In three months, VACB traps 23 govt employees while taking bribe
കൈക്കൂലി വാങ്ങുന്നതിനിടെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഡിജിഎമ്മിനെ വിജിലന്‍സ് പിടികൂടി.പ്രതീകാത്മക ചിത്രം

മൂന്ന് മാസത്തിനിടെ കൈക്കൂലി കേസില്‍ വിജിലന്‍സ് കൈയോടെ പൊക്കിയത് 23 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ; കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധന

ഏറ്റവും കൂടുതല്‍ ഉദ്യോഗസ്ഥര്‍ പിടിയിലായത് റവന്യൂ വകുപ്പിലാണ്.
Published on

തിരുവനന്തപുരം: കൈക്കൂലി കേസില്‍ ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് 18 വരെ 23 സര്‍ക്കാര്‍ ജീവനക്കാരെ അറസ്റ്റ് ചെയ്തതായി വിജിലന്‍സ്. കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ കൈയ്യോടെ പിടികൂടുന്നതിനുള്ള 'ഓപ്പറേഷന്‍ സ്‌പോട്ട് ട്രാപ്പ്'ന്റെ ഭാഗമായാണ് അറസ്റ്റ്. കൈക്കൂലി വാങ്ങാനായി ഉദ്യോഗസ്ഥര്‍ നാല് ഏജന്റുമാരെയും വിജിലന്‍സ് അറസ്റ്റ് ചെയ്തു.

2024ല്‍ ഇത്തരത്തില്‍ 34 ട്രാപ്പ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ മൂന്ന് മാസത്തിനുള്ളില്‍ ട്രാപ്പ് കേസുകളുടെ എണ്ണം 21 ആയി. ഇങ്ങനെയാണ് കാര്യങ്ങള്‍ എങ്കില്‍ ഇത്തവണ കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടാകുമെന്നാണ് വിജിലന്‍സ് വൃത്തങ്ങള്‍ പറയുന്നത്. ഏറ്റവും കൂടുതല്‍ ഉദ്യോഗസ്ഥര്‍ പിടിയിലായത് റവന്യൂ വകുപ്പിലാണ്. പന്ത്രണ്ട് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരെയാണ് വിജിലന്‍സ് സംഘം കൈയോടെ പിടികൂടിയത്. പിന്നീട് കുടുതല്‍ പേര്‍ പിടിയിലയത് പൊലീസില്‍ നിന്നും മോട്ടോര്‍ വാഹനവകുപ്പില്‍നിന്നുമാണ്.

വാട്ടര്‍ അതോറിറ്റി, ആരോഗ്യം, സര്‍വേ, തദ്ദേശ സ്വയംഭരണം, രജിസ്‌ട്രേഷന്‍ വകുപ്പുകള്‍, പെട്രോളിയം കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ നിന്ന് ഓരോ ഉദ്യോഗസ്ഥനും അറസ്റ്റിലായി. എറണാകുളം ജില്ലയില്‍ നിന്നുള്ള ആറ് ഉദ്യോഗസ്ഥരും, മലപ്പുറം (3) തിരുവനന്തപുരം (2) കോട്ടയം (2) ഇടുക്കി, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളില്‍ ഓരോ പേരും വീതം പിടിയിലായി. കഴിഞ്ഞ വര്‍ഷം 39 പേരാണ് പിടിയിലായത്.

യോഗേഷ് ഗുപ്ത ഡയറക്ടറായി ചുമതലയേറ്റെടുത്ത ശേഷം വിജിലന്‍സിന്റെ പ്രവര്‍ത്തനങ്ങളില്‍ കാര്യമായ മാറ്റങ്ങളുണ്ടായെന്ന് മുതിര്‍ന്ന വിജിലന്‍സ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഉദ്യോഗസ്ഥര്‍ അഴിമതി ആവശ്യപ്പെടുമ്പോള്‍ ജനങ്ങള്‍ സധൈര്യം വിവരങ്ങള്‍ കൈമാറുന്നു. കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥരും വളരെ ജാഗ്രതയോടെയാണ് കാര്യങ്ങള്‍ ചെയ്യുന്നത്. പിടിക്കപ്പെടാതിരിക്കാന്‍ പലരും പുതിയ വഴികള്‍ കണ്ടെത്തുന്നതായും വിജിലന്‍സ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. വിജിലന്‍സിന്റെ ചരിത്രത്തില്‍ മൂന്ന് മാസത്തിനിടെ അറസ്റ്റ് ചെയ്ത അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ എണ്ണത്തിലും ട്രാപ്പ് കേസുകളുടെ എണ്ണത്തിലും ഇത് ഏറ്റവും ഉയര്‍ന്ന കണക്കാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com