ഇളകി മറിയുമോ കടല്‍? വിഷ ലോഹങ്ങള്‍ വിനാശം വിതയ്ക്കുമോ?

ഇളകി മറിയുമോ കടല്‍? വിഷ ലോഹങ്ങള്‍ വിനാശം വിതയ്ക്കുമോ?
Updated on

കൊച്ചി: കേരളത്തിന്റെ തീരക്കടലില്‍ നിന്ന് നിര്‍മ്മാണ ആവശ്യത്തിനുള്ള മണല്‍ ഖനനം ചെയ്യാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം സംസ്ഥാനത്ത് വന്‍ വിവാദത്തിനാണ് തിരി കൊളുത്തിയിട്ടുള്ളത്. കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ പരമ്പരാഗത മത്സ്യബന്ധന മേഖലയായ കൊല്ലം പരപ്പ് കടല്‍മണല്‍ ഖനനം മൂലം തകരുമെന്ന് മത്സ്യത്തൊഴിലാളികള്‍ ആശങ്കപ്പെടുന്നു.

കൊല്ലം തീരത്തുനിന്നു 30 കിലോമീറ്റര്‍ അകലെ മൂന്നു ബ്ലോക്കുകളിലായി 242 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തു പര്യവേഷണം നടത്തി ഏകദേശം 300 ദശലക്ഷം ടണ്‍ നിര്‍മ്മാണാവശ്യത്തിനുള്ള മണല്‍ ഖനനം ചെയ്‌തെടുക്കാനാണ് പദ്ധതി. കേരളത്തിന്റെ തീരക്കടലില്‍ 12 നോട്ടിക്കല്‍ മൈല്‍ ദൂരമാണ് കേരളത്തിന് നിയന്ത്രണാവകാശം എന്നതിനാല്‍ സംസ്ഥാനത്തിന് ഇതില്‍ നിന്ന് റോയല്‍റ്റി കിട്ടില്ല. പക്ഷെ ജിഎസ്ടി ഇനത്തില്‍ സംസ്ഥാനത്തിന് വരുമാനം ലഭിക്കും.

കടലില്‍ കൂറ്റന്‍ ഡ്രെഡ്ജര്‍ ഉപയോഗിച്ച് ഖനനം നടത്തുന്നത് കടലിന്റെ അടിത്തട്ട് ഇളക്കി മറിക്കുമെന്നും ജീവന് ഹാനികരമായ ലോഹങ്ങള്‍ അടക്കം കടലിന്റെ അടിത്തട്ടിലുള്ള ചെളി പടര്‍ന്നു ജീവജാലങ്ങളുടെ സര്‍വനാശത്തിന് കാരണമാവുമെന്നു മത്സ്യത്തൊഴിലാളികളും ഒരു വിഭാഗം സമുദ്ര ഗവേഷകരും പറയുന്നു. മാത്രമല്ല, കലങ്ങി മറിയുന്ന വെള്ളത്തില്‍ പ്രകാശം കടക്കാത്തതിനാല്‍ പ്രകാശസംശ്ലേഷണം നടക്കാതെ കടല്‍ സസ്യങ്ങള്‍ നശിച്ചു പോകുമെന്നും അവര്‍ ആശങ്കപ്പെടുന്നു.

എന്നാല്‍ ആശങ്കകള്‍ അടിസ്ഥാനരഹിതമാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. കഴിഞ്ഞ ദിവസം രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസ്, ഹാരിസ് ബീരാന്‍ എന്നിവരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറഞ്ഞ കേന്ദ്ര ഖനികാര്യ മന്ത്രി ജി കിഷന്‍ റെഡ്ഢി, കടലിലെ മണല്‍ ബ്ലോക്കുകളുടെ ലേലം ഇനിയും നടന്നിട്ടില്ലെന്നും കരാര്‍ ഏറ്റെടുക്കുന്ന കമ്പനി പാരിസ്ഥിതിക ആഘാത പഠനം നടത്തുകയും, കേന്ദ്ര പരിസ്ഥിതി, ഫിഷറീസ് മന്ത്രാലയങ്ങളില്‍ നിന്ന് വ്യവസ്ഥകള്‍ക്ക് വിധേയമായി പെര്‍മിറ്റ് നേടണമെന്നും അറിയിച്ചു.

കടലിലെ ജൈവവ്യവസ്ഥ പരിപാലിക്കുന്നതിനായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം 130 സംരക്ഷിത മേഖലകള്‍ നോട്ടിഫൈ ചെയ്തിട്ടുണ്ടെന്നും തീരദേശത്തെയും കടലിലെയും 106 പ്രദേശങ്ങള്‍ സുപ്രധാന തീരദേശ, സമുദ്ര ജൈവവൈവിധ്യ മേഖലകളായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ മേഖലകളെ പൂര്‍ണമായും ഒഴിവാക്കിയാണ് കടല്‍ മണല്‍ ഖനന ബ്ലോക്കുകള്‍ തിരഞ്ഞെടുത്തിട്ടുള്ളത്. 2002 ലെ കടല്‍ ധാതു വികസന നിയന്ത്രണ ആക്ടില്‍ പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിനും ജൈവ വൈവിധ്യവും, മത്സ്യ തൊഴിലാളികളുടെ താത്പര്യങ്ങളും സംരക്ഷിക്കുന്നതിനും വ്യവസ്ഥകള്‍ ഉണ്ടെന്നും കിഷന്‍ റെഡ്ഢി പറഞ്ഞു.

പര്യവേഷണം നടത്തി സാദ്ധ്യതകള്‍ മനസിലാക്കി പ്രയോഗികമാണെങ്കില്‍ മാത്രമേ കടല്‍ മണല്‍ ഖനനം ആരംഭിക്കുകയുള്ളൂ എന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി കോംപോസിറ്റ് ലൈസെന്‍സിനാണ് ടെന്‍ഡര്‍ വിളിച്ചിട്ടുള്ളത്. ഓഫ്‌ഷോര്‍ ഏരിയ മിനറല്‍ (ഓക്ഷന്‍) നിയമം അനുസരിച്ചു ഖനനം ആരംഭിക്കുന്നതിനു മുന്‍പേ കരാറുകാര്‍ പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്ന് വിവിധ അനുമതികളും പെര്‍മിറ്റുകളും നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റുകളും നേടിയിരിക്കണം.

വിദഗ്ധര്‍ പറയുന്നത്

കടല്‍ മണല്‍ ഖനനം നടത്തുന്നതിന് മുന്‍പ് സമഗ്രമായ പാരിസ്ഥിതിക ആഘാത പഠനം നടത്തണമെന്നും ശക്തമായ നിരീക്ഷണ സംവിധാനം ഒരുക്കിയില്ലെങ്കില്‍ അത് കടലിലെ ആവാസ വ്യവസ്ഥയെ തകിടം മറിക്കുമെന്നും നാഷണല്‍ സെന്റര്‍ ഫോര്‍ ഏര്‍ത്ത് സയന്‍സ് സ്റ്റഡീസ് സീനിയര്‍ കണ്‍സള്‍ട്ടന്റും ഭൗമ ശാസ്ത്രജ്ഞനുമായ ഡോ. കെ കെ രാമചന്ദ്രന്‍ പറയുന്നു. സമുദ്ര ഖനന രംഗത്ത് ശക്തമായ നിയമത്തിന്റെ അഭാവമുണ്ട്. വ്യക്തമായ നയവും നിയന്ത്രണ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയില്ലെങ്കില്‍ കടല്‍ മണല്‍ ഖനനം തീരദേശത്ത് പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

മണല്‍ ഖനനം നടക്കുന്നത് കോണ്ടിനെന്റല്‍ ഷെല്‍ഫിന്റെ സുപ്രധാന മേഖലയിലാണ്. ഖനനം മൂലം കടലിന്റെ അടിത്തട്ട് ഇളകി മറിയുമ്പോള്‍ അത് കടലിലെ ആവാസ വ്യവസ്ഥയെ തകിടം മറിക്കും. കടലിന്റെ അടിത്തട്ടില്‍ അടിഞ്ഞുകൂടിയിട്ടുള്ള വിഷാംശമുള്ള ലോഹഘടകങ്ങള്‍ വെള്ളത്തില്‍ കലര്‍ന്ന് കടലിന്റെ അടിത്തട്ടിലെ ജീവജാലങ്ങളെ നശിപ്പിക്കും. മാത്രമല്ല ഡ്രെഡ്ജിങ് മൂലം ഉണ്ടാവുന്ന ശബ്ദ മലിനീകരണം കടല്‍ ജീവികളെ മറ്റു മേഖലകളിലേക്ക് കുടിയേറാന്‍ നിര്‍ബന്ധിതരാക്കും. സ്വാഭാവിക പ്രജനന മേഖലകളും ഭക്ഷ്യ സ്രോതസ്സുകളും നഷ്ടമാവുന്നതോടെ, മത്സ്യങ്ങള്‍ കേരളം തീരം ഉപേക്ഷിക്കും. ഇത് കേരളത്തിലെ മത്സ്യ തൊഴിലാളികളുടെ ജീവനോപാധി ഇല്ലാതാക്കും. ഇന്റര്‍നാഷണല്‍ സീബെഡ് അതോറിറ്റിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചുള്ള പഠനങ്ങളും പാരിസ്ഥിതിക ആഘാത പഠനവും നടത്തിയ ശേഷം മാത്രമേ കടല്‍ മണല്‍ ഖനനം അനുവദിക്കാന്‍ പാടുള്ളൂ. ഖനനം നടക്കുമ്പോള്‍ ശക്തമായ നിരീക്ഷണ സംവിധാനം ഒരുക്കി ഉപരിതല സമുദ്രാന്തര ആവാസ വ്യവസ്ഥകള്‍ തകര്‍ക്കപ്പെടുന്നില്ല എന്ന് ഉറപ്പു വരുത്തണമെന്ന് ഡോ. രാമചന്ദ്രന്‍ പറഞ്ഞു.

'ആശങ്കകള്‍ അടിസ്ഥാന രഹിതം'

കേരളത്തിലെ മത്സ്യത്തൊഴിലാളി സമൂഹവും ശാസ്ത്രജ്ഞരും ഉയര്‍ത്തുന്ന സംശയങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറഞ്ഞു. കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ പരമ്പരാഗത മത്സ്യബന്ധന മേഖലയായ കൊല്ലം പരപ്പും മണല്‍ ഖനനത്തിനായി കണ്ടെത്തിയ കൊല്ലം ബ്ലോക്കും രണ്ടു വ്യത്യസ്ത മേഖലകളാണ്. കൊല്ലം പരപ്പ് മേഖലയില്‍ കടലിന്റെ ആഴം 275 മീറ്റര്‍ മുതല്‍ 370 മീറ്റര്‍ വരെയാണ്. രണ്ടു മേഖലയിലും കടലിന്റെ ആവാസ വ്യവസ്ഥയും ഭൂപ്രകൃതിയും വ്യത്യസ്തമാണ്. മണല്‍ ഖനനത്തിന് തിരഞ്ഞെടുത്തിട്ടുള്ള കൊല്ലം ബ്ലോക്കില്‍ കടലിന്റെ ആഴം 45 മീറ്റര്‍ മുതല്‍ 63 മീറ്റര്‍ വരെയാണ്. അവിടെ ചിലര്‍ പറയുംപോലെ മണല്‍ പര്‍വതങ്ങള്‍ അല്ല, നിരന്ന പ്രദേശമാണ്.

കൊല്ലം പരപ്പ് കോണ്ടിനെന്റല്‍ ഷെല്‍ഫിന്റെ ആഴക്കടലിലേക്കു തള്ളി നില്‍ക്കുന്ന പ്രദേശമാണ്. ഇവിടം സമുദ്രാന്തര മത്സ്യങ്ങളായ കിളിമീന്‍, വറ്റ, ചെമ്മീന്‍, ആവോലി എന്നിവയുടെ ആവാസ മേഖലയാണ്. കൊല്ലം പരപ്പ് കഴിഞ്ഞാല്‍ കടലിന്റെ ആഴം ഏകദേശം 1000 മീറ്ററിലേക്കു കുത്തനെ കൂടും. കൊല്ലം പരപ്പില്‍ അടിത്തട്ടിലെ ചെളിയില്‍ കാല്‍സ്യം കാര്‍ബനെറ്റിന്റെ അംശം കൂടുതലാണ്, അദ്ദേഹം പറഞ്ഞു.

തീരദേശ പരിപാലന നിയമം അനുസരിച്ചു സംസ്ഥാനത്തിന്റെ തീരത്തു നിന്ന് 12 നോട്ടിക്കല്‍ മൈല്‍ വരെയുള്ള കടലില്‍ ഖനന നിരോധിത മേഖലയാണ്. അതിനാലാണ് പൊന്നാനിയുടെയും ചാവക്കാടിന്റെയും തീരക്കടലില്‍ നിര്‍മാണ മണല്‍ നിക്ഷേപം കണ്ടെത്തിയെങ്കിലും അവിടെ പര്യവേഷണവും ഖനനവും വേണ്ടെന്നു കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. ചിലര്‍ അവകാശപ്പെടുന്നത് പോലെ, കൊല്ലം ബ്ലോക്കിലെ മണലില്‍ കരിമണലിന്റെ സാന്നിധ്യം ഇല്ലെന്നു ജി എസ് ഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു. പഠനങ്ങള്‍ അനുസരിച്ചു കൊല്ലം ബ്ലോക്കിലെ മണലില്‍ ഹാനികരമായ ലോഹങ്ങളുടെ സാന്നിധ്യം ഇല്ല. അതുകൊണ്ടു തന്നെ ജീവന് ഹാനികരമായ ലോഹങ്ങള്‍ കടല്‍ ജീവികളുടെ വിനാശത്തിനു കാരണമാവും എന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ല.

ഏകദേശം 100 മീറ്റര്‍ വരെ ആഴത്തില്‍ വലിയ പാരിസ്ഥിതിക ആഘാതം ഇല്ലാതെ മണല്‍ ഖനനം ചെയ്തു എടുക്കാനുള്ള സാങ്കേതികത ഇന്ന് ലഭ്യമാണ്. വിശദമായ പഠനവും പാരിസ്ഥിതിക ആഘാത നിര്‍ണയവും നടത്തിയ ശേഷമേ ഖനനം തുടങ്ങുകയുള്ളൂ. ലൈസന്‍സ് നേടുന്ന കമ്പനി ഒരു ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തു ജി 2 ലെവല്‍ പര്യവേഷണം നടത്തി സാമ്പിള്‍ ശേഖരിക്കുകയും ആഘാതം പഠിക്കുകയും വേണം. നാഷണല്‍ അക്രെഡിറ്റേഷന്‍ ബോര്‍ഡിന്റെ അംഗീകാരമുള്ള കടല്‍ ഖനന പഠന ഏജന്‍സികള്‍ ഇന്ത്യയില്‍ ഇല്ല. അതിനാല്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓഷ്യനോഗ്രഫി പോലെയുള്ള കേന്ദ്ര ഏജന്‍സികളുടെ സഹായം തേടാം. കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച വ്യക്തമായ ഖനന പദ്ധതി അനുസരിച്ചു മാത്രമേ ഖനനം നടത്താനാവൂ. പരിസ്ഥിതി ആഘാത പഠനത്തില്‍ പറയുന്ന വ്യവസ്ഥകള്‍ പാലിച്ചു വേണം ഖനനം നടത്താന്‍. മാത്രമല്ല ഖനനം പൂര്‍ത്തിയായ ശേഷം കടലിന്റെ അടിത്തട്ടിലെ ആവാസ വ്യവസ്ഥ പഴയപടിയാക്കാനുള്ള പദ്ധതിയും വേണം- അദ്ദേഹം പറഞ്ഞു.

കൊച്ചിയിലെ കപ്പല്‍പ്പാതയുടെ ആഴം കൂട്ടാന്‍ നടത്തുന്ന ഡ്രെഡ്ജിങ് പോലെയോ ആഴക്കടല്‍ മത്സ്യബന്ധന ബോട്ടുകള്‍ നടത്തുന്ന ബോട്ടം ട്രോളിങ്് പോലെയോ കടല്‍ മണല്‍ ഖനനം കടലിന്റെ അടിത്തട്ട് ഇളക്കി മറിക്കില്ല എന്ന് ജിഎസ്‌ഐ അധികൃതര്‍ പറയുന്നു. അതേസമയം കേരളത്തിന്റെ ആശങ്കകള്‍ ദൂരീകരിച്ച ശേഷം മാത്രമേ കടല്‍ മണല്‍ ഖനനം ആരംഭിക്കാന്‍ പാടുള്ളൂ എന്നാണ് സംസ്ഥാനത്തെ സമുദ്ര ശാസ്ത്രജ്ഞരുടെ പക്ഷം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com