'ആ കത്തികൊണ്ട് കോണ്‍ഗ്രസുകാരനായ എന്നെയുംകൂടി കൊന്നുതരാമോ?'; ചങ്കുപൊട്ടി ധീരജിന്റെ അച്ഛന്‍ ചോദിക്കുന്നു

'ഞാന്‍ പലതവണ വോട്ടുചെയ്ത് വിജയിപ്പിച്ച കെ സുധാകരന്‍ പറഞ്ഞത് 'ഇരന്നുവാങ്ങിയ മരണം' എന്നാണ്. കൊന്നിട്ടും കലിതീര്‍ന്നിട്ടില്ല. 45 വര്‍ഷം ഗാന്ധിയന്‍ ആശയങ്ങളുമായി നിങ്ങളുടെകൂടെ നടന്നതല്ലേ ഞാന്‍'
Dheeraj's father reaction on  Youth Congress slogans
ധീരജ് - പിതാവ് രാജേന്ദ്രന്‍ ഫയല്‍
Updated on

കണ്ണുര്‍: 'ധീരജിനെ കുത്തിയ കത്തി അറബിക്കടലില്‍ താഴ്ത്തിയിട്ടില്ല' എന്ന യൂത്ത് കോണ്‍ഗ്രസിന്റെ ഭീഷണി മുദ്രാവാക്യത്തിന് പിന്നാലെ വൈകാരിക പ്രതികരണവുമായി ധീരജിന്റെ പിതാവ് രാജേന്ദ്രന്‍. 'എന്റെ പൊന്നുമോന്റെ നെഞ്ചിലേക്ക് കുത്തിയിറക്കിയ കത്തി കൈയിലുണ്ടെങ്കില്‍, നിങ്ങള്‍ പറയുന്നിടത്തേക്ക് ഞാന്‍ വരാം. ആ കത്തികൊണ്ട് കോണ്‍ഗ്രസുകാരനായ എന്നെയുംകൂടി കൊന്നുതരാമോ?'' എന്ന് അച്ഛന്‍ ഹൃദയവേദനയോടെ ചോദിക്കുന്നു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തില്‍ നടന്ന പ്രകടനത്തിലായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇത്തരത്തില്‍ മുദ്രാവാക്യം വിളിച്ചത്. ഇതിന് പിന്നാലെയായിരുന്നു അച്ഛന്റെ പ്രതികരണം.

'ഇടുക്കി പൈനാവ് ഗവ. എന്‍ജിനിയറിങ് കോളജിലെ മിടുക്കനായ വിദ്യാര്‍ഥിയായിരുന്നില്ലേ എന്റെ മോന്‍. കോളജ് തെരഞ്ഞെടുപ്പില്‍ പുറത്തുനിന്ന് വന്ന യൂത്ത് കോണ്‍ഗ്രസ് നേതാവുംകൂടി ചേര്‍ന്നല്ലേ അവനെ കുത്തിയത്. ഞാന്‍ പലതവണ വോട്ടുചെയ്ത് വിജയിപ്പിച്ച കെ സുധാകരന്‍ പറഞ്ഞത് 'ഇരന്നുവാങ്ങിയ മരണം' എന്നാണ്. കൊന്നിട്ടും കലിതീര്‍ന്നിട്ടില്ല. 45 വര്‍ഷം ഗാന്ധിയന്‍ ആശയങ്ങളുമായി നിങ്ങളുടെകൂടെ നടന്നതല്ലേ ഞാന്‍. ധീരജ് കൊലചെയ്യപ്പെട്ടിട്ട് മൂന്നു വര്‍ഷം കഴിഞ്ഞു. ഒരാശ്വാസവാക്കു പറയാന്‍ ഇന്നോളം നിങ്ങളാരും വന്നില്ല. ഒന്ന് വിളിക്കുകകൂടി ചെയ്തില്ല. അവനെ കൊന്നിട്ട് നിങ്ങളെന്തു നേടി. വീണ്ടുമുള്ള കൊലവിളി മലപ്പട്ടത്തുനിന്ന് കേട്ടു. അതിന് നേതൃത്വം നല്‍കിയവരോട് പറയണം, ഈ അച്ഛനെയുംകൂടൊന്ന് കൊന്നുതരാന്‍.''രാജേന്ദ്രന്‍ പറഞ്ഞു.

2022 ജനുവരി 10നാണ് ധീരജ് രാജേന്ദ്രനെ കെഎസ് യു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com