
തിരുവനന്തപുരം:അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ എത്തുന്ന അടുത്ത സ്ട്രോങ്ങ്മാന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ ആവും. സംസ്ഥാന സെക്രട്ടേറിയറ്റില്‍ മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍ മരിച്ച ഒഴിവ് നിലനില്‍ക്കുന്നു. കൂടാതെ സെക്രട്ടേറിയറ്റില്‍ നിന്നും പ്രായപരിധി കാരണം കണ്ണൂരില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് പികെ ശ്രീമതിയും ഒഴിയും. ഇപി ജയരാജന് സംസ്ഥാന സമ്മേളന കാലത്ത് പ്രായപരിധിയായ 75 വയസ് തികയുകയും ഇല്ല. ശ്രീമതിയുടെ ഒഴിവില്‍ വനിതാ പ്രാതിനിധ്യം നികത്തുകയാണെങ്കില്‍ അത് സിഎസ് സുജാതക്കോ മലബാറില്‍ നിന്നുള്ള മറ്റ് എതെങ്കിലും നേതാക്കള്‍ക്കോ നറുക്ക് വീഴാനാവും സാധ്യത. നിലവില്‍ കണ്ണുരില്‍ നിന്ന് പിണറായി വിജയന്‍, എംവി ഗോവിന്ദന്‍, പികെ ശ്രീമതി, ഇപി ജയരാജന്‍ എന്നിവരാണ് സെക്രട്ടേറിയറ്റംഗങ്ങളായുള്ളത്.
മുന്‍ ജില്ലാ സെകട്ടറിമാരായ പി ശശി, പി ജയരാജന്‍ എന്നിവര്‍ക്ക് സാധ്യത പാര്‍ട്ടിക്ക് പുറത്തുള്ളവരും മാധ്യമങ്ങളും കല്‍പ്പിക്കുമ്പോള്‍ നേതൃത്വത്തിന്റെ അളവുകോലിന് ഒപ്പമെത്താന്‍ ഇരുവര്‍ക്കും ആവില്ലെന്ന സൂചനയാണ് നേതൃത്വത്തില്‍ നിന്ന് ലഭിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള അടുപ്പവും അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി എന്ന പദവിയുമാണ് ശശിയുടെ സാധ്യതക്ക് കാരണമായി പറയുന്നത്. അതേസമയം, കണ്ണൂരില്‍ പിണറായി വിജയനോളം തലപ്പൊക്കം ജില്ലാ സെക്രട്ടറി എന്ന നിലയില്‍ നേടിയതും പാര്‍ട്ടി അണികള്‍ക്കുള്ളില്‍ ഇന്നും നിലനിര്‍ത്തുന്നതുമാണ് പി ജയരാജന്റ കൈമുതല്‍. എന്നാല്‍ സിപിഎമ്മിന്റെ മാനദണ്ഡങ്ങള്‍ പരിഗണിക്കുമ്പോള്‍ 'നിങ്ങള്‍ക്ക് ഈ പാര്‍ട്ടിയെ കുറിച്ച് ഒരു ചുക്കും അറിയില്ലെന്ന പിണറായി വിജയന്റ മുന്നറിയിപ്പാവും യാഥാര്‍ഥ്യമാവുക. പൊതുസമൂഹത്തിന്റെ മനസും ഹൃദയമിടിപ്പും അറിയാമെങ്കിലും പാര്‍ട്ടിയുടെ അളവുകോല്‍ എന്നും വ്യത്യസ്തമാണ്' സിപിഎം സെക്രട്ടറിയറ്റംഗം ന്യ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
ശശിക്കും ജയരാജനും ഇല്ലാത്ത ക്ലീന്‍ ഇമേജും പാര്‍ക്ക് വിധേയനെന്നതുമാണ് എംവി ജയരാജനെ നേതൃത്വത്തിന് യോഗ്യനാക്കുന്നത്. പാര്‍ട്ടി അച്ചടക്ക നടപടികള്‍ക്ക് വിധേയനായ ശശി കഴിഞ്ഞ എറണാകുളം സംസസ്ഥാന സമ്മേളനത്തില്‍ എല്ലാവരെയും ഞെട്ടിച്ച് സംസ്ഥാന സമിതിയിലേക്കും, തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും എത്തി. പി ജയരാജന്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയായതിനെ തുടര്‍ന്നാണ് ഒഴിഞ്ഞതെങ്കിലും പിന്നീട് പരിഗണിക്കപെട്ടില്ല. ശശിയെയും ജയരാജനെയും സെക്രട്ടേറിയറ്റില്‍ എടുക്കുന്നതില്‍ നിലവില്‍ സാങ്കതികമായ തടസമൊന്നും പാര്‍ട്ടിക്ക് മുന്നിലില്ലെങ്കിലും ശശി പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്ത് തുടരണമെന്ന താല്‍പര്യമാണ് മുഖ്യമന്ത്രിക്ക് എന്നാണ് അറിവ്.
പി ജയരാജന് അടുത്ത സംസ്ഥാന സമ്മേളന കാലയളവില്‍ 75 വയസ് ആവും. എന്നാല്‍ ജയരാജനെ ബന്ധപെടുത്തി പ്രതിപക്ഷത്തും മധ്യമങ്ങളിലും ഉയര്‍ന്ന ആരോപണങ്ങളെ നേതൃത്വം നിസാരവല്‍കരിക്കാന്‍ സാധ്യത കുറവാണ്. രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ ഒരു വശത്ത് ചാര്‍ത്തിയ ആരോപണങ്ങളേക്കാള്‍ ജില്ലാ സെക്രട്ടറി എന്ന നിലയില്‍ ഉയര്‍ത്തിയ വെല്ലുവിളി നേതൃത്വം മറക്കാനിടയില്ലെന്നാണ് സൂചന.
സമ്മേളന കലായളവില്‍ 75 വയസ് തികയാത്തവര്‍ തുടരും എന്ന തിരുമാനത്തിന്റെ ആനുകൂല്യം ഇപി ജയരാജനും എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണനും ലഭിക്കും. എന്നാല്‍ സെക്രട്ടേറിയറ്റില്‍ തുടരണമോയെന്നത് പരിഗണിക്കുമ്പോള്‍ ഇപി ജയരാജന്റ ഭാവി തുലാസിലാവും. സംഘടനാ പ്രശ്നങ്ങളെ തുടര്‍ന്നാണ് ഇപിയെ മാറ്റിയതെന്ന് ജില്ലാ സമ്മേളനങ്ങളില്‍ നേതൃത്വം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കേന്ദ്ര നേതൃത്വത്തിന്റെ കണ്ണിലും കരടായ ഇപി കേന്ദ്ര കമ്മിറ്റിയില്‍ തുടരണമെങ്കില്‍ സംസ്ഥാന കേന്ദ്ര നേതൃത്വം കനിയണം. പ്രായപരിധി അനുസരിച്ച് സംസ്ഥാന കമ്മിറ്റയില്‍ നിന്ന് 10 പേരെങ്കിലും ഒഴിയും. ഇതിന് പുറമേ മരിച്ചവരുടെ ഒഴിവും നിലനില്‍ക്കുന്നു. രാജു എബ്രഹം ഒഴികെ പുതുതായി തെരഞ്ഞെടുക്കപെട്ട കെവി അബ്ദുല്‍ ഖാദര്‍ (തൃശൂര്‍) എം രാജഗോപാല്‍ (കാസര്‍കോട്) എം മെഹബൂബ് (കോഴിക്കോട്) കെ റഫീഖ് (വയനാട്) വിപി അനില്‍ കുമാര്‍ (മലപ്പുറം) എന്നിവര്‍ സംസ്ഥാന സമിതയിലെത്തും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക