'കേരളത്തില്‍ ഒന്നും നടക്കില്ലെന്ന ധാരണ അപ്രത്യക്ഷമായി'; എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞ് മുഖ്യമന്ത്രി

വികസനത്തിന്റേയും സാമൂഹ്യപുരോഗതിയുടേയും തുടരെയുള്ള ഒന്‍പതു വര്‍ഷങ്ങളാണ് പിന്നിട്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
chief minister pinarayi vijayan
മുഖ്യമന്ത്രി പിണറായി വിജയന്‍
Updated on
9 min read

തിരുവനന്തപുരം: വികസനത്തിന്റേയും സാമൂഹ്യപുരോഗതിയുടേയും തുടരെയുള്ള ഒന്‍പതു വര്‍ഷങ്ങളാണ് പിന്നിട്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ സര്‍ക്കാര്‍ വിചാരിച്ചാല്‍ ഒന്നും നടക്കില്ലെന്നു വെല്ലുവിളിച്ചവര്‍ ഇപ്പോള്‍ നിശബ്ദരായി. ലോകഭൂപടത്തില്‍ കേരളത്തെ അടയാളപ്പെടുത്തുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാര്‍ത്ഥ്യമാക്കി. തറക്കല്ലിട്ടത് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണെങ്കിലും പദ്ധതിയുടെ നിര്‍മ്മാണത്തിന്റെ നൂറു ശതമാനവും നടന്നത് കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലം മുതലാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ നാലുവര്‍ഷം പൂര്‍ത്തിയാക്കിയ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി എണ്ണിയെണ്ണി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന്

കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇന്നത്തേക്ക് നാലു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുന്നു. 2016ലെ സര്‍ക്കാരിന്റെ തുടര്‍ച്ചയാണ് ഈ സര്‍ക്കാരും. വികസനത്തിന്റേയും സാമൂഹ്യപുരോഗതിയുടേയും തുടരെയുള്ള ഒന്‍പതു വര്‍ഷങ്ങളാണ് പിന്നിട്ടിരിക്കുന്നത്. സമഗ്രവും സര്‍വ്വതലസ്പര്‍ശിയുമായ വികസനത്തിന്റേയും സമത്വവും സാഹോദര്യവും അന്വര്‍ത്ഥമാക്കുന്ന സാമൂഹ്യപുരോഗതിയുടേയും സന്ദേശമാണ് ഈ സന്ദര്‍ഭത്തില്‍ കേരളം ലോകത്തിനു മുന്നില്‍ ഉയര്‍ത്തിപ്പിടിക്കുന്നത്.

നവകേരളമെന്ന സ്വപ്നത്തിലേക്ക് ഉറച്ച ചുവടുവയ്പ്പുകളോടെ നാം മുന്നേറുകയാണ്. നവകേരളം എന്നത് അവ്യക്തമായതോ, അതിശയോക്തിപരമായതോ ആയ ഒരു സങ്കല്പമല്ല. കേരളത്തിന്റെ ഭാവിയെക്കുറിച്ചുള്ള സുവ്യക്തമായ കാഴ്ചപ്പാടാണ്. സാമ്പത്തിക വികസനവും സാമൂഹ്യപുരോഗതിയും ഒരുപോലെ മുന്നോട്ടു കൊണ്ടുപോകുന്ന, സമത്വവും നീതിയും മാനവികതയും പുലരുന്ന ഇടമാണ് നവകേരളം. അതിലേയ്ക്ക് നമ്മെ നയിക്കുന്ന നയമാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ നടപ്പാക്കുന്നത്.

കഴിഞ്ഞ തെരഞ്ഞെടുപ്പ് വേളയില്‍ ജനങ്ങള്‍ക്ക് മുമ്പാകെ അവതരിപ്പിച്ച പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതിലെ പുരോഗതി എല്ലാ വാര്‍ഷിക വേളയിലും പൊതുസമൂഹത്തിന് മുന്നില്‍ സമര്‍പ്പിക്കുന്നു എന്നതാണ് ഈ സര്‍ക്കാരിന്റെ ഒരു സവിശേഷത. അത് ഈ വര്‍ഷവും തുടരുകയാണ്. വെള്ളിയാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന വാര്‍ഷികാഘോഷ സമാപനറാലിയില്‍ ഈ വര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്യും.

കോവിഡ് മഹാമാരിയുടെ തുടര്‍ച്ചയായി ആഗോളതലത്തില്‍ ആരോഗ്യ, സാമ്പത്തിക, തൊഴില്‍ മേഖലകളില്‍ ഉള്‍പ്പെടെ വലിയ തകര്‍ച്ച നേരിട്ടു. അതിനെ അതിജീവിച്ചുകൊണ്ടാണ് 2021-ന് ശേഷം കേരളം മുന്നോട്ടുനീങ്ങുന്നത്. ഇതിനുപുറമെയാണ് സാമ്പത്തിക രംഗത്ത് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകള്‍. അര്‍ഹമായ പലതും തടഞ്ഞുവെച്ച് സംസ്ഥാനത്തെ ഞെരുക്കുകയാണ് കേന്ദ്രം. സമരം ചെയ്തും നിയമ പോരാട്ടം നടത്തിയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് നാം. സമാനതകളില്ലാത്ത പ്രകൃതിദുരന്തങ്ങളെ അതിജീവിച്ച ഇച്ഛാശക്തിയുള്ള സമൂഹമാണ് നമ്മള്‍. അതുകൊണ്ട് തന്നെ ഈ പ്രതിസന്ധികളെയും നാം മറികടന്നുകൊണ്ടിരിക്കുകയാണ്.

സര്‍ക്കാരിന്റെ എല്ലാ നേട്ടങ്ങളാകെ എണ്ണിപ്പറയാനുള്ള സന്ദര്‍ഭമായി ഇതിനെ കാണുന്നില്ല. മാറ്റങ്ങള്‍ പ്രകടമാണ്. അത് ഇന്നാട്ടിലെ ജനങ്ങള്‍ സ്വജീവിതത്തില്‍ അനുഭവിക്കുകയാണ്.

കഴിഞ്ഞമാസം 21 മുതല്‍ സര്‍ക്കാരിന്റെ വാര്‍ഷികാഘോഷം നടക്കുന്നു. എല്ലാ ജില്ലകളിലും വലിയ ജനപങ്കാളിത്തമാണ് വാര്‍ഷിക പരിപാടികളില്‍ ഉണ്ടാകുന്നത്. ജില്ലാതല പ്രഭാത യോഗങ്ങളും സര്‍ക്കാരിന്റെ മുന്‍ഗണനാ പദ്ധതികളുടെ അവലോകനവും ഇതോടൊപ്പം നടക്കുന്നുണ്ട്. വ്യത്യസ്ത മേഖലകളിലുള്ളവരുടെ സംസ്ഥാനതലയോഗങ്ങളും തുടരുന്നു. എല്ലാറ്റിലും മികച്ച പങ്കാളിത്തം മാത്രമല്ല, പുതിയ കേരളം എങ്ങനെ ആകണം എന്നതിനെക്കുറിച്ചുള്ള ക്രിയാത്മകമായ ചര്‍ച്ചകളും അഭിപ്രായങ്ങളും ഉയരുന്നുണ്ട്. സര്‍വ്വ മേഖലകളില്‍ നിന്നും സര്‍ക്കാരിന് ലഭിക്കുന്ന പിന്തുണയാണ് ഈ പരിപാടികളിലാകെ ദൃശ്യമാകുന്നത്.

കേരളത്തില്‍ ഒന്നും നടക്കില്ലെന്ന ധാരണ ഈ ഘട്ടത്തില്‍ അപ്രത്യക്ഷമായി. ഈ സര്‍ക്കാര്‍ വിചാരിച്ചാല്‍ ഒന്നും നടക്കില്ലെന്നു വെല്ലുവിളിച്ചവര്‍ നിശബ്ദരായി. ലോകഭൂപടത്തില്‍ കേരളത്തെ അടയാളപ്പെടുത്തുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാര്‍ത്ഥ്യമാക്കി. തറക്കല്ലിട്ടത് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണെങ്കിലും പദ്ധതിയുടെ നിര്‍മ്മാണത്തിന്റെ നൂറു ശതമാനവും നടന്നത് കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലം മുതലാണ്.

യുഡിഎഫ് സര്‍ക്കാരിന്റെ കടുത്ത അലംഭാവം കാരണം വഴിമുട്ടി നിന്നിരുന്ന ദേശീയ പാത വികസനവും എല്‍ ഡി എഫ് സര്‍ക്കാരിന്റെ ഇച്ഛാശക്തി ഒന്നുകൊണ്ടു മാത്രമാണ് സാധ്യമായത്. സമയബന്ധിതമായി സ്ഥലം ഏറ്റെടുത്ത് നല്‍കാത്തതിനാല്‍ കേരളത്തില്‍ ദേശീയപാതാ വികസനം അവസാനിപ്പിക്കുമെന്ന് ദേശീയപാതാ അതോറിറ്റി ആവര്‍ത്തിച്ചു വ്യക്തമാക്കി. എന്നിട്ടും ഒന്നും നടക്കാതെ വന്നപ്പോള്‍ ഓഫീസ് അടച്ച് ദേശീയപാതാ അതോറിറ്റി കേരളം വിടുന്ന അവസ്ഥയാണുണ്ടായത്. 2016ല്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ കേന്ദ്ര സര്‍ക്കാരാകട്ടെ മറ്റൊരു സംസ്ഥാനത്തുമില്ലാത്ത നിബന്ധനകള്‍ നമുക്ക് മേല്‍ അടിച്ചേല്‍പിച്ചു. അതിനെ തുടര്‍ന്ന് സ്ഥലമേറ്റെടുപ്പിനായുള്ള തുകയുടെ 25 ശതമാനം, അതായത് 6000കോടിയോളം രൂപ സംസ്ഥാന സര്‍ക്കാര്‍ വഹിക്കാന്‍ തീരുമാനിച്ചു. ആ പ്രതിസന്ധികളെല്ലാം മറികടന്ന്, ജനങ്ങള്‍ക്ക് ന്യായമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പുവരുത്തി സ്ഥലമേറ്റെടുക്കാനും കേരളത്തിന്റെ ദീര്‍ഘകാല സ്വപ്നമായ ഹൈവേ വികസനം യാഥാര്‍ത്ഥ്യമാക്കാനും നമുക്കു സാധിച്ചു.

ഇഴഞ്ഞു നീങ്ങിയ കൊച്ചി മെട്രൊ റെയിലും കണ്ണൂര്‍ വിമാനത്താവളവും പൂര്‍ത്തിയാക്കി നാടിനു സമര്‍പ്പിച്ചു. അസാധ്യമെന്നു പലരും വെല്ലുവിളിച്ച, യു ഡി എഫ് സര്‍ക്കാര്‍ ഉപേക്ഷിച്ച ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി ജനങ്ങളുടെ ആശങ്കകളെല്ലാം ദുരീകരിച്ച് പൂര്‍ത്തീകരിച്ചു. അതുപോലെ കേരളത്തിന്റെ വൈദ്യുതി പ്രസരണ വിതരണ രംഗത്തും കാര്‍ഷിക വ്യാവസായിക രംഗത്തും വന്‍ കുതിച്ചു ചാട്ടത്തിനു വഴിയൊരുക്കിയ ഇടമണ്‍-കൊച്ചി പവര്‍ഹൈവേയും ഉപേക്ഷിക്കപ്പെട്ട അവസ്ഥയില്‍ നിന്നും വീണ്ടെടുത്ത് സര്‍ക്കാര്‍ പൂര്‍ത്തീകരിച്ചു. അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രം, കൊച്ചി-ബാംഗ്‌ളൂര്‍ വ്യവസായ ഇടനാഴി, സിറ്റി ഗ്യാസ് വിതരണ പദ്ധതി, ഐ. ടി കോറിഡോര്‍, പുതുവൈപ്പിന്‍ എല്‍ പി ജി ടെര്‍മിനല്‍, മലയോര ഹൈവേ, കോസ്റ്റല്‍ ഹൈവേ, വയനാട് തുരങ്കപാത, കെ-ഫോണ്‍, കൊച്ചി വാട്ടര്‍ മെട്രോ, പശ്ചിമ തീരകനാല്‍ വികസന പദ്ധതി, തിരുവനന്തപുരം ഔട്ടര്‍ റിംഗ് റോഡ്, ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക്, തുടങ്ങി കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന നിരവധി വന്‍പദ്ധതികള്‍ ചിലത് യാഥാര്‍ഥ്യമാവുകയാണ്, ചിലത് പുരോഗമിക്കുകയാണ്.

സര്‍ക്കാര്‍ മേഖലയില്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ വഴി സുതാര്യമായി നിയമനം നടത്തുന്നതിനും പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ വഴിയുള്ള രാജ്യത്തെ ആകെ നിയമനങ്ങളില്‍ 42 ശതമാനം കേരളത്തില്‍ നിന്നാണെന്ന് യു.പി.എസ്.സി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2016 മുതല്‍ ഇന്നുവരെ കേരളത്തില്‍ 2,80,934 ഉദ്യോഗാര്‍ത്ഥികള്‍ക്ക് പി.എസ്.സി വഴി നിയമനം നല്‍കി.

ഭവനരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിനായുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നു. ലൈഫ് മിഷന്‍ പദ്ധതിയിലൂടെ മാര്‍ച്ച് 2025 വരെ 4,51,631 വീടുകള്‍ പൂര്‍ത്തീകരിച്ച് നല്‍കി. പ്രകടനപത്രികയിലെ വാഗ്ദാനം നടപ്പാവുക തന്നെ ചെയ്യും. 2016-ല്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഇതുവരെ 4,00,956 പട്ടയങ്ങള്‍ വിതരണം ചെയ്തിട്ടുണ്ട്. ഇതില്‍ 2,23,945 പട്ടയങ്ങള്‍ 2021 ന് ശേഷം വിതരണം ചെയ്യപ്പെട്ടവയാണ്. അടുത്ത ഒരു വര്‍ഷം കൊണ്ട് ഒരു ലക്ഷം പട്ടയങ്ങള്‍ കൂടി വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. മലയോരമേഖലയിലെ ജനതയ്ക്ക് ലഭ്യമായ ഭൂമിയുടെ വിനിയോഗ നിയമത്തിലും ചട്ടത്തിലും ലഘൂകരണം നടത്താനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരികയാണ്. ഇതിനാവശ്യമായ നിയമഭേദഗതി പാസാക്കിയിട്ടുണ്ട്.

നീതി ആയോഗിന്റെ കണക്കുകള്‍ പ്രകാരം അഖിലേന്ത്യാ തലത്തില്‍ ബഹുമുഖ ദാരിദ്ര്യ സൂചിക പ്രകാരം ജനസംഖ്യയുടെ 11.28 ശതമാനം ദാരിദ്ര്യബാധിതരാണെങ്കില്‍ കേരളത്തില്‍ ഈ സംഖ്യ 0.48 ശതമാനം മാത്രമാണ്. സര്‍ക്കാര്‍ സാമൂഹ്യ മേഖലകളില്‍ ജനപങ്കാളിത്തത്തോടെ നടത്തുന്ന ശക്തമായ ഇടപെടലുകളുടെ ഫലമായാണ് നമ്മുടെ രാജ്യത്തെ സംസ്ഥാനങ്ങള്‍ക്കിടയില്‍ ഏറ്റവും കുറഞ്ഞ ബഹുമുഖദാരിദ്ര്യ സൂചികയുള്ള സംസ്ഥാനമായിത്തീരാന്‍ കേരളത്തിന് കഴിഞ്ഞത്.

കേരളത്തെ അതിദാരിദ്ര്യ മുക്തമാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. വിപുലമായ സര്‍വ്വേയുടെ അടിസ്ഥാനത്തില്‍ 64,006 കുടുംബങ്ങള്‍ അതിദരിദ്രരാണെന്ന് കണ്ടെത്തപ്പെടുകയും ഇതിനകം അവരില്‍ 59,707 കുടുംബങ്ങളെ (79.22%) അതിദാരിദ്ര്യമുക്തരാക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തെ പൂര്‍ണ്ണമായും അതി ദാരിദ്ര്യമുക്തമാക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്. വരുന്ന നവംബര്‍ ഒന്നിന് അതിദാരിദ്ര മുക്ത കേരളം യാഥാര്‍ത്ഥ്യമാകും.

ഇടക്കാലത്ത് കുടിശ്ശിക വന്ന സാമൂഹ്യക്ഷേമ പെന്‍ഷന്‍ 600 രൂപയില്‍ നിന് 1600 രൂപയാക്കി 60 ലക്ഷം പേര്‍ക്ക് എല്ലാ മാസവും കൃത്യമായി നല്‍കുന്നു.

അവഗണിക്കപ്പെട്ടിരുന്ന പൊതുജനാരോഗ്യ സംവിധാനം ആധുനിക സംവിധാനങ്ങളോടെരോഗീ സൗഹൃദമാക്കി. സംസ്ഥാനത്തെ 886 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുന്നത്. അവയില്‍ 674 എണ്ണത്തെ ഇതിനോടകം കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി പരിവര്‍ത്തിപ്പിച്ചിട്ടുണ്ട്. അയ്യായിരത്തിലധികം ജനകീയ ആരോഗ്യ കേന്ദ്രങ്ങളും സജ്ജമായി. ജില്ലാ ജനറല്‍ ആശുപത്രികളില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്.

എല്ലാ ജില്ലാ ആശുപത്രികളിലും കാത്ത്‌ലാബും ഇന്റന്‍സീവ് കൊറോണറി കെയര്‍ യൂണിറ്റും ആരംഭിച്ചു. താലൂക്ക് ആശുപത്രികളില്‍ 44 അധിക ഡയാലിസിസ് യൂണിറ്റുകളാണ് ലഭ്യമാക്കിയത്. കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി പ്രകാരം 43 ലക്ഷം കുടുംബങ്ങളിലെ 73 ലക്ഷം ആളുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയും സര്‍ക്കാര്‍ നല്‍കുന്നു.

കോവിഡിനെതിരെ ശക്തവും ശാസ്ത്രീയവുമായ പ്രതിരോധം തീര്‍ക്കുകയും ചികിത്സ ഉറപ്പാക്കുകയും ചെയ്തതിലൂടെ മരണനിരക്ക് കുറയ്ക്കാന്‍ സാധിച്ചു. കോവിഡ് മരണങ്ങള്‍ ഏറ്റവും കൃത്യമായി ഇന്ത്യയില്‍ രേഖപ്പെടുത്തിയത് കേരളമായിരുന്നു.

കഴിഞ്ഞ 3 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനത്തിനുള്ള ദേശീയ പുരസ്‌കാരം കേരളത്തിനാണ് ലഭിച്ചത്. 4 വര്‍ഷം കൊണ്ട് 7000 കോടിയിലധികം രൂപയുടെ സൗജന്യ ചികിത്സ നല്‍കി. അപൂര്‍വ രോഗ പരിചരണത്തിനായി കെയര്‍ പദ്ധതി നടപ്പിലാക്കി. സമഗ്ര പാലിയേറ്റീവ് പരിചരണത്തിനായി കേരള കെയര്‍ പാലിയേറ്റീവ് കെയര്‍ ഗ്രിഡ് സ്ഥാപിച്ചു.

വാര്‍ഡ് തലത്തില്‍ 5409 ജനകീയ ആരോഗ്യ കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് ആരംഭിച്ചത്. ജനകീയ ആരോഗ്യ കേന്ദ്രങ്ങളില്‍ മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളോടൊപ്പം 36 തരം മരുന്നുകളും 10 ലാബ് പരിശോധനകളും ലഘു രോഗങ്ങളുടെ ചികിത്സയും ലഭ്യമാണ്. 2 മെഡിക്കല്‍ കാളേജുകളും സര്‍ക്കാര്‍, സര്‍ക്കാര്‍ അനുബന്ധ മേഖലയില്‍ 15 നഴ്‌സിംഗ് കോളേജുകളും ആരംഭിച്ചു.കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ ആദ്യമായി ദേശീയ റാങ്കിംഗ് പട്ടികയില്‍ ഉള്‍പ്പെട്ടു. മെഡിക്കല്‍, നഴ്‌സിംഗ് സീറ്റുകള്‍ ഗണ്യമായി വര്‍ധിപ്പിച്ചു.

വിദ്യാഭ്യാസ രംഗത്താകട്ടെ, അടിസ്ഥാന സൗകര്യ രംഗത്തും അക്കാദമിക രംഗത്തും സമാനതകളില്ലാത്ത ഇടപെടലുകളാണ് കഴിഞ്ഞ ഒമ്പതു വര്‍ഷമായി സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്നത്. സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി മാത്രം 5,000 കോടിയോളം രൂപ ഇതിനോടകം അനുവദിച്ചിട്ടുണ്ട്. 5 കോടി രൂപാ ചെലവില്‍ 141 സ്‌കൂള്‍ കെട്ടിടങ്ങള്‍ നവീകരിക്കുകയാണ്. അവയില്‍ 139 എണ്ണവും പൂര്‍ത്തിയായിട്ടുണ്ട്. 3 കോടി രൂപ ചെലവില്‍ 386 സ്‌കൂള്‍ കെട്ടിടങ്ങള്‍ നവീകരിക്കുകയാണ്. അവയില്‍ 179 എണ്ണം പൂര്‍ത്തിയായിട്ടുണ്ട്. ഒരുകോടി രൂപാ ചെലവില്‍ നവീകരിക്കുന്ന 446 സ്‌കൂള്‍ കെട്ടിടങ്ങളില്‍ 195 എണ്ണം പൂര്‍ത്തിയായിട്ടുണ്ട്. അങ്ങനെ ആകെ 973 സ്‌കൂള്‍ കെട്ടിടങ്ങള്‍ അനുവദിച്ചവയില്‍ 513 എണ്ണവും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. 50,000 ത്തിലധികം ക്ലാസ്മുറികളാണ് ഹൈടെക്കാക്കി മാറ്റിയത്. സ്‌കൂളുകളില്‍ ടിങ്കറിംഗ് ലാബ്, റോബോട്ടിക് ലാബുകള്‍ എന്നിവ സജ്ജീകരിച്ചു. അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് പരിശീലനം നല്‍കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറി.

കേരളത്തെ ഉന്നതവിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങളാണ് സംഘടിപ്പിക്കുന്നത്. അവയുടെ ഫലമായി 8 സര്‍വകലാശാലകള്‍ക്കും 359 കോളേജുകള്‍ക്കും നാക് അക്രഡിറ്റേഷന്‍ ലഭിച്ചു. മികച്ച കോളേജുകളുടെ ആദ്യത്തെ നൂറ് റാങ്കിനുള്ളില്‍ സംസ്ഥാനത്തെ 16 കോളേജുകളുണ്ട്. അവയില്‍ നാലെണ്ണം സര്‍ക്കാര്‍ കോളേജുക ളുണ്ട്. അവയില്‍ നാലെണ്ണം സര്‍ക്കാര്‍ കോളേജുകളാണ്. എന്‍.ഐ.ആര്‍.എഫ് റാങ്കിങ്ങില്‍ രാജ്യത്തെ മികച്ച 200 കോളേജുകളില്‍ 42 എണ്ണവും കേരളത്തിലേതാണ്.

സര്‍വകലാശാലയിലെ ഗവേഷണഫലങ്ങള്‍ സാമൂഹ്യാവശ്യത്തിന് ഉപയോഗപ്പെടുത്തുന്നതിനായി ട്രാസ്ലേഷന്‍ ലാബുകള്‍ ആരംഭിച്ചത് എല്‍ഡിഎഫ് സര്‍ക്കാരാണ്. നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പുകള്‍, കൈരളി റിസര്‍ച്ച് അവാര്‍ഡുകള്‍ തുടങ്ങിയവ ഏര്‍പ്പെടുത്തി നാടിനു ഗുണകരമാകുന്ന ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കാനും ശ്രമങ്ങള്‍ നടക്കുന്നു. അതിനെല്ലാം ഉപരിയായി ഉന്നതവിദ്യാഭ്യാസ കമീഷന്‍ രൂപീകരിക്കുകയും, അതിന്റെ ശുപാര്‍ശകള്‍ നടപ്പാക്കുകയും ചെയ്തു വരികയാണ്. ഭാവിയില്‍ കേരളത്തെ ഒരു വിജ്ഞാന സമ്പദ് വ്യവസ്ഥയായി പരിവര്‍ത്തിപ്പിക്കാനുള്ള ശ്രമങ്ങളില്‍ ഏറ്റവും പ്രധാനമാണ് ഉന്നതവിദ്യാഭ്യാസമേഖലയുടെ വികസനം.

ശാസ്ത്ര സാങ്കേതികവിദ്യയിലും മികച്ച പുരോഗതി കൈവരിക്കാന്‍ ഇക്കാലയളവില്‍ നമുക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ ഏഴര വര്‍ഷത്തിനിടയില്‍ രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി, ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക്, ഗ്രഫീന്‍ ഇന്നൊവേഷന്‍ സെന്റര്‍ തുടങ്ങിയവ യാഥാര്‍ത്ഥ്യമായി. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയും യാഥാര്‍ത്ഥ്യമാക്കി. ഇന്റര്‍നാഷണല്‍ ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ജീനോംഡേറ്റാ സെന്റര്‍, മെഡിക്കല്‍ ടെക്‌നോളജി കണ്‍സോര്‍ഷ്യം തുടങ്ങിയവ ഒരുക്കുകയാണ്.

കെ ഫോണ്‍ പദ്ധതിയിലൂടെ വീടുകളിലും സര്‍ക്കാര്‍ ഓഫീസുകളിലും ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുന്നു. കെ ഫോണ്‍ കണക്ഷന്‍ ലക്ഷം എന്ന നമ്പറിലേക്ക് എത്തുകയാണ്. ആധുനികമായ എല്ലാ കാഴ്ചപ്പാടുകളെയും സ്വാംശീകരിച്ചുമുള്ള വൈജ്ഞാനിക കുതിപ്പാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

നിലവില്‍ ടെക്‌നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, സൈബര്‍ പാര്‍ക്ക് എന്നിവിടങ്ങളിലായി 1,49,200 പേര്‍ തൊഴിലെടുക്കുന്നുണ്ട്. 2016 മുതല്‍ ഇതുവരെ 66,000 ത്തോളം തൊഴിലവസരങ്ങള്‍ പുതുതായി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. 2016 ല്‍ കേരളത്തിലെ ഐ.ടി പാര്‍ക്കുകളിലെ കമ്പനികളുടെ എണ്ണം 702 ആയിരുന്നെങ്കില്‍ ഇന്നത് 1156 ആയി വര്‍ദ്ധിച്ചു. കേരളത്തില്‍ നിന്നുള്ള ആകെ ഐ ടി കയറ്റുമതി 2016 ല്‍ 34,123 കാടി രൂപയായിരുന്നത് ഇന്ന് 90,000 കോടി രൂപയായി വര്‍ദ്ധിച്ചു. 2016 ല്‍ 155.85 ലക്ഷം ചതുരശ്രയടി ബില്‍റ്റപ്പ് സ്‌പേയ്‌സ് ഉണ്ടായിരുന്നത് നിലവില്‍ 223 ലക്ഷം ചതുരശ്രയടി ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു.

2019-2021 കാലയളവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2021-2023 കാലയളവില്‍ സംസ്ഥാനം സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ മൂല്യത്തില്‍ 254% വര്‍ദ്ധനവ് കൈവരിച്ചു എന്നാണ് സ്റ്റാര്‍ട്ട് അപ്പ് ജീനോം റിപ്പോര്‍ട്ടില്‍ പറയുന്നത്. 2016 വരെ വെറും 300 സ്റ്റാര്‍ട്ടപ്പുകള്‍ മാത്രമായിരുന്നു കേരളത്തില്‍ ഉണ്ടായിരുന്നത്. ഇന്ന് കേന്ദ്ര ഗവണ്‍മെന്റിന്റെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ മൊത്തം സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം 6400 ആണ്.

63,000ല്‍ പരം തൊഴിലവരസങ്ങള്‍ ഇതുവഴി സൃഷ്ടിക്കാനായി. 2016ന്റെ അവസാനത്തില്‍ കേവലം 50 കോടിയില്‍ നിന്ന സ്റ്റാര്‍ട്ടപ്പ് നിക്ഷേപം 2024 ആകുമ്പോള്‍ 5,800 കോടി രൂപയില്‍ എത്തി നില്‍ക്കുന്നു. 2026 ഓടെ 15,000 സ്റ്റാര്‍ട്ടപ്പുകളും ഒരു ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

2022-23 മുതല്‍ സംരംഭകത്വ പ്രോത്സാഹനത്തിന്റെ ഭാഗമായി 3,53,133 പുതിയ സംരംഭങ്ങള്‍ സംസ്ഥാനത്ത് ആരംഭിച്ചു. അവയില്‍ 22,688.47 കോടി രൂപയുടെ നിക്ഷേപം വന്നു. 7,49,712 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനായി. സംസ്ഥാന സര്‍ക്കാരിന്റെ ഈ പരിപാടി മികച്ചതാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. വ്യവസായ സംരംഭകര്‍ക്ക് ചുവപ്പുനാടയുടെ തടസ്സങ്ങള്‍ ഉണ്ടാകരുതെന്ന കാര്യത്തില്‍ സര്‍ക്കാരിന് നിര്‍ബന്ധമുണ്ട്. ഇതിനായി നിയമങ്ങളും ചട്ടങ്ങളും ലഘൂകരിച്ചു. ഇത് തുടരുന്നതാണ്. കേന്ദ്ര സര്‍ക്കാരിന്റെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗില്‍ ഇന്ന് കേരളം ഒന്നാമതാണ്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ ഏകദേശം 92,000 കോടി രൂപയുടെ നിക്ഷേപം വന്നതായാണ് എം എസ് എം ഇ എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സിലിന്റെ റിപ്പോര്‍ട്ട് പറയുന്നത്. അതില്‍ 33,815 കോടി രൂപയുടെ പദ്ധതികള്‍ പൂര്‍ത്തിയാക്കുകയും 5 ലക്ഷത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. മുടങ്ങിക്കിടന്ന 12,240 കോടി രൂപയുടെ പദ്ധതികള്‍ പുനരുജ്ജീവിപ്പിച്ചിട്ടുണ്ട്.

ഈ മേഖലയിലെ ഏറ്റവും പ്രധാന നേട്ടം വ്യവസായ സൗഹൃദാന്തരീക്ഷത്തില്‍ വന്ന മാറ്റമാണ്. വ്യവസായങ്ങളോട് സൗഹാര്‍ദ്ദപൂര്‍ണ്ണമല്ലാത്ത നയം സ്വീകരിക്കുന്ന ദുഷ്‌പേരു തിരുത്തി ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്ത് എത്തുന്ന നിലയിലേയ്ക്ക് സര്‍ക്കാര്‍ വ്യവസായമേഖലയെ വളര്‍ത്തി. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ കെ-സ്വിഫ്റ്റ് എന്ന സിംഗിള്‍ വിന്‍ഡോ ക്ലിയറന്‍സ് സംവിധാനത്തിന്റെയും, വ്യവസായ സ്ഥാപനങ്ങളില്‍ പരിശോധനകള്‍ നടത്തുന്നതിനുള്ള കെ-സിസ് എന്ന ഓണ്‍ലൈന്‍ സംവിധാനത്തിന്റെയും ഒക്കെ ഫലമായാണ് ഈ നേട്ടം നമുക്ക് സാധ്യമായത്.

കാര്‍ഷിക മേഖല വളര്‍ച്ച രേഖപ്പെടുത്തിയ കാലമാണിത്. നെല്ലിന്റെ ഉത്പാദന ക്ഷമത ഹെക്ടറിന് 4.56 ടണ്‍ ആയി വര്‍ദ്ധിച്ചു. പച്ചക്കറി ഉത്പാദനം 7 ലക്ഷം മെട്രിക് ടണ്‍ ആയിരുന്നത് 17.2 ലക്ഷംമെട്രിക് ടണ്ണായി വര്‍ദ്ധിച്ചു. കാര്‍ഷിക മൂല്യവര്‍ദ്ധനവ് ലക്ഷ്യംവെച്ചുള്ള വിവിധ പാര്‍ക്കുകള്‍ക്ക് തുടക്കം കുറിച്ചു. രാജ്യത്ത് ആദ്യമായി പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും താങ്ങുവില ഏര്‍പ്പെടുത്തുന്ന സംസ്ഥാനമായും കേരളം മാറി.

പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തുന്നതിന് യുഡിഎഫ് സര്‍ക്കാര്‍ 5242 കോടിയാണ് നീക്കി വെച്ചത്. അഞ്ചുവര്‍ഷം കൊണ്ട് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ ഇനത്തില്‍ ചെലവഴിച്ചത് 10,697 കോടി രൂപയാണ്. ഏകദേശം ഇരട്ടിത്തുക. 2024 വരെയുള്ള കണക്കെടുത്താല്‍ 14,000 കോടിയോളം രൂപ വിപണി ഇടപെടലിനു മാത്രമായി സംസ്ഥാന സര്‍ക്കാര്‍ വിവിധ മാര്‍ഗ്ഗങ്ങളിലൂടെ ചെലവഴിച്ചിട്ടുണ്ട്. എന്‍.എസ്.ഒ യുടെ കണക്ക് പ്രകാരം രാജ്യത്ത് ഏറ്റവും കുറവ് വിലക്കയറ്റം ഉള്ള സംസ്ഥാനം കേരളമാണ്. ജനക്ഷേമ നടപടികളിലൂടെ വിപണിയില്‍ കൃത്യമായി ഇടപെടുന്നതിനാലാണ് കേരളത്തില്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്തപ്പെട്ടത്. ഈ സര്‍ക്കാരിന്റെ ആദ്യത്തെ മൂന്ന് വര്‍ഷക്കാലയളവില്‍ മാത്രം 99 സപ്‌ളൈകോ വിതരണശാലകളാണ് നവീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചത്.

കേരളത്തിന്റെ സമ്പദ്വ്യസ്ഥയ്ക്കു വലിയ സംഭാവന നല്‍കുന്ന ടൂറിസം മേഖലയും പുതിയ ഉയരങ്ങളിലേയ്ക്ക് കുതിക്കുകയാണ്. കഴിഞ്ഞ വര്‍ഷം രണ്ടേകാല്‍ കോടിയോളം ആഭ്യന്തര വിനോദസഞ്ചാരികള്‍ കേരളത്തിലേക്ക് വന്നു. ഏഴര ലക്ഷത്തോളം വിദേശ വിനോദസഞ്ചാരികളും കേരളം സന്ദര്‍ശിച്ചു. ഇതെല്ലാം സൂചിപ്പിക്കുന്നത് കേരളത്തിലെ ടൂറിസം മേഖലയ്ക്ക് സഞ്ചാരികള്‍ക്കിടയിലുണ്ടാകുന്ന സ്വീകാര്യതയെയാണ്. അഡ്വഞ്ചര്‍ ടൂറിസം, സിനി ടൂറിസം, കാരവന്‍ ടൂറിസം, ഉത്തരവാദിത്ത ടൂറിസം എന്നിങ്ങനെ പുതുവഴികളിലൂടെ നാം മുന്നേറുകയാണ്.

ഏതൊരു സമൂഹത്തിനും ഏറ്റവും പ്രധാനമാണ് സമാധാനപൂര്‍ണമായ ജീവിതം. ഭദ്രമായ ക്രമസമാധാനനിലയും വര്‍ഗീയ സംഘര്‍ഷങ്ങളോ കലാപങ്ങളോ ഇല്ലാത്ത സമാധാനപൂര്‍ണമായ സാമൂഹിക ജീവിതവും സംസ്ഥാനത്ത് ഉറപ്പാക്കാനായിട്ടുണ്ട്. സൈബര്‍ കേസുകളുള്‍പ്പെടെ അന്വേഷിച്ച് പ്രതികളെ നിയമത്തിന് മുമ്പില്‍ എത്തിക്കാന്‍ സാധിക്കും വിധം മികവുറ്റ ശാസ്ത്രീയ അന്വേഷണസംവിധാനങ്ങളും കാര്യപ്രാപ്തിയും നമ്മുടെ പൊലീസ് സേനയ്ക്കുണ്ട്.

വയനാട് ചൂരല്‍മലയില്‍ ഉണ്ടായ ഉരുള്‍പൊട്ടല്‍ നാടിനെയാകെ ദുഃഖത്തിലാഴ്ത്തിയ സംഭവം ആണ്. ഒരു നിമിഷം പോലും വൈകാതെ രക്ഷപ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞു. അടിയന്തര സഹായങ്ങള്‍ എത്തിക്കുന്നതില്‍ നടത്തിയ ഇടപെടലുകള്‍ മാതൃകാപരമായി എല്ലാവരും അംഗീകരിച്ചതാണ്. തുടര്‍ന്നു അവര്‍ക്ക് ജീവനോപാധി അടക്കമുള്ള എല്ലാ സഹായങ്ങളും നല്‍കി. വീട് നഷ്ടപ്പെട്ടവര്‍ക്ക് ഒന്നിച്ചു താമസിക്കാന്‍ സൗകര്യം ഒരുക്കണമെന്ന ദുരന്ത ബാധിതരുടെ ആവശ്യം അംഗീകരിച്ചാണ് ടൌണ്‍ ഷിപ്പ് പദ്ധതി പ്രഖ്യാപിച്ചത്.

പദ്ധതിക്ക് 351 കോടി രൂപയുടെ ഭരണാനുമതി നല്‍കി. നിര്‍മാണ പ്രവൃത്തി ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. മാതൃക വീടിന്റെ വാര്‍പ്പ് മെയ് 17 ന് പൂര്‍ത്തിയായി. ആദ്യ സോണില്‍ ഉള്‍പ്പെട്ട 27 വീടുകളുടെ ഫൗണ്ടേഷനും പൂര്‍ത്തിയായിട്ടുണ്ട്. ആകെ 410 വീടുകളാണ് മാതൃക പുനരധിവാസ ടൗണ്‍ഷിപ്പില്‍ ഉയരുക.

ഇതിന് പുറമെ, ടൗണ്‍ഷിപ്പില്‍ നിര്‍മ്മിക്കുന്ന റോഡ് പ്രവര്‍ത്തികള്‍ക്ക് 87 കോടി, പുന്നപ്പുഴയില്‍ അടിഞ്ഞ ദുരന്താവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ ആദ്യഘട്ടത്തില്‍ 65 കോടി, ദുരന്തത്തില്‍ തകര്‍ന്ന ചൂരല്‍മല അട്ടമല റോഡ് നിര്‍മ്മാണത്തിന് 38 കോടി എന്നീ പ്രവൃത്തികള്‍ക്കും ഭരണാനുമതി നല്‍കി.

പ്രതിസന്ധികളില്‍ ഉലയാതെ നിന്നു നാടിനായി നിലകൊണ്ട എല്‍. ഡി എഫ് സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ ഫലമാണ് പത്താംവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ജനങ്ങള്‍ക്ക് മുന്നില്‍ നിരത്തിവെക്കാനുള്ള നേട്ടങ്ങളെന്ന് അഭിമാനത്തോടെ പറയാന്‍ സാധിക്കും. മാനവികതയും സാഹോദര്യവും ഉയര്‍ത്തിപ്പിടിച്ച് ഒറ്റക്കെട്ടായി ജനങ്ങള്‍ സര്‍ക്കാരിനൊപ്പം നിന്നു. ഒട്ടും അനായാസമായിരുന്നില്ല ഈ യാത്ര. അനേകം പ്രതിബന്ധങ്ങള്‍ നമുക്ക് മുന്നിലുണ്ടായിരുന്നു. അവ പ്രളയങ്ങളായും മഹാമാരികളും ആയി ആഞ്ഞടിച്ചു. പതറാതെ സ്ഥൈര്യത്തോടെ സര്‍ക്കാരും ജനങ്ങളും അവയെ നേരിട്ടു. എന്നാല്‍ ആ ഘട്ടങ്ങളില്‍പോലും കേരളത്തിനെതിരെ നിന്ന ചില ശക്തികളുണ്ടായിരുന്നു. അവര്‍ ഈ നാടിനേയും സര്‍ക്കാരിനേയും ഒറ്റപ്പെടുത്തുകയും ആക്രമിക്കുകയുംചെയ്തു.

ദേശീയതലത്തില്‍ പഞ്ചവത്സര പദ്ധതി നിര്‍ത്തലാക്കിയപ്പോഴും 2016-17 മുതല്‍ സംസ്ഥാനതലത്തില്‍ കേരളം 13-ാം പഞ്ചവത്സര പദ്ധതി വിജയകരമായി നടപ്പാക്കി. 14-ാം പഞ്ചവത്സരപദ്ധതി നടന്നുവരുന്നു. സാമ്പത്തിക പ്രതിസന്ധി കാരണം 14-ാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായ വാര്‍ഷിക പദ്ധതി മുരടിച്ചുവെന്ന ആരോപണങ്ങളാണ് കഴിഞ്ഞ വര്‍ഷം വ്യാപകമായി ഉയര്‍ന്നത്. എന്നാല്‍ 2024-25 സാമ്പത്തിക വര്‍ഷത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായുള്ള വാര്‍ഷിക പദ്ധതിയുടെ വകയിരുത്തലിന്റെ 110 ശതമാനമാണ് യഥാര്‍ത്ഥ ചെലവ്. മൊത്തം സംസ്ഥാന പദ്ധതിയുടെ അടങ്കലിന്റെ 96 ശതമാനം ചെലവഴിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ കാരണം സൃഷ്ടിക്കപ്പെട്ട സാമ്പത്തിക വിഷമത്തിനിടയിലും തനത് വരുമാനം വര്‍ദ്ധിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച ഫലപ്രദമായ നടപടികളാണ് പദ്ധതി ചെലവ് കാര്യക്ഷമമായി നിര്‍വഹിക്കാന്‍ കാരണമായത്.

കോവിഡ് മഹാമാരി കാരണം ഉണ്ടായ കടുത്ത സാമ്പത്തിക മാന്ദ്യത്തെ അതിജീവിച്ചു കൊണ്ട് കേരളത്തിന്റെ തനത് നികുതി വരുമാന വളര്‍ച്ച 2020-21 ന് ശേഷം 2024-25 വരെ 71.66% ആയി ഉയര്‍ന്നിട്ടുണ്ട്.

കേരളത്തിന്റെ ആകെ റവന്യൂ വരുമാനത്തില്‍ തനത് റവന്യൂ വരുമാനത്തിന്റെ പങ്ക് 2023-24 ലെ ഓഡിറ്റ് ചെയ്ത കണക്ക് പ്രകാരം 72.84% ആണ്. 2015-16ല്‍ ഇത് 68.69% ആയിരുന്നു. ഇത് കേരളത്തിന്റെ റവന്യൂ പരിശ്രമത്തിന്റെ കാര്യക്ഷമതയെയാണ് വെളിവാക്കുന്നത്.

ജി.എസ് ടി. വകുപ്പില്‍ ഫേസ് ലെസ് അഡ്ജുഡിക്കേഷന്‍ നടപ്പില്‍ വരുത്തും. ഒരു നികുതിദായകന്റെ റിട്ടേണ്‍ കമ്പ്യൂട്ടര്‍ വഴി നികുതി ഉദ്യോസ്ഥര്‍ക്ക് നല്‍കുന്ന സമ്പ്രദായമാണിത്. നികുതിദായകന്‍ റിട്ടേണ്‍ പരിശോധനക്കായി ഒരു പ്രത്യേക ഉദ്യോഗസ്ഥന്റെ മുന്നില്‍ സ്ഥിരമായി ഹാജരാകേണ്ടി വരില്ല. കാര്യക്ഷമവും അഴിമതി രഹിതവുമായ നികുതി ഭരണം ഉറപ്പാക്കാന്‍ ഇതുവഴി സാദ്ധ്യമാകും.

ജി.എസ്. ടി. വകുപ്പിന്റെ പുന:സംഘടന 2023 ല്‍ പൂര്‍ത്തീകരിച്ചു. ജി.എസ്.ടി. ഇന്റലിജന്‍സിലും എന്‍ഫോഴ്‌സ്‌മെന്റിലും ജി.എസ്. ടി. കൗണ്‍സിലിന്റെ റാങ്കിംഗ് പ്രകാരം കേരളത്തിന് സംസ്ഥാനങ്ങള്‍ക്കിടയില്‍ ഒന്നാം സ്ഥാനമാണ്. ജി.എസ്. ടി രജിസ്‌ട്രേഷന്‍ ഏറ്റവും വേഗത്തില്‍ നല്‍കുന്ന സംസ്ഥാനവും കേരളമാണെന്ന് റാങ്ക് ചെയ്യപ്പെട്ടിട്ടുണ്ട്.

അന്തര്‍സംസ്ഥാന ചരക്ക് സേവന വിനിമയത്തില്‍ കേരളത്തിന് ലഭിക്കാനുള്ള നികുതി ഉറപ്പാക്കാന്‍ ആവശ്യമായ ഇ ഇന്‍ വോയിസിംഗ് സാര്‍വ്വത്രികമാക്കാന്‍ കേരളം ജി.എസ് ടി. കൗണ്‍സിലില്‍ കാര്യക്ഷമമായ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്.

2020-21ല്‍ കോവിഡ് മഹാമാരിയുടെ ഫലമായി ഗുരുതരമായ സാമ്പത്തിക പ്രത്യാഘാതമാണ് ലോകത്താകമാനം സൃഷ്ടിച്ചത്. അതിന്റെ പ്രതിഫലനം ഇന്ത്യയിലും കേരളത്തിലും സ്വാഭാവികമായും ഉണ്ടായി. എന്നാല്‍ തനത് വരുമാനം വര്‍ദ്ധിപ്പിച്ചും ചെലവുകള്‍ ക്രമീകരിച്ചും കേരളത്തിന്റെ കടം ആഭ്യന്തര വരുമാന അനുപാതത്തില്‍ 4% കുറവ് 2021- 22 മുതല്‍ വരുത്താനായി. 38% ത്തില്‍ നിന്നും 34% ശതമാനം. കടക്കെണി പ്രചാരകര്‍ ഇത് കണ്ടതായി ഭാവിക്കാതെ വ്യാജ പ്രചാരണം നടത്തുകയാണ്.

പ്രതിസന്ധികളെല്ലാം മറികടന്ന് കേരളം കുതിക്കുകയാണ്. നീതി ആയോഗിന്റെ ദേശീയ മള്‍ട്ടി ഡയമെന്‍ഷണല്‍ ദാരിദ്ര്യ സൂചികയില്‍ കുറവ് ദാരിദ്ര്യമുള്ള സംസ്ഥാനം, നീതി ആയോഗ് തയ്യാറാക്കിയ സുസ്ഥിര വികസന സൂചികള്‍ പ്രകാരം രാജ്യത്തെ ഒന്നാമത്തെ സംസ്ഥാനം, 2021 ലെ പബ്ലിക് അഫയേര്‍സ് ഇന്‍ഡെക്‌സില്‍ ഒന്നാം സ്ഥാനം, കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മികവിന്റെ സൂചികയില്‍ ഒന്നാം സ്ഥാനം, നീതി ആയോഗിന്റെ ആരോഗ്യ സൂചികയില്‍ ഒന്നാം സ്ഥാനം, ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനത്തിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ മന്ഥന്‍ പുരസ്‌കാരം, ഇന്ത്യ ടുഡേ നടത്തിയ ഹാപ്പിനെസ്സ് ഇന്‍ഡക്‌സ് സര്‍വേയില്‍ ഒന്നാം സ്ഥാനം തുടങ്ങി അനേകം നേട്ടങ്ങള്‍ കേരളം സ്വന്തമാക്കി.

രാജ്യത്തെ ആദ്യ സൂപ്പര്‍ ഫാബ് ലാബ്, രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സര്‍വ്വകലാശാല, രാജ്യത്തെ ആദ്യ ഗ്രഫീന്‍ സെന്റര്‍, രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക്, രാജ്യത്തെ ആദ്യ വാട്ടര്‍ മെട്രോ ഇതെല്ലാം നമ്മുടെ കേരളം കഴിഞ്ഞ 9 വര്‍ഷങ്ങള്‍ക്കുള്ളില്‍ കൈവരിച്ച നേട്ടങ്ങളാണ്. സമ്പൂര്‍ണ ഭവന വൈദ്യുതീകരണം നടത്തിയ, ഇന്റര്‍നെറ്റ് സൗകര്യം ജനങ്ങളുടെ അവകാശമായി പ്രഖ്യാപിച്ച രാജ്യത്തെ ആദ്യ സംസ്ഥാനവും നമ്മുടേത് തന്നെയാണ്.

ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റത്തിന് ഡിജിറ്റല്‍ പ്ലാറ്റിനം ഐക്കണ്‍ അവാര്‍ഡ്, മികച്ച കോവിഡ് വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യാ ടുഡേയുടെ ഹെല്‍ത്ത്ഗിരി അവാര്‍ഡ്, ന്യൂയോര്‍ക്ക് ടൈംസിന്റെ 2023ലെ പട്ടികയില്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട 52 ടൂറിസം ഡെസ്റ്റിനേഷന്‍, മികച്ച വാര്‍ദ്ധക്യ പരിചരണത്തിന് 2021 ലെ വയോശ്രേഷ്ഠതാ സമ്മാന്‍, ഗ്ലോബല്‍ സ്റ്റാര്‍ട്ട് അപ് ഇക്കോസിസ്റ്റം റിപ്പോര്‍ട്ട് പ്രകാരം അഫോര്‍ഡബിള്‍ ടാലെന്റില്‍ ഏഷ്യയില്‍ ഒന്നാം സ്ഥാനം, അഴിമതിരഹിത സേവനമികവിന് ഇന്ത്യ സ്മാര്‍ട്ട് പോലീസിങ് സര്‍വ്വേ 2021ല്‍ കേരള പോലീസിന് അംഗീകാരം തുടങ്ങി എണ്ണമറ്റ പുരസ്‌കാരങ്ങള്‍ കേരളത്തെ തേടിയെത്തി.

സാമ്പത്തിക പുരോഗതിയും സാമൂഹ്യനീതിയും ഉറപ്പുവരുത്തി വികസിത രാജ്യങ്ങള്‍ക്ക് സമാനമായ നിലയിലേയ്ക്ക് കേരളത്തെ ഉയര്‍ത്തുക എന്ന ലക്ഷ്യമാണ് സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ളത്. സുസ്ഥിരവും സമത്വപൂര്‍ണ്ണവുമായ വിജ്ഞാന സമ്പദ് വ്യവസ്ഥയിലേക്ക് നാം മുന്നേറിക്കൊണ്ടിരിക്കുകയാണ്. ആ നവകേരളം യാഥാര്‍ത്ഥ്യമാക്കാന്‍ കേരള ജനതയാകെ സര്‍ക്കാരിനൊപ്പമുണ്ട്. അടിയുറച്ച പിന്തുണയാണ് ജനങ്ങള്‍ സര്‍ക്കാരിനു ഓരോ ഘട്ടത്തിലും നല്‍കി വരുന്നത്. പ്രതിസന്ധികളില്‍ കരുത്തായും ഉപദേശനിര്‍ദ്ദേശങ്ങള്‍ പകര്‍ന്നും അവര്‍ കൂടെയുണ്ട്. അതു നല്‍കുന്ന കരുത്താണ് ഈ നേട്ടങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സര്‍ക്കാരിനു പ്രചോദനവും ഊര്‍ജ്ജവും പകര്‍ന്നത്. നാടിനെ വിഭജിക്കുന്ന ശക്തികളെ ഒറ്റക്കെട്ടായി ചെറുത്ത് നവകേരളത്തിനായി നമുക്ക് ഒരുമിച്ചു മുന്നേറാം. ഈ നാലാം വാര്‍ഷികാഘോഷങ്ങള്‍ അതിനു സഹായകമാകട്ടെ. ഇതൊരു ചരിത്രമുഹൂര്‍ത്തമാണ്. കേരളത്തിന് ആവശ്യമായതെന്തോ, കേരള ജനത ആഗ്രഹിക്കുന്നതെന്തോ, അത് മികച്ച രീതിയില്‍ തുടരാന്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കുന്ന മുഹൂര്‍ത്തം. ഈ കൂട്ടായ്മയും ഈ ആത്മസമര്‍പ്പണവും ഈ മുന്നേറ്റവും കൂടുതല്‍ കരുത്തോടെ തുടരാം എന്നാണ് ഈ സന്ദര്‍ഭത്തില്‍ ആവര്‍ത്തിച്ച് പറയാനുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com