

തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റായ രാജീവ് ചന്ദ്രശേഖര്‍ ചുമതലയേറ്റതിന് പിന്നാലെ സംസ്ഥാനത്തെ പാര്‍ട്ടിയില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത. രാജീവ് ചന്ദ്രശേഖര്‍ സംസ്ഥാന അധ്യക്ഷന്റെ ചുമതലകളിലേക്ക് പൂര്‍ണമായി കടക്കുന്നതോടെ അടുത്ത ആഴ്ച പുനഃസംഘടനയുള്‍പ്പെടെയുള്ള വിഷയം ചര്‍ച്ച ചെയ്യാന്‍ കോര്‍കമ്മിറ്റി ചേരുമെന്നാണ് മുതിര്‍ന്ന നേതാക്കള്‍ നല്‍കുന്ന സൂചന.
രാജീവ് ചന്ദ്രശേഖറിന് അദ്ദേഹത്തിന്റേതായ ഒരു സംഘത്തെ കണ്ടെത്തേണ്ടതുണ്ട്. അതിനാല്‍ പുതിയ ഭാരവാഹികള്‍ ഉണ്ടാകും. സംഘടനാകാര്യങ്ങള്‍ക്കായി ഒരു ഓര്‍ഗനൈസിങ് സെക്രട്ടറിയെയും നിയോഗിച്ചേക്കും. എന്നാല്‍ പാര്‍ട്ടി പ്രസിഡന്റ് എന്ന നിലയില്‍ എല്ലാ വിഭാഗങ്ങളെയും വിശ്വാസത്തിലെടുക്കേണ്ടിവരുമെന്ന് മുതിര്‍ന്ന നേതാവ് പറഞ്ഞു.
'ഒരു ഇടവേളയ്ക്ക് ശേഷം ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനം നായര്‍ സമുദായത്തിന് ലഭിച്ചു. ഈ നടപടി ഒബിസി വിഭാഗങ്ങളില്‍ നിന്നും പാര്‍ട്ടി അകലുന്നു എന്നതിന് അര്‍ത്ഥമില്ല. ഒബിസി നേതാക്കള്‍ പാര്‍ട്ടിയുടെ ഉന്നത സ്ഥാനങ്ങളില്‍ എത്തിയിട്ടും ഈ വിഭാഗങ്ങളില്‍ ബിജെപിക്ക് കാര്യമായ മുന്നേറ്റം കൈവരിക്കാന്‍ പാടുപെടുകയാണുണ്ടായത്. സമൂഹത്തില്‍ നിലനില്‍ക്കുന്ന ജാതി ശ്രേണി വ്യവസ്ഥ പ്രധാന വിഷയമാണ്. എല്ലാ ജാതികളുടെയും സമുദായങ്ങളും അംഗീകാരം നേടണമെങ്കില്‍ ഉയര്‍ന്ന ജാതി പശ്ചാത്തലം ഒരു അനിവാര്യമാണ്,' മുതിര്‍ന്ന ബിജെപി നേതാവ് പറയുന്നു.
ബിജെപി സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റ ശേഷം ശ്രീനാരായണ ഗുരുവിന്റെ വാക്കുകള്‍ ഉദ്ധരിച്ച് രാജീവ് ചന്ദ്രശേഖര്‍ നടത്തിയ പ്രസംഗം എസ്എന്‍ഡിപിയെയും ഈഴവ സമുദായത്തെയും ഒപ്പം നിര്‍ത്തും എന്നതിന്റെ സൂചനയാണ്. രാജീവ് ചന്ദ്രശേഖറിന്റെ സ്ഥാനാരോഹണത്തോട് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും അനുകൂലമായാണ് പ്രതികരിച്ചത്. ബിഡിജെഎസ് രൂപീകരണത്തില്‍ പ്രധാന പങ്കുവഹിച്ച വ്യക്തിത്വങ്ങളില്‍ ഒരാള്‍ കൂടിയാണ് രാജീവ് ചന്ദ്രശേഖര്‍. ഇതിന് പുറമെ എന്‍എസ്എസുമായി നല്ല ബന്ധം സ്ഥാപിക്കാനും പുതിയ പ്രസിഡന്റിന് ബുദ്ധിമുട്ടുണ്ടാകില്ലെന്ന് ബിജെപി നേതാക്കള്‍ കണക്കുകൂട്ടുന്നു.
അതേസമയം, കേരളത്തില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് തന്നെയാണ് രാജീവ് ചന്ദ്രശേഖര്‍ നേരിടുന്ന പ്രധാന വെല്ലുവിളി. കേരളത്തില്‍ വളര്‍ന്നുവരുന്ന മധ്യവര്‍ഗവും, യുവാക്കളിലുമാണ് ബിജെപി പ്രതീക്ഷ പുലര്‍ത്തുന്നത്. 'ഈ വിഭാഗങ്ങളില്‍ നിന്നുള്ള വോട്ടുകള്‍ ഉറപ്പിക്കുക എന്നതിന് പുതിയ തന്ത്രങ്ങള്‍ ആവശ്യമാണ്,' ബിജെപി ദേശീയ നേതാവ് പറഞ്ഞു. ഇത്തരത്തിലുള്ള മധ്യ വര്‍ഗങ്ങള്‍ ആഗ്രഹിക്കുന്ന നേതാവിനായുള്ള എല്ലാ ഗുണങ്ങളുമുള്ള വ്യക്തിയാണ് രാജീവ് ചന്ദ്രശേഖര്‍ എന്നും നേതാക്കള്‍ പറയുന്നു.
കേരളത്തിലെ മധ്യ വര്‍ഗത്തിന് സിപിഎമ്മിനോട് താത്പര്യം കുറവാണ്. എന്നാല്‍ ഇവരില്‍ സ്വാധീനം ഉറപ്പിക്കാനുള്ള ശ്രമങ്ങള്‍ ഇടതുപക്ഷത്ത് സജീവമാണ്. തൃശൂര്‍ ഒഴികെയുള്ള മേഖലകളില്‍ ബിജെപിക്കുള്ള ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ പിന്തുണയും പരിമിതമാണ്. മുസ്ലീം വിഭാഗത്തില്‍ സ്വാധീനം ഇല്ലെന്ന് തന്നെ പറയാം. ഈ സാഹചര്യങ്ങളെയെല്ലാം മറികടക്കാന്‍ രാജീന് ചന്ദ്രശേഖര്‍ എന്ന മുഖത്തിന് കഴിയും. രാജീവ് ചന്ദ്രശേഖര്‍ ബിജെപി പ്രത്യയശാസ്ത്രമുള്ള ആളല്ല എന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പരാമര്‍ശം പോലും ഗുണം ചെയ്യുമെന്ന് പ്രതീക്ഷയിലാണ് ബിജെപി നേതാക്കള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates