

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗക്കേസില്‍ കന്യാസ്ത്രീയെ പിന്തുണച്ച് രംഗത്തു വരികയും സമരം നടത്തുകയും ചെയ്ത സിസ്റ്റര്‍ അനുപമ ( sister anupama ) സഭാവസ്ത്രം ഉപേക്ഷിച്ചു. എംഎസ്ഡബ്ല്യു ബിരുദധാരിയായ അനുപമ നിലവില്‍ വീടിനു സമീപത്തുള്ള പള്ളിപ്പുറം ഇന്‍ഫോപാര്‍ക്കിലെ ഐടി സ്ഥാപനത്തില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്ററായി ജോലി ചെയ്യുകയാണ്.
ജലന്തര്‍ രൂപതയുടെ കീഴില്‍ കോട്ടയം കുറവിലങ്ങാട്ടു പ്രവര്‍ത്തിക്കുന്ന നാടുകുന്ന് സെന്റ് ഫ്രാന്‍സിസ് മിഷന്‍ ഹോം സന്യാസമഠത്തില്‍ നിന്ന് ഒന്നര മാസം മുന്‍പാണ് അനുപമ ആലപ്പുഴ പള്ളിപ്പുറത്തെ വീട്ടിലെത്തിയത്. സിസ്റ്റര്‍ അനുപമയെക്കൂടാതെ, സിസ്റ്റര്‍ നീന റോസ്, സിസ്റ്റര്‍ ജോസഫൈന്‍ എന്നിവര്‍ കൂടി മഠം വിട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.
മിഷനറീസ് ഓഫ് ജീസസ് സന്യാസ സഭാംഗങ്ങളായിരുന്നു ഇവര്‍. കത്തോലിക്ക സഭയെ പിടിച്ചുലച്ച കേസായിരുന്നു ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗ ആരോപണം. 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ 13 തവണ ബിഷപ്പ് ഫ്രാങ്കോ ബലാത്സംഗം ചെയ്തുവെന്നായിരുന്നു കന്യാസ്ത്രീയുടെ പരാതി.
പീഡനക്കേസില്‍ പരാതി നല്‍കിയിട്ടും നടപടി ഇല്ലാതെ വന്നതോടെയാണ് സിസ്റ്റര്‍ അനുപമയുടെ നേതൃത്വത്തില്‍ കന്യാസ്ത്രീകള്‍ പരസ്യമായി സമരത്തിനിറങ്ങിയത്. കുറവിലങ്ങാട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 2018 സെപ്റ്റംബറില്‍ ബിഷപ്പ് അറസ്റ്റിലായി. 105 ദിവസം നീണ്ട വിചാരണ നടപടികള്‍ക്ക് ശേഷം കോട്ടയം ജില്ല അഡീഷണല്‍ സെഷന്‍സ് കോടതി 2022 ജനുവരി 14 ന് ബിഷപ്പ് ഫ്രാങ്കോയെ വെറുതെ വിടുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
