വെല്ലുവിളികള്‍ തുഴഞ്ഞുമാറ്റി; പായ് വഞ്ചിയില്‍ മൂന്ന് സമുദ്രങ്ങള്‍ താണ്ടി ദില്‍നയും രൂപയും, കേരളത്തിനും അഭിമാനിക്കാനേറെ

നാവിക സേനയുടെ 'നാവിക സാഗര്‍ പരിക്രമ രണ്ട്' പര്യവേഷണത്തിന്റെ ഭാഗമായാണ് ദില്‍നയും രൂപയും യാത്രയാരംഭിച്ചത്
Navika Sagar Parikrama II
ദില്‍നയും രൂപയും (Navika Sagar Parikrama II)Special Arrangement
Updated on
2 min read

പനാജി: മൂന്ന് കൊടുങ്കാറ്റുകള്‍, നാല് വന്‍കരകള്‍, 50000 കിലോമീറ്ററുകള്‍ ഇന്ത്യന്‍ നാവിക സേനയുടെ രണ്ട് വനിതാ നാവികര്‍ ഐഎന്‍എസ് തരിണിയില്‍ ലോകം ചുറ്റി (Navika Sagar Parikrama II) മടങ്ങിയെത്തിരിക്കുന്നു. ദൗത്യം പൂര്‍ത്തിയാക്കിയ നാവികരില്‍ ഒരാള്‍ മലയാളിയാണെന്നതില്‍ ഇന്ത്യന്‍ നാവികരുടെ നേട്ടം കേരളത്തിനും അഭിമാനമാവുകയാണ്. മലയാളിയായ ലഫ്റ്റനന്റ് കമാന്‍ഡര്‍ കെ ദില്‍നയാണ് രണ്ടംഗ സംഘത്തിലെ കേരളത്തിന്റെ പ്രതിനിധി.

തമിഴ്‌നാട് പുതുച്ചേരി സ്വദേശിയായ ലഫ്റ്റനന്റ് കമാന്‍ഡര്‍ എ രൂപയാണ് മറ്റൊരംഗം. എട്ട് മാസം നീണ്ടു നിന്ന യാത്രയ്ക്ക് ശേഷം വ്യാഴാഴ്ച ഗോവയില്‍ തിരിച്ചെത്തിയ ഐഎന്‍എസ് തരിണിയിയെയും നാവികരെയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ നേതൃത്വത്തില്‍ മോര്‍മുഗാവോ പോര്‍ട്ട് ട്രസ്റ്റില്‍ ഇവരുടെ ഔപചാരികമായ 'ഫ്‌ലാഗ്-ഇന്‍' ചടങ്ങ് നടത്തി ആദരിച്ചു.

നാവിക സേനയുടെ 'നാവിക സാഗര്‍ പരിക്രമ രണ്ട്' പര്യവേഷണത്തിന്റെ ഭാഗമായാണ് ദില്‍നയും രൂപയും യാത്രയാരംഭിച്ചത്. നാല് ഭൂഖണ്ഡങ്ങളിലൂടെയും ഇന്ത്യന്‍, പസഫിക്, അറ്റ്‌ലാന്റിക് സമുദ്രങ്ങളിലൂടെയും വെല്ലുവിളികള്‍ നിറഞ്ഞ ഓസ്ട്രേലിയയിലെ കേപ് ലീവിന്‍, തെക്കേ അമേരിക്കയിലെ കേപ് ഹോണ്‍, ആഫ്രിക്കയിലെ ഗുഡ് ഹോപ്പ് മുനമ്പുകളിലൂടെയും എട്ട് മാസത്തിനുള്ളില്‍ 23,400 നോട്ടിക്കല്‍ മൈല്‍ സഞ്ചരിക്കുന്ന ദൗത്യമാണ്‌സാഗര്‍ പരിക്രമ.

2024 ഒക്ടോബര്‍ രണ്ടിന് ഗോവയിലെ ഐഎന്‍എസ് മണ്ഡോവിയിലെ ഓഷ്യന്‍ സെയിലിങ് നോഡില്‍ നിന്നാണ് യാത്ര ആരംഭിച്ചത്. തുറമുഖ സഹായമില്ലാതെയാണ് നാവികര്‍ യാത്ര നടത്തിയത്. കാറ്റിന്റെ ശക്തിയെയാണ് പ്രൊപ്പല്‍ഷനു വേണ്ടി പൂര്‍ണമായും ആശ്രയിച്ചിരുന്നത്. എല്ലാ മെറിഡിയനുകളും കടന്ന് ആരംഭ സ്ഥാനത്തേക്ക് മടങ്ങുന്നത് ഉള്‍പ്പെടെയുള്ള എല്ലാ അന്താരാഷ്ട്ര പ്രദക്ഷിണ നാവിക മാനദണ്ഡങ്ങളും ദൗത്യം പാലിച്ചിട്ടുണ്ടെന്ന് നാവികസേന സ്ഥിരീകരിച്ചു.

Navika Sagar Parikrama II
ദില്‍നയും രൂപയുംSpecial Arrangement

സെയിലിങ് പശ്ചാത്തലമില്ലാത്ത രണ്ട് പേര്‍ എന്നതാണ് ദില്‍നയുടെയും രൂപയുടെയും യാത്രകളെ വ്യത്യസ്ഥമാക്കുന്ന പ്രധാനവിഷയം. രണ്ട് വര്‍ഷം മുന്‍പ് മാത്രമാണ് ഇരുവരും ഈ മേഖലയിലേക്ക് കടന്നുവരുന്നത്. ഗോവയില്‍ നിന്ന് കേപ് ടൗണിലേക്കുള്ള യാത്രയില്‍ കടലില്‍ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ വേണ്ട സമയം ലഭിച്ചെന്ന് ദില്‍ന ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു.

ഏഴ് മാസം മുന്‍പ് യാത്ര തുടങ്ങിയ സമയത്തെ വ്യക്തികള്‍ അല്ല തങ്ങളിപ്പോള്‍ എന്നാണ് ഇരുവര്‍ക്കും പറയാനുള്ളത്. ആറ് മാസത്തിലേറെയായി, ദുഷ്‌കരമായ ജലപാതകളിലൂടെയും, വ്യത്യസ്ത കാലാവസ്ഥകള്‍ ഉള്‍പ്പെടെയുള്ള വെല്ലുവിളികള്‍ മറികടന്നാണ് യാത്ര നടത്തിയത്. വലിയ ആത്മവിശ്വാസം നല്‍കിയ യാത്രയായിരുന്നു ഇതെന്നും രൂപയും വ്യക്തമാക്കുന്നു.

2014-ല്‍ ലോജിസ്റ്റിക്‌സ് ഓഫീസറായാണ് ലെഫ്റ്റനന്റ് കമാന്‍ഡര്‍ ദില്‍ന നാവിക സേനയുടെ ഭാഗമായത്. ജീവിതത്തിലും കരിയറിലും വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹമാണ് നാവികസേനയുടെ ഒരു സെയിലിങ് ദൗത്യത്തിലേക്ക് എത്തിച്ചത്. ആയുധ വിഭാഗത്തില്‍ ഉദ്യോഗസ്ഥായി 2017ല്‍ ആണ് ലെഫ്റ്റനന്റ് കമാന്‍ഡര്‍ രൂപ നാവികസേനയുടെ ഭാഗമായത്. മുംബൈയിലെ കണ്‍ട്രോളറേറ്റ് ഓഫ് നേവല്‍ ആര്‍മമെന്റ് ഇന്‍സ്‌പെക്ഷനിലേക്കുള്ള മാറ്റമാണ് രൂപയ്ക്ക് മുന്നില്‍ സെയിലിങ് എന്ന മേഖല തുറന്ന് നല്‍കിയത്. ഡിംഗി സെയിലറായി തുടങ്ങിയ രൂപ പെട്ടെന്ന് ചാംപ്യന്‍ഷിപ്പുകളിലേക്ക് എത്തിപ്പെടുകയായിരുന്നു. ഇതിന് ശേഷമാണ് സമുദ്രയാത്ര ദൗത്യങ്ങളുടെ ഭാഗമായത്. തനിക്ക് ലഭിച്ച അവസരം നഷ്ടപ്പെടുത്താന്‍ സാധിക്കുമായിരുന്നില്ലെന്നും രൂപ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com