

ചര്‍മ്മത്തിന്റെയും മുടിയുടെയും സംരക്ഷണത്തിനും ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ഒരുപോലെ ഗുണം ചെയ്യുന്ന ഒന്നാണ് കറ്റാര്‍വാഴ. ഔഷധഗുണങ്ങള്‍ക്ക് പുറമേ, വീടുകളില്‍ പ്രത്യേകിച്ച് സ്ഥലപരിമിതിയുള്ള ഫ്‌ലാറ്റുകളിലെയും വീടുകളിലെയും ബാല്‍ക്കണികളില്‍ വളര്‍ത്താന്‍ ഏറ്റവും അനുയോജ്യമായ സസ്യങ്ങളില്‍ ഒന്നാണിത്. വീടിന് ഭംഗി കൂട്ടുന്നതിനൊപ്പം മുറിക്കുള്ളിലെ വായു ശുദ്ധീകരിക്കുന്ന ഒരു മികച്ച 'എയര്‍ പ്യൂരിഫയര്‍' കൂടിയാണ് കറ്റാര്‍വാഴ. എന്നാല്‍ വീടിനുള്ളില്‍ ഇവ വളര്‍ത്തുമ്പോള്‍ കൃത്യമായ ചില പരിചരണ രീതികള്‍ ആവശ്യമാണ്.
കറ്റാര്‍വാഴ നടാന്‍ മണ്‍ചട്ടികളാണ് ഏറ്റവും അനുയോജ്യം. ചട്ടിയുടെ അടിയില്‍ അമിതമായ വെള്ളം എളുപ്പത്തില്‍ വാര്‍ന്നുപോകാന്‍ സഹായിക്കുന്ന ദ്വാരങ്ങള്‍ ഉണ്ടായിരിക്കണം. വേരുകള്‍ പടരാന്‍ സഹായിക്കുന്ന നല്ല വീതിയുള്ളതും എന്നാല്‍ അധികം ആഴമില്ലാത്തതുമായ ചട്ടി വേണം തെരഞ്ഞെടുക്കാന്‍. ആവശ്യത്തിന് സൂര്യപ്രകാശം, നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണ്, പാകത്തിനുള്ള നനവ് എന്നിവ ലഭിച്ചാല്‍ കറ്റാര്‍വാഴ ആരോഗ്യത്തോടെ വളരും. ഉച്ചയ്ക്കത്തെ നേരിട്ടുള്ള ശക്തമായ വെയില്‍ നേരിട്ട് അടിക്കാത്ത രീതിയില്‍ തണലും വെളിച്ചവും ഒരുപോലെ ലഭിക്കുന്ന ഇടമാണ് കറ്റാര്‍വാഴയ്ക്ക് ഏറ്റവും ഉചിതം.
വേരുകള്‍ക്ക് ചുറ്റും വെള്ളം കെട്ടിനില്‍ക്കുന്നത് കറ്റാര്‍വാഴയുടെ വേരുകള്‍ അഴുകിപ്പോകാന്‍ കാരണമാകും. അതിനാല്‍ നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണാണ് കറ്റാര്‍വാഴയ്ക്ക് ആവശ്യം. സാധാരണ പോട്ടിങ് കമ്പോസ്റ്റിലേക്ക് മണല്‍, പെര്‍ലൈറ്റ് അല്ലെങ്കില്‍ ഗ്രിറ്റ് എന്നിവ ചേര്‍ത്ത് വേണം മണ്ണൊരുക്കാന്‍. ഇത് വേരുകളിലേക്ക് നല്ല രീതിയില്‍ വായുസഞ്ചാരം ഉറപ്പാക്കുന്നു. ചട്ടിയിലെ മേല്‍മണ്ണ് പൂര്‍ണ്ണമായും ഉണങ്ങിയ ശേഷം മാത്രം നന്നായി നനയ്ക്കുക. അമിതമായി നനയ്ക്കുന്നത് ചെടി നശിക്കാന്‍ കാരണമാകും.
തണുപ്പുള്ള മാസങ്ങളില്‍ നനയ്ക്കുന്നതിന്റെ അളവ് വീണ്ടും കുറയ്ക്കണം. ചട്ടിയുടെ അടിയിലെ തട്ടില്‍ വെള്ളം കൂടുതല്‍ നേരം തങ്ങിനില്‍ക്കാന്‍ ഒരിക്കലും അനുവദിക്കരുത്. ചെടി ആരോഗ്യത്തോടെ ഇരിക്കാന്‍ ഉണങ്ങിയ ഇലകള്‍ കൃത്യമായി നീക്കം ചെയ്യുകയും ചെടിയുടെ ചുറ്റുമുള്ള ഭാഗം എപ്പോഴും വൃത്തിയായി സൂക്ഷിക്കുകയും വേണം. നിസ്സാരമായ കരുതലും കൃത്യമായ പരിചരണവും നല്‍കിയാല്‍ ഏതൊരു കുഞ്ഞു ബാല്‍ക്കണിയിലും വളര്‍ത്തിയെടുക്കാവുന്ന മികച്ചൊരു ഔഷധച്ചെടിയാണ് കറ്റാര്‍വാഴ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates