നും അദ്ദേഹം പറയുന്നു.
എന്തുചെയ്യാം, എങ്ങനെ പ്രതിരോധിക്കാം?
കൗമാരം അല്ലെങ്കില്‍ യുവത്വം എന്നത് സാഹസികതകളോട് ഭ്രമം തോന്നുന്ന കാലഘട്ടം കൂടിയാണ്. തന്റേതായ വ്യക്തിത്വം പരസ്യപ്പെടുത്തണമെന്നും ആളുകള്‍ക്കിടയില്‍ ആഘോഷിക്കപ്പെടണമെന്നും ചിന്തിക്കുന്ന ഒരു കാലഘട്ടം. ഈ സമയത്ത് അമിതമായ സ്വാതന്ത്ര്യവും ഒന്നിനോടും പേടിയില്ലാത്ത മനോഭാവവും വകവച്ചു കൊടുക്കുന്നതിലൂടെ സംഗതി കൈവിട്ടുപോവുകയായി. അതുകൊണ്ടുതന്നെ, കുട്ടികളെയും കൗമാരക്കാരെയും യുവജനങ്ങളെയും അച്ചടക്കത്തിലേക്ക് വഴിനടത്തുന്നതും മാതൃകപരവുമായ ഒരു വ്യവസ്ഥിതി രൂപപ്പെടുത്തേണ്ടതുണ്ട്. തെറ്റുകള്‍ക്ക് ശിക്ഷ എന്നതിലുപരി, മാതൃകാപരമായ തിരുത്തലുകളും നടക്കേണ്ടതുണ്ട്. 'അതിനര്‍ഥം, മാതാപിതാക്കളുടെ ഭാഗത്ത് നിന്ന് എന്തിനും ഏതിനും അനാവശ്യമായ നിയന്ത്രണം വേണമെന്നല്ല. മറിച്ച് കൈ അയഞ്ഞുള്ള അമിത വാത്സല്യവും ലാളനയും വേണമെന്നുമല്ല. ഇതിന് രണ്ടിനുമിടയില്‍ വ്യക്തവും ശക്തവുമായൊരു നിയന്ത്രണരേഖ രൂപപ്പെടേണ്ടതുണ്ട്. കൂടാതെ ഓരോ വ്യക്തിയിലുമൂന്നികൊണ്ട് പ്രീമാരിറ്റല്‍ കൗണ്‍സിലിങ് മുതല്‍ വളര്‍ച്ചയുടെ ഓരോ ഘട്ടത്തെയും വിശകലനം ചെയ്തുകൊണ്ടുള്ള സിസ്റ്റം വളര്‍ത്തിയെടുക്കേണ്ടതുണ്ട്. മാത്രമല്ല, ഇതിനായി വിദ്യാഭ്യാസ രംഗത്ത് ഇതിനായി ഒരു സമ്പൂര്‍ണ മാറ്റിയെഴുത്തും ആവശ്യമുണ്ടെന്നും ഡോ. എം.എസ് പ്രണവ് കൂട്ടിച്ചേര്‍ക്കുന്നു.
ഡീസെന്‍സിറ്റൈസേഷനുമുണ്ട് പങ്ക്
യുവതയുടെ അക്രമോത്സുകത ഡീസെന്‍സിറ്റൈസേഷനുമായി (ആവര്‍ത്തനം മൂലം ആഘാതം കുറയുന്ന അവസ്ഥ) ബന്ധപ്പെട്ട് കിടക്കുന്നുവെന്നാണ് കൊച്ചിയിലെ ഫ്യൂച്ചറേസ് ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് സൈക്ക്യാട്രിസ്റ്റും സെക്ഷ്വല്‍ മെഡിസിന്‍ പ്രാക്ടീഷണറുമായ ഡോ. ഫെമി അബ്ദുള്ളയുടെ അഭിപ്രായം. അതായത്, മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന കുറ്റകൃത്യങ്ങളുടെ രംഗങ്ങളും വിവരണങ്ങളും നിരന്തരമായി കാണുന്നതും കേള്‍ക്കുന്നതും വഴി, അതിനോട് അവര്‍ പരുവപ്പെടുന്നുവെന്ന്. അതില്‍ സിനിമകളുടെയും സമൂഹമാധ്യമങ്ങളുടെയും വീഡിയോ ഗെയിമുകളുടെയും പങ്ക് അവര്‍ എണ്ണിപ്പറയുന്നുണ്ട്.
'ക്രിമിനല്‍ സ്വഭാവം കാണിക്കുന്നതും അക്രമകാരിയുമായ കഥാപാത്രങ്ങളെ വളരെ കൂളായാണ് കുട്ടികള്‍ കാണുന്നത്. സിനിമകളിലും, ഗെയിമുകളിലുമെല്ലാം അക്രമം പതിവായി കാണുന്നതുവഴി യഥാര്‍ത്ഥ ജീവിതത്തിലെ അക്രമങ്ങളും അവര്‍ക്കു സമാനമായി തോന്നി തുടങ്ങും. ഇതോടെ ചെറിയ അഭിപ്രായ വ്യത്യാസങ്ങളോടും തീരെ നിസ്സാരമായ കാര്യങ്ങളോടും പോലും സഹിഷ്ണുത നഷ്ടപ്പെട്ട് അവര്‍ അക്രമത്തിലേക്ക് നീങ്ങാനുള്ള സാധ്യതയും ഏറുന്നുണ്ട് ' എന്ന് ഡോ. ഫെമി പറയുന്നു.
മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും, പ്രത്യേകിച്ച് രാസലഹരികളുടെ ഉപയോഗം യുവാക്കളില്‍ ഏറെ വര്‍ധിക്കുന്നതായും, ഇതുവഴി അക്രമസംഭവങ്ങള്‍ ഏറുന്നുവെന്നും അവര്‍ അഭിപ്രായപ്പെടുന്നു. സിനിമ, സോഷ്യല്‍ മീഡിയ ഉള്ളടക്കങ്ങളില്‍ ശക്തമായൊരു നിയന്ത്രണം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. 'സിനിമ പ്രദര്‍ശനത്തിന് ചിത്രത്തിന്റെ ഉള്ളടക്കം പരിഗണിച്ച് അത് കാണാവുന്ന വ്യക്തികളെ നിയന്ത്രിച്ചുകൊണ്ടുള്ള സര്‍ട്ടിഫിക്കേഷന്‍ നിലവിലുണ്ട്. എന്നാല്‍, അതിന്റെ ഉദ്ദേശ്യം എത്രമാത്രം പ്രാവര്‍ത്തികമാവുന്നുണ്ടെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു' എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രശ്‌നം 'അതിരുവിട്ടത്' തന്നെ
കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജിലെ സൈക്ക്യാട്രി വിഭാഗം പ്രൊഫസര്‍ ഡോ. ദ്രുഹിന്‍ എ.വി. യുടെ അഭിപ്രായത്തില്‍ യുവാക്കളിലെ അക്രമോത്സുകതയുടെയും അക്രമ പ്രവണതയുടെയും പ്രധാന കാരണം വ്യക്തിഗത സ്വാതന്ത്ര്യത്തിന്റെ അതിരുകടക്കലാണ് എന്നതാണ്. 'നമ്മുടെ പരമ്പരാഗത കുടുംബരീതിയില്‍ കുട്ടികളെ കര്‍ശനമായ നിയന്ത്രണത്തിലൂടെയായിരുന്നു വളര്‍ത്തിയിരുന്നത്. എന്നാല്‍ 'ഫ്രണ്ട്‌ലി പാരന്റിങ്' എന്ന ആശയം ആളുകള്‍ അന്ധമായി സ്വീകരിച്ച ഇക്കാലത്ത് കുട്ടികള്‍ക്കു മേലുള്ള നിയന്ത്രണങ്ങളില്ലാതായി. ഇതോടെ, അവര്‍ക്ക് എന്തിനോടും പേടിയില്ലെന്ന സ്ഥിതിയുമായി' എന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
മാത്രമല്ല, യുവാക്കളിലെ ലഹരി ഉപയോഗം വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതായും അദ്ദേഹം പറഞ്ഞു. 'മുന്‍കാലങ്ങളിലെ സൗഹൃദ കൂട്ടായ്മകള്‍ക്ക് പകരം, ഇന്ന് യുവാക്കള്‍ മദ്യമയക്കുമരുന്ന് ഉപയോഗിക്കുന്ന പാര്‍ട്ടികളിലാണ് കൂടുതല്‍ ആകൃഷ്ടരാകുന്നത്. ഒട്ടുമിക്ക അക്രമ സംഭവങ്ങളും അതിന്റെ സ്വാധീനത്തിലാണ് അരങ്ങേറുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തലവേദനയായി 'ആത്മഹത്യകളും'
കൗമാരക്കാര്‍ക്കിടയിലും യുവാക്കള്‍ക്കിടയിലും കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നവെന്ന ചര്‍ച്ചകള്‍ക്കിടയില്‍ ഇവര്‍ക്കിടയിലെ ആത്മഹത്യകളും ചേര്‍ത്തുവായിക്കണമെന്ന് തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് മെഡിസിന്‍ വിഭാഗം മേധാവി ഡോ. ഉന്മേഷ് എ.കെ. യും അഭിപ്രായപ്പെട്ടു. 'അക്രമസംഭവങ്ങള്‍ നേരിട്ട് ഞങ്ങള്‍ക്ക് മുന്നിലെത്തുന്ന വിഷയമല്ല, കാരണം ഞങ്ങള്‍ ഇടപെടുന്നത് ഇരകളും ഭൗതിക ശരീരങ്ങളുമായാണ്. എന്നാല്‍ ആത്മഹത്യകള്‍ മറ്റൊരര്‍ത്ഥത്തില്‍ കുറ്റകൃത്യങ്ങളും അക്രമസംഭവങ്ങളുമായി തന്നെ ചേര്‍ത്തുവായിക്കേണ്ടതുണ്ട്. സമീപനാളുകളില്‍ കൗമാരക്കാരിലെ ആത്മഹത്യകള്‍ ഏറെ വര്‍ധിച്ചുവരികയാണ്. മൂന്ന് ആത്മഹത്യ കേസുകള്‍ ഇടപെടേണ്ടിവന്ന ദിവസങ്ങളും അടുത്തിടെയുണ്ടായിട്ടുണ്ട്. ഇതൊന്നും തന്നെ ഓണ്‍ലൈന്‍ ഗെയിമുകളുടെ ആസക്തിയായോ വ്യക്തിബന്ധങ്ങളിലെ പ്രശ്‌നങ്ങളുടെ ബാക്കിപത്രങ്ങളായോ മാത്രം കാണാനുമാവില്ല. സമൂഹം ഈ പ്രശ്‌നത്തെയും ഗൗരവമായി സമീപിക്കേണ്ടതുണ്ട്' ഡോ. ഉന്മേഷ് കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates