
ആലപ്പുഴ: ആവര്‍ത്തിച്ചുള്ള വെള്ളപ്പൊക്കങ്ങളില്‍ കുട്ടനാട്ടിലെ ജനങ്ങളുടെ ദുരിതയാതനകളുടെ കഥ കേള്‍ക്കാത്തവരുണ്ടാവില്ല. 2018-ലെ വെള്ളപ്പൊക്കം ഇവിടുത്തുകാരുടെ ദുരിതങ്ങള്‍ ഇരട്ടിയാക്കി. 8 മുതല്‍ 10 അടി ഉയരത്തില്‍ വെള്ളം എത്തിയയോടെ ഇവിടത്തെ ജനസംഖ്യയുടെ 90 ശതമാനം പേര്‍ക്കും വീടുവിട്ട് ഇറങ്ങേണ്ടി വന്നു. ഏകദേശം 2 ലക്ഷത്തോളം ആളുകള്‍ സാമുദ്ര നിരപ്പിന് താഴെയുള്ള ഭൂമിയില്‍ താമസിക്കുന്ന രാജ്യത്തെ ഏക പ്രദേശമാണ് കുട്ടനാട്. എല്ലാ വര്‍ഷവും ആവര്‍ത്തിച്ചുള്ള വെള്ളപ്പൊക്കങ്ങള്‍ മൂലം ജനങ്ങള്‍ വീടുകള്‍ വീടുപേക്ഷിച്ചു പോകാന്‍ നിര്‍ബന്ധിതരാകുകയാണ്.
ഇപ്പോള്‍ സ്വന്തം നാട്ടില്‍ കാലുറപ്പിച്ച് നില്‍ക്കാന്‍ പുതിയ മാര്‍ഗങ്ങള്‍ തേടുകയാണ് ഇവിടുത്തുകാര്‍. പുതിയ രീതിയില്‍ വീടുകള്‍ നിര്‍മ്മിക്കാനുള്ള മാര്‍ഗങ്ങള്‍ തേടിയ ജനങ്ങള്‍, വെള്ളപ്പൊക്കങ്ങളില്‍ നിന്ന് രക്ഷ നേടുന്നതിനായി നിരവധി വീടുകള്‍ തൂണുകളില്‍ നിര്‍മ്മിച്ചു. ആ പരീക്ഷണം ഇപ്പോള്‍ എത്തിനില്‍ക്കുന്നത് പൊങ്ങി കിടക്കുന്ന വീടിലാണ്(ഫ്‌ലോട്ടിങ് ഹൗസ്). രാജ്യത്തെ ആദ്യത്തെ പൊങ്ങികിടക്കുന്ന വീട് നിര്‍മിച്ചത് മാങ്കൊമ്പ് ചെറിയമഠത്തില്‍ വരുണ്‍ രാമകൃഷ്ണനാണ്. 1,120 ചതുരശ്ര അടിയുള്ള ഈ വീട്ടിന്റെ 90 ശതമാനം നിര്‍മാണവും പൂര്‍ത്തിയായിട്ടുണ്ട്. രണ്ട് അറ്റാച്ചഡ് ബെഡ്‌റൂമുകളും മറ്റ് സൗകര്യങ്ങളും ഇതിനുണ്ട്. ഈ വീടിന്റെ സാങ്കേതിക വിദ്യ വികസിപ്പിച്ചത് മാങ്കൊമ്പ് സ്വദേശി എം.ആര്‍. നാരായണനാണ് (ട്രാന്‍സ് ബില്‍ഡ് ഡ്വെല്ലിങ്).
'വെള്ളപ്പൊക്കങ്ങള്‍ മൂലം വീടുവിട്ട് ഇറങ്ങേണ്ടി വരുന്നത് പതിവാണ്, ഈ ദുരിതത്തില്‍ നിന്ന് രക്ഷ നേടാനാണ് വെള്ളത്തില്‍ പൊങ്ങികിടക്കുന്ന വീട് നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. നാരായണന്‍ സര്‍ എന്നെ ഇതിന് സഹായിച്ചു, ഇപ്പോള്‍ അത് വിജയം കണ്ടിരിക്കുന്നു,'' വരുണ്‍ രാമകൃഷ്ണന്‍ പറഞ്ഞു.
'സംസ്ഥാനത്ത് നിര്‍മ്മിച്ച ആദ്യത്തെ പൊങ്ങികിടക്കുന്ന വീടാണിത്, മുമ്പ്, ഞങ്ങള്‍ റിസോര്‍ട്ടുകള്‍ക്കായി പൊങ്ങികിടക്കുന്ന വില്ലകളും, വയനാടിലെ ബാണാസുരസാഗര്‍ സോളാര്‍ പദ്ധതിക്കായി പൊങ്ങികിടക്കുന്ന പ്ലാറ്റ്ഫോമുകളും നിര്‍മ്മിച്ചിരുന്നു. ഈ രീതിയില്‍ നിര്‍മ്മിച്ച വീടുകള്‍ക്ക് ദീര്‍ഘകാലമായുസ്സുണ്ടെന്ന് ഉറപ്പ് നല്‍കുന്നു.' എം.ആര്‍. നാരായണന്‍ പറഞ്ഞു.
വീടിന്റെ നിര്‍മാണത്തിന് പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത് ഫറോസിമെന്റ്, തെര്‍മോകോള്‍ എന്നിവയാണ്. ഭൂമി നിരപ്പാക്കിയ ശേഷം പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച്, 1.2 മീറ്റര്‍ ഉയരമുള്ള തറ നിര്‍മ്മിക്കുന്നു. ഭിത്തി തെര്‍മോകോള്‍, ഫറോസിമെന്റ് എന്നിവ ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്, അതേസമയം ഭാരം കുറയ്ക്കുന്നതിനായി മേല്‍ക്കൂരക്ക് ലാറ്റക്‌സ് കോണ്‍ക്രീറ്റ് ഉപയോഗിക്കുന്നു. 110 പൊള്ളയായ അറകളാണ് തറയില്‍ ഉള്ളത്. അതിന് മുകളിലാണ് വീട് നിര്‍മിച്ചിരിക്കുന്നത്. ഒഴുകി പോകാതിരിക്കാന്‍ ഇത് കോണ്‍ക്രീറ്റ് തൂണുകളോട് ബന്ധിപ്പിച്ചിരിക്കുന്നു. അതിനാല്‍, വെള്ളത്തിന്റെ ഉയരം കൂടിയാല്‍ വീട് മുകളിലേക്കു പൊങ്ങും, പക്ഷേ വശങ്ങളിലേക്ക് ഒഴുകില്ല. ചതുരശ്ര അടിക്ക് ഏകദേശം 3,000 മുതല്‍ 3,500 രൂപ വരെയാണ് ഇത്തരം വീടുകളുടെ നിര്‍മാണ ചെലവ്. തെര്‍മോകോള്‍ ഉപയോഗിക്കുന്നതിനാല്‍ വീടിനുള്ളിലെ താപനില പുറത്തേക്കാള്‍ 10 ഡിഗ്രി സെല്‍ഷ്യസ് കുറവായിരിക്കും എന്ന് പ്രോജക്ട് സൂപ്പര്‍വൈസര്‍ പി. എ. മാര്‍ട്ടിന്‍ പറഞ്ഞു.
'1,120 ചതുരശ്ര അടിയുള്ള വീടിന്റെ ഭാരം ഏകദേശം 80 ടണ്‍ ആണ്, അതില്‍ 30 ടണ്‍ തറ മാത്രമാണ്. തറ ഭാഗികമായി കേടായാലും വീട് മുങ്ങുകയില്ല. ഓരോ ഭാഗവും പ്രത്യേകം വേര്‍തിരിച്ച് നിര്‍മിച്ചിട്ടുള്ളതിനാല്‍ കേടുപാടുകള്‍ എളുപ്പത്തില്‍ നന്നാക്കാനാകും. വലിയ ആഘാതം സംഭവിച്ചാല്‍ മാത്രമേ വീടുകള്‍ക്ക് വലിയ തകരാറുകള്‍ സംഭവിക്കുകയുള്ളു. എന്നാല്‍ ഇവ വീണ്ടും മെറ്റീരിയലുകള്‍ ഉപയോഗിച്ച് എളുപ്പം പുനര്‍നിര്‍മ്മിക്കാമെന്നും' അദ്ദേഹം പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക