കേരളത്തില്‍ പരക്കെ വേനല്‍ മഴ, ആലപ്പുഴയില്‍ തെങ്ങ് കടപുഴകി വീണ് സ്ത്രീ മരിച്ചു; ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത

വരും മണിക്കൂറുകളിലും മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്
RAIN ALERT IN KERALA
7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ഫയൽ
Updated on

തിരുവനന്തപുരം: കൊടും ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് പരക്കെ മഴ. കേരളത്തിലെ ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് നിലനില്‍ക്കെയാണ് വൈകുന്നേരത്തോടെ ഭേദപ്പെട്ട മഴ പെയ്തിറങ്ങിയത്. വരും മണിക്കൂറുകളിലും മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴ ലഭിച്ചേയ്ക്കും. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർകോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് പറയുന്നു. കോഴിക്കോട്, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്ററില്‍ താഴെ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മഴയ്ക്ക് പിന്നാലെ കനത്ത നാശ നഷ്ടങ്ങളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആലപ്പുഴ, ഇടുക്കി, തൃശൂര്‍, തിരുവനന്തപുരം ജില്ലകളിലാണ് നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ആലപ്പുഴ പൂച്ചാക്കലില്‍ ശക്തമായ കാറ്റില്‍ തെങ്ങ് കടപുഴകി വീണ് സ്ത്രീ മരിച്ചു. പാണാവള്ളി പഞ്ചായത്ത് മൂന്നാം വാര്‍ഡ് വൃന്ദാ ഭവനില്‍ (പൊരിയങ്ങനാട്ട്) മല്ലിക (53)ആണ് മരിച്ചത്. മല്ലിക വീട്ടുമുറ്റത്ത് നില്‍ക്കുമ്പോഴാണ് കാറ്റില്‍ തെങ്ങ് ദേഹത്തേക്ക് മറിഞ്ഞുവീണത്. എറണാകുളത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഭര്‍ത്താവ് :ഷാജി .മക്കള്‍ : മൃദുല്‍ വിഷ്ണു, വൃന്ദ ഷാജി.മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ഞായറാഴ്ച വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

തിരുവനന്തപുരം പാറശാല അഞ്ചാലിക്കോണത്ത് ശക്തമായ കാറ്റില്‍ പള്ളിയുടെ മേല്‍ക്കൂര തര്‍ന്നു വീണു. വിശുദ്ധ ദേവസഹായം പിള്ള പള്ളിയുടെ മേല്‍ക്കൂരയാണ് തര്‍ന്നു വീണത്. മലയോര പ്രദേശങ്ങളില്‍ ഉച്ചമുതല്‍ ശക്തമായ കാറ്റി വീശിയിരുന്നു. കുടപ്പനംകോട്, അമ്പൂരി മേഖലകളില്‍ ശക്തമായ കാറ്റ് വീശി. ഇടുക്കി പന്നിയാര്‍കുട്ടിയില്‍ മരം വീണ് വീട് ഭാഗികമായി തകര്‍ന്നു. കൊള്ളിമല സെന്റ് മേരീസ് യു.പി സ്‌കൂളിന്റെ ഓടുകള്‍ കാറ്റില്‍ പറന്നു പോയി. അധ്യാപകര്‍ കുട്ടികളെ തൊട്ടടുത്തുള്ള കെട്ടിടത്തിലേക്ക് മാറ്റിയതിനാല്‍ ആളപായമുണ്ടായില്ല.

തൃശ്ശൂര്‍ മാളയില്‍ കനത്ത കാറ്റില്‍ കുന്നത്തുകാട് മരക്കൊമ്പ് ഒടിഞ്ഞുവീണ് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. കൊടകര നന്തിപുലം സ്വദേശി വിഷ്ണു(30)വിനാണ് പരിക്കേറ്റത്. ശനിയാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു അപകടം. റോഡിന് സമീത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്നിരുന്ന പ്ലാവിന്റെ ചില്ലയാണ് ഒടിഞ്ഞ് ബൈക്കിന് മുകളില്‍വീണത്

ശനിയാഴ്ച വൈകീട്ട് പുറപ്പെടുവിച്ച മഴ സാധ്യതാ മുന്നറിയിപ്പ് പ്രകാരം സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് പറയുന്നു. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ശനിയാഴ്ച യെല്ലോ അലര്‍ട്ട് നിലവിലുള്ളത്. മലപ്പുറം, വയനാട് ജില്ലകളില്‍ നാളെയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോ മീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കേരളത്തിന് പുറമെ രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും മഴ മുന്നറിയിപ്പ് നിലവിലുണ്ട്. ദക്ഷിണ അസം, ബീഹാര്‍, ഒഡീഷ, പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇടിമിന്നലും ആലിപ്പഴ വര്‍ഷവും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിട്ടുണ്ട്. ജന ജീവിതത്തെ ബാധിക്കും വിധം ഇടിമിന്നല്‍, കനത്ത മഴ, ശക്തമായ കാറ്റ് എന്നിവ പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ശക്തമായ മഴയെ തുടര്‍ന്ന് ബംഗളൂരു വിമാനത്താവളത്തില്‍ വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു. പത്തോളം വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com