
തിരുവനന്തപുരം: ലോകത്തിലെ ജനപ്രിയ പാനീയമാണ് ബിയര്‍. കേരളത്തിലും ബിയര്‍ കുടിക്കുന്നവരുടെ എണ്ണത്തില്‍ കുതിച്ചുചാട്ടമുണ്ടായതായാണ് കണക്കുകള്‍ പറയുന്നത്. അതേസമയം, 'സ്വന്തം കള്ളിനോട്' മലയാളി വിമുഖത കാണിക്കുകയും ചെയ്യുന്നു. കേരളത്തിലെ ബിയര്‍ ഉപയോഗത്തില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഇരട്ടിയിലധികമാണ് വര്‍ധന. നഗരങ്ങളിലാണ് ബിയറിന് ഏറെ ഡിമാന്‍ഡ്.
ഹൗസ്‌ഹോല്‍ഡ് കണ്‍സംപ്ഷന്‍ എക്‌സ്പന്‍ഡീച്ചര്‍ സര്‍വേ 2024 കണക്കുകള്‍ പ്രകാരം 2022-23 വര്‍ഷത്തില്‍ നഗരങ്ങളില്‍ ബിയര്‍ ഉപയോഗം 0.032 ലിറ്റര്‍ ആയിരുന്നെങ്കില്‍ 2023-24 വര്‍ഷത്തില്‍ ഇത് 0.066 ലിറ്ററായി ഉയര്‍ന്നു. ഗ്രാമങ്ങളില്‍ ഇത് 0.029 ലിറ്ററില്‍ നിന്നും 0.059 ആയി. ഗ്രാമ പ്രദേശങ്ങളില്‍ ബിയര്‍ ഉപയോഗിക്കുന്ന കുടുംബങ്ങളുടെ എണ്ണം 2022-23 ല്‍ 92,800 ല്‍ നിന്ന് 2023-24 ല്‍ 1,73,000 ആയി വര്‍ധിച്ചതായി കണക്കുകള്‍ പറയുന്നു. നഗരപ്രദേശങ്ങളില്‍, ഈ കാലയളവില്‍ 1,11,900 ല്‍ നിന്ന് 2,16,100 ആയി വര്‍ധിച്ചു.
രാജ്യത്ത് ഏറ്റവും അധികം ബിയര്‍ കുടിക്കുന്നത് സിക്കിമിലാണ്. പ്രതിശീര്‍ഷ ഉപഭോഗം 0.927 ആണ്. രണ്ടാമത് ഗോവയാണ് (0.717ലിറ്റര്‍). കേരളം 17ാം സ്ഥാനത്താണെങ്കിലും ഏറ്റവും കുറഞ്ഞ ഉപഭോഗം ബിഹാറിലും ഹിമാചലിലുമാണ്.
മറ്റ് ജില്ലകളെ അപേക്ഷിച്ച് കേരളത്തില്‍ ബിയര്‍ ഉപഭോഗം കൂടുതല്‍ മലബാര്‍ ജില്ലകളിലാണെന്ന് ബാര്‍ ഹോട്ടല്‍ ഉടമയായ രാജ്കുമാര്‍ ഉണ്ണി പറഞ്ഞു. സംസ്ഥാനത്ത് വൈന്‍ ഉപയോഗത്തിലും വലിയ വര്‍ധനയുണ്ട്. അതേസമയം കള്ള് കുടിക്കുന്നവരുടെ എണ്ണത്തില്‍ കുറവാണ് രേഖപ്പെടുത്തിയത്. ഉപഭോഗം 2022-23-ല്‍ 0.018 ലിറ്ററില്‍ നിന്ന് 2023-24-ല്‍ 0.01 ലിറ്ററായി കുറഞ്ഞു. കള്ള് കുടിക്കുന്നവരുടെ എണ്ണത്തില്‍ കുറവ് വന്നതില്‍ സാമൂഹിക മാറ്റങ്ങളും ഷാപ്പുകള്‍ ആധുനിക രീതിയിലേക്ക് മാറാത്തതാണെന്നും കള്ള് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എന്‍ വി ചന്ദ്രബാബു പറഞ്ഞു. ബിയര്‍ പാര്‍ലറുകളുമായി മത്സരിക്കുമ്പോള്‍ കളള് ഷാപ്പുകള്‍ പരാജയപ്പെടുന്നു. എങ്കിലും നല്ല ഭക്ഷണം നല്‍കുന്ന ആധുനിക വത്കരിച്ച കള്ളുഷാപ്പുകള്‍ ആളുകളെ ആകര്‍ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക