കോടികള്‍ വരുമാനമുണ്ടായിരുന്നു, ഇപ്പോള്‍ തകര്‍ന്നു, മത്സരിക്കാത്തത് കാശില്ലാത്തതിനാല്‍: പി വി അന്‍വര്‍

'എല്‍ഡിഎഫും യുഡിഎഫും കോടികള്‍ പൊടിക്കുന്നത് ചേലക്കരയില്‍ കണ്ണുകൊണ്ട് കണ്ടതാണ്'
P V Anvar
P V Anvarfile
Updated on

മലപ്പുറം: സാമ്പത്തികമായി തകര്‍ന്ന അവസ്ഥയിലാണെന്നും കയ്യില്‍ കാശില്ലാത്തതിനാലാണ് മത്സരിക്കാത്തതെന്നും പി വി അന്‍വര്‍ ( P V Anvar ). പൈസ വേണ്ടേ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍. ഒരു പൈസയും കയ്യിലില്ല. ആകെ കടക്കാരനാണ്. കേരളത്തില്‍ സ്വത്തു വെളിപ്പെടുത്തി ഏറ്റവും കൂടുതല്‍ സ്വത്ത് വെളിപ്പെടുത്തിയതിന്‍ ഞാനാണ് നമ്പര്‍ വണ്‍ എന്ന് ടിവിയില്‍ കാണുമ്പോള്‍ ചിരി വരും. എന്നെ തകര്‍ത്ത് തരിപ്പണമാക്കിയില്ലേ ഇവരെല്ലാം ചേര്‍ന്നെന്ന് അന്‍വര്‍ ചോദിച്ചു.

ലോകം മുഴുവന്‍ തനിക്കെതിരെ കേസു കൊടുത്തു. ഇപ്പോള്‍ എത്ര കേസുകളുണ്ടെന്ന് അറിയുമോ?. ലക്ഷങ്ങള്‍ വരുമാനം ഉണ്ടായിരുന്ന അന്‍വറിനെ പൂജ്യത്തിലാക്കി. പലതും ജപ്തിയുടെ വക്കിലാണ്. പതിനായിരം രൂപയ്ക്ക് പോലും ബുദ്ധിമുട്ടുന്നു. പി വി അന്‍വറിനെ തകര്‍ത്തത് ജനങ്ങള്‍ക്ക് വേണ്ടി പറഞ്ഞതിനാണ്. ഐഎഎസ്-ഐപിഎസ് ലോബി, ഭരണകക്ഷിയും, ആര്‍എസ്എസ്, കേന്ദ്രസര്‍ക്കാര്‍, ചില സംഘങ്ങള്‍ തുടങ്ങിയവര്‍ ഞെക്കി ഞെക്കി ഇല്ലാണ്ടാക്കിയെന്ന് പി വി അന്‍വര്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോടിക്കണക്കിന് രൂപ വേണ്ടിവരും. ഒരു ബൂത്തില്‍ രണ്ടും മൂന്നും ലക്ഷം വെച്ച് എത്ര കോടി രൂപയാണ് വേണ്ടി വരികയെന്ന് അന്‍വര്‍ ചോദിച്ചു.

എല്‍ഡിഎഫും യുഡിഎഫും കോടിക്കണക്കിന് രൂപയാണ് ചെലവഴിക്കാന്‍ പോകുന്നത്. അവര്‍ കോടികള്‍ പൊടിക്കുന്നത് ചേലക്കരയില്‍ ഞാന്‍ കണ്ണുകൊണ്ട് കണ്ടതാണ്. ഒരു ബൂത്തില്‍ നാലും അഞ്ചും ലക്ഷമാണ് ചെലവാക്കിയത്. 97 എംഎല്‍എമാരും മുഖ്യമന്ത്രി അടക്കം 21 മന്ത്രിമാരും എംപിമാരും നിലമ്പൂരിലേക്ക് വരാന്‍ പോകുകയാണ്. മരുമോന്റെ സംഘം കോഴിക്കോട്ടു നിന്നും തിരുവനന്തപുരത്തു നിന്നും ഇങ്ങോട്ടു വരും. യുഡിഎഫിന്റെ 42 എംഎല്‍എമാരും അവരുടെ എംപിമാരും, കൂടാതെ പ്രതിപക്ഷ നേതാവിന്റെ സംഘവും ഇങ്ങോട്ടും വരും. ഇവരങ്ങ് ഇടിച്ചു തിമിര്‍ത്ത് പോകുവല്ലേയെന്ന് പി വി അന്‍വര്‍ പറഞ്ഞു.

പി വി അന്‍വറും യുഡിഎഫും ഒരുമിച്ച് നിന്നിട്ടും നിലമ്പൂരില്‍ ഇടതു സ്ഥാനാര്‍ത്ഥി വിജയിച്ചാലുള്ള അവസ്ഥയെന്താണ്?. പിന്നെ പിണറായിസമുണ്ടോ?. ഭരണവിരുദ്ധ വികാരമുണ്ടോ?. കേരലത്തിലെ 140 മണ്ഡലങ്ങളെയും ഇതു ബാധിക്കില്ലേയെന്ന് അന്‍വര്‍ ചോദിച്ചു. കേരളത്തിലെ ജനങ്ങള്‍ സര്‍ക്കാരിന് എതിരാണെന്ന് തെളിയിക്കാന്‍ വേണ്ടിയാണ് ഞാന്‍ നിലമ്പൂരില്‍ രാജിവെച്ചത്. വന്യജീവി പ്രശ്‌നം നിലനില്‍ക്കുന്നതിനാല്‍, മലയോര കുടിയേറ്റക്കര്‍ഷകരില്‍ ഒരാളെ മത്സരിപ്പിക്കാനാണ് ആവശ്യപ്പെട്ടത്.

ആരെയും കണ്ടിട്ടല്ല എല്‍ഡിഎഫില്‍ നിന്നും ഇറങ്ങിവന്നത്. സര്‍വശക്തനായ ദൈവത്തെയും ഇന്നാട്ടിലെ പാവപ്പെട്ട ജനങ്ങളെയും കണ്ടിട്ടാണ്. ഈ പാവപ്പെട്ട മനുഷ്യരിലാണ് പ്രതീക്ഷയെന്ന് അന്‍വര്‍ പറഞ്ഞു. ഭൂരിപക്ഷം കണ്ട് ഭയപ്പെടരുത്, നീ നീതിക്കുവേണ്ടി നിലകൊള്ളണം എന്നാണ് ഖുറാനും ബൈബിളും മറ്റ് മതഗ്രന്ഥങ്ങളും പറയുന്നത്. ഭൂരിപക്ഷത്തെ കണ്ടിട്ട് ഭയപ്പെട്ട് നാളത്തെ അധികാരത്തിന്റെ അപ്പക്കഷണത്തിനു വേണ്ടി, പിണറായിസത്തിനെതിരെ, ഈ സര്‍ക്കാരിനെതിരെ ഉയര്‍ത്തിയ പോരാട്ടത്തില്‍ നിന്നും പിന്മാറാന്‍ ഉദ്ദേശിക്കുന്നില്ല. മിത്രം എന്നു കരുതിയവരുടെ ഒപ്പം നിന്ന് ശത്രുവിനെ നേരിടാമെന്ന് കരുതെങ്കിലും, ശത്രുവിനൊപ്പമാണ് ഇപ്പുറത്തെ ചിലരൊക്കെയെന്ന വസ്തുത മനസ്സിലായി. കേരളത്തിലെ ജനങ്ങള്‍ക്ക് ഇക്കാര്യം മനസ്സിയിക്കൊള്ളുമെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com