
ഫെബ്രുവരി 15; രാത്രി 10, ദേശീയ പാതയില്‍ കൊരട്ടിയില്‍ വച്ച് ഒരു വാഹനത്തെ പൊലീസ് സംഘം തടയുന്നു. വാഹനത്തില്‍ ഉണ്ടായിരുന്ന ഇതര സംസ്ഥാനക്കാരായ ട്രാന്‍സ് ജെന്‍ഡര്‍ യുവതിയെയും സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇവരുടെ കയ്യിലുണ്ടായിരുന്ന തുണിയില്‍ പൊതിഞ്ഞ ഒരു മാസം പ്രായമുള്ള കുഞ്ഞിനെ തേടിയുള്ള അന്വേഷണമാണ് കൊരട്ടിയില്‍ അവസാനിച്ചത്. രണ്ട് മണിക്കൂര്‍ മാത്രമായിരുന്നു ആലുവയില്‍ തുടങ്ങി കൊരട്ടിയില്‍ അവസാനിച്ച ആ അന്വേഷണത്തിന് വേണ്ടിവന്നത്.
ഔപചാരിക നടപടി ക്രമങ്ങളുടെ ആലസ്യം മറികടന്നൊരു അന്വേഷണം, കേരള പൊലീസിന്റെ കാര്യക്ഷമതയുടെ മറ്റൊരു ഉദാഹരണമാണ് ആലുവയില്‍ ഒരു മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവം. എറണാകുളം ജില്ലയിലെ പൊലീസ് സേന ഉണര്‍ന്നു പ്രവര്‍ത്തിച്ചപ്പോള്‍ കുറ്റവാളികള്‍ വലയിലാവുകയും ചെയ്തു. ഒരു മാസം പ്രായമായ ആണ്‍കുട്ടിയെ കാണാനില്ലെന്ന് പരാതിയുമായി ബിഹാര്‍ സ്വദേശിയായ യുവതി ആലുവ പൊലീസ് സ്റ്റേഷനില്‍ എത്തിയതിന് പിന്നാലെയായിരുന്നു അന്വേഷണത്തിന്റെ തുടക്കം. രാത്രി എട്ട് മണിയോടെയായിരുന്നു യുവതി സ്റ്റേഷനിലെത്തിയത്.
തന്റെ കുഞ്ഞിനെ കാണാനില്ലെന്ന് മാത്രമായിരുന്നു ക്ഷീണിച്ച് അവശയായ യുവതിക്ക് ഉദ്യോഗസ്ഥരോട് പറയാനുണ്ടായിരുന്നത്. ആലുവ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ മഞ്ജുദാസിനോട് നേരിട്ട് വിവരം അറിയിച്ചു. ഇതര സംസ്ഥാനക്കാരായ രണ്ട് പേര്‍ തന്നെയാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയതെന്നും ഇവരില്‍ ഒരാള്‍ ഭിന്നലിംഗക്കാരിയാണെന്ന സൂചനകള്‍ മാത്രമായിരുന്നു പ്രതികളെ കുറിച്ച് ഇവര്‍ക്ക് നല്‍കാനുണ്ടായിരുന്നത്. കുട്ടിയെ വിട്ടുകിട്ടാന്‍ 70,000 രൂപ വേണമെന്ന് ആവശ്യപ്പെട്ട് ഒരു ഫോണ്‍ കോളും ലഭിച്ചെന്ന വിവരവും തങ്ങള്‍ക്ക് ലഭിച്ചെന്നും രക്ഷിതാക്കള്‍ പൊലീസിനോട് വെളിപ്പെടുത്തി.
നടപടി ക്രമങ്ങളുടെ പേരില്‍ സമയം കളയാതെ ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ ക്രൈം ഗാലറിയിലെ ഭിന്നലിംഗക്കാരുടെ ഫോട്ടോ പരാതിക്കാരിയെ കാണിച്ചു. ഇതില്‍ നിന്നും അസം സ്വദേശിയും ഭിന്നലിംഗക്കാരിയുമായ റിങ്കി (20)യെ ഇവര്‍ ആളെ തിരിച്ചറിഞ്ഞതോടെ അന്വേഷണം ഒരു വഴിയിലേക്ക് തിരിഞ്ഞു. പണം ആവശ്യപ്പെട്ട് വിളിച്ച ഫോണ്‍ നമ്പര്‍ തേടി സൈബര്‍ സെല്ലും ഉണര്‍ന്നു പ്രവര്‍ത്തിച്ചു. ആലുവ സ്റ്റേഷനില്‍ നിന്നുള്ള അറിയിപ്പ് പ്രകാരം ആലുവ ഡി വൈഎസ് പി ടി ആര്‍ രാജേഷ് ദൗത്യത്തിന്റെ ചുമതലയേറ്റെടുത്തു. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേനയും ദൗത്യവുമായി സഹകരിച്ചു.
മറ്റൊരു പൊലീസ് സംഘം ഇതേസമയം റിങ്കി താമസിച്ചിരുന്ന വാടകവീട്ടില്‍ എത്തിയെങ്കിലും അവര്‍ കുട്ടിയുമായി കടന്നിരുന്നു. പിങ്കിയ്‌ക്കൊപ്പം ഉള്ളത് ആസാം നാഗോണ്‍ സ്വദേശിയുമായ റാഷിദുല്‍ ഹഖ് (29) ആണെന്നും ഇതിനിടെ സ്ഥിരീകരിച്ചു. ഇതോടെ അന്വേഷണം നഗരത്തിലെ സിസിടിവികള്‍ കേന്ദ്രീകരിച്ചായി. റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ്, എയര്‍ പോര്‍ട്ട് പരിസരം, ജില്ല അതിര്‍ത്തികള്‍, ഇവര്‍ തങ്ങാനിടയുള്ള സ്ഥലങ്ങള്‍ എന്നിവിടങ്ങള്‍ അരിച്ചുപെറുക്കി പരിശോധന നടത്തി.
പോലീസ് നഗരം വളഞ്ഞ് പരിശോധന നടത്തുമ്പോള്‍ പ്രതികള്‍ അങ്കമാലി ഭാഗത്തേക്ക് സഞ്ചരിക്കുന്നതായി സുചനകള്‍ ലഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പിന്തുടര്‍ന്ന പൊലീസ് സംഘം രാത്രി 10 മണിക്ക് കൊരട്ടി ഭാഗത്ത് വച്ച് പ്രതികള്‍ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞു നിര്‍ത്തി പ്രതികളെ പിടികൂടുകയായിരുന്നു. കുട്ടിയെ തൃശൂരില്‍ എത്തിച്ച് അസമിലേക്ക് കൊണ്ടു പോകുവാനാണ് പ്രതികള്‍ ലക്ഷ്യമിട്ടിരുന്നത്. സാമ്പത്തിക പ്രതിസന്ധിയാണ് പ്രതികളെ ഇത്തരം ഒരു കുറ്റകൃത്യത്തിലേക്ക് നയിച്ചത് എന്നാണ് അന്വേഷണം ഏകോപിപ്പിച്ച ആലുവ ഡിവൈഎസ്പി രാജേഷ് വിശദീകരിച്ചത്.
2023 ല്‍ ആലുവയില്‍ മൂന്ന് വയസുകാരിയെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ സംഭവത്തിന്റെ അനുഭവത്തില്‍ നിരീക്ഷണവും കരുതലും ശക്തമായി തുടര്‍ന്ന് വന്നതായിരുന്നു പ്രതികളിലേക്ക് വേഗത്തിലെത്താന്‍ പൊലീസിന് സഹായകമായത്. ആലുവ മേഖലയില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവന്നിട്ടുണ്ടെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക