രാജീവ് ചന്ദ്രശേഖര്‍ വരുമ്പോള്‍ പേടിക്കേണ്ടത് ആര്? കോട്ടം കോണ്‍ഗ്രസിനോ സിപിഎമ്മിനോ, ചര്‍ച്ച

രാജീവെന്ന രാഷ്ട്രീയക്കാരനല്ലാത്ത ബിസിനസുകാരന്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനം നല്‍കുമ്പോള്‍ അതില്‍ ബുദ്ധിപരമായ നീക്കമുണ്ടെന്നും ഇല്ലെന്നും അഭിപ്രായമുയരുന്നു
 Rajeev Chandrasekhar
രാജീവ് ചന്ദ്രശേഖര്‍ഫയല്‍
Updated on

കൊച്ചി: പ്രത്യയശാസ്ത്രത്തിനപ്പുറത്തേയ്ക്ക് ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയുന്ന ആളെന്ന നിലയിലാണ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറെ ബിജെപി നിയോഗിച്ചത്. മികച്ച വിദ്യാഭ്യാസം, വിജയിച്ച ബിസിനസുകാരന്‍, രാഷ്ട്രീയത്തിനപ്പുറത്തേയ്ക്ക് ആശയവിനിമയം നടത്താനുള്ള കഴിവ് എന്നിവയൊക്കെയാണ് ബിജെപി രാജീവില്‍ കാണുന്നത്. എന്നാല്‍ പാര്‍ട്ടി അധ്യക്ഷനെന്ന സംഘടനാ പദവിയില്‍ രാജീവ് വരുമ്പോള്‍ ബിജെപിക്ക് ഗുണം ചെയ്യുമോ എന്നതിനേക്കാള്‍ കോണ്‍ഗ്രസിനാണോ സിപിഎമ്മിനാണോ പരിക്ക് പറ്റാന്‍ സാധ്യതയുള്ളതെന്ന ചൂടന്‍ ചര്‍ച്ചയിലാണ് രാഷ്ട്രീയ നിരീക്ഷകര്‍.

രാജീവെന്ന രാഷ്ട്രീയക്കാരനല്ലാത്ത ബിസിനസുകാരന് പാര്‍ട്ടി അധ്യക്ഷ സ്ഥാനം നല്‍കുമ്പോള്‍ അതില്‍ ബുദ്ധിപരമായ നീക്കമുണ്ടെന്നും ഇല്ലെന്നും അഭിപ്രായമുയരുന്നു. കേരളത്തിലെ ഗ്രൂപ്പുകളുടെ നോമിനികളെ തഴഞ്ഞ് കേന്ദ്രം നേരിട്ട് ഇടപെടലാണ് നടന്നിരിക്കുന്നത്. ബൂത്ത് തലം മുതല്‍ ജില്ല വരെ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ പുനഃസംഘട പൂര്‍ത്തിയാക്കിയ ശേഷമുള്ള കേന്ദ്രത്തിന്റെ ഈ തീരുമാനം വിജയിക്കുമോ എന്ന ചര്‍ച്ചയും പാര്‍ട്ടിക്കുള്ളില്‍ എരിഞ്ഞു പുകയുന്നുണ്ട്. ഗ്രൂപ്പുകളെല്ലാം കൂടി പിന്തുണ നല്‍കിയില്ലെങ്കില്‍ രാജീവ് ചന്ദ്ര ശേഖറിന് സുരേന്ദ്രന്റെ തന്നെ അവസ്ഥയാകും എന്ന് കരുതുന്നവരും ഉണ്ട്. എന്നാല്‍ പുതിയ മാറ്റം ബിജെപിക്ക് ഗുണം ചെയ്യുമെന്നും കോണ്‍ഗ്രസിന് വലിയ തിരിച്ചടി സൃഷ്ടിക്കുമെന്നുമാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

പാലക്കാട് നിന്ന് വടക്കോട്ട് കോണ്‍ഗ്രസ് ഇല്ലെന്ന് തന്നെയാണ് നിലവിലെ അവസ്ഥയെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. എ ജയശങ്കര്‍ പറയുന്നു. ട്രാവന്‍കൂര്‍ ഭാഗത്ത് കോണ്‍ഗ്രസിന്റെ വോട്ട് നല്ല രീതിയില്‍ കുറയും. ഒരുപരിധി വരെ കോണ്‍ഗ്രസിന്റെ വോട്ടാണ് ബിജെപി പിടിക്കാറുള്ളത്. അതു കഴിഞ്ഞാല്‍ മാത്രമാണ് എല്‍ഡിഎഫിന്റെ വോട്ട് പിടിക്കുക. ആ പരിധിയിലേയ്ക്ക് ഇതുവരെ ബിജെപി എത്തിയിട്ടില്ല. ഇനിയിപ്പോ രാജീവ് ചന്ദ്രശേഖര്‍ ആ നിലയിലേയ്ക്ക് എത്താനുള്ള സാധ്യത കുറവാണെന്നും അദ്ദേഹം പറയുന്നു. രാജീവിനെ തെരഞ്ഞെടുത്ത രീതിയും മുന്നോട്ടുള്ള പോക്കും കോണ്‍ഗ്രസിന്റെ വോട്ടു ബാങ്കിനെ തന്നെയാണ് തകര്‍ക്കുകയെന്ന് അദ്ദേഹം പറഞ്ഞുവെക്കുന്നു.

''സാധാരണ ഗതിയില്‍ സംസ്ഥാന കമ്മിറ്റി കൂടി ഭൂരിപക്ഷ അഭിപ്രായപ്രകാരമാണ് തെരഞ്ഞെടുപ്പ്. പക്ഷേ, ഇപ്പോള്‍ ഒരാളെ ആദ്യം തന്നെ കണ്ടുവെച്ച് പേരിന് ഒരു നോമിനേഷന്‍ കൊടുത്ത് തെരഞ്ഞെടുപ്പ് നടത്തുകയാണ്. സിപിഎമ്മിലും കോണ്‍ഗ്രസിലുമുള്ള അതുപോലെ തന്നെ ഇപ്പോള്‍ ബിജെപിയിലുമായി. തെരഞ്ഞെടുപ്പിന്റെ തന്നെ ഒരു ഹാസ്യാവതരണമാണ് നടക്കുന്നത്. ബിജെപി രൂപീകരിച്ച കാലം മുതലുള്ള ചരിത്രം പരിശോധിച്ചാല്‍ ഇവിടെത്തന്നെയുള്ള ഏതെങ്കിലും ഒരു നേതാവിനെയാണ് തെരഞ്ഞെടുക്കാറുള്ളത്. സി കെ പത്മനാഭന്‍, മുരളീധരന്‍, ശ്രീധരന്‍ പിള്ള, ഇടയ്ക്ക് കുമ്മനം രാജശേഖന്‍ മാത്രമാണ് ആര്‍എസ്എസിന്റെ നേരിട്ടുള്ള നോമിനിയായിട്ട് വന്നത്. അതൊഴിച്ചാല്‍ ബാക്കിയെല്ലാവരും തന്നെ ബിജെപിയില്‍ നിന്നുള്ളവരാണ്. തിരുവനന്തപുരത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിലേയ്ക്ക് രാജീവ് ചന്ദ്രശേഖരന്‍ മത്സരിച്ചപ്പോള്‍ മൊത്തത്തില്‍ ഒരു ഓളം ഉണ്ടാക്കിയെന്നത് സത്യമാണ്. വളരെ പ്രൊഫഷണല്‍ ആയിട്ടുള്ള പ്രചരണ സംവിധാനം കൊണ്ടുവന്നു. നഗര പ്രദേശത്ത് അത് ഫലം കണ്ടെങ്കിലും വളരെ ഗ്രാമപ്രദേശങ്ങളില്‍ ആ സ്ട്രാറ്റജിയൊന്നും ഏറ്റില്ലെന്ന് പറയാന്‍ കഴിയും. അതുകൊണ്ടാണ് തോറ്റത്. അവിടെ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞെങ്കില്‍ ജയിച്ചു പോയേനെ. രാജീവ് ചന്ദ്രശേഖരന്‍ ഇപ്പോഴും ഒരു ഫുള്‍ടൈം രാഷ്ട്രീയക്കാരനായെന്ന് പറയാന്‍ കഴിയില്ല. സുരേഷ് ഗോപിയെ സംബന്ധിച്ച് പറയുന്നത് പോലെയാണ്. പുള്ളി ഇതുവരെ രാഷ്ട്രീയക്കാരനായിട്ടില്ല. ഇപ്പോഴും സിനിമാക്കാരന്‍ തന്നെയാണ്. രാഷ്ട്രീയക്കാരനാകാന്‍ ശ്രമിച്ചാലും നടക്കില്ലെന്നുള്ളതാണ് വാസ്തവം.

രാജീവ് ചന്ദ്രശേഖര്‍ കുറേക്കൂടി ബുദ്ധിമാനാണ്, സിസ്റ്റമാറ്റിക്കാണ്. അങ്ങനെയൊരു നേതാവ് ഇപ്പോള്‍ കേരളത്തിലില്ല. രാജീവിനെപ്പോലെ ഒരാളെ പറയാന്‍ കഴിയുക തരൂര്‍ ആണ്. എന്നാല്‍ തരൂര്‍ ഇപ്പോഴും രാഷ്ട്രീയക്കാരനായിട്ടില്ലെന്ന് വേണം പറയാന്‍. തരൂര്‍ ഇപ്പോഴും ഒരു ബുദ്ധിജീവിയാണെന്നേ ഞാന്‍ പറയൂ. അടിസ്ഥാനപരമായി ഇന്റലക്ചലാണ്. തരൂരിന് മാത്രമേ കേരളത്തെ രക്ഷിക്കാന്‍ കഴിയൂ എന്ന് വിചാരിക്കുന്ന കുറെയാളുകളുണ്ട്. അത്തരം ഒരു ഇമേജാണ് രാജീവിനും. അത്ര ഗുരുതരമല്ലെന്നേയുള്ളൂ കാര്യങ്ങള്‍. പ്രൊഫഷണല്‍ എന്ന രീതിയില്‍ രാജീവിന് ചില കാര്യങ്ങളൊക്കെ ചെയ്യാന്‍ കഴിഞ്ഞേക്കും. അടുത്ത തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇതിന്റെ ഗുണം കിട്ടുമോ എന്ന് കൃത്യമായി അറിയാന്‍ കഴിയും.

ബിജെപി രാജീവിനെ ഇറക്കിയത് വളരെ കൃത്യമായ പ്ലാനിങ്ങോടുകൂടിയാണ്. കോണ്‍ഗ്രസിനെക്കാളും വലിയ ഗ്രൂപ്പാണ് ബിജെപിയിലുള്ളത്. വളരെ ജനപ്രിയനായ സുരേന്ദ്രനെ കൊണ്ടുവന്നിട്ടുപോലും ഗ്രൂപ്പിസം പിടിച്ചു നിര്‍ത്താനായില്ല. എല്ലാ ഗ്രൂപ്പുകളും സുരേന്ദ്രനോട് പൂര്‍ണമായും നിസഹകരിച്ചു. സുരേന്ദ്രന്‍ പോലും പരാജയപ്പെട്ട സ്ഥലത്ത് പുതിയ ഒരാളെ പരീക്ഷിക്കുകയാണ് ബിജെപി ഇപ്പോള്‍ ചെയ്തിരിക്കുന്നത്. വോട്ട് ശതമാനം നിലവില്‍ 15 ശതമാനമാണെങ്കില്‍ 20 മുതല്‍ 25 വരെയായി അത് വര്‍ധിക്കും. യുഡിഎഫിന്റെ പരമ്പരാഗത വോട്ട്, പ്രത്യേകിച്ച് നായര്‍ സമുദായം ഏതാണ്ട് പൂര്‍ണമായും ബിജെപിയിലേയ്ക്ക് പോയി. ഈഴവ സമുദായത്തില്‍ നിന്നും വോട്ട് ചോര്‍ച്ചയുണ്ടായി. വിശ്വകര്‍മ, ധീവര, പുലയ വിഭാഗങ്ങളില്‍ പലരും ബിജെപിയിലേയ്ക്ക് എത്തി. ഇങ്ങനെയൊരു സാഹചര്യത്തില്‍ പാന്‍ ഹിന്ദു എന്ന മൂവ്‌മെന്റാണുണ്ടായത്. ഇത് കോണ്‍ഗ്രസിന് തന്നെ വലിയ തിരിച്ചടിയാവുകയാണ്. ചെയ്തത്. ഭരണ വിരുദ്ധ വികാരം ഉണ്ടെങ്കില്‍ പോലും വലിയൊരു വിഭാഗം ബിജെപിയിലേയ്ക്ക് പോകുകയും കോണ്‍ഗ്രസ് തോല്‍ക്കുകയും മൂന്നാം പിണറായി സര്‍ക്കാര്‍ ഉണ്ടാവുകയും ചെയ്യുമെന്നതാണ് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ സംഭവിക്കാന്‍ പോകുന്ന കാര്യം. അച്യുതാനന്ദന്‍ സര്‍ക്കാര്‍ മുതലിങ്ങോട്ട് കണക്കെടുത്താല്‍ ഹിന്ദു വികാരം എല്‍ഡിഎഫിന് അനുകൂലമായി. 2016ല്‍ ബിഡിജെഎസ് ഈഴവ വോട്ടില്‍ വലിയ സ്പ്ലിറ്റുണ്ടായി. ഈഴവ വോട്ടുകള്‍ ബിഡിജെഎസ് വഴി ബിജെപിയിലേയ്ക്ക് പോയി. ഇതിന്റെ ഫലം കിട്ടിയതും എല്‍ഡിഎഫിനാണെന്നു മാത്രം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസ് കൂടെ ഉണ്ടെങ്കിലും ബിജെപി ഒറ്റയ്ക്കാണ് നേട്ടമുണ്ടാക്കിയത്. ഈഴവ വോട്ടുകള്‍ ബിജെപിയിലേയ്ക്ക് പോയത് കോണ്‍ഗ്രസിന് തിരിച്ചടിയാവുകയും ചെയ്തു, ഇത്തരത്തില്‍ കോണ്‍ഗ്രസിന് ക്യാഷ്വാലിറ്റിയിലേയ്ക്ക് പോകുന്ന കാഴ്ചയാണ് ഇനിയുണ്ടാകാന്‍ പോകുന്നതെന്നും ജയശങ്കര്‍ പറയുന്നു.

എന്നാല്‍ രാജീവ് ചന്ദ്രശേഖറിനെ ഈ സ്ഥാനത്തേയ്ക്ക് കൊണ്ടുവരുന്നതില്‍ യഥാര്‍ഥത്തില്‍ ക്ഷീണം സിപിഎമ്മിനാണെന്നാണ് രാഷ്ട്രീയ നിരീക്ഷകനും മാധ്യമപ്രവര്‍ത്തകനുമായ എന്‍ പി ചെക്കുട്ടിയുടെ അഭിപ്രായം. ''ബിസിനസ്മാന്‍ ആയിട്ടുള്ള ഒരാള്‍ ഈ സ്ഥാനത്തേയ്ക്ക് വരുന്നതാണ് പ്രശ്‌നമെങ്കില്‍ ട്രംപിന്റെ കാര്യം എടുത്താല്‍ മാത്രം മതി. ട്രംപിന് ഇവിടെ മോശം ഇമേജാകാം. എന്നാല്‍ അമേരിക്കയില്‍ ട്രംപ് വിജയിച്ചു. അതുപോലെ തന്നെയാണ് രാജീവ് ചന്ദ്രശേഖരിന്റെ കാര്യവും. അദ്ദേഹത്തിന്റെ തിരുവനന്തപുരത്തെ പ്രവര്‍ത്തനം മികച്ചതാണ്. ആളുകള്‍ക്ക് എന്താണ് ആവശ്യമെന്നറിയാം. ബിജെപിയുടെ മുഖം മാറുന്നുവെന്നത് യഥാര്‍ഥത്തില്‍ കോണ്‍ഗ്രസിനല്ല സിപിഎമ്മിന് തന്നെയാണ് മങ്ങലേല്‍പ്പിക്കുന്നത്. അതായത് സമീപ കാലങ്ങളായി ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മനസിലാവുന്നത് സിപിഎം ഇസ്ലാമോഫോബിയയിലാണ് നില്‍ക്കുന്നത്. അതുപോലെ തന്നെ, ഹിന്ദുത്വ വോട്ടുകള്‍ കേന്ദ്രീകരിച്ചാണ് സിപിഎമ്മിന്റെ സമീപ കാലത്തെ നയങ്ങള്‍ പലതും, ചെക്കുട്ടി പറയുന്നു.

ചുരുക്കത്തില്‍ രാജീവിന് മുന്നില്‍ വലിയ വെല്ലുവിളി തന്നെയാണ് ഉണ്ടാകാന്‍ പോകുന്നത്. ബിജെപിക്കായി വലിയ മുന്നേറ്റം ഉണ്ടാക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തം ആണ് ചുമലിലുള്ളത്. പ്രതീക്ഷക്കൊത്ത് ഉയരണം എന്നതിനപ്പുറത്തേക്ക് സംഘടനാ സംവിധാനത്തിലെ പാളിച്ചകള്‍ പരിഹരിച്ച് ഗ്രൂപ്പുകളെ ഏകോപിച്ച് കൊണ്ടുപോകാന്‍ കഴിഞ്ഞാല്‍ വലിയ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ബിജെപി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com