' 'അ' മുതല്‍ 'ക്ഷ' വരെയുള്ള കാര്യങ്ങള്‍ ചെയ്യുന്നത് ദേശീയപാത അതോറിറ്റി, പൊതുമരാമത്ത് വകുപ്പിന് പങ്കില്ല'

മറ്റൊരു അര്‍ത്ഥത്തില്‍ എല്‍ഡിഎഫിന് ഉത്തരവാദിത്തമുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി എല്‍ഡിഎഫ് 2016-ല്‍ അധികാരത്തില്‍ വന്നില്ലായിരുന്നെങ്കില്‍ ദേശീയപാത വികസനം നടക്കില്ലായിരുന്നുവെന്നും പറഞ്ഞു
Chief Minister Pinarayi Vijayan says the state government or the Public Works Department has no involvement in the construction of the national highway
പിണറായി വിജയന്‍വിഡിയോ സ്‌ക്രീന്‍ഷോട്ട്
Updated on

കൊല്ലം: ദേശീയപാത നിര്‍മാണത്തില്‍ സംസ്ഥാന സര്‍ക്കാരിനോ പൊതുമരാമത്ത് വകുപ്പിനോ യാതൊരു തരത്തിലുള്ള പങ്കാളിത്തവും ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയപാതയുടെ 'അ' മുതല്‍ 'ക്ഷ' വരെയുള്ള കാര്യങ്ങള്‍ ചെയ്യുന്നത് ദേശീയ പാത അതോറിറ്റിയാണെന്നും പ്രശ്നങ്ങള്‍ പരിഹരിച്ച് അവര്‍ മുന്നോട്ട് പോകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. നിര്‍മാണത്തിലിരിക്കുന്ന ദേശീയ പാതയില്‍ തകര്‍ച്ചയുണ്ടായ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരായ പ്രതിപക്ഷ വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോട് അനുബന്ധിച്ചുള്ള എല്‍ഡിഎഫ് പൊതുയോഗം കൊല്ലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

അതേസമയം മറ്റൊരു അര്‍ത്ഥത്തില്‍ എല്‍ഡിഎഫിന് ഉത്തരവാദിത്തമുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി എല്‍ഡിഎഫ് 2016-ല്‍ അധികാരത്തില്‍ വന്നില്ലായിരുന്നെങ്കില്‍ ദേശീയപാത വികസനം നടക്കില്ലായിരുന്നുവെന്നും പറഞ്ഞു. ഇപ്പോള്‍ ദേശീയ പാതയുടെ നിര്‍മാണം നടക്കുന്ന ചില ഭാഗങ്ങളില്‍ പ്രശ്നങ്ങള്‍ ഉണ്ടായപ്പോള്‍ എല്‍ഡിഎഫിന്റെ പ്രശ്നമാണെന്ന് ചിലര്‍ രംഗത്ത് വരുന്നുണ്ട്. ശരിയാണ്, അവര്‍ ഇട്ടുവെച്ച് പോയ ഒരു പണി നിങ്ങള്‍ എന്തിന് യാഥാര്‍ഥ്യമാക്കാന്‍ പോയി എന്ന നിലക്കാണ് ചോദിക്കുന്നതെങ്കില്‍ ഞങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ടെന്ന് പറയാം. ആ ഉത്തരവാദിത്തം നാടിന്റെ മുന്നോട്ട് പോക്കിന് ഞങ്ങള്‍ നിര്‍വഹിക്കേണ്ട പ്രാഥമിക ഉത്തരവാദിത്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദേശീയപാതയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അ മുതല്‍ ക്ഷ വരെയുള്ള കാര്യങ്ങള്‍ നിര്‍വഹിക്കുന്നത് ദേശീയ പാത അതോറിറ്റിയാണ്. അവര്‍ക്കതിന് പ്രത്യേക സജ്ജീകരണങ്ങളുണ്ട്. അതില്‍ ഒരു തരത്തിലുള്ള പങ്കാളിത്തവും പൊതുമരാമത്ത് വകുപ്പിനോ കേരള സര്‍ക്കാരിനോ ഇല്ല. എല്ലാം അവരുടെ നിയന്ത്രണത്തിലാണ് നടക്കുന്നത്. അതുകൊണ്ടാണ് അതുമായി ബന്ധപ്പെട്ട നപടികളിലേക്ക് കേന്ദ്ര സര്‍ക്കാര്‍ കടന്നിരിക്കുന്നത്. എന്തുംപറയാന്‍ ശേഷിയുള്ളത് കൊണ്ട് പറയുന്നു എന്നത് മാത്രമാണുള്ളത്. വീഴ്ചകള്‍ പരിഹരിച്ച് മുന്നോട്ട് പോകണം. അതില്‍ ദേശീയപാത അതോറിറ്റി ഉത്തരവാദിത്തം കാണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്' മുഖ്യമന്ത്രി പറഞ്ഞു.

'ദേശീയപാത നിര്‍മിക്കുന്നത് മുഴുവന്‍ ദേശീയപാത അതോറിറ്റിയാണ്. നമ്മുടെ സംസ്ഥാനത്തിന് ഒരു പൈസയും അതില്‍ ചെലവില്ല. ഭൂമിയേറ്റെടുത്ത് കൊടുക്കുക മാത്രമേ വേണ്ടതുള്ളൂ. അതിന് ആവശ്യമായ പണം ദേശീയപാത അതോറിറ്റിനല്‍കും. എന്നാല്‍ ആ ചുമതല വഹിക്കാന്‍ ബാധ്യതപ്പെട്ട അന്നത്തെ സര്‍ക്കാര്‍ ചെയ്തില്ല. ഒരിഞ്ച് സ്ഥലവും അവര്‍ ഏറ്റെടുത്തില്ല. ദേശീയ പാത അതോറിറ്റി ഓഫീസ് പൂട്ടി സ്ഥലം വിട്ടു. പിന്നീടാണ് 2016 പുതിയ സര്‍ക്കാര്‍ അധികാരത്തില്‍വന്നത്. ദേശീയ പാത അതോറിറ്റിയെ തിരിച്ചുവിളിച്ചു. എന്നാല്‍ യുഡിഎഫ് കാണിച്ച കെടുകാര്യസ്ഥതയ്ക്ക് നാം പിഴയൊടുക്കേണ്ടതായി വന്നു. കേരളത്തിലെ ഭൂമിക്ക് വലിയ വിലയുണ്ട്. അത് ഞങ്ങള്‍ക്ക് കൊടുക്കാന്‍ പറ്റില്ലെന്ന് പറഞ്ഞു. രാജ്യത്ത് എവിടെയും അങ്ങനെയൊരു പതിവില്ല. തര്‍ക്കമുന്നയിച്ചു. എന്നാല്‍ ദേശീയ പാത വന്നേ തീരുവെന്നത് നമ്മുടെ നാടിന്റെ വികസനത്തില്‍ പ്രധാനപ്പെട്ടതായിരുന്നു. ഒടുവില്‍ സ്ഥലമേറ്റെടുക്കുന്നതിന് വേണ്ട ചെലവിന്റെ 25 ശതമാനം സംസ്ഥാനം ഏറ്റെക്കാമെന്ന ധാരണയിലെത്തി. ഇപ്പോള്‍ അത് യാഥാര്‍ഥ്യമായെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com