സംഘപരിവാര്‍ പശ്ചാത്തലമില്ലാതെ കേരളത്തിലെ പാര്‍ട്ടി തലപ്പത്തേക്ക്; പുതിയ മുന്നേറ്റം ലക്ഷ്യമിട്ട് ബിജെപി

മാറുന്ന കാലത്തെ വികസനത്തിന്റെ മുഖമായി രാജീവ് ചന്ദ്രശേഖറിനെ ബിജെപി കേന്ദ്രനേതൃത്വം അവതരിപ്പിക്കുന്നത്
Rajeev Chandrasekhar
രാജീവ് ചന്ദ്രശേഖർ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഫെയ്സ്ബുക്ക്
Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയൊരു മുന്നേറ്റം ലക്ഷ്യമിട്ട് പുതിയ മുഖത്തെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിയോഗിച്ച് ബിജെപി കേന്ദ്ര നേതൃത്വം. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് നടത്തിയ മികച്ച പ്രകടനവും, യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുകയെന്ന ദൗത്യവും മുന്‍നിര്‍ത്തിയാണ് മാറുന്ന കാലത്തെ വികസനത്തിന്റെ മുഖമായി രാജീവ് ചന്ദ്രശേഖറിനെ ബിജെപി കേന്ദ്രനേതൃത്വം അവതരിപ്പിക്കുന്നത്.

കേരള എന്‍ഡിഎയുടെ വൈസ് ചെയര്‍മാനായിരുന്ന രാജീവ് ചന്ദ്രശേഖര്‍ സംഘപരിവാര്‍ പശ്ചാത്തലമില്ലാതെ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റാകുന്ന ആദ്യ ബിജെപി നേതാവാണ്. വിഭാഗീയത രൂക്ഷമായ സംസ്ഥാന ബിജെപിയില്‍ രാജീവ് ചന്ദ്രശേഖറിലൂടെ പാര്‍ട്ടി കേന്ദ്രനേതൃത്വം പിടിമുറുക്കുകയാണ്. മോദിയുടെ ഗ്യാരണ്ടിക്ക് രാജ്യത്ത് കിട്ടുന്ന സ്വീകാര്യത കേരളത്തിലും ഉറപ്പിക്കാന്‍ സാധിക്കുന്ന ബദല്‍ മുഖം തേടുകയായിരുന്നു ബിജെപി നേതൃത്വം.

രണ്ടാം നരേന്ദ്രമോദി സര്‍ക്കാരില്‍ ഐടി- ഇലക്ട്രോണിക്‌സ്-നൈപുണ്യ വികസന വകുപ്പുകളുടെ സഹമന്ത്രിയായിരുന്നു. കര്‍ണാടകയില്‍ നിന്നും മൂന്നു തവണ രാജ്യസഭാംഗമായിരുന്നിട്ടുണ്ട്. രണ്ടു പതിറ്റാണ്ടിന്‍റെ രാഷ്ട്രീയ അനുഭവത്തോടെയാണ് രാജീവ് ചന്ദ്രശേഖര്‍ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാകുന്നത്.

എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായിരുന്ന എം കെ ചന്ദ്രശേഖറിന്റെയും ആനന്ദവല്ലി ചന്ദ്രശേഖറിന്റെയും മകനായി 1964 ല്‍ അഹമ്മദാബാദിലാണ് രാജീവിന്റെ ജനനം. മണിപ്പാല്‍ ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനീറിംഗില്‍ ഡിപ്ലോമയും ചിക്കാഗോയിലെ ഇല്ലിനോയിസ് ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റര്‍ ബിരുദവും നേടി. 1988 മുതല്‍ 1991 വരെ അമേരിക്കയിലെ ഇന്റല്‍ കമ്പ്യൂട്ടര്‍ കമ്പനിയില്‍ കമ്പ്യൂട്ടറിന്റെ ചിപ്പ് പ്രൊസസര്‍ നിര്‍മ്മിക്കുന്ന ഐ ടി ഉദ്യോഗസ്ഥനായി ജോലി നോക്കിയിട്ടുണ്ട്.

1991ല്‍ ബിപിഎല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ടിപിജി നമ്പ്യാരുടെ മകളെ വിവാഹം ചെയ്ത ശേഷം ഇന്ത്യയിലേക്ക് തിരിച്ചെത്തി. 1991-ല്‍ ബിപിഎല്‍ കമ്പനിയില്‍ ചേര്‍ന്ന് 1994-ല്‍ ബിപിഎല്ലിന്റെ തന്നെ മൊബൈല്‍ ഫോണ്‍ കമ്പനി രൂപീകരിച്ചു. വയര്‍ലസ് ഫോണ്‍ സ്വപ്നമായിരുന്ന കാലത്ത് ആദ്യം പേജറും പിന്നെ മൊബൈലും ഇറക്കി 1994 ല്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ബിപിഎല്ലിലൂടെ രാജീവ് നിര്‍ണായക കുതിപ്പ് നടത്തി. പാലക്കാട്ടെ കൊണ്ടിയൂരിലുള്ള കുടുംബമാണ് രാജീവ് ചന്ദ്രശേഖറിന്റെ കേരളത്തിലെ തായ് വേര്. ബിസിനസില്‍ തിളങ്ങിയ രാജീവ് ചന്ദ്രശേഖര്‍ 2006 ലാണ് ബിജെപിയില്‍ ചേരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com