തൃശൂര്‍: ഉയര്‍ന്ന ലാഭവിഹിതം വാഗ്ദാനം ചെയ്തും ഇറിഡിയം വില്‍ക്കാനുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചും തൃശൂര്‍, പാലക്കാട് ജില്ലകള്‍ കേന്ദ്രീകരിച്ച് വന്‍ തട്ടിപ്പ് നടന്നതായി ആക്ഷേപം. മാടായിക്കോണം സ്വദേശിയില്‍ നിന്നും പണം തട്ടിയെന്ന പരാതിയില്‍ ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തു. മാപ്രാണം സ്വദേശിയായ അനീഷ്, പെരിഞ്ഞനം സ്വദേശി ഹരി, പ്രസീത എന്നിവര്‍ക്കെതിരെയാണ് കുഴിക്കാട്ടു കോണം സ്വദേശി കൊരമ്പില്‍ വീട്ടില്‍ മനോജിന്റെ പരാതിയില്‍ കേസെടുത്തത്.
2018 ഓഗസ്റ്റ് മുതല്‍ 2019 ജനുവരി വരെ പല തവണകളായാണ് തട്ടിപ്പ് സംഘം പണം കൈപ്പറ്റിയെന്നാണ് പരാതി. കൊല്‍ക്കത്തയിലെ മഠത്തിന്റെ സ്ഥാനപതി എന്ന പേരില്‍ ഭക്തിമാര്‍ഗം മുന്‍നിര്‍ത്തിയിട്ടായിരുന്നു തട്ടിപ്പ്. ബാങ്കുകളില്‍ അനാഥമായി കിടക്കുന്ന പണം പാവങ്ങളിലേക്ക് എത്തിക്കുന്നതിനായി ഒരു ട്രസ്റ്റ് രൂപികരിക്കുന്നതിന് ഉയര്‍ന്ന ലാഭ വിഹിതം നല്‍കാമെന്നുമായിരുന്നു പ്രധാന വാഗ്ദാനം. ഇതിന് പുറമെ ഇറിഡിയം ലോഹം വിദേശത്തേക്ക് കയറ്റി അയച്ചിട്ടുണ്ടെന്നും അതിന്റെ ഫണ്ട് ലഭിക്കുന്ന മുറക്ക് പണം തിരികെ നല്‍കാമെന്നും ഇവര്‍ നിക്ഷേപകരെ വിശ്വസിപ്പിച്ചു. എന്നാല്‍ നാളിത് വരെയായി നിക്ഷേപത്തില്‍ നിന്നും ഒരു ലാഭവും ലഭിക്കാതിരുന്നതോടെയാണ് പരാതിയുമായി ഇവര്‍ പൊലീസിനെ സമീപിച്ചത്.
2019 ല്‍ പണം നിക്ഷപിച്ചുവെന്നാണ് പരാതിയിലുള്ളത്. പരാതിക്കാരനായ മനോജിന്റെ വീട് ഇപ്പോള്‍ ജപ്തിയിലാണ്. തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നഗരസഭ കൗണ്‍സിലര്‍ ടികെ ഷാജു ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. പണം നഷ്ടപ്പെട്ട ആരെങ്കിലും പരാതി നല്‍കിയാല്‍ തുടര്‍നടപടികൾ സ്വീകരിക്കാം എന്നായിരുന്നു പൊലീസ് നല്‍കിയ മറുപടി. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് നിക്ഷേപകര്‍ തന്നെ രംഗത്തെത്തിയതും പണം നഷ്ടപ്പെട്ട മനോജ് പരാതി നല്‍കിയതും.
പണം കൈപറ്റിയ ഇരിങ്ങാലക്കുട കണ്ടേശ്വരം സ്വദേശിനിക്കെതിരെയും ടീം ലീഡറായ യുവതിക്കെതിരെയും ഡ്രൈവര്‍ക്കതിരെയുമാണ് പരാതിക്കാരന്‍ മൊഴി നല്‍കിയത്. മൂന്നുപീടിക സ്വദേശിയാണ് ഈ തട്ടിപ്പിലെ പ്രധാന കണ്ണി. പ്രതികള്‍ നാടു വിടാതിരിക്കുന്നതിനുള്ള നടപടികള്‍ പൊലീസ് നടത്തുന്നുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക