പാര്‍ട്ടിക്ക് ഒരു ചുക്കുമില്ല, ഇഡിയുടേത് ഗൂഢാലോചന, നിയമപരമായും രാഷ്ട്രീയമായും നേരിടും: എം വി ഗോവിന്ദന്‍

കഴിഞ്ഞ 10 കൊല്ലത്തിനിടെ ഇഡി 193 കേസുകള്‍ എടുത്തതിൽ, രണ്ടു കേസുകളില്‍ മാത്രമാണ് ശിക്ഷിക്കപ്പെട്ടിട്ടുള്ളത്
M V Govindan
M V Govindanടിവി ദൃശ്യം
Updated on
2 min read

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ ( Karuvannur Bank Fraud Case ) ഇഡിയുടേത് ബോധപൂര്‍വമായ രാഷ്ട്രീയ ഗൂഢാലോചനയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ( M V Govindan ). സിപിഎമ്മിനേയും പാര്‍ട്ടിയുടെ സമുന്നത നേതാക്കന്മാരെയും കുറ്റപത്രത്തിന്റെ ഭാഗമായി ചേര്‍ത്ത് കേസില്‍ പ്രതികളാണെന്ന് വരുത്തിത്തീര്‍ക്കാനും പ്രചാരണം നടത്താനുമുള്ള ബോധപൂര്‍വമായ രാഷ്ട്രീയ ഗൂഢാലോചനയാണിത്.

ഇഡി രണ്ടുമൂന്നു കാര്യങ്ങളാണ് നിര്‍വഹിക്കുന്നത്. പ്രതിപക്ഷ രാഷ്ട്രീയപാര്‍ട്ടി നേതാക്കന്മാര്‍ക്കെതിരായി ഇല്ലാക്കഥയുണ്ടാക്കി കേസുണ്ടാക്കുന്നു. ഭരണകക്ഷിയുടെ ഭാഗമായിട്ടുള്ള പ്രമുഖരായ ആളുകള്‍ വലിയ സാമ്പത്തിക കുറ്റം തന്നെ ചെയ്താലും പ്രതികളെ ഇഡി രക്ഷപ്പെടുത്തുന്നു. തൃശൂരിലെ കുഴല്‍പ്പണ ഇടപാടിലെ ബിജെപി- ആര്‍എസ്എസ് നേതാക്കളെ ഇതേ ഇഡി തന്നെയാണ് രക്ഷപ്പെടുത്തിയത്. ഇതുകൂടാതെ സ്വന്തമായി പണമുണ്ടാക്കാനായി കോടിക്കണക്കിന് രൂപ കൈക്കൂലി ചോദിച്ചു വാങ്ങുക. ഈ മൂന്നു കാര്യങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ 10 കൊല്ലത്തിനിടെ ഇഡി 193 കേസുകള്‍ എടുത്തതായി പാര്‍ലമെന്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതില്‍ രണ്ടു കേസുകളില്‍ മാത്രമാണ് ശിക്ഷിക്കപ്പെട്ടിട്ടുള്ളത്. ബാക്കി മുഴുവന്‍ കേസുകളും ഒഴിവാക്കപ്പെടുന്നു എന്നത് രാഷ്ട്രീയ പ്രേരിതമായി പ്രതിപക്ഷത്തെ കടന്നാക്രമിക്കാന്‍ ഒരു തെളിവുമില്ലാതെ കേസെടുക്കുന്നതു കൊണ്ടാണ്. ഇതുപോലെ സിപിഎമ്മിനെതിരെ ശക്തമത്തായ കള്ളക്കഥ തയ്യാറാക്കി കേസ് കൈകാര്യം ചെയ്യുന്നു എന്നതാണ് ഇഡിയുടെ മുഖമുദ്ര. ഇത് സുപ്രീംകോടതി തന്നെ പറഞ്ഞിട്ടുണ്ട്.

കരുവന്നൂര്‍ കേസിന്റെ ഭാഗമായി തെറ്റായ നിലപാട് സ്വീകരിച്ച ഒരാളെയും പാര്‍ട്ടി വെറുതെ വിട്ടിട്ടില്ല. എന്നാല്‍ പാര്‍ട്ടിയുടെ മേല്‍ കെട്ടിവെക്കാനായി പാര്‍ട്ടിയെ പ്രതിയാക്കുക, പാര്‍ട്ടി മുന്‍ ജില്ലാ സെക്രട്ടറിമാരായിരുന്ന മൂന്നു നേതാക്കളെ പ്രതിയാക്കുക, എന്നിങ്ങനെ ഇല്ലാക്കഥയുണ്ടാക്കി ഇടതുമുന്നണിയെയും സിപിഎമ്മിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്താം എന്നാണ് ഇഡി ധരിക്കുന്നതെങ്കില്‍ അതിനെല്ലാം കൃത്യമായ മറുപടി കേരളത്തിലെ ജനങ്ങള്‍ നല്‍കും. ഇതിനെ ജനകീയമായ പിന്തുണയോടെ നേരിടും രാഷ്ട്രീയമായും നിയമപരമായും ഇഡി കേസിനെ നേരിടും. എം വി ഗോവിന്ദന്‍ പറഞ്ഞു.

ഇതുകൊണ്ട് സിപിഎമ്മിനെയോ ഇടതുജനാധിപത്യ മുന്നണി സര്‍ക്കാരിനെയോ ഏതെങ്കിലും തരത്തില്‍ പോറലേല്‍പ്പിക്കാന്‍ ആകുമെന്ന ഒരു ധാരണയും ഇഡിക്കോ കേന്ദ്രസര്‍ക്കാരിനോ വേണ്ട. ഈ ഗൂഢാലോചന കേരളത്തിലുടനീളം ജനങ്ങള്‍ക്കിടയില്‍ ശക്തമായി തുറന്നുകാട്ടും. ഇതുകൊണ്ടൊന്നും വോട്ടൊന്നും മാറിപ്പോകില്ല. കള്ളത്തരം പ്രചരിപ്പിക്കാനും, കള്ളത്തരത്തെ അടിസ്ഥാനപ്പെടുത്തി നിലപാട് സ്വീകരിക്കാനും തയ്യാറാകുന്ന ഏജന്‍സിയാണ് ഇഡിയാണെന്ന് ആര്‍ക്കാണ് ആര്‍ക്കാണ് അറിയാന്‍ പാടില്ലാത്തതെന്ന് എം വി ഗോവിന്ദന്‍ ചോദിച്ചു.

ഭയങ്കര പ്രത്യാഘാതം ഉണ്ടാകുമെന്ന് ചിലര്‍ പറയുന്നു. ഒരു ചുക്കും ഉണ്ടാകില്ലെന്ന് ഞങ്ങള്‍ക്ക് അറിയാം. തെരഞ്ഞെടുപ്പല്ല, ഏതു സാഹചര്യത്താലും. ഇതിനു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. ഇത് കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയും. നിലമ്പൂരിലെ ഇടതു സ്ഥാനാര്‍ത്ഥിയെ ഒരാഴ്ചയ്ക്കകം പ്രഖ്യാപിക്കുമെന്നാണ് താന്‍ പറഞ്ഞിട്ടുള്ളത്. യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനവുമായി ഇടതു സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ ഒരു ബന്ധവുമില്ല. ഏഴുദിവസത്തിനകം പ്രഖ്യാപിക്കുമെന്നാണ് പറഞ്ഞിട്ടുള്ളത്. സര്‍പ്രൈസ് ഉണ്ടോയെന്ന് പ്രഖ്യാപിക്കുമ്പോള്‍ മനസ്സിലാകുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസില്‍ സിപിഎമ്മിനേയും മുതിര്‍ന്ന നേതാക്കളേയും പ്രതികളാക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്തിമ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. സിപിഎം തൃശൂര്‍ മുന്‍ ജില്ലാ സെക്രട്ടറിമാരായ എ സി മൊയ്തീന്‍, കെ രാധാകൃഷ്ണന്‍ എംപി, എം എം വര്‍ഗീസ് എന്നിവരും പ്രതികളാണ്. സിപിഎമ്മിനേയും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അന്തിമ കുറ്റപത്രത്തില്‍ പുതുതായി 27 പ്രതികള്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ട്. ഇതോടെ കേസില്‍ ആകെ പ്രതികളുടെ എണ്ണം 83 ആയി. സഹകരണ ബാങ്ക് തട്ടിപ്പു വഴി പ്രതികള്‍ സമ്പാദിച്ചത് 180 കോടി രൂപയാണെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. പ്രതികളുടെ സ്വത്തുവകകളില്‍ നിന്ന് ഇഡി 128 കോടി രൂപ കണ്ടുകെട്ടിയെന്നും കുറ്റപത്രത്തില്‍ പറയുന്നു.

സിപിഎം ജില്ലാ കമ്മിറ്റിയുടെ പ്രസ്താവന

അനീതി നിറഞ്ഞതും രാഷ്ട്രീയ പ്രേരിതവുമായ കുറ്റപത്രമാണ് കരുവന്നൂർ കേസിൽ ഇ ഡി തയ്യാറാക്കി കോടതിയിൽ സമർപ്പിച്ചിട്ടുള്ളതെന്ന് സിപിഎം തൃശൂർ ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ ആരോപിച്ചു. ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടും. കേന്ദ്ര ഭരണകക്ഷിയുടെ താൽപര്യങ്ങൾ മുൻനിർത്തി രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്നതിന്റെ ഭാഗമായാണ് കുറ്റപത്രത്തിൽ പാർട്ടി ജില്ലാ സെക്രട്ടറിമാരായിരുന്നവരെ ഉൾപ്പെടുത്തിയത്. മാതൃകാപരമായ പൊതുജീവിതം ഉള്ള നേതാക്കളെ കേന്ദ്ര ഏജൻസി കരിയടിക്കാൻ ശ്രമിക്കുന്നത് അപഹാസ്യമാണ്.

കൊച്ചിയിലെ ഇഡി ഉദ്യോഗസ്ഥർ കൈക്കൂലി കേസിൽപ്പെട്ട് ജനസമക്ഷം അവഹേളിതമായിരിക്കുന്ന സമയത്ത് വാർത്തകൾ വഴി തിരിച്ചു വിടാനുള്ള ആസൂത്രിത ശ്രമം കൂടിയാണ് ഇപ്പോഴത്തെ കുറ്റപത്രം. കൊടകരയിൽ ബിജെപി ഇറക്കിയ 34 കോടിയുടെ കുഴൽ പണ കേസിന്റെ കുറ്റപത്രത്തിൽ ബി ജെ പി യെ ഒഴിവാക്കിയ അതേ ഉദ്യോഗസ്ഥരാണ് ഇപ്പോൾ ഇത്തരത്തിൽ നീതിയെ ബലികഴിക്കുന്ന റിപ്പോർട്ട് നൽകിയിട്ടുള്ളത്. ഇതിനെ നിയമപരവും രാഷ്ട്രീയവുമായി സി പി എം നേരിടുമെന്ന് ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com