ചില ചിരികൾ അങ്ങനെയാണ്.... കണ്ടുനിൽക്കുന്നവരുടെ ഉള്ള് നിറയും- വൈറലായി ഷെഫ് പിള്ളയുടെ കുറിപ്പ്

മണിപ്പൂരിൽ നിന്നും ജീവനക്കാരിയുടെ അമ്മയെയും സഹോദരിയെയും കേരളത്തിൽ എത്തിച്ചു
സുസ്‌മിതയുടെ കുടുംബവും, ഷെഫ്‌ സുരേഷ് പിള്ള/ ഫെയ്‌സ്‌ബുക്ക്
സുസ്‌മിതയുടെ കുടുംബവും, ഷെഫ്‌ സുരേഷ് പിള്ള/ ഫെയ്‌സ്‌ബുക്ക്
Updated on
2 min read

ജീവിതത്തിൽ മറ്റൊരാളുടെ ഹൃദയം നിറഞ്ഞൊരു ചിരിക്ക് നമ്മൾ കാരണമാവുക എന്നതിനെക്കാൾ വലിയ സന്തോഷം വേറെയില്ല. അത്തരത്തിൽ തന്റെ ജീവിതത്തിൽ സംഭവിച്ച ഒരു അനുഭവം ഫെയ്‌സ്‌ബുക്കിലൂടെ പങ്കുവെക്കുകയാണ് ഷെഫ്‌ സുരേഷ് പിള്ള. തന്റെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന മണിപ്പൂരി സ്വദേശിനിയുടെ അമ്മയെയും സഹോദരിയെയും കേരളത്തിൽ എത്തിച്ചതിന്റെ സന്തോഷമാണ് അദ്ദേഹം കുറിപ്പിലൂടെ പങ്കുവെച്ചത്. 

മണിപ്പൂർ കലാപ പശ്ചാത്തലത്തിൽ കൊച്ചിയിലെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സുസ്‌മിത എന്ന ജീവനക്കാരി വീട്ടിൽ ഒറ്റപ്പെട്ടുപോയ തന്റെ അമ്മയെയും സഹോദരിയെയും കുറിച്ചോർത്ത് ആകുലപ്പെട്ടിരിക്കുകയാണെന്ന് റെസ്റ്റോറന്റ് ജനറൽ മാനേജർ ചാൾസ് അറയിച്ചതിനെ തുടർന്ന് ഇരുവരെയും കേരളത്തിൽ എത്തിക്കാനും അവർക്ക് ജോലി നൽകാനും സാധിച്ചതായി അദ്ദേഹം കുറിപ്പിൽ പറഞ്ഞു.

ഷെഫ്‌ പിള്ളയുടെ ഫെയ്‌സ്‌ബുക്ക് കുരിപ്പിന്റെ പൂർണരൂപം

ചില ചിരികൾക്ക് എന്ത് ഭംഗിയാണ്... ചുറ്റുമുള്ളവരുടെ ഹൃദയം നിറയ്ക്കുന്ന ചിരികൾ..

ഈ ഫോട്ടോയിൽ കാണുന്നവരുടെ മനസ്സ് നിറഞ്ഞ ചിരിക്ക് ഒരു വലിയ കഥ പറയാനുണ്ട്.

ഇത് RCP കൊച്ചിയിലെ സർവീസ് ടീമായ സുസ്മിതയും അവരുടെ കുടുംബവുമാണ്. കഴിഞ്ഞ ഏഴ് മാസങ്ങളായി സുസ്മിത RCP യുടെ ഭാഗമാണ്. മൂന്ന് തവണ 'Best Employee' അവാർഡ് സ്വന്തമാക്കിയ മിടുക്കി. സ്വദേശം മണിപ്പൂർ.

മുഖത്ത്, സദാ ഒരു പുഞ്ചിരി സൂക്ഷിക്കുന്ന, ഊർജ്ജസ്വലതയോടെ തന്റെ ജോലികൾ ഒക്കെയും ചെയ്തുതീർക്കുന്ന പെൺകുട്ടി. എന്നാൽ കുറച്ചുദിവസങ്ങൾ മുൻപ് ആ ചിരിക്ക് മങ്ങലേറ്റതായി തോന്നിയപ്പോഴാണ് RCP കൊച്ചിയിലെ ജനറൽ മാനേജർ ചാൾസ്, സുസ്മിതയോട് വിവരം തിരക്കിയത്.

"എന്റെ അമ്മയും അനുജത്തിയും വീട്ടിൽ ഒറ്റയ്ക്കാണ്. എന്ത് ചെയ്യണമെന്ന് എനിക്കറിയില്ല."

മണിപ്പൂരിലെ അശാന്തി നിറഞ്ഞ അന്തരീക്ഷത്തിൽ വീട്ടിൽ ഒറ്റപ്പെട്ടുപോയ തന്റെ അമ്മയെയും സഹോദരിയെയും കുറിച്ചോർത്തുള്ള സുസ്മിതയുടെ ദുഃഖം നമുക്ക് സങ്കൽപ്പിക്കാവുന്നതിലും അപ്പുറമായിരുന്നു. സുസ്മിതയുടെ വരുമാനത്തിലായിരുന്നു ആ കുടുംബം ജീവിച്ചുപോന്നത്.

ചാൾസ് ഈ വിവരം എന്നെ അറിയിച്ചു. സുസ്മിതയുടെ കുടുംബത്തെ ഇവിടെ എത്തിക്കുക എന്നതായിരുന്നു ഞങ്ങൾ കണ്ടെത്തിയ പോംവഴി. അങ്ങനെ, അധികം വൈകാതെ ഇരുവരെയും കൊച്ചിയിൽ എത്തിക്കുകയും വേണ്ട സൗകര്യങ്ങൾ ഏർപ്പാടാക്കുകയും ചെയ്തു. അവർക്ക് മണിപ്പൂരി അല്ലാതെ മറ്റൊരു ഭാഷയും വശമില്ലായിരുന്നു. എങ്കിലും വീട്ടിൽ ഒതുങ്ങിക്കൂടാൻ അവർ തയ്യാറായില്ല.

ഇരുവരും RCP-യിൽ എത്തി. സുസ്മിതയുടെ അമ്മ ഇമ്പേച്ച ദേവി ഹെൽപ്പിങ് അസിസ്റ്റന്റ് ആയും സഹോദരി സർഫി ദേവി, ഷെഫ് ട്രെയിനിയായും RCP യുടെ ഭാഗമായി. വെറും രണ്ടാഴ്ചയ്ക്കുള്ളിൽ തങ്ങളുടെ ജോലികളെല്ലാം അവർ പഠിച്ചെടുത്തു. ഇപ്പോൾ ഭാഷയൊന്നും അവർക്കൊരു തടസ്സമേയല്ല.

ഇന്ന് RCP എന്ന കുടുംബത്തിൽ ഏറെ സന്തോഷത്തോടെ അവർ ജീവിക്കുന്നു. അവർ ആഗ്രഹിക്കുന്നിടത്തോളം കാലം RCP യുടെ ഭാഗമായി തുടരാമെന്ന് ഞാൻ ഉറപ്പ് കൊടുത്തു. ആ നിമിഷം അവരുടെ മുഖത്ത് വിരിഞ്ഞ ചിരിക്ക് അപ്പുറം മറ്റെന്ത് വേണം

ചില ചിരികൾ അങ്ങനെയാണ് ....കണ്ടുനിൽക്കുന്നവരുടെ ഉള്ള് നിറയും.

ആ പുഞ്ചിരിക്ക് നമ്മൾ കാരണക്കാരായിത്തീർന്നാൽ അതിലും വലിയ സന്തോഷം മറ്റൊന്നുമില്ല.

നിങ്ങളിന്ന് ആരെയാണ് ഒരു പുഞ്ചിരി കൊണ്ടെങ്കിലും സന്തോഷിപ്പിക്കാൻ പോകുന്നത്..?

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com