

കൊച്ചി: കേരള കലാമണ്ഡലത്തില്‍ നിന്ന് ബിരുദം നേടുന്ന ആദ്യ മലയാളി മുസ്ലീം വനിത, കേരളത്തിന്റെ നൃത്തവേദികളില്‍ നാല് പതിറ്റാണ്ടായി സജീവ സാന്നിധ്യമാണ് ഹുസ്‌ന ഭാനു സുന്നജന്‍. തന്റെ 65-ാം വയസിലും കലാരംഗത്ത് തുടരുകയാണ് ഹുസ്ന. കേരളത്തിന്റെ യാഥാസ്ഥിതിക ചിന്തകളെ മറികടന്ന് 1970 കളിലായിരുന്നു ഹുസ്‌ന ഭാനു കലാരംഗത്തേക്ക് കടന്നു വന്നത്. അവിചാരിതമായിരുന്നു ആ രംഗപ്രവേശനം എന്ന് ഹുസ്‌ന തന്നെ പറയുന്നു.
ഹബീബ്ഖാന്റെയും ജമീലയുടെയും മകളായി 1960 ഡിസംബര്‍ 14-ന് ജനിച്ച ഹുസന ഭാനുവിന് കുട്ടിക്കാലം മുതല്‍തന്നെ കലാഭിരുചി ഉണ്ടായിരുന്നു. പിതാവിന്റെ സുഹൃത്തിന്റെ കുട്ടി കലാമണ്ഡലത്തിലേക്കുള്ള അപേക്ഷ പൂരിപ്പിക്കാൻ സഹായവുമായി ഹബീബ്ഖാനെ സമീപിച്ചു. ആ കുട്ടി കൊണ്ടുവന്ന രണ്ട് അപേക്ഷകളിൽ ഒന്ന് ഹുസനാബാനുവിന്റെ പേരിൽ നൽകുകയാണ് ഉണ്ടായത്. അവിടെ തുടങ്ങിയ പഠനം ഇന്നും അവസാനിച്ചിട്ടില്ലെന്ന് ഹുസ്‌ന പറയുന്നു. സാമുദായികമായ എതിര്‍പ്പുകള്‍ രൂക്ഷമായിരുന്ന കാലമായിരുന്നു അത്. പക്ഷേ, മാതാപിതാക്കളുടെ സഹകരണവും, ഗുരുക്കന്മാരുടെ അനുഗ്രഹവും നൃത്തത്തോടുള്ള തന്റെ അഭിനിവേശവും ചിട്ടയോടെയുള്ള പഠനവും ഹുസന ഭാനുവിനെ ഒന്നാംതരം നര്‍ത്തകിയാക്കി.
കലാ ജീവിതത്തില്‍ പലപ്പോഴും വെല്ലുവിളികള്‍ നേരിട്ടു. ഈ സമയങ്ങളില്‍ എല്ലാം പിന്തുണയുമായി പിതാവ് ഹബീബ് ഖാന്‍ കൂടെ നിന്നു. ഹിന്ദു സ്ത്രീയെ വിവാഹം കഴിച്ചതിന് സമുദായത്തില്‍ നിന്നും വിലക്കുകള്‍ നേരിട്ട വ്യക്തിയായിരുന്നു അദ്ദേഹം. മുസ്ലീം സ്ത്രീകള്‍ക്ക് അന്യമായിരുന്ന പാത തെരഞ്ഞെടുത്തപ്പോള്‍ അദ്ദേഹം മകള്‍ക്കൊപ്പം നിന്നു. ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട വേദികള്‍ പലപ്പോഴും മതത്തിന്റെ പേരില്‍ നഷ്ടപ്പെടുന്ന സംഭവങ്ങളും ഉണ്ടായിരുന്നു.
കലാമണ്ഡലം ക്ഷേമാവതിയുടെ കീഴിലായിരുന്നു മോഹിനിയാട്ടത്തിലേക്കുള്ള ഹുസ്‌നയുടെ കടന്നുവരവ്. 10 ദിവസത്തെ പരിശീലനത്തിന് ശേഷം, ഹുസ്‌ന അരങ്ങേറ്റം നടത്തി. ''കലയോട് നീതി പുലര്‍ത്താന്‍ ഞാന്‍ എപ്പോഴും ആഗ്രഹിച്ചിരുന്നു. തെറ്റുകളില്ലാതെ നൃത്തം അവതരിപ്പിക്കുക എന്നത് തനിക്ക് എന്നും പ്രധാനമായിരുന്നു,'' ഹുസ്‌ന ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു.
1976-ല്‍ കലാമണ്ഡലത്തില്‍നിന്ന് ഡിപ്ലോമ നേടിയശേഷം സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തുടര്‍ന്ന് കലാമണ്ഡലം സരസ്വതിയുടെയടുത്ത് അഞ്ചുവര്‍ഷം ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുഡി എന്നിവ അഭ്യസിച്ചു. 1980ല്‍, ഹുസ്‌ന നൃത്ത കലാഞ്ജലി സ്ഥാപിച്ചു. ആത്മീയ ധാരണയില്‍ വേരൂന്നിയ ഒരു നൃത്ത അക്കാദമി ആയിരുന്നു അത്. കഥകളിലൂടെ ആയിരുന്നു തന്റെ അക്കാദമിയില്‍ ഹുസ്‌ന വിദ്യാര്‍ഥികളെ പഠിപ്പിച്ചത്. നൃത്ത വിദ്യാലയത്തിന്റെ ചുവരുകള്‍ ഹിന്ദു പുരാണങ്ങളിലെ ചിത്രങ്ങള്‍ കൊണ്ടാണ് അലങ്കരിച്ചിരുന്നത്. എന്നാല്‍ ഇതൊന്നും മതപരമായ അടയാളങ്ങളായിട്ടല്ല, മറിച്ച് നൃത്തത്തിന്റെ സാംസ്‌കാരിക ഭാഷയുടെ ഭാഗമാണെന്നാണ് ഹുസ്‌നയുടെ നിലപാട്.
താന്‍ തുടങ്ങിവച്ച പാരമ്പര്യം അവരുടെ പാരമ്പര്യം മകളിലൂടെ തുടരുകയാണ് ഹുസ്‌ന. കേരള കലാമണ്ഡലത്തില്‍ നിന്നും പഠിച്ചിറങ്ങുന്ന രണ്ടാമത്തെ മുസ്ലീം വനിതയാണ് മകള്‍ ഷബാന ഷഫീക്കുദീന്‍. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി തുടങ്ങിയില്‍ മികവ് തെളിയിച്ച നര്‍ത്തകിയാണ് ഷബാന. ഭര്‍ത്താവ് ബി കെ ഷഫീക്കുദീനൊപ്പം രാധാമാധവന്‍, ദി മുസ്ലീം ഡാന്‍സിങ് കപ്പിള്‍ എന്ന പേരില്‍ സജീവമാണ് ഷബാന. നാല് പതിറ്റാണ്ടുകളായി നൃത്ത അധ്യാപന രംഗത്ത് പ്രവര്‍ത്തിക്കുന്ന ഹുസ്‌ന ഭാവന, ശ്രുതി ജയന്‍, അപര്‍ണ ബാലമുരളി എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖ സിനിമ താരങ്ങളുടെയും പരിശീലകയാണ്. കലാദര്‍പ്പണം അവാര്‍ഡ്, കേരള സംഗീത നാടക അക്കാദമിയുടെ ഗുരു പൂജ അവാര്‍ഡ്, സംഗീത നാടക അക്കാദമി അവാര്‍ഡ് തുടങ്ങിയ ബഹുമതികളും ഹുസ്‌നയെ തേടിയെത്തിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates