'ഒന്ന് വരണം, ഞങ്ങളെ അഡ്രസ് ചെയ്യണം, നേതാക്കള്‍ വീട്ടിലെത്തി അഭ്യര്‍ഥിച്ചു'; സമരപ്പന്തലില്‍ എത്തിയത് ക്ഷണിച്ചിട്ടെന്ന് സുരേഷ് ഗോപി; വിവാദം

സമരത്തിലുള്ള ബിജെപി അനുഭാവികളില്‍ ആരെങ്കിലും നേരിട്ട് കണ്ട് വിളിച്ചിട്ടുണ്ടാകാമെന്നും സമരസമിതി നേതാക്കള്‍ പറഞ്ഞു.
suresh gopi
സുരേഷ് ഗോപിടെലിവിഷന്‍ ചിത്രം
Updated on

തിരുവനന്തപുരം: നേതാക്കള്‍ വീട്ടിലെത്തി ക്ഷണിച്ചിട്ടാണ് എസ് യുസിഐയുടെ നേതൃത്വത്തിലുള്ള ആശ വര്‍ക്കര്‍മാരുടെ സമരപ്പന്തലില്‍ എത്തിയതെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രതികരണത്തെ ചൊല്ലി വിവാദം. സുരേഷ് ഗോപിയെ സമരസമിതി സമരപ്പന്തലിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് ആശ വര്‍ക്കേഴ്‌സ് യൂണിയന്‍ നേതാക്കള്‍ പറഞ്ഞു. എന്നാല്‍ സമരത്തിലുള്ള ബിജെപി അനുഭാവികളില്‍ ആരെങ്കിലും നേരിട്ട് കണ്ട് വിളിച്ചിട്ടുണ്ടാകാമെന്നും സമരസമിതി നേതാക്കള്‍ പറഞ്ഞു.

'ഈ സംഘടനയില്‍ എല്ലാ രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്ന ആളുകള്‍ ഉണ്ട്. അദ്ദേഹത്തെ വിശ്വസിക്കുന്ന ആളുകള്‍ പോയി അദ്ദേഹത്തെ കണ്ട് ക്ഷണിച്ചിട്ടുണ്ടാകും. അതിലെന്താ കുഴപ്പം. എല്ലാ പാര്‍ട്ടിക്കാരും പോയി എല്ലാ നേതാക്കളെയും കണ്ടിട്ടുണ്ട്. അതില്‍ പലരും വന്നു. ഇടതുപക്ഷക്കാര്‍ വന്നില്ല. സുരേഷ് ഗോപി സമരപ്പന്തലില്‍ വന്ന് പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണ്. സംസ്ഥാന സര്‍ക്കാരിന് എടുത്തുചാടി ഒന്നും ചെയ്യാന്‍ കഴിയില്ലെന്നുള്ളത് അദ്ദേഹം ആലോചിച്ച് പറയണമായിരുന്നു' - സമരസമിതി ജനറല്‍ സെക്രട്ടറി എംഎ ബിന്ദു പറഞ്ഞു.

വീട്ടില്‍ വന്ന് ക്ഷണിച്ചതിനെത്തുടര്‍ന്നാണ് ആശ സമരപ്പന്തലിലെത്തിയതെന്നായിരുന്നു കഴിഞ്ഞ ദിവസം സുരേഷ് ഗോപി പറഞ്ഞത്. 'ഒന്ന് വരണം, ഞങ്ങളെ വന്ന് അഡ്രസ് ചെയ്യണം എന്ന് സമരനേതാക്കള്‍ വീട്ടിലെത്തി അഭ്യര്‍ഥിക്കുകയായിരുന്നു. അന്ന് ഞാന്‍ മറ്റൊരിടത്തേക്ക് യാത്ര തിരിക്കുകയായിരുന്നു. തിരിച്ചെത്തുന്ന ദിവസം വരാമെന്ന് അറിയിച്ചു. അതിന്റെ പിറ്റേന്ന് എനിക്ക് അവിടെ പോകേണ്ടിവന്നു. അങ്ങനെ ഒരവസ്ഥയുണ്ടായി' എന്നായിരുന്നു സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞത്.

അതേസമയം, ഓണറേറിയം വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ആശാ പ്രവര്‍ത്തകര്‍ നടത്തുന്ന നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു. സെക്രട്ടറിയേറ്റിനു മുന്നില്‍ കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ആശമാര്‍ സമരം ആരംഭിച്ചിട്ട് ഇന്ന് 42 ദിവസം തികയുകയാണ്. നിരാഹാര സമരം തുടരുന്ന ആശാ പ്രവര്‍ത്തകരോട് അനുഭാവം പ്രകടിപ്പിച്ച് സമരവേദിയില്‍ ഇന്ന് കൂട്ട ഉപവാസം നടക്കും. ആശാ പ്രവര്‍ത്തകര്‍ക്കൊപ്പം പൊതുപ്രവര്‍ത്തകരും ഉപവാസ സമരത്തില്‍ പങ്കെടുക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com