യുഡിഎഫ് വാഗ്ദാനത്തില്‍ തീരുമാനം എന്ത്?; പി വി അന്‍വറിന്റെ നിലപാട് ഇന്നറിയാം

മുന്നണിയില്‍ അസോസിയേറ്റ് മെമ്പര്‍ഷിപ്പ് നല്‍കാമെന്നാണ് യുഡിഎഫ് അന്‍വറിനെ അറിയിച്ചിട്ടുള്ളത്
P V Anvar
P V Anvarfile
Updated on
1 min read

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിനോട് സഹകരിക്കണോ എന്നതില്‍ പി വി അന്‍വര്‍ ( P V Anvar ) ഇന്ന് നിലപാട് വ്യക്തമാക്കും. രാവിലെ ഒമ്പതു മണിക്ക് അന്‍വര്‍ വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിനെ പിന്തുണച്ചാല്‍ മുന്നണിയില്‍ അസോസിയേറ്റ് മെമ്പര്‍ഷിപ്പ് നല്‍കാമെന്നാണ് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് അന്‍വറിനെ അറിയിച്ചിട്ടുള്ളത്.

യുഡിഎഫിന്റെ ഈ വാഗ്ദാനത്തോട് അന്‍വറിന്റെ നിലപാട് എന്താണെന്ന് ഇന്ന് വ്യക്തമാകും. അസോസിയേറ്റ് മെമ്പര്‍ഷിപ്പ് പോരെന്നും, ഘടകകക്ഷി ആക്കണമെന്നുമാണ് പി വി അന്‍വറിന്റെ നിലപാട്. ഈ നിലപാടില്‍ അയവു വരുത്തുന്നുണ്ടോ എന്നാണ് ഇനി അറിയേണ്ടത്. പി വി അന്‍വറിന്റെ നിലപാട് അറിഞ്ഞശേഷം തുടര്‍നിലപാട് സ്വീകരിക്കാനാണ് യുഡിഎഫിന്റെ തീരുമാനം. യുഡിഎഫ് ഏകോപനസമിതി ചേര്‍ന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ മുന്നണിയിലെടുക്കാനാകില്ലെന്നും അസോസിയേറ്റ് അംഗത്വമാകാമെന്നും തീരുമാനിച്ചത്.

അൻവറുമായി ഫോണിൽ സംസാരിച്ച ശേഷമാണ് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് മുന്നണി തീരുമാനം അറിയിച്ചത്. അൻവറുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ മുന്നണി സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനെ അംഗീകരിക്കാനും സ്ഥാനാർത്ഥിക്കെതിരായി നടത്തിയ എല്ലാ വിമർശനങ്ങളും പിൻവലിക്കാനും അടൂർ പ്രകാശ് ആവശ്യപ്പെട്ടിരുന്നു. ഈ നിലപാട് പിവി അൻവർ അംഗീകരിച്ച് വാർത്താ സമ്മേളനത്തിൽ പരസ്യമായി ആര്യാടൻ ഷൗക്കത്തിനെ പിന്തുണക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.

തൃണമൂൽ കോൺഗ്രസിനെ യുഡിഎഫിൽ എടുക്കാൻ എഐസിസിയുടെ അനുമതി വേണമെന്നാണ് യുഡിഎഫ് യോഗത്തിൽ കോൺഗ്രസ് നിലപാട് അറിയിച്ചത്. പശ്ചിമ ബംഗാളിൽ അധികാരത്തിലുള്ള തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി, രാജ്യത്ത് പ്രതിപക്ഷ പാർട്ടികളുടെ സഖ്യമായ ഇന്ത്യ മുന്നണിയുമായി ബന്ധപ്പെട്ട് എടുക്കുന്ന നിലപാടാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന് മുന്നിലെ പ്രതിസന്ധി. പ്രതിപക്ഷ നേതാവിനെതിരെ നടത്തിയ കടന്നാക്രമണവും കോൺ​ഗ്രസിനെ ചൊടിപ്പിച്ചിട്ടുണ്ട്.

അതേസമയം, നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പി വി അൻവർ മത്സരിക്കണമെന്നാണ്, പാർട്ടിയിൽ അൻവറിനൊപ്പമുള്ള മറ്റ് നേതാക്കൾ ആവശ്യപ്പെടുന്നത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം അൻവറാണ് കൈക്കൊള്ളേണ്ടത്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പി വി അൻവർ മത്സരിക്കാനാണ് തീരുമാനമെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്രയാൻ വ്യക്തമാക്കിയിട്ടുണ്ട്. ഇനി ആരുടെയും കാലുപിടിക്കാനില്ലെന്ന് അൻവർ കഴിഞ്ഞദിവസം പ്രസ്താവിച്ചിരുന്നു. തൃണമൂൽ കോൺ​ഗ്രസ് മത്സരിക്കാൻ തീരുമാനിച്ചാൽ ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജിയും മന്ത്രിമാരും മണ്ഡലത്തിൽ പ്രചാരണത്തിന് എത്തുമെന്നും പി വി അൻവർ പറഞ്ഞിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com