

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണവുമായി പൊലീസ് ക്രൂരതയ്ക്ക് ഇരയായ ദലിത് യുവതി ബിന്ദു. കള്ളക്കേസില്‍ പൊലീസ് പീഡിപ്പിച്ചതിനെതിരെ പരാതി നല്‍കിയപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവര്‍ വായിച്ചുപോലും നോക്കിയില്ലെന്ന് ബിന്ദു പറഞ്ഞു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി പരാതി മേശപ്പുറത്തേക്കിടുകയായിരുന്നു. മാല കാണാതായാല്‍ വീട്ടുകാര്‍ പരാതി കൊടുക്കും. അപ്പോള്‍ പൊലീസ് പിടിക്കും. ഇതൊക്കെ കോടതിയിലാണ് പറയേണ്ടത്. അഭിഭാഷകനൊപ്പം പോയപ്പോഴായിരുന്നു ഈ ദുരനുഭവമെന്നും ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു.
ഇല്ലാത്ത മാല മോഷണക്കുറ്റം ചുമത്തി പൊലീസ് സ്റ്റേഷനിലെത്തിച്ച യുവതിയെ പൊലീസ് മാനസികമായി പീഡിപ്പിച്ചത് മേയ് 13നായിരുന്നു. ജോലിക്ക് നിന്ന പേരൂര്‍ക്കടയിലെ വീട്ടില്‍ നിന്ന് മാല മോഷണം പോയെന്ന പരാതിയിലാണ് ബിന്ദുവിനെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തിയത്. എന്നാല്‍ സ്വര്‍ണമാല പിന്നീട് വീട്ടില്‍ നിന്ന് ലഭിക്കുകയായിരുന്നു. മാല മോഷ്ടിച്ചില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും പൊലീസുകാരില്‍ നിന്നും 20 മണിക്കൂറോളം നേരം അതിക്രൂരമായ മാനസിക പീഡനമാണ് ഉണ്ടായതെന്ന് യുവതി പറഞ്ഞു.
'ഒരു പൊലീസുകാരന്‍ അങ്ങേയറ്റം മോശമായ വാക്കുകള്‍ ഉപയോഗിച്ച് ചീത്തവിളിച്ചു. നാലുപൊലീസുകാര്‍ റൂമില്‍ കൊണ്ടുപോയി ചോദ്യം ചെയ്തു. പ്രസന്നന്‍ എന്ന പൊലീസുകാരനാണ് ഏറ്റവും മോശമായി പെരുമാറിയത്. ആഹാരവും വെള്ളവും തന്നില്ല. വെള്ളം ചോദിച്ചപ്പോള്‍ ബാത്ത്‌റൂമില്‍ പോയി കുടിക്കാനാണ് പറഞ്ഞത്. ജയിലിലാക്കുമെന്നും മക്കളെ കേസില്‍ കുടുക്കുമെന്നും പറഞ്ഞത് ഇപ്പോഴും എനിക്ക് താങ്ങാനാവുന്നില്ല. പതിനേഴും പതിനഞ്ചും വയസ്സുള്ള മക്കളാണ് ഉള്ളത്. എന്നെ കാണാന്‍ ഭംഗിയില്ല, കറുത്തവളാണ്. അതുകൊണ്ടാവാം പൊലീസ് എന്നോട് ക്രൂരമായി പെരുമാറിയതെന്ന് മനസിലായി'- ബിന്ദു പറഞ്ഞു.
പിറ്റേന്ന് രാവിലെ മാല കിട്ടിയെന്ന് വീട്ടുടമസ്ഥ അറിയിച്ചതോടെയാണ് ബിന്ദുവിനെ പൊലീസ് വിട്ടയച്ചത്. അതേസമയം, യുവതിയെ 20 മണിക്കൂര്‍ കസ്റ്റഡിയില്‍ മാനസിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ തിരുവന്തപുരം കമ്മീഷണര്‍ അടിയന്തര റിപ്പോര്‍ട്ട് തേടി. പൊലീസിന്റെ ഭാഗത്തു ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് വിലയിരുത്തല്‍. മൂന്നു ദിവസം മാത്രമാണ് സ്ത്രീ ജോലിക്ക് നിന്നത്. രാവിലെ മാല കിട്ടിയെന്ന് വീട്ടുടമസ്ഥ അറിയിച്ചിട്ടും 11 മണിക്ക് ശേഷമാണ് പൊലീസ് വിട്ടയച്ചതെന്നാണ് ആരോപണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
