സിപിഎം സംസ്ഥാന സമ്മേളനത്തിനൊരുങ്ങി കൊല്ലം; ഇന്ന് പതാക ഉയരും

പ്രതിനിധി സമ്മേളനം നാളെ പാര്‍ട്ടി കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട് ഉദാഘ്ടനം ചെയ്യും
cpm
ദീപശിഖാ ജാഥ ഫെയ്‌സ്ബുക്ക്‌
Updated on

കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലം ഒരുങ്ങി. സമ്മേളനത്തിന്റെ പതാക ഇന്ന് ഉയരും. പൊതുസമ്മേളന ന​ഗരിയായ ആശ്രാമം മൈതാനത്ത് ( സീതാറാം യെച്ചൂരി ന​ഗർ) വൈകീട്ട് അഞ്ചുമണിക്ക് സ്വാ​ഗതസംഘം ചെയർമാൻ കെ എൻ ബാല​ഗോപാൽ പതാക ഉയർത്തും. പ്രതിനിധി സമ്മേളനം നടക്കുന്ന കോടിയേരി ബാലകൃഷ്ണൻ ന​ഗറിൽ ( സി കേശവൻ സ്മാരക ടൗൺഹാൾ) നാളെ രാവിലെ ഒമ്പതിന് പതാക ഉയർത്തും. തുടർന്ന് പാർട്ടി കോർഡിനേറ്റർ പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും.

സംസ്ഥാന സമ്മേളനത്തിന്റെ ഭാ​ഗമായിട്ടുള്ള പതാക, കൊടിമര, ദീപശിഖ ജാഥകൾ ഇന്ന് വൈകീട്ട് കൊല്ലത്തെ പൊതു സമ്മേളന ന​ഗറിൽ സം​ഗമിക്കും. പതാക ജാഥ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അം​ഗമായ എം സ്വരാജാണ് നയിക്കുന്നത്. ഈ ജാഥ പകൽ 12 മണിയോടെ കൊല്ലം ജില്ലയിൽ പ്രവേശിക്കും. സമ്മേളന ന​ഗറിൽ തെളിക്കാനുള്ള ദീപശിഖ ജാഥ സംസ്ഥാന സെക്രട്ടേറിയറ്റ് അം​ഗം പി കെ ബിജുവാണ് നയിക്കുന്നത്. കൊടിമര ജാഥ സിപിഎം കേന്ദ്രക്കമ്മിറ്റി അം​ഗം സി എസ് സുജാത നയിക്കുന്നു.

നാളെ ആരംഭിക്കുന്ന സംസ്ഥാന സമ്മേളനത്തിൽ 530 പ്രതിനിധികള്‍ പങ്കെടുക്കും. 486 പ്രതിനിധികളും അതിഥികളും നിരീക്ഷകരുമായി 44 പേരുമാണ് പങ്കെടുക്കുന്നത്. ആകെയുള്ള പ്രതിനിധികളില്‍ 75 പേര്‍ വനിതകളാണ്. പിബി അംഗങ്ങളായ പിണറായി വിജയന്‍, എം എ ബേബി, ബി വി രാഘവലു, ബൃന്ദ കാരാട്ട്, സുഭാഷിണി അലി, അശോക് ധാവ്ലെ, എ വിജയരാഘവന്‍, എം വി ഗോവിന്ദന്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ഞായരാഴ്ച സമ്മേളനം സമാപിക്കും. സമാപനം കുറിച്ച് ഞായറാഴ്ച വൈകിട്ട് ആശ്രാമം മൈതാനത്ത് റെഡ് വളണ്ടിയർ പരേഡും ബഹുജനറാലിയും നടക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com