

പട്ടയത്തിന് അര്‍ഹതയുണ്ടെന്ന രേഖകളുണ്ടായിട്ടും മൂന്നു പതിറ്റാണ്ടു ജീവിച്ച ഭൂമിയില്‍നിന്നും വീട്ടില്‍നിന്നും വനം ഉദ്യോഗസ്ഥര്‍ ഇറക്കിവിട്ട കുടുംബത്തിന് അഞ്ചു വര്‍ഷം കഴിഞ്ഞ് പരമോന്നത നീതിപീഠത്തിന്റെ കൈത്താങ്ങ്. തൃശൂര്‍ അതിരപ്പിള്ളി പഞ്ചായത്തിലെ പി.എ. ജോണ്‍സണും കുടുംബത്തിനും കഴിഞ്ഞ മാസം 21-ന് സുപ്രീംകോടതിയില്‍നിന്നു ലഭിച്ച നീതിക്ക്, നീതി നിഷേധിക്കപ്പെടുന്ന ഒരുപാടാളുകള്‍ക്ക് പ്രതീക്ഷയുടെ വഴി കാണിക്കാന്‍ കരുത്തുണ്ട്. 2019 നവംബര്‍ 22-ല്‍നിന്ന് 2025 ജനുവരി 21-ലേയ്ക്കുള്ള ദൂരത്തിനപ്പുറമാണ് ജോണ്‍സണ്‍, ഭാര്യ, വിവാഹിതയായ മകളുള്‍പ്പെടെ മൂന്നു മക്കള്‍, പ്രായമായ അമ്മയും അച്ഛനും എന്നിവരടങ്ങുന്ന കുടുംബം അനുഭവിച്ച അനീതിയുടേയും സങ്കടങ്ങളുടേയും നീളം. അവരും ദുരിതം അറിഞ്ഞവരും മനസ്സിലാക്കിയവരും കൂടെനിന്നവരുമായ കുറച്ചാളുകളും വേദനയെ മറികടക്കുന്ന ഇച്ഛാശക്തിയോടെ പൊരുതിയാണ് ഈ സന്തോഷച്ചിരി നേടിയെടുത്തത്. വളരെ മോശപ്പെട്ട അനുഭവമാണ് വനം ഉദ്യോഗസ്ഥരില്‍നിന്ന് ഉണ്ടായത്; തളര്‍ത്തിക്കളയാന്‍ ശേഷിയുള്ള സങ്കടങ്ങള്‍. പക്ഷേ, അവര്‍ തളര്‍ന്നിരുന്നില്ല; അതുകൊണ്ട് അന്നു വലിച്ചിഴച്ചവരും വസ്ത്രങ്ങളും പാത്രങ്ങളും ആഹാര സാധനങ്ങളുമുള്‍പ്പെടെ വലിച്ചെറിഞ്ഞവരും ഇപ്പോള്‍ വന്നു മുഖം കുനിച്ചു നിന്നു; അല്ലെങ്കില്‍ മുഖം കൊടുക്കാതെ നിന്നു, സുപ്രീംകോടതി വിധി വാക്കും വരിയും തെറ്റാതെ നടപ്പാക്കാന്‍ ശ്രദ്ധവെച്ചു. സത്യവും പാവപ്പെട്ടവരുടെ കണ്ണീരും കാണാന്‍ ശേഷിയുള്ള നീതിന്യായ സംവിധാനത്തിനു മുട്ടുന്യായങ്ങളെ മറികടക്കുന്ന പല്ലും നഖവുമുണ്ടെന്ന് കാലം അവര്‍ക്കു ശരിയായി മനസ്സിലാക്കിക്കൊടുത്തു.
പെരുവഴിയില്‍
വനഭൂമിയില്‍നിന്ന് ഇറക്കിവിടാന്‍ ഹൈക്കോടതി വിധിയുണ്ട് എന്ന നുണയുടെ ബലത്തിലാണ് 2019 നവംബര്‍ 22-ന് ഇവരെ ഇറക്കിവിട്ടത്. അവര്‍ വീടും കടയും വച്ചിരിക്കുന്നത് നിലവില്‍ പട്ടയം ഇല്ലാത്ത ഭൂമിയാണെന്നും വനഭൂമിയാണ് എന്നുമുള്ള വകുപ്പിന്റെ വാദം അംഗീകരിക്കുന്നു എന്നായിരുന്നു ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിന്റെ ബെഞ്ച് നല്‍കിയ വിധി. പക്ഷേ, അതു കുടിയിറക്കാനുള്ള വിധിയായി ഉദ്യോഗസ്ഥര്‍ വ്യാഖ്യാനിച്ചു. അങ്ങനെയൊരു അനുമതി അതില്‍ ഉണ്ടായിരുന്നില്ല. 32 വര്‍ഷമായി വീടും ഉപജീവനമായ ഹോട്ടലും വൈദ്യുതി കണക്ഷനും വീട്ടു നമ്പറും റേഷന്‍കാര്‍ഡും ആധാറുമൊക്കെയായി ജീവിക്കുന്ന ഇടമാണ്. ഇറക്കിവിട്ട ശേഷമുള്ള കഴിഞ്ഞ അഞ്ചു വര്‍ഷവും പഞ്ചായത്തില്‍ കരം അടയ്ക്കുന്നുണ്ട്, അതു സ്വീകരിച്ച് പഞ്ചായത്ത് രസീതും കൊടുക്കുന്നുണ്ട്. 24 മണിക്കൂറിനകം ഒഴിഞ്ഞുകൊടുക്കണം എന്ന് വനം ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്‍കി. അതിനെതിരെ ജോണ്‍സണ്‍ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ വകുപ്പ് ഉന്നയിച്ച എതിര്‍വാദത്തിലായിരുന്നു ഈ വിധി.
വനിതാ ഉദ്യോഗസ്ഥരുള്‍പ്പെടെ വലിയൊരു സംഘം എത്തുമ്പോള്‍ ജോണ്‍സന്റെ ഭാര്യ റൊബീനയും ഒന്‍പതില്‍ പഠിക്കുന്ന മകന്‍ റിസ്ബീനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ജോണ്‍സണും മറ്റൊരു മകന്‍ റിക്‌സണും അമ്മയേയും അച്ഛനേയുംകൊണ്ട് ആശുപത്രിയില്‍ പോയിരുന്നു. ജോണ്‍സന്റെ അച്ഛന്‍ അന്തോണിക്ക് ഇപ്പോള്‍ വയസ്സ് 90. കുടിയിറക്കലും വഴിയാധാരമാകലും വലിയ മാനസികാഘാതമുണ്ടാക്കിയപ്പോള്‍ അമ്മ മേരിക്ക് 87-ാം വയസ്സില്‍ പക്ഷാഘാതം ഉണ്ടായി. ചികിത്സയിലിരിക്കെ മരിച്ചു. ഇപ്പോള്‍ ആ വീട്ടിലേയ്ക്കു തിരിച്ചു ചെല്ലുമ്പോള്‍ അവരുടെ ഏറ്റവും വലിയ സങ്കടങ്ങളിലൊന്ന് മേരി കൂടെ ഇല്ലാത്തതാണ്. വനം ഉദ്യോഗസ്ഥരുടെ ക്രൂരതയുടെ ഇരയായാണ് ആ പാവം വയോധിക വീണുപോയതും വിട പറഞ്ഞതും.
കൊവിഡ് കാലത്തിനു തൊട്ടുമുന്‍പായിരുന്നു ജീവിതം ഉലച്ച കുടിയിറക്കല്‍. നാലുദിവസം റോഡരികില്‍ കഴിഞ്ഞ ശേഷമാണ് ഒരു വാടകവീട് സംഘടിപ്പിക്കാന്‍ കഴിഞ്ഞത്. വാടക വീട്ടില്‍ താമസം തുടങ്ങിയ ശേഷം ഐസ്‌ക്രീം വിറ്റാണ് ജീവിതം. റിസ്ബീനും റിക്‌സണും പഠനം പാതിവഴിയില്‍ നിര്‍ത്തേണ്ടിവന്നു. വീട്ടുവാടക കൊടുക്കാനും അന്നന്നത്തേയ്ക്കു കഴിഞ്ഞു പോകാനുള്ള വക കണ്ടെത്താനും കൊവിഡ് കാലത്തെ ഒറ്റയ്ക്കുള്ള ഐസ്‌ക്രീം കച്ചവടംകൊണ്ട് ജോണ്‍സണു മാത്രമായി കഴിയുമായിരുന്നില്ല. ആ കുടിയിറക്കില്‍, മേരിയുടെ മരണത്തിനു മുന്‍പേ വന്ന ദുരന്തം കുട്ടികളുടെ പഠനം ഉപേക്ഷിക്കേണ്ടിവന്നതായിരുന്നു. നന്നായി പഠിക്കുമായിരുന്ന അവരുടെ തുടര്‍വിദ്യാഭ്യാസം ഇനി സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് ആ കുടുംബം.
വീടിന്റെ ഗേറ്റും മതിലുമൊക്കെ ആനയും മറ്റു വന്യജീവികളും ഈ കാലത്തിനുള്ളില്‍ തകര്‍ത്തു; ബാക്കിയുള്ളതൊക്കെ മനുഷ്യജീവികളും കൊണ്ടുപോയി. ഇനി താമസം തുടങ്ങാന്‍ കാര്യമായ പണിയുണ്ട്. ഒരു ആയുഷ്‌കാലത്തെ അധ്വാനത്തിന്റെ മുഴുവന്‍ ഫലങ്ങളുമാണ് നഷ്ടപ്പെട്ടത്. ഒരു കുടുംബത്തെ കണ്ണീര്‍ കുടിപ്പിച്ചതും മൃഗങ്ങള്‍ക്കും കള്ളന്മാര്‍ക്കും കയറി മേയാന്‍ അവരുടെ വീടും കടയും വിട്ടുകൊടുത്തതുമാണോ വനം ഉദ്യോഗസ്ഥര്‍ക്കു കിട്ടിയ സംതൃപ്തി എന്നും അതിനപ്പുറം അവരെ അവിടെനിന്നു മാറ്റല്‍ ആരുടെ ആവശ്യമായിരുന്നു എന്നും വ്യക്തമാകാന്‍ വേറെ അന്വേഷണം വേണ്ടിവരും.
കൈവിട്ടവരും കൈപിടിച്ചവരും
കുടിയിറക്കിനെതിരേയും കുടികിടപ്പുകാരുടെ അവകാശത്തിനുവേണ്ടിയും സമരം ചെയ്ത് വിജയിച്ച വലിയ ചരിത്രമുള്ള ഇടതുപക്ഷത്തിന്റെ ഗവണ്‍മെന്റ് ഭരിക്കുമ്പോഴാണ് ഈ അനീതി. അതില്‍ത്തന്നെ സി.പി.ഐയുടെ പ്രാദേശിക നേതൃത്വത്തിനുണ്ടായ വ്യക്തിപരമായ വിരോധം വലിയ ഘടകമായി മാറുകയും ചെയ്തു. ജോണ്‍സണോട് ചെയ്തത് തികഞ്ഞ അനീതിയാണെന്ന് ബോധ്യമുണ്ടായിട്ടും വനം ഉദ്യോഗസ്ഥര്‍ സംഘടിതമായി ആ അനീതിയുടെ നടത്തിപ്പുകാരായി മാറുകയാണ് ചെയ്തത്. ഇറക്കിവിട്ടതിനെതിരെ ജോണ്‍സണ്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും വനം ഉദ്യോഗസ്ഥരുടെ വാദഗതികളാണ് അംഗീകരിച്ചത്. 1977-ലെ വനം നിയമത്തിന്റെ അടിസ്ഥാനത്തില്‍ വനം, റവന്യൂ വകുപ്പുകള്‍ ജോയിന്റ് വെരിഫിക്കേഷന്‍ നടത്തി പട്ടയം നല്‍കുന്നതിനുള്ള പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഭൂമിയില്‍നിന്നാണ് ഇറക്കിവിട്ടത് എന്ന ശക്തമായ ന്യായം ഹൈക്കോടതി കണക്കിലെടുത്തില്ല. ഇതുമായി ബന്ധപ്പെട്ട് ജോണ്‍സണ്‍ സമര്‍പ്പിച്ച രേഖകള്‍ പരിശോധിച്ച് തീര്‍പ്പു കല്പിപ്പിക്കണം എന്ന് വനം വകുപ്പിനു നിര്‍ദ്ദേശം നല്‍കാന്‍പോലും തയ്യാറായുമില്ല. ഇതിനെല്ലാമുള്ള മൂര്‍ച്ചയുള്ള മറുപടിയാണ് സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ''ജോണ്‍സണ് നിയമപരമായി അര്‍ഹതയുള്ള ഭൂമി വനം ഉദ്യോഗസ്ഥര്‍ ജോണ്‍സന്റെ കൂടി സാന്നിധ്യത്തില്‍ നാലാഴ്ചയ്ക്കുള്ളില്‍ അളന്നുതിരിച്ച് കൈമാറണം. ഈ നിര്‍ദ്ദേശം ഈ ഹര്‍ജിയിലെ അന്തിമവിധി ആയിരിക്കും'' ജസ്റ്റിസുമാരായ വിക്രം നാഥ്, സഞ്ജയ് കരോള്‍, സന്ദീപ് മെഹ്ത്ത എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ വിധിയില്‍ പറയുന്നു.
ചാലക്കുടി വന ഡിവിഷന്റേയും പരിയാരം റേഞ്ചിന്റേയും കൊന്നക്കുടി ഫോറസ്റ്റ് സ്റ്റേഷന്റേയും പരിധിയിലുള്ള പ്രധാന വനം ഉദ്യോ ഗസ്ഥരും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള വനം ഉദ്യോഗസ്ഥരും പൊലീസും ചേര്‍ന്നാണ് ജോണ്‍സണേയും കുടുംബത്തേയും ഇറക്കിവിട്ടത്; ആ കുടുംബത്തിന്റെ എല്ലാ സാധനങ്ങളും പുറത്തേയ്ക്ക് വലിച്ച് വീടും കടയും പൂട്ടിയതിന്റെ ദാരുണ ചിത്രം അന്ന് അവിടെ കൂടിയവര്‍ പകര്‍ത്തിയ ദൃശ്യങ്ങളിലുണ്ട്.
ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും കൈവിട്ടതോടെ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച ജോണ്‍സണെ അതില്‍നിന്നു പിന്തിരിപ്പിച്ച് മനുഷ്യാവകാശ സംരക്ഷണകേന്ദ്രം പ്രവര്‍ത്തകരുമായി പരിചയപ്പെടുത്തിയത് ഒരു പൊലീസ് ഉദ്യോഗസ്ഥനാണ്; കെ.പി. പ്രതാപന്‍ എന്ന എസ്.ഐ. അതിരപ്പിള്ളി പൊലീസ് സ്റ്റേഷനില്‍ ജോലി ചെയ്യുമ്പോഴുള്ള ബന്ധം പിന്നീട് മണ്ണാര്‍ക്കാടേയ്ക്ക് മാറിയിട്ടും തുടര്‍ന്നു. ജോണ്‍സണോട് വനം ഉദ്യോഗസ്ഥര്‍ ചെയ്ത അനീതി അദ്ദേഹം ഉള്‍പ്പെടെ പല പൊലീസ് ഉദ്യോഗസ്ഥര്‍ക്കും അറിയാമായിരുന്നു. പക്ഷേ, അവര്‍ നിസ്സഹായരായിരുന്നു. നിയമപോരാട്ടത്തില്‍ താങ്ങായാണ് അവര്‍ ജോണ്‍സണേയും കുടുംബത്തേയും സഹായിച്ചത്.
തൃശൂരിലെ മനുഷ്യാവകാശ സംരക്ഷണകേന്ദ്രം (എസ്.എച്ച്.ആര്‍.പി.സി) പ്രവര്‍ത്തകരെ കെ.പി. പ്രതാപന്‍ പരിചയപ്പെടുത്തിക്കൊടുത്തു. അതുവഴിയാണ് ജോസ് എബ്രഹാം എന്ന മനുഷ്യമുഖമുള്ള വക്കീലിന്റെ അടുത്തെത്തുന്നതും. ഫീസിന്റെ പേരില്‍ ബുദ്ധിമുട്ടിക്കാതെ നീതിക്കു വേണ്ടിയുള്ള ഇടപെടലിന്റെ പ്രതിബദ്ധതയാണ് അഡ്വ. ജോസ് എബ്രഹാം ഉയര്‍ത്തിപ്പിടിച്ചത്. കോടതിച്ചെലവുകള്‍ മാത്രമാണ് ജോണ്‍സണ്‍ കണ്ടെത്തേണ്ടിവന്നത്. വനംവകുപ്പ് പലവട്ടം കേസ് നീട്ടിക്കൊണ്ടു പോകാന്‍ കുതന്ത്രങ്ങള്‍ കാണിച്ചു. അതും ജോണ്‍സണെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകരും അഭിഭാഷകനും ചില സുഹൃത്തുക്കളുമാണ് അപ്പോഴൊക്കെ സഹായിച്ചത്. നീതിനിഷേധമാണ് നടന്നിരിക്കുന്നതെന്ന് വ്യക്തമായതോടെ അത് സുപ്രീംകോടതിയെ ബോധിപ്പിക്കാന്‍ കൂടുതല്‍ രേഖകള്‍ കണ്ടെത്തുന്നതില്‍ അഡ്വ. ജോസ് എബ്രഹാമിന്റെ ഇടപെടലും സഹായവും വളരെ വലുതായിരുന്നു എന്ന് ജോണ്‍സണ്‍ സ്‌നേഹാദരങ്ങളോടെ ഓര്‍ക്കുന്നു.
വിവരാവകാശ നിയമപ്രകാരം നടത്തിയ ഇടപെടലുകളില്‍ ലഭിച്ച രേഖകള്‍ വനം വകുപ്പിന്റെ എല്ലാ വാദങ്ങളും പൊളിക്കുന്നതായിരുന്നു. 1993-ലെ ജോയിന്റ് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് (ജെ.വി.ആര്‍) പ്രകാരം പട്ടയം നല്‍കുന്നതിനു തീരുമാനിച്ചിരിക്കുന്ന പട്ടികയില്‍ ജോണ്‍സണ്‍ താമസിക്കുന്ന 15 സെന്റും ഉണ്ടെന്നു വ്യക്തമായി. ആ വീടും കടയും ജെ.വി.ആറില്‍പ്പെട്ട 15 സെന്റും അളന്നുതിരിച്ചുകൊടുക്കാനുള്ള സുപ്രീംകോടതി വിധി കിട്ടിയ സന്തോഷത്തിന്റേയും ആശ്വാസത്തിന്റേയും തിളക്കം ഞങ്ങള്‍ ദിവസങ്ങള്‍ കഴിഞ്ഞു കാണുമ്പോഴും ജോണ്‍സന്റെ മുഖത്തുണ്ടായിരുന്നു; വാക്കുകളിലും.
വിധിയുടെ പശ്ചാത്തലത്തില്‍ ജോണ്‍സണ് വീടും കടയും ഭൂമിയും തിരിച്ചു കൊടുക്കാന്‍ അടിയന്തര നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് എസ്.എച്ച്.ആര്‍.പി.സി പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് കത്ത് കൊടുത്തിരുന്നു. സംഭവിച്ചതിന്റെ മുഴുവന്‍ വിശദാംശങ്ങളും വിശദീകരിച്ചുകൊണ്ടുള്ളതാണ് ആ കത്ത്.വനം ഉദ്യോഗസ്ഥരുടെ അധികാരധാര്‍ഷ്ട്യത്തിനു തിരിച്ചടിയാണ് അവര്‍ ഒഴിപ്പിച്ച ഭൂമി തിരിച്ചുകൊടുപ്പിക്കുന്ന അപൂര്‍വ്വ വിധി. വനം ഉദ്യോഗസ്ഥര്‍ക്ക് ഇതു താക്കീതും സമാന കേസുകളിലെ ഇരകള്‍ക്കു പ്രതീക്ഷയുമാണ്. കേരളം ഭരിക്കുന്ന രാഷ്ട്രീയ നേതൃത്വത്തിന്റെ നയത്തിനും തീരുമാനങ്ങള്‍ക്കും കടകവിരുദ്ധമായി ഭരണനിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ എങ്ങനെ അനീതിയുടെ നടത്തിപ്പുകാരായി മാറുന്നു എന്നു ചൂണ്ടിക്കാണിക്കുകയുമാണ് ഇത്. ഉദ്യോഗസ്ഥരെ കയറൂരി വിടരുത് എന്നു പറയാതെ പറയുക തന്നെയാണ് സുപ്രീംകോടതി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates