
കൊച്ചി: എറണാകുളം കുന്നത്തുനാട് പറക്കോട് തെരുവുനായകളെ സംരക്ഷിക്കുന്നത് ലൈസന്‍സ് ഇല്ലാതെയെന്ന് ജില്ലാ ഭരണകൂടം. ഉടമയ്ക്ക് നായ വളര്‍ത്തല്‍ കേന്ദ്രം തുടങ്ങാന്‍ ലൈസന്‍സ് ഇല്ല. അതിനാല്‍ വീട്ടില്‍ പാര്‍പ്പിച്ച നായകളെ ഒഴിപ്പിക്കും. ആര്‍ഡിഒ സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് നടപടി. ജില്ലാ മൃഗ സംരക്ഷണ ഓഫീസര്‍ സ്ഥലം സന്ദര്‍ശിച്ച് നായകളെ പരിശോധിച്ചിരുന്നു. റിപ്പോര്‍ട്ട് കലക്ടര്‍ക്ക് കൈമാറും.
വീടിനു മുന്നില്‍ നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്. എന്നാല്‍ നായകളെ മാറ്റില്ലെന്ന നിലപാടിലാണ് വാശിയിലാണ് വീട് വാടകയ്ക്ക് എടുത്ത വീണ ജനാര്‍ദ്ദനന്‍. നാട്ടുകാര്‍ പുറത്ത് ബഹളം വയ്ക്കുമ്പോള്‍ മാത്രമാണ് നായകള്‍ കുരയ്ക്കുന്നത് എന്നും വീണ പറയുന്നു. വീട് വാടകയ്ക്ക് എടുത്തപ്പോള്‍ മൃഗങ്ങളെ വളര്‍ത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്. അതിന്റെ എഗ്രിമെന്റ് തന്റെ കയ്യിലുണ്ട്. നായകളുടെ എണ്ണമൊന്നും അതില്‍ പറഞ്ഞിട്ടില്ലെന്നും, താന്‍ റെസ്‌ക്യുവര്‍ ആണെന്നും വീണ ജനാര്‍ദ്ദനന്‍ വ്യക്തമാക്കി.
പഞ്ചായത്ത് റൂള്‍സ് പ്രകാരം പഞ്ചായത്ത് സെക്രട്ടറിയുടെ ലൈസന്‍സ് ഇതിന് ആവശ്യമാണെന്ന് പി വി ശ്രീനിജിന്‍ എംഎല്‍എ പറഞ്ഞു. എന്നാല്‍ ഇവര്‍ സംരക്ഷിക്കുന്ന നായകള്‍ക്കൊന്നും കുന്നത്തുനാട് പഞ്ചായത്തില്‍ നിന്ന് ലൈസന്‍സ് ഇല്ലെന്നാണ് മനസ്സിലാക്കുന്നതെന്ന് ശ്രീനിജിന്‍ പറഞ്ഞു. ജനവാസമേഖലയില്‍ ഇത്രയധികം നായകളെ പാര്‍പ്പിക്കുന്നതുമൂലമുള്ള ദുര്‍ഗന്ധം സഹിക്കാന്‍ പറ്റില്ലെന്ന നിലപാടിലാണ് പ്രദേശവാസികള്‍.
പശുഫാമിന് സ്റ്റോപ് മെമ്മോ കൊടുത്ത പഞ്ചായത്തിലാണ് ഇത്രയധികം തെരുവുനായകളെ യാതൊരു കരുതലുമില്ലാതെ വീടിനകത്ത് വളര്‍ത്തുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു. പ്രശ്നം പരിഹരിക്കാതെ വീട്ടുമുറ്റത്തുനിന്നും പിരിഞ്ഞുപോവില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍. ജില്ലാ ഭരണകൂടം ഇടപെട്ടിട്ടും നാട്ടുകാര്‍ പിരിഞ്ഞുപോകാത്തതിനാല്‍ സ്ഥലത്ത് പൊലീസിനെ വിന്യസിച്ചിരിക്കുകയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക