

അടുക്കള എപ്പോഴും വൃത്തിയായി സൂക്ഷിക്കണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. എന്നാൽ ദിവസവും വൃത്തിയാക്കിയാൽ പോലും അടുക്കള വളരെ പെട്ടെന്ന് അലങ്കോലമാകും. അടുക്കള കൂടുതൽ നേരം വൃത്തിയുള്ളതായി സൂക്ഷിക്കാൻ ചില മാർഗങ്ങളുണ്ട്. ഈർപ്പമാണ് മിക്ക അടുക്കളകളുടെയും പ്രശ്നം.
ഭക്ഷണം പാകം ചെയ്യുമ്പോൾ തിളപ്പിക്കുകയും വറുക്കുകയും പ്രഷർ കുക്കർ എന്നിവയിൽ നിന്നുള്ള ആവി ക്യാബിനറ്റുകളിലേക്ക് ഉയരുന്നു. ഈ പൂപ്പലുണ്ടാക്കുകയും പ്ലൈവുഡ് ദ്രവിക്കാനുമൊക്കെ കാരണമാകുന്നു. അടുക്കള ആരോഗ്യകരമായി സൂക്ഷിക്കാൻ ചില വഴികളിതാ:
ക്യാബിനുകൾ നിർമിക്കാം
വസ്തുക്കളുടെ തെറ്റായ സംഭരണം അടുക്കള പെട്ടെന്ന് അലങ്കോലപ്പെടാൻ കാരണമാകുന്നു. ധാന്യങ്ങളും പയറുവർഗങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ലഘുഭക്ഷണങ്ങളുമൊക്കെ അലസമായി വയ്ക്കുന്നതിന് പകരം ഉറപ്പുള്ളതും വായു കടക്കാത്തതുമായ പാത്രങ്ങളിൽ സൂക്ഷിക്കുക. ഉയർന്ന നിലവാരമുള്ള ഗ്ലാസ് ജാറുകൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. ഇത് ഈർപ്പവും കീടങ്ങളും അകറ്റി നിർത്താൻ സഹായിക്കും. ഇത് ഷെൽഫുകൾ വൃത്തിയാക്കാൻ കൂടുതൽ എളുപ്പമാക്കുന്നു.
ഉപകരണ പരിചരണം
ഉപകരണങ്ങൾ എത്ര നന്നായി പരിപാലിക്കുന്നുവെന്നതിന്റെ അടിസ്ഥാനത്തിലാണ് ഒരു അടുക്കളയുടെ ആയുസ്സുള്ളത്. ഗ്യാസ് സ്റ്റൗ, ഫ്രിഡ്ജ്, മിക്സർ-ഗ്രൈൻഡർ, ഓവൻ, ഡിഷ്വാഷർ, ടോസ്റ്ററുകൾ, എയർ ഫ്രയറുകൾ പോലുള്ള ഉപകരണങ്ങൾ കൃത്യമായ ഇടവേളകളിൽ ആഴത്തിൽ വൃത്തിയാക്കണം. ലോഹത്തെ സാവധാനം നശിപ്പിക്കുന്ന അവശിഷ്ടങ്ങൾ അടിഞ്ഞുകൂടുന്നത് തടയാൻ ആഴ്ചതോറും സ്റ്റൗടോപ്പ് ബർണറുകൾ വൃത്തിയാക്കുക.
ഫ്രിഡ്ജിന്റെ കോയിലുകൾ മൂന്ന് മാസത്തിലൊരിക്കൽ ബ്രഷ് ചെയ്യണം. മിക്സർ-ഗ്രൈൻഡറുകൾ ഉപയോഗിക്കുമ്പോൾ മോട്ടർ നശിക്കാതിരിക്കാൻ ജാറിൽ ഓവർലോഡ് ചെയ്യുന്നത് ഒഴിവാക്കുക. എയർഫ്രയറിന്റെ ഹീറ്റിംഗ് കോയിൽ പതിവായി തുടയ്ക്കുക, നോൺ-സ്റ്റിക്ക് പ്രതലങ്ങളിൽ കഠിനമായ സ്‌ക്രബ്ബറുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
ഈർപ്പ നിയന്ത്രണം
ഭക്ഷണം പാകം ചെയ്യുമ്പോഴുണ്ടാകുന്ന നീരാവി അടുക്കളുടെ ഭിത്തികളിലും ക്യാബിനറ്റുകളിലും ഈർപ്പം തങ്ങിനിൽക്കാൻ കാരണമാകുന്നു. ഇത് പൂപ്പൽ പോലുള്ളവ ഉണ്ടാക്കും. അടുക്കളയിൽ ചിമ്മിനി ഉണ്ടാകുന്നത് ഇതിനൊരു ഒരു പരിധിവരെ സഹായകരമാണ്. കാര്യക്ഷമമായി നിലനിർത്താൻ ഓരോ രണ്ടോ മൂന്നോ ആഴ്ച കൂടുമ്പോഴും ഫിൽട്ടറുകൾ വൃത്തിയാക്കുക.
അല്ലെങ്കിൽ ഒരു എക്‌സ്‌ഹോസ്റ്റ് ഫാൻ ഘടിപ്പിക്കുന്നതും ചൂട് പോക്കറ്റുകളെയും കണ്ടൻസേഷനെയും തടയുന്നു. ആവി തങ്ങി നിൽക്കാതെ ജനലോ വാതിലോ തുറന്നിടുന്നത് പൂപ്പൽ പിടിക്കാതിരിക്കാനും ദുർഗന്ധം ഒഴിവാക്കാനും സഹായിക്കുന്നു.
കഠിനമായ രാസവസ്തുക്കൾ
മറ്റൊരു പ്രധാന കാര്യം അടുക്കള നിങ്ങൾ എങ്ങനെ വൃത്തിയാക്കുന്നു എന്നതിൽ ആശ്രയിച്ചിരിക്കുന്നു. കഠിനമായ രാസവസ്തുക്കൾ ഉപയോഗിക്കുന്നത് തിളക്കം നൽകുമെങ്കിലും കാലക്രമേണ ഫിനിഷുകൾ മങ്ങാൻ കാരണമാകുന്നു. നേർപ്പിച്ച ഡിഷ് സോപ്പ്, വൈറ്റ് വിനാഗിരി സ്പ്രേകൾ, ബേക്കിങ് സോഡ പേസ്റ്റ് അല്ലെങ്കിൽ പ്ലാന്റ് അധിഷ്ഠിത ഡീഗ്രേസറുകൾ പോലുള്ള സൗമ്യമായ ക്ലീനറുകളിലേക്ക് മാറുക.
മൃദുവായ മൈക്രോഫൈബർ തുണികൾ ഉപയോഗിച്ച് വൃത്തിയാക്കുന്നത് പ്രതലങ്ങളിൽ പോറലുകൾ ഉണ്ടാകുന്നത് കുറയ്ക്കാം. തടികൊണ്ടുള്ള കട്ടിങ് ബോർഡുകൾ പൊട്ടാതിരിക്കാൻ എല്ലാ മാസവും എണ്ണ പുരട്ടി സൂക്ഷിക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates