എട്ട് വര്‍ഷത്തിനിടെ പകുതിയായി, കേരളത്തില്‍ കുട്ടിക്കുറ്റവാളികള്‍ കുറയുന്നു; ദേശീയ ക്രൈം ബ്യൂറോയുടെ റിപ്പോര്‍ട്ട്

എന്നാല്‍ 2023 മുതലുള്ള കണക്കുകള്‍ പുറത്തു വരുമ്പോള്‍ ഇതില്‍ മാറ്റമുണ്ടാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
2014ല്‍ കേരളത്തില്‍ 1203 കുട്ടികുറ്റവാളികളാണ് ഉണ്ടായിരുന്നതെങ്കില്‍ 2015ല്‍ കുറവ് ഉണ്ടായിട്ടുണ്ട്.
2014ല്‍ കേരളത്തില്‍ 1203 കുട്ടികുറ്റവാളികളാണ് ഉണ്ടായിരുന്നതെങ്കില്‍ 2015ല്‍ കുറവ് ഉണ്ടായിട്ടുണ്ട്.പ്രതീകാത്മക ചിത്രം
Updated on

കൊച്ചി: സമീപ കാലങ്ങളില്‍ കൗമാരക്കാര്‍ പ്രതികളായ കൊലപാതകങ്ങള്‍ തുടരെത്തുടരെ സംഭവിച്ചത് കുട്ടികളിലെ അക്രമവാസയെക്കുറിച്ച് സജീവ ചര്‍ച്ചകള്‍ക്കാണ് വഴിവച്ചത്. സിനിമയുടെയും സാമൂഹ്യ മാധ്യമങ്ങളുടെയും സ്വാധീനത്തില്‍ കുട്ടികള്‍ കൂടുതല്‍ അക്രമ വാസനയുള്ളവരായി മാറുന്നു എന്നാണ് പൊതുവായി വിലയിരുത്തപ്പെട്ടത്. എന്നാല്‍ നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ നല്‍കുന്ന ഡാറ്റ പ്രകാരം 2014 മുതല്‍ 2022 വരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ വസ്തുത ഇതിന് നേര്‍ വിപരീതമാണ്. രാജ്യത്ത് കുട്ടികളായ കുറ്റവാളികളുടെ എണ്ണം കുറയുന്നതായാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. കേരളത്തിലാണെങ്കില്‍ 2014ലേത് വെച്ചു നോക്കുമ്പോള്‍ പകുതിയില്‍ താഴെയായി. എന്നാല്‍ 2023 മുതലുള്ള കണക്കുകള്‍ പുറത്തു വരുമ്പോള്‍ ഇതില്‍ മാറ്റമുണ്ടാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ഡാറ്റ പ്രകാരം ഇന്ത്യയിലെ കുറ്റകൃത്യങ്ങളുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത് പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ ചെയ്യുന്ന കുറ്റകൃത്യങ്ങളുടെ എണ്ണവും നിരക്കും മുന്‍ വര്‍ഷങ്ങളേക്കാള്‍ കൂടിയിട്ടില്ല എന്നാണ്.

ദേശീയ ക്രൈം ബ്യൂറോയുടെ കണക്ക്
ദേശീയ ക്രൈം ബ്യൂറോയുടെ കണക്ക്

2014ല്‍ കേരളത്തില്‍ 1203 കുട്ടികുറ്റവാളികളാണ് ഉണ്ടായിരുന്നതെങ്കില്‍ 2015ല്‍ 1398 ആണ് കണക്ക്. എന്നാല്‍ തൊട്ടടുത്ത വര്‍ഷം 2016ല്‍ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. 628 കുട്ടിക്കുറ്റവാളികളാണ് ഉള്ളത്. 2017ല്‍ 481, 2018ല്‍ 475, 2019ല്‍ 451, 2020ല്‍ 331, 2021 ല്‍ 328 എന്നിങ്ങനെയാണ് കണക്ക്. 2022ല്‍ മാത്രമാണ് അല്‍പ്പം കൂടിയത്. 443 ജുവൈനല്‍ കേസുകളാണ് 2022ല്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

''കോവിഡ് സമയത്ത് കുട്ടികള്‍ അടഞ്ഞിരുന്ന കാലമാണ് 2020 മുതല്‍ 2022 വരെയുള്ള കാലം. 2023 മുതലാണ് അവര്‍ പുറത്തേക്ക് ഇറങ്ങിത്തുടങ്ങിയത്. അവരുടെ ഡിജിറ്റല്‍ അഡിക്ഷന്‍, സാമൂഹ്യ വിച്ഛേദനം, എടുത്ത് ചാട്ടം, ലഹരിയുടെ ഉപയോഗം എല്ലാം കൂടി വന്നപ്പോഴാണ് ഇപ്പോള്‍ കാണുന്ന സംഭവ വികാസങ്ങള്‍ ഉണ്ടായിരിക്കുന്നത്. 2023 മുതലുള്ള ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത് വരുമ്പോള്‍ ഉറപ്പാണ് ഇതില്‍ മാറ്റങ്ങള്‍ വരുമെന്നത്'', മനോരോഗവിദഗ്ധന്‍ ഡോ. അരുണ്‍ ബി നായര്‍ പറഞ്ഞു.

2017 മുതലുള്ള കുട്ടികള്‍ പ്രതികളായതിന്റെ കുറ്റകൃത്യ നിരക്ക് പരിശോധിച്ചാല്‍ 5.2% ആണെങ്കില്‍ 2022 ആയപ്പോഴേയ്ക്കും 4.7% എന്നതാണ് നിരക്ക്. ഇന്ത്യയിലെ മൊത്തം കണക്കുകള്‍ പരിശോധിച്ചാലും ഇത് തന്നെയാണ് അവസ്ഥ. 2014ല്‍ ഇന്ത്യയിലെ കണക്കുകള്‍ പരിശോധിച്ചാല്‍ 38455 ആണ് കുട്ടികള്‍ കുറ്റവാളികളായി രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം. 2022 ആയപ്പോഴേയ്ക്കും അത് 30,555 ആയി കുറയുകയാണ് ചെയ്തത്. കുറ്റകൃത്യ നിരക്ക് 7.5% എന്നുള്ളത് 6.9% ആയി കുറഞ്ഞു.

ദേശീയ ക്രൈം ബ്യൂറോയുടെ കണക്ക്
ദേശീയ ക്രൈം ബ്യൂറോയുടെ കണക്ക്

''വളരെ പോസിറ്റീവായിട്ടുള്ള കാര്യമാണിത്. കുട്ടിക്കുറ്റവാളികള്‍ എന്ന് പറയുന്നത് യഥാര്‍ഥത്തില്‍ നിയമപരമായി ശരിയല്ല. നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടി എന്നാണ് പറയേണ്ടത്. ഇത്തരത്തിലുള്ള കുട്ടികളുടെ എണ്ണം കുറയുന്നു എന്നത് ഇന്ത്യയിലും കേരളത്തിലുമുള്‍പ്പെടെയുള്ള സാമൂഹ്യ സുരക്ഷാ സംവിധാനങ്ങളുടെ ഒരു വിജയമായി തന്നെ കണക്കാക്കേണ്ടതുണ്ട്. എന്നിരുന്നാലും ഈ അടുത്ത കാലത്തുണ്ടായ ചില സംഭവങ്ങള്‍ അതില്‍ നിന്നും നമ്മെ മാറി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നവയാണ്. നമ്മളൊന്നും കേട്ടുകേള്‍വി പോലുമില്ലാത്ത കുറ്റകൃത്യങ്ങളിലും കുട്ടികളുണ്ട് എന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. ഇതിനെതിരായി സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ചുകൊണ്ടുള്ള ഒരു കര്‍മ പദ്ധതിയുണ്ടാവേണ്ടതുണ്ട്. ഈ കാലത്ത് മൊബൈല്‍ ഫോണിന്റെയും മറ്റും അഡിക്ഷന്‍ ഉണ്ടാവുകയും ലഹരിയുടെ വ്യാപനം സമൂഹത്തിലുണ്ടാവുകയും വളരെ ആക്രമണകരമായ രംഗങ്ങള്‍ കാണിക്കുന്ന സിനിമകള്‍ ഉണ്ടാവുകയും അത്തരം സിനിമകള്‍ ഇത്തരം പ്രശ്‌നങ്ങള്‍ സൂചിപ്പിക്കുമ്പോള്‍ സിനിമാ സംവിധായകരും മറ്റും ജിഹ്വ മുഴക്കുന്ന സ്ഥിതിയാണുള്ളത്. ഇനിയും നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികള്‍ ഇല്ലാത്ത ഒരു സങ്കല്‍പ്പത്തിലേയ്ക്ക് എത്തട്ടെ'', തിരുവനന്തപുരം മെഡിക്കല്‍ കോളജ് മനോരോഗ വിഭാഗം തലവന്‍ ഡോ. മോഹന്‍ റോയ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com