'പൊന്‍മാന്‍, ആലുവ സ്റ്റൈല്‍'; തട്ടിക്കൊണ്ടു പോകല്‍ കേസ് വെളിപ്പെടുത്തിയത് ഇര വേട്ടക്കാരനായ സംസ്ഥാനാന്തര സ്വര്‍ണ തട്ടിപ്പ്

തട്ടിക്കൊണ്ടുപോകല്‍ നടന്ന സ്ഥലത്ത് നടത്തിയ വിശദമായ പരിശോധനയില്‍ ഒരു ബാഗ് കണ്ടെത്തി. ഇതില്‍ ഡ്യൂപ്ലിക്കേറ്റ് സ്വര്‍ണാഭരണങ്ങളും ഉണ്ടായിരുന്നു
'പൊന്‍മാന്‍, ആലുവ സ്റ്റൈല്‍'; തട്ടിക്കൊണ്ടു പോകല്‍ കേസ് വെളിപ്പെടുത്തിയത് ഇര വേട്ടക്കാരനായ സംസ്ഥാനാന്തര സ്വര്‍ണ തട്ടിപ്പ്
Updated on

ജനുവരി 26 2025, ആലുവ ജനറല്‍ ഹോസ്പിറ്റലിന് മുന്നിലെ റോഡ്. രണ്ട് കാറുകളിലായി എത്തിയ ഏഴംഗസംഘം രണ്ട് പേരെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിക്കുന്നു. പിടിവലിക്കിടെ ഒരാള്‍ ഓടി രക്ഷപ്പെടാന്‍ തുനിയുകയും ഇയാളെ ബലം പ്രയോഗിച്ച് നീല കാറില്‍ കയറ്റുകയും ചെയ്യൂന്നു. നിമിഷങ്ങള്‍ മാത്രം നീണ്ട സംഘര്‍ഷത്തിന് ഒടുവില്‍ അതിവേഗം കാര്‍ പ്രദേശത്തുനിന്നും അപ്രത്യക്ഷമാകുന്നു.

സംഘര്‍ഷ സാഹചര്യം നേരില്‍ക്കണ്ട ലോട്ടറി വില്‍പനക്കാരനായ 63 കാരന്‍ ശശി പൊലീസില്‍ വിവരം അറിയിക്കുന്നു. 112 എന്ന എമര്‍ജന്‍സി നമ്പറില്‍ നല്‍കിയ വിവരം ആലുവ പൊലീസ് സ്‌റ്റേഷന്‍, എറണാകുളം റൂറല്‍ പൊലീസ് മേധാവി, റേഞ്ച് ഐജി ഓഫീസുകളിലേക്കും കൈമാറി. ഉണര്‍ന്നു പ്രവര്‍ത്തിച്ച പൊലീസ് സംഘം വിവരം നല്‍കിയ ശശിയില്‍ നിന്നും വിവരം ശേഖരിക്കുകയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഒറ്റ ദിവസം കൊണ്ട് അവസാനിപ്പിച്ച തട്ടിക്കൊണ്ടു പോകല്‍ കേസ് പക്ഷേ എത്തി നിന്നത് സംസ്ഥാനാന്തര സ്വര്‍ണ തട്ടിപ്പ് കേസില്‍ ആയിരുന്നു.

രണ്ട് സംഘത്തെ ആയിരുന്നു ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേന അന്വേഷണത്തിനായി നിയോഗിച്ചത്. ഒരു സംഘം സംഭവം നടന്ന ആലുവ ഹോസ്പിറ്റല്‍ പരിസരം കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. രണ്ടാമത്തെ സംഘം സമീപത്തെ ആളൊഴിഞ്ഞ പ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തി. ഇതിനിടെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു.

തട്ടിക്കൊണ്ടുപോകല്‍ നടന്ന സ്ഥലത്ത് നടത്തിയ വിശദമായ പരിശോധനയില്‍ ഒരു ബാഗ് കണ്ടെത്തി. ഇതില്‍ ഡ്യൂപ്ലിക്കേറ്റ് സ്വര്‍ണാഭരണങ്ങളും ഉണ്ടായിരുന്നു.

Man arrested for allegedly cutting off udders of three cows
പ്രതീകാത്മക ചിത്രംfile

ഇതിനിടെ നീലക്കാര്‍ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചിരുന്നു. ഉച്ചയോടെ കാര്‍ തിരിച്ചറിഞ്ഞെങ്കിലും ഉടമയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ വിഫലമായി. ഇതോടെ രജിസ്‌ട്രേഷന്‍ നടപടിയുമായി ബന്ധപ്പെട്ട് നല്‍കിയ ഫോണ്‍ നമ്പര്‍ കണ്ടെത്താനായി അടുത്ത ശ്രമം. ഉച്ചയ്ക്ക് ഒരുമണിയോട് നഗരത്തില്‍ നിന്ന് അകലെയല്ലാതെ ഉള്ളിയന്നൂരില്‍ നീലക്കാര്‍ കണ്ടെത്തി. അധികം വൈകാതെ രണ്ടാമത്തെ കാറും കണ്ടെത്തി.

സംഭവത്തില്‍ ഏഴ് പേരെ പൊലീസ് അറസറ്റ് ചെയ്തു. അല്‍ത്താഫ് അസീസ്, ആദില്‍ അസീസ്, ഫാസില്‍, മുഹമ്മദ് അമല്‍, മുഹമ്മദ് ആരിഫ് ഖാന്‍, ഷിജോ ജോസ് തുടങ്ങിവരാണ് പിടിയിലായ്ത്. ആലുവയ്ക്കും സമീപ പ്രദേശങ്ങളിലും താമസിച്ച് വന്നിരുന്നവരായിരുന്നു ഇവരെല്ലാം.

കര്‍ണാടക സ്വദേശിയായ ഗൊമ്മയ്യയെ ആയിരുന്നു പ്രതികള്‍ തട്ടിക്കൊണ്ട് പോയത്. ഇയാളെയും പൊലീസ് രക്ഷപ്പെടുത്തി. ഇതിനിടെ പ്രതികള്‍ ഗൊമ്മയ്യയുടെ ബന്ധുക്കളെ വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഗൊമ്മയ്യയുടെ പിതാവിനെ വിളിച്ച് മോചനദ്രവ്യമായി 5 ലക്ഷം രൂപ ആവശ്യപ്പെട്ടതായി കണ്ടെത്തി. പ്രതികളിലൊരാളായ അല്‍താഫിന്റെ മൊബൈല്‍ ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോഴായിരുന്നു ഈ വിവരങ്ങള്‍ പുറത്തുവന്നത്.

ട്വിസ്റ്റ് 1

അന്വേഷണം പുരോഗമിക്കുന്നതിനിടെ അല്‍ത്താഫ് മറ്റൊരു സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ടിരുന്നു. വിവരങ്ങള്‍ അറിയാത്ത ആ ഉദ്യോഗസ്ഥര്‍ ഗൊമ്മയ്യയെ ആ സ്റ്റേഷനില്‍ ഹാജരാക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഈ വിവരങ്ങള്‍ തേടിയിറങ്ങിയ പൊലീസ് ഉദ്യോഗസര്‍ക്ക് മുന്നില്‍ മറ്റൊരു തട്ടിപ്പിന്റെ ചുരുള്‍ അഴിയുകയായിരുന്നു.

നിധി തേടിയെത്തിയ അല്‍ത്താഫ്

2024 ഡിസംബര്‍ മുതല്‍ അല്‍ത്താഫും ഗൊമ്മയ്യയും തമ്മില്‍ ബന്ധമുണ്ടായിരുന്നു. ഭൂമി കുഴിക്കുന്നതിന് ഇടയില്‍ ലഭിച്ച സ്വര്‍ണം തുച്ഛമായ വിലയ്ക്ക് നല്‍കാം എന്ന വാഗ്ഗാനമാണ് അല്‍ത്താഫിനെ ഗൊമ്മയയോട് അടുപ്പിക്കുന്നത്. മൂന്ന് ലക്ഷം രൂപയ്ക്ക് കച്ചവടം ഉറപ്പിച്ചു, എന്നാല്‍ ഗൊമ്മയ്യ അല്‍ത്താഫിന് നല്‍കിയത് സ്വര്‍ണം പൊതിഞ്ഞ ചിച്ചളയായിരുന്നു. തട്ടിപ്പ് തിരിച്ചറിഞ്ഞ അല്‍ത്താഫ് പണം തിരികെ ആവശ്യപ്പെട്ടെങ്കിലും ഗൊമ്മയ്യ നല്‍കിയില്ല.

തട്ടിക്കൊണ്ടുപോകല്‍

പണം തിരിച്ചുപിടിക്കാന്‍ പദ്ധതിയിട്ട അല്‍ത്താഫ് ഗൊമ്മയ്യയെ വീണ്ടും ആലുവയിലേക്ക് ആകര്‍ഷിച്ചു. അല്‍താഫും സുഹൃത്തുക്കളും തയ്യാറാക്കിയ പദ്ധതി പ്രകാരം സുഹൃത്തുക്കളില്‍ ഒരാള്‍ സ്വര്‍ണ്ണം വാങ്ങാന്‍ താല്‍പ്പര്യംപ്രകടിപ്പിച്ച് ഗൊമ്മയ്യയെ ബന്ധപ്പെട്ടു. ആലുവ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് കൂടിക്കാഴ്ച നിശ്ചയിച്ചു.

കൂടിക്കാഴ്ചയ്ക്കായി എത്തിയ ഗൊമ്മയ്യയെയും സുഹൃത്തിനെയും അല്‍താഫിന്റെ സുഹൃത്ത് ജില്ലാ ആശുപത്രിക്ക് സമീപം എത്തിക്കുകയായിരുന്നു. പിന്നീടായിരുന്നു മല്‍പ്പിടിത്തവും തട്ടിക്കൊണ്ടുപോവലും.

ട്വിസ്റ്റ് 2

അന്വേഷണം ഇവിടെയും അവസാനിച്ചില്ല. ഗൊമയ്യയുടെ വിവരങ്ങള്‍ തേടി ആലുവ പൊലീസ് കര്‍ണാടക പൊലീസുമായി ബന്ധപ്പെട്ടതോടെ തട്ടിപ്പിന്റെ മറ്റൊരു ഘട്ടം വെളിപ്പെടുകയായിരുന്നു. കര്‍ണടക, ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന വഞ്ചനാ കേസുകളിലെ പ്രതിയായിരുന്നു ഗൊമ്മയ്യ എന്ന വിവരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എം എം മഞ്ജുദാസിന് ലഭിച്ചു.

വ്യാജ സ്വര്‍ണം നല്‍കി തട്ടിപ്പ് നടത്തുന്നതായിരുന്നു ഗൊമ്മയ്യയുടെ പതിവെന്ന് കര്‍ണാടക പൊലീസ് അറിയിക്കുകയും ചെയ്തു. അടുത്ത ദിവസം ആലുവയില്‍ എത്തിയ കര്‍ണാടക പൊലീസ് സംഘം ഗൊമ്മയ്യയെ കസ്റ്റഡിയിലെടുത്തു കര്‍ണാടകയിലേക്ക് കൊണ്ടുപോയി. തട്ടിക്കൊണ്ടു പോകല്‍ കേസില്‍ അറസ്റ്റിലായ അല്‍ത്താഫിനെയും സംഘത്തെയും കോടതി റിമാന്‍ഡ് ചെയ്തു. ഇവര്‍ പിന്നീട് ജാമ്യത്തില്‍ ഇറങ്ങുകയും ചെയ്തു.

തട്ടിപ്പിന് ഇരയായ അല്‍ത്താഫ് പ്രതികാര നടപടികള്‍ സ്വീകരിക്കുന്നതിന് പകരം പൊലീസിനെ സമീപിച്ചിരുന്നു എങ്കില്‍ കാര്യങ്ങള്‍ ഇത്രയും സങ്കീര്‍ണമാകില്ലായിരുന്നു എന്ന് ആലുവ സ്റ്റേഷന്‍ ഓഫീസര്‍ മഞ്ജുദാസ് പറയുന്നു. വാഗ്ദാനങ്ങളുമായി എത്തുന്നവരെ ഒന്ന് ശ്രദ്ധിച്ചാല്‍ തിരിച്ചറിയാന്‍ കഴിയുമെന്നും പൊലീസ് പറയുന്നു. കുറഞ്ഞ വിലയ്ക്ക് ആരും സ്വര്‍ണം വില്‍ക്കില്ലെന്ന് ആദ്യം മനസിലാക്കേണ്ടതുണ്ട്. ഇത്തരം സാമ്പത്തിക തട്ടിപ്പുകളോട് കരുതിയിരിക്കണം എന്നും പൊലീസ് ഉദ്യോഗസ്ഥന്‍ മുന്നറിയിപ്പ് നല്‍കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com