

കണ്ണൂര്‍: ഒരു ഗ്രാമപഞ്ചായത്ത് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന കാഴ്ച കാണണമെങ്കില്‍ കണ്ണൂര്‍ ജില്ലയിലെ പെരളശേരിയിലേക്ക് വരണം. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്തെ ഒരു ഗ്രാമപഞ്ചായത്താണ് പെരളശേരി. പാവങ്ങളുടെ പടത്തലവനായ എ കെ ജി യുടെ ജന്മദേശമെന്ന ഖ്യാതിയും ഇവിടുത്തുകാര്‍ക്കുണ്ട്.
കേരളത്തിലെ ആദ്യത്തെ ഗ്രൗണ്ട് മൗണ്ടഡ് സൗരോര്‍ജ്ജനിലയമാണ് പെരളശേരി പഞ്ചായത്തിലെ പിലാഞ്ഞിയിലുള്ള മിനി ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റ് ഭൂമിയില്‍ സ്ഥാപിച്ചത്. വെറുതെ തരിശായി കിടന്ന 30 സെന്റ് സ്ഥലത്ത് 150 കിലോവാട്ട് ശേഷിയുള്ള ഗ്രൗണ്ട് മൗണ്ടഡ് സോളാര്‍പ്‌ളാന്റുകളാണ് സ്ഥാപിച്ചത.് 1500 ചതുരശ്ര മീറ്ററില്‍ 545 വാട്ട് ശേഷിയുള്ള 276 സോളാര്‍ പാനലുകളാണ് ഇവിടെയുള്ളത്. ഈ സോളാര്‍പ്‌ളാന്റില്‍ നിന്നും 600 യൂനിറ്റ് വൈദ്യുതി ഉല്‍പ്പാദനമാണ് ലക്ഷ്യമിടുന്നത്. ഉയര്‍ന്ന കാര്യക്ഷമതയുള്ള അതിനൂതന മോണോ പെര്‍ക്ക് സാങ്കേതികവിദ്യയിലുള്ള സോളാര്‍ പാനലുകളാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്.
റൂര്‍ ബന്‍പദ്ധതി പ്രകാരം ഒന്നേകാല്‍ കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. പഞ്ചായത്ത് ഓഫീസ്, പഞ്ചായത്തിന് കീഴിലുള്ള മറ്റു ഓഫിസുകള്‍, അംഗന്‍വാടികള്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങളിലെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഈ പ്‌ളാന്റിലൂടെ കഴിയുന്നുണ്ടെന്ന് പെരളശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ വി ഷീബ പറഞ്ഞു.
മിച്ചം വരുന്ന വൈദ്യുതി വ്യവസായ എസ്‌റ്റേറ്റിലെ സംരഭകര്‍ക്ക് നല്‍കാനും ബാക്കി കെഎസ്ഇബിക്ക് കൈമാറി വരുമാനമുണ്ടാക്കാനും പദ്ധതിയുണ്ട്. വൈദ്യുതി ക്ഷാമം അതിരൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് തന്നെ ആദ്യമായി ഒരു ഗ്രാമ പഞ്ചായത്ത് മുന്‍കൈയ്യെടുത്ത് ഗ്രൗണ്ട് മൗണ്ടഡ് സൗരോര്‍ജ്ജ നിലയം സ്ഥാപിക്കുന്നത്. സ്വയംപര്യാപ്തതയുടെ സന്ദേശം വൈദ്യുതി ഉല്‍പ്പാദനത്തിലൂടെ പകര്‍ന്നു നല്‍കുകയാണ് പെരളശേരിയെന്ന ഗ്രാമ പഞ്ചായത്ത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates