

കണ്ണൂര്‍: ഇത്തവണത്തെ കൊട്ടിയൂര്‍ ( kottiyoor) വൈശാഖോത്സവം ജൂണ്‍ എട്ടുമുതല്‍ ജൂലൈ നാലുവരെയാണ്. ഈ ഉത്സവകാലത്ത് 30 ലക്ഷത്തോളം തീര്‍ഥാടകരെയാണ് കൊട്ടിയൂര്‍ ദേവസ്വം ബോര്‍ഡ് പ്രതീക്ഷിക്കുന്നത്. ദക്ഷയാഗം നടന്ന സ്ഥലമെന്ന് വിശ്വസിക്കുന്ന കൊട്ടിയൂരിലെ ഉത്സവം പോലെ കേരളത്തില്‍ എവിടെയും ഉണ്ടാകില്ല. കണ്ണൂര്‍ ജില്ലയിലെ മലയോര ഗ്രാമമാണ് കൊട്ടിയൂര്‍. വയനാടന്‍ മലനിരകളുടെ താഴ്വാരത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.
എല്ലായിടത്തും ഉത്സവം കൊടിയിറങ്ങുമ്പോഴാണ് കൊടിയേറ്റം പോലുമില്ലാതെ കൊട്ടിയൂരില്‍ ഉത്സവം തുടങ്ങുന്നത്. വ്യത്യസ്തമായ നിരവധി ചടങ്ങുകളും പൂജകളും നടക്കുന്ന ഉത്സവകാലമാണിത്. യാഗം നടന്ന സ്ഥലമായതുകൊണ്ടാകാം പൂജകള്‍ക്ക് ഇവിടെ ഇത്രമാത്രം പ്രസക്തി. ഒരു പടക്കം പോലും ഇവിടെ പൊട്ടിക്കില്ല. ചില ദിവസങ്ങളില്‍ മാത്രമാണ് ഒന്നോ രണ്ടോ ആനകളെ എഴുന്നള്ളിക്കുന്നത്. ചില പ്രത്യേക ദിവസം കഴിഞ്ഞാല്‍ സ്ത്രീകള്‍ക്കും ഇവിടേക്ക് പ്രവേശനമില്ല.
ബാവലിപ്പുഴയില്‍ കുളിച്ച് ഈറനോടെയാണ് വിശ്വാസികള്‍ ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നത്. വൈശാഖ മഹോത്സവം നടക്കുന്ന 28 ദിവസം മാത്രമാണ് ഈ ക്ഷേത്രത്തില്‍ പൂജയും പ്രവേശനവും. ബ്രാഹ്മണര്‍ക്കും ആദിവാസികള്‍ക്കുമെല്ലാം ഈ ക്ഷേത്രത്തില്‍ ചില അവകാശങ്ങളുണ്ട്. 64 കുടുംബങ്ങളാണ് ഓരോ ചടങ്ങിന്റെയും അവകാശികള്‍. ഇവര്‍ ഓരോ കയ്യാലകളിലായി (ഓല മേഞ്ഞ ചെറിയ കുടിലുകള്‍) ക്ഷേത്രത്തിന് ചുറ്റും താമസിക്കും. കുടുംബത്തിലെ പ്രധാനപ്പെട്ട ഒരാള്‍ 28 ദിവസവും ഈ കയ്യാലയിലാണ് താമസിക്കുന്നത്. കുടുംബത്തില്‍ മരണം സംഭവിച്ചാല്‍ പോലും ക്ഷേത്ര പരിസരത്തു നിന്നും പുറത്തുപോകില്ല.
സതീ ദേവി ആത്മാഹുതി ചെയ്ത സ്ഥലത്ത് ശിവന്‍ സ്വയംഭൂവായെന്നാണ് വിശ്വാസം. എന്നാണ് ഈ ക്ഷേത്രം ഉണ്ടായതെന്ന് ആര്‍ക്കും വലിയ നിശ്ചയമില്ല. പെയ്തിറങ്ങുന്ന മഴത്തുള്ളികള്‍ പോലെ ഒരായിരം കഥളുടെ കേന്ദ്രമാണ് കൊട്ടിയൂര്‍. ആഘോഷങ്ങള്‍ക്കപ്പുറം പ്രാര്‍ഥനയുടെയും പൂജയുടേയും ഉത്സവമാണ് കൊട്ടിയൂരിലേത്.
ഒരുക്കങ്ങള്‍:
2000 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്. ക്ഷേത്രപരിസരത്ത് കുടിവെള്ളവിതരണ സംവിധാനവും അക്കരെ കൊട്ടിയൂരില്‍ ദര്‍ശനസ്ഥലങ്ങളില്‍ ചൂടുവെള്ളത്തിനുള്ള സൗകര്യവും ഉണ്ട്. താമസസൗകര്യത്തിന് 'കൈലാസം', 'ഗംഗ', 'മഹാദേവ' എന്നീ വിശ്രമകേന്ദ്രങ്ങളും ടൂറിസം വകുപ്പിന്റെ ഡോര്‍മിറ്ററിയും തുറന്നുകൊടുക്കും.
ഉത്സവനഗരിയിലും ഒരുകിലോമീറ്റര്‍ ചുറ്റളവിലും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തി. സുരക്ഷയ്ക്കും നിയന്ത്രണത്തിനുമായി 400-ഓളം താത്കാലിക വൊളന്റിയര്‍മാരുടെയും 50-ഓളം വിമുക്തഭടന്മാരുടെയും സേവനം ഉറപ്പാക്കും. തിരക്ക് നിയന്ത്രിക്കുന്നതിന് മൂന്ന് ഭാഗങ്ങളിലായി പ്രസാദവിതരണം നടത്തും. അന്നദാനം, ശൗചാലയങ്ങളുടെ സൗകര്യം, മാലിന്യനീക്കത്തിനായി സ്ഥിരം ഷെഡ്, മെഡിക്കല്‍ സൗകര്യം, പ്രസാദ കൗണ്ടറുകള്‍, അടിയന്തര സംവിധാനങ്ങള്‍ തുടങ്ങി മറ്റ് സൗകര്യങ്ങളും ഉത്സവത്തിന്റെ ഭാഗമായി സജ്ജമാക്കിയെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഗതാഗതനിയന്ത്രണത്തിന്റെ ഭാഗമായി ഇരിട്ടി, പേരാവൂര്‍, അമ്പായത്തോട് വരെയുളള ഓട്ടോ പാര്‍ക്കിങ് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു.
വിശേഷ ദിവസങ്ങള്‍: എട്ടിന് നെയ്യാട്ടം, ഒന്‍പതിന് ഭണ്ഡാരം എഴുന്നള്ളത്ത്, 15-ന് തിരുവോണം ആരാധന, 17-ന് ഇളനീര്‍ വെപ്പ്, 18-ന് ഇളനീരാട്ടം, അഷ്ടമി ആരാധന, 20-ന് രേവതി ആരാധന, 24-ന് രോഹിണി ആരാധന, 26-ന് തിരുവാതിര ചതുശ്ശതം, 27-ന് പുണര്‍തം ചതുശ്ശതം, 28-ന് ആയില്യം ചതുശ്ശതം, 30-ന് മകം കലംവരവ്, കലംപൂജ, ജൂലായ് മൂന്നിന് അത്തം ചതുശ്ശതം, വാളാട്ടം, കലശപൂജ, നാലിന് തൃക്കലശാട്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates