തരംകിട്ടിയാൽ മിണ്ടാപ്രാണികൾക്ക് നേരെ ഒരു കാരണവും ഇല്ലാതെ അതിക്രമങ്ങൾ കാണിക്കുക എന്നത് ചില മനുഷ്യരുടെ സ്വഭാവമാണ്. തടയാനുള്ള നിയമങ്ങളും ബോധവത്കരണവും ഒക്കെയുണ്ടെങ്കിൽ ചിലർക്ക് അതൊന്നും ബാധകമേയല്ല. അത്തരമൊരു യുവതിയുടെ ക്രൂരതയാണ് ഇപ്പോൾ വലിയ ചർച്ചയായി മാറുന്നത്.
ഒരു പ്രകോപനവും ഇല്ലാതെ ഹിപ്പപൊട്ടാമസിനോട് സഞ്ചാരിയായ യുവതി കാണിച്ച ക്രൂരതയുടെ ദൃശ്യങ്ങളാണ് ഇന്തോനേഷ്യയിൽ നിന്നു പുറത്തുവരുന്നത്. യാത്രക്കാരെ കണ്ടു ഭക്ഷണം നൽകുമെന്നു കരുതി അരികിലെത്തിയ ഹിപ്പപൊട്ടാമസിന്റെ വായിലേക്ക് യുവതി പ്ലാസ്റ്റിക് കുപ്പി എറിയുകയായിരുന്നു. വെസ്റ്റ് ജാവയിലുള്ള തമൻ സഫാരി പാർക്കിലാണ് സംഭവം നടന്നത്.
യുവതി സഞ്ചരിച്ചിരുന്ന വാഹനത്തിനു തൊട്ടുപിന്നാലെയെത്തിയ സിന്ധ്യ ആയു എന്ന വ്യക്തിയാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. വെള്ളത്തിനു നടുവിലുള്ള വഴിയിലൂടെ സഞ്ചാരികൾ നീങ്ങുമ്പോൾ അരികിലേക്കെത്തിയ ഹിപ്പോയെ കണ്ട യുവതി പ്ലാസ്റ്റിക് കുപ്പി കാറിനു പുറത്തേക്ക് ഉയർത്തിക്കാട്ടി. ഇതോടെ ഭക്ഷണം നൽകാനാവും എന്നുകരുതി ഹിപ്പോ വായ തുറക്കുകയായിരുന്നു. ഉടൻ തന്നെ അവർ കുപ്പി ഹിപ്പോയുടെ വായിലേക്ക് എറിഞ്ഞുകൊടുത്തു.
വായിലേക്ക് വീണത് എന്താണെന്നു മനസ്സിലാകാത്ത ഹിപ്പോ അത് ചവച്ചിറക്കാൻ ശ്രമിക്കുകയും ചെയ്തതായി സിന്ധ്യ പറയുന്നു. പ്ലാസ്റ്റിക് കുപ്പിക്ക് പുറമേ ടിഷ്യു പേപ്പറുകളും യാത്രക്കാരി എറിയാൻ ശ്രമിച്ചുവെങ്കിലും അത് ഹിപ്പോയുടെ വായിലേക്കെത്തിയില്ല. കുപ്പി ഹിപ്പോയുടെ തൊണ്ടയിൽ കുടുങ്ങിയെന്ന് മനസ്സിലായതിനെ തുടർന്ന് സിന്ധ്യ തന്നെയാണ് സഫാരി പാർക്കിലെ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചത്. ഉടൻതന്നെ ഹിപ്പോയ്ക്കരികിലെത്തിയ ഉദ്യോഗസ്ഥർ ഏറെനേരത്തെ പരിശ്രമങ്ങൾക്കൊടുവിൽ കുപ്പി വായിൽ നിന്നു പുറത്തെടുത്തു.
അതിനുശേഷം ഹിപ്പോയ്ക്ക് പ്രശ്നങ്ങളൊന്നുമില്ലെന്ന് ഉറപ്പുവരുത്താൻ വിശദമായ പരിശോധനകൾക്കും വിധേയമാക്കി. സംഭവം വാർത്തയായതോടെ കുറ്റകൃത്യം ചെയ്ത വ്യക്തിയെ കണ്ടെത്തിയതായി ഇന്തോനേഷ്യയിലെ മൃഗസംരക്ഷണ സംഘടനയുടെ പ്രതിനിധിയായ ഡോനി ഹെർദാരു വ്യക്തമാക്കി. വീഡിയോ സന്ദേശത്തിലൂടെ യുവതി മാപ്പ് പറഞ്ഞതായും ഡോനി അറിയിച്ചു. യുവതിക്കെതിരെ നടപടികൾ സ്വീകരിച്ചേക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates