'വോട്ടുചെയ്യാത്ത യൂണിയന്‍കാരെ ചെറുതായൊന്ന് ഭീഷണിപ്പെടുത്തിയതാണ്'; ബാലറ്റ് തിരുത്തലില്‍ മലക്കം മറിഞ്ഞ് സുധാകരന്‍

പോസ്റ്റല്‍ ബാലറ്റ് തിരുത്തിയിട്ടില്ലെന്നും താനൊരിക്കലും കള്ളവോട്ട് ചെയ്തിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു.
G Sudhakaran
ജി സുധാകരന്‍ ഫയല്‍
Updated on

പാലക്കാട്: പോസ്റ്റല്‍ ബാലറ്റ് തിരുത്തിയെന്ന വെളിപ്പെടുത്തലില്‍ മലക്കം മറിഞ്ഞ് മുന്‍ മന്ത്രി ജി സുധാകരന്‍. താന്‍ പൊതുവെ പറഞ്ഞ കാര്യം ലേശം ഭാവന കൂട്ടി പറഞ്ഞതാണെന്ന് സുധാകരന്‍ പറഞ്ഞു. പോസ്റ്റല്‍ ബാലറ്റ് തിരുത്തിയിട്ടില്ലെന്നും താനൊരിക്കലും കള്ളവോട്ട് ചെയ്തിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു.

പ്രവര്‍ത്തകര്‍ക്ക് ചെറിയൊരു ജാഗ്രതാ നിര്‍ദേശം നല്‍കിയെന്നുമാത്രമേയുള്ളൂ. വോട്ട് ചെയ്യാത്ത യൂണിയന്‍കാരെ ചെറുതായൊന്ന് ഭീഷണിപ്പെടുത്തിയാണ്. നമ്മള്‍ പറയുന്നത് പൂര്‍ണമായി മാധ്യമങ്ങള്‍ കൊടുക്കില്ല. അവര്‍ക്ക് ആവശ്യമുള്ളത് മാത്രം കൊടുക്കും എന്നും അദ്ദേഹം പറഞ്ഞു.

വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് സുധാകരനെതിരെ കേസെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെ അമ്പലപ്പുഴ തഹസില്‍ദാര്‍ കെ അന്‍വറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ജി സുധാകരന്റെ വീട്ടിലെത്തി വിശദമായ മൊഴിയെടുത്തു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരടക്കമുള്ളവരാണ് മൊഴിയെടുത്തത്. മൊഴിയെടുപ്പ് പൂര്‍ത്തിയായെന്നും വിശദമായ റിപ്പോര്‍ടട് ജില്ലാ കളക്ടര്‍ക്ക് നല്‍കുമെന്നും തഹസില്‍ദാര്‍ വ്യക്തമാക്കി.

പറയാനുള്ള കാര്യങ്ങളെല്ലം ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ടെന്നും മറ്റൊന്നും പറയാനില്ലെന്നുമായിരുന്നു മൊഴിയെടുപ്പിനുശേഷം ജി സുധാകരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഉച്ചയ്ക്ക് രണ്ടരയ്ക്കുശേഷമാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ജി സുധാകരന്റെ വീട്ടിലെത്തിയത്. അരമണിക്കൂറോളം നീണ്ടുനിന്ന മൊഴിയെടുപ്പിനുശേഷമാണ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥിക്കു വേണ്ടി തപാല്‍ വോട്ടുകള്‍ പൊട്ടിച്ചു തിരുത്തിയിട്ടുണ്ടെന്നായിരുന്നു മുന്‍ മന്ത്രി ജി സുധാകരന്റെ വെളിപ്പെടുത്തല്‍. ഈ സംഭവത്തില്‍ ഇനി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തനിക്കെതിരെ കേസെടുത്താലും കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്‍ജിഒ യൂണിയന്‍ സംസ്ഥാന സമ്മേളന ഭാഗമായുള്ള പൊതുചടങ്ങിലാണു താനുള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് 36 വര്‍ഷം മുന്‍പ് നടത്തിയ തെരഞ്ഞെടുപ്പ് കൃത്രിമത്തെപ്പറ്റി ജി സുധാകരന്‍ വെളിപ്പെടുത്തിയത്.

'സിപിഎമ്മിന്റെ സര്‍വീസ് സംഘടനയായ കെഎസ്ടിഎയുടെ നേതാവായിരുന്ന കെ വി ദേവദാസ് ആലപ്പുഴയില്‍ മത്സരിച്ചപ്പോള്‍ ഇലക്ഷന്‍ കമ്മിറ്റി സെക്രട്ടറിയായിരുന്നു ഞാന്‍. ജില്ലാ കമ്മിറ്റി ഓഫിസില്‍ വച്ച് ഞാന്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്നു പോസ്റ്റല്‍ വോട്ടുകള്‍ പൊട്ടിച്ചു തിരുത്തിയിട്ടുണ്ട്. അന്നു സിപിഎം സര്‍വീസ് സംഘടനകളിലെ അംഗങ്ങളുടെ വോട്ടില്‍ 15 ശതമാനം ദേവദാസിന് എതിരായിരുന്നു'-1989 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സംബന്ധിച്ചാണു സുധാകരന്റെ പരാമര്‍ശം.

വക്കം പുരുഷോത്തമനെതിരെയാണ് അന്നു ദേവദാസ് മത്സരിച്ചത്. കാല്‍ലക്ഷത്തില്‍പരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണു വക്കം അന്നു വിജയിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com