
കണ്ണൂര്‍: മുഴപ്പിലങ്ങാട് സൂരജ് വധക്കേസില്‍ പ്രതികളുടെ ശിക്ഷ ഇന്ന് വിധിക്കും. തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷാവിധി പ്രസ്താവിക്കുക. കേസില്‍ ഒമ്പത് സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കേസിലെ പത്താം പ്രതിയെ കോടതി വെറുതെ വിട്ടിരുന്നു.
സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന വിരോധത്തില്‍ 2005 ഓഗസ്റ്റ് എഴിന് രാവിലെ സൂരജിനെ കൊലപ്പെടുത്തി എന്നതാണ് കേസ്. രാഷ്ട്രീയ വിരോധത്തോടെ പ്രതികള്‍ ബോംബെറിഞ്ഞ ശേഷം മഴുവും കൊടുവാളും അടക്കം ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി എം മനോജിന്റെ സഹോദരന്‍ മനോരാജ് നാരായണന്‍ , ടി പി കേസ് പ്രതി ടി കെ രജീഷ് എന്നിവരടക്കമുള്ള പ്രതികള്‍ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്.
കേസിലെ പ്രതികളായിരുന്ന പി കെ ഷംസുദ്ദീനും ടി പി രവീന്ദ്രനും മരിച്ചു പോയിരുന്നു. കൊലപ്പെടുത്തുന്നതിന് ആറ് മാസം മുന്‍പും സൂരജിനെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. അന്ന് കാലിന് വെട്ടേറ്റ സൂരജ് ആറ് മാസത്തോളം കിടപ്പിലായിരുന്നു. പിന്നീട് ഇദ്ദേഹം ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് വീണ്ടും ആക്രമിക്കുന്നത്. കൊല്ലപ്പെടുമ്പോള്‍ 32 വയസ്സായിരുന്നു സൂരജിന്റെ പ്രായം.
അതേസമയം സൂരജ് വധക്കേസിൽ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയവർ നിരപരാധികളാണെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ പറഞ്ഞു. പ്രതികൾ അപരാധം ചെയ്തുവെന്നതിൽ വസ്തുതയില്ല. പാർട്ടി ശിക്ഷിക്കപ്പെട്ടവരോടൊപ്പം നിൽക്കും. നിരപരാധികളെ രക്ഷിക്കാൻ പാർട്ടി നടപടി സ്വീകരിക്കും. കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്നും എം വി ജയരാജൻ വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക