
തിരുവനന്തപുരം: ചാക്കയില്‍ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഐബി ഉദ്യോഗസ്ഥ മേഘ മധുവിന്റെ (24) മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം. മരണത്തില്‍ അസ്വാഭാവികത ഉണ്ടോയെന്ന് അന്വേഷിച്ച് കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മേഘയുടെ പിതാവ് മധുസൂദനന്‍ ഐബിക്കും പൊലീസിനും പരാതി നല്‍കി. സഹ പ്രവര്‍ത്തകന്‍ പ്രണയ ബന്ധത്തില്‍ നിന്ന് പിന്മാറിയതാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
മുറിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ മകള്‍ എങ്ങനെയാണ് റെയില്‍വേ ട്രാക്കിലെത്തിയത്. മകള്‍ സ്ഥിരം പോകുന്ന വഴിയില്‍ റെയില്‍വേ ട്രാക്ക് ഇല്ല. മരിക്കുന്നതിന് തൊട്ടുമുമ്പ് വന്ന ഫോണ്‍കോള്‍ ആരുടേതായിരുന്നു എന്ന് പരിശോധിക്കണം. പിതാവ് പരാതിയില്‍ ആവശ്യപ്പെട്ടു. യുവതിയുടെ കയ്യിലുണ്ടായിരുന്ന മൊബൈല്‍ഫോണ്‍ തകര്‍ന്ന നിലയിലായിരുന്നു. മൊബൈല്‍ കണ്ടെടുത്ത് കോള്‍ ലിസ്റ്റ് അടക്കം പരിശോധിച്ച് ദുരൂഹത നീക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെടുന്നു.
'എഴ് മണിയാകുമ്പോള്‍ ഷിഫ്റ്റ് കഴിയും. ഞാന്‍ റൂമിലേക്ക് പോകുവാണ്. രാവിലെ കഴിക്കാന്‍ വേണ്ടി എന്തെങ്കിലും വാങ്ങി പോകും എന്നാണ് പറഞ്ഞത്. പിന്നീട് പത്ത് മണിയായപ്പോഴാണ് ട്രെയിന്‍ അപകടം സംഭവിച്ചുവെന്ന് വിവരം കിട്ടുന്നത്. റൂമില്‍ പോകുന്ന വഴിക്ക് റെയില്‍വേ ട്രാക്ക് ഇല്ല. അകലെയുള്ള റെയില്‍വേ ട്രാക്കില്‍ കൂടി പോകണമെങ്കില്‍ ആ സമയത്ത് ആരെങ്കിലും വിളിച്ചിട്ടുണ്ടാകണം. സ്ഥിരം പോകുന്ന റൂട്ടില്‍ റെയില്‍വേ ട്രാക്ക് ഇല്ല. അതുകൊണ്ടാണ് സംശയം ഉയരുന്നത്.'
'റൂമില്‍ പോകുന്നുവെന്ന് പറഞ്ഞ ശേഷമാണ് അവള്‍ റൂട്ട് മാറ്റിയത്. ഫോണില്‍ സംസാരിച്ചുകൊണ്ടാണ് ട്രാക്കിലൂടെ പോയതെന്ന് ചാനലില്‍ പറഞ്ഞു കേട്ടു. മൊബൈല്‍ ഫോണ്‍ പരിശോധിച്ച് എന്തെങ്കിലും അസ്വാഭാവികമായി നടന്നിട്ടുണ്ടോ എന്ന് കണ്ടെത്തണം.' മേഘയുടെ പിതാവ് ആവശ്യപ്പെട്ടു. ജോധ്പുരില്‍ ട്രെയിനിങ്ങിന് പോയപ്പോള്‍ അവിടെവെച്ച് ഒരാളുമായി സൗഹൃദം ഉണ്ടായിരുന്നുവെന്ന് മകള്‍ പറഞ്ഞിട്ടുണ്ടെന്നും മധുസൂദനന്‍ പറഞ്ഞു.
പഞ്ചാബില്‍ വെച്ച് നടന്ന പരിശീലനത്തിനിടെയാണ് മലപ്പുറം സ്വദേശിയായ യുവാവുമായി മേഘ അടുത്തത്. ബന്ധുക്കള്‍ ആദ്യം എതിര്‍ത്തെങ്കിലും പിന്നീട് മേഘയുടെ ഇഷ്ടത്തിന് വഴങ്ങി. വിവാഹത്തിലേക്ക് എത്തിനില്‍ക്കെ ഇയാള്‍ ബന്ധത്തില്‍ നിന്നും പിന്മാറുകയായിരുന്നു എന്നാണ് വിവരം. പത്തനംതിട്ട അതിരുങ്കല്ലിലെ റിട്ടയേര്‍ഡ് അധ്യാപകനായ മധുസൂദനന്റെയും കലക്ടറേറ്റ് ജീവനക്കാരി നിഷയുടേയും ഏകമകളാണ് മരിച്ച മേഘ. ചെറുപ്രായത്തില്‍ തന്നെയാണ് മേഘയ്ക്ക് ജോലി ലഭിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക