Middle Age Love'നരച്ച മുടിയുള്ള കാമുകിമാര്‍ കുടവയറുള്ള കാമുകനെ മടിയില്‍ കിടത്തി ലാളിക്കും'; അന്‍പതു കഴിഞ്ഞ് പ്രണയിച്ചു നോക്കിയിട്ടുണ്ടോ? കുറിപ്പ്

once again
മധ്യവയസ്‌കരുടെ പ്രണയത്തിന്റെ കഥ പറഞ്ഞ വണ്‍സ് എഗയ്ന്‍ എന്ന സിനിമയില്‍ ഷെഫാലി ഷായും നീരജ് കബിയും file
Updated on
2 min read

ന്‍പതു വയസ്സു കഴിഞ്ഞ് പ്രണയിച്ചു നോക്കിയിട്ടുണ്ടോ? പലപ്പോഴും ശരീര ഭംഗി ഒരു ഘടകമേ അല്ലാത്ത പ്രണയം? 'നരച്ച മുടിയുള്ള കാമുകിമാര്‍ കുടവയറുള്ള കാമുകനെ ഒരുപക്ഷെ മകനെപ്പോലെ മടിയില്‍ കിടത്തി ലാളിക്കുന്ന, തലമുടിയില്‍ തലോടുന്ന' പ്രണയം? ചെറുപ്പത്തിന്റെ പ്രണയം പലപ്പോഴും ഹോര്‍മോണുകളുടെ ജ്വലനം മൂലമുള്ള ഭ്രമം പ്രണയമായി തെറ്റിദ്ധരിക്കുന്നതാണെങ്കില്‍ അന്‍പതു വയസ്സു കഴിഞ്ഞുള്ള പ്രണയം തീര്‍ത്തും മറ്റൊന്നാണ്. പ്രണയത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിനെ തീര്‍ത്തും പുതുക്കാന്‍ പോന്നതാണ്, നസീന്‍ ഹുസൈന്‍ കിഴക്കേടത് ഫെയ്‌സ്ബുക്കില്‍ എഴുതിയ ഈ കുറിപ്പ്:

മ്പത് വയസ് കഴിഞ്ഞിട്ട് പ്രണയിച്ചു നോക്കിയിട്ടുണ്ടോ? രസമാണ്. ചെറുപ്പത്തിലേ പ്രണയം, പലപ്പോഴും, ഹോര്‍മോണുകളുടെ ജ്വലനം മൂലമുള്ള Infatuation പ്രണയമായി തെറ്റിദ്ധരിക്കപ്പെടുന്നതാണെങ്കില്‍, അമ്പത് വയസുകഴിഞ്ഞുള്ള പ്രണയം, ജീവിതത്തിലെ അതുവരെയുള്ള അനുഭവങ്ങളുടെ വെളിച്ചത്തില്‍ കൂടുതല്‍ പക്വമായ ഒന്നായിരിക്കും. ഒന്ന് മറ്റൊന്നിനേക്കാള്‍ നല്ലതെന്നോ ചീത്തയെന്നോ ഇതിനര്‍ത്ഥമില്ല, പക്ഷെ പ്രണയമെന്ന വാക്കിന്റെ അര്‍ഥം തന്നെ പുനര്‍നിര്‍വചനം നടത്തുന്ന ഒന്നായിരിക്കും അമ്പതു കഴിഞ്ഞുള്ള പ്രണയം.

അമ്പത് വയസുകഴിഞ്ഞവര്‍, ജീവിതത്തിലെ കുറെ വിജയങ്ങളും, അതിലേറെ പരാജയങ്ങളും കണ്ടവരായിരിക്കും, പ്രത്യേകിച്ച് വ്യക്തിജീവിതങ്ങളില്‍. ചെറുപ്പത്തിലുള്ള നമ്മള്‍ ഒരു ചെറുകഥയാണെങ്കില്‍, അമ്പത് വയസുകഴിയുമ്പോള്‍ വിജയിച്ചതും പരാജയപെട്ടതുമായ കഥകളുടെ ഒരു സമാഹാരമായി മാറും നമ്മുടെ ജീവിതം. സന്തോഷകരമായ ചില ഓര്‍മ്മകളുടെയും , വേദനിപ്പിക്കുന്ന ഓര്‍മകളുടെയും ഒരു കൂമ്പാരം നമ്മുടെ മനസിലുണ്ടാകും. അതുകൊണ്ടുതന്നെ പങ്കാളികളോട് എങ്ങിനെ പെരുമാറണം, എങ്ങിനെ പെരുമാറരുത് എന്നൊക്കെ നമുക്കൊരു മിനിമം ബോധമുണ്ടായിരിക്കും. പലപ്പോഴും തങ്ങളുടെ ഇഷ്ടങ്ങള്‍ മാറ്റിവച്ച് പങ്കാളിക്ക് വേണ്ടുന്ന കാര്യങ്ങള്‍ ചെയ്യാനായിരിക്കും ഈ പ്രായക്കാര്‍ക്കിഷ്ടം.

കുട്ടികള്‍, ജോലി തുടങ്ങി അനേകം ബാധ്യതകളുടെ നടുക്ക് നിന്നായിരിക്കും ഒരുപക്ഷെ ഇവര്‍ പ്രണയിക്കുന്നത്. ചെറുപ്പത്തിലേ പോലെ ഓരോ നിമിഷവും ഫോണ്‍ വിളികളുണ്ടാവില്ല, വിളിക്കാത്തതില്‍ പരാതിയോ പരിഭവങ്ങളോ ഉണ്ടാകില്ല. പക്ഷെ സംസാരിക്കുമ്പോള്‍ മറുപാതിയുടെ ഓരോ വാക്കും വയറ്റില്‍ ചിത്രശലഭങ്ങള്‍ പറത്തുന്നതിന് ഒരു കുറവുമുണ്ടാകില്ല. കുറച്ചുനേരത്തേക്കെങ്കിലും നമ്മള്‍ പഴയ കാമുകീ കാമുകന്മാരാകും. പണ്ടത്തെപ്പോലെ വേറെ ഒരാളോട് സംസാരിച്ചു ചിരിച്ചു എന്നൊക്കെയുള്ള അസൂയയും പരാതിയുമൊന്നും ഉണ്ടാകില്ല. അതൊന്നുമല്ല പ്രണയമെന്നു ഇതിനകം തിരിച്ചറിഞ്ഞു കഴിഞ്ഞവരെല്ലേ നമ്മള്‍. പക്ഷെ നോട്ടത്തിലും കെട്ടിപിടുത്തതിലുമൊക്കെ പങ്കാളിയോട് വല്ലാത്ത കരുതല്‍ ആയിരിക്കും. ഒരുതരത്തിലുമുള്ള യന്ത്രികത ഉണ്ടാകില്ല.

ലൈംഗികതയിലും ഇതുപോലെ തന്നെയാണ്. പരസ്പരം കാണുമ്പോള്‍ തന്നെ കെട്ടിമറിഞ്ഞു കിടക്കയിലേക്ക് വീഴണമെന്നില്ല. കൈകള്‍ കോര്‍ത്തുപിടിച്ച്, മെല്ലെ, നാട്ടുകാര്യങ്ങളും വീട്ടുകാര്യങ്ങളും സംസാരിച്ച്, കൈവിരലുകളിലും കാല്‍ വിരലുകളിലും ഉമ്മകള്‍ വച്ച്, സമുദ്രത്തിന് ചൂട് പിടിക്കുന്നത് പോലെയുള്ള ഒരു പ്രയാണമായിരിക്കുമത്. സമുദ്രം പക്ഷെ കരയേക്കാള്‍ തണുക്കാന്‍ കൂടുതല്‍ സമയമെടുക്കുമെന്നതാണല്ലോ ശാസ്ത്രം. എന്നിട്ട് വിട്ടുപോകുമ്പോള്‍ വീണ്ടും കാണുന്നത് വരെ സൂക്ഷിക്കാന്‍ നെറ്റിയില്‍ ഒരുമ്മയും കൊടുക്കും.

പക്ഷെ അമ്പത് കഴിഞ്ഞുള്ള ഭൂരിഭാഗം പ്രണയങ്ങളും ആളുകളുടെ മനസ്സില്‍ തന്നെ മരിച്ചുപോകും. ഭൂതകാല അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍, പ്രണയം പരാജയപെട്ടു പോകുമോ എന്നുളള പേടി, ഹൃദയം ഒരിക്കല്‍ കൂടി തകര്‍ന്നാല്‍ താങ്ങാന്‍ പറ്റില്ലെന്നുള്ള അറിവ് എന്നൊക്കെ കൊണ്ട്, പ്രണയം എന്ന് കേട്ടാല്‍ പേടിയാകുന്ന അവസ്ഥയില്‍ എത്തിയവരായിരിക്കും കുറെ പേരെങ്കിലും. ചെറുപ്പത്തിലെ നമ്മള്‍ മരിക്കുന്നത് വരെ തീവ്രമായി പ്രണയിക്കണമെന്ന പ്രതിജ്ഞയില്‍ നിന്ന്, ഞാന്‍ നിന്നെ നിശബ്ദമായി പ്രണയിച്ചോളാം, നീ തിരികെ ഒന്നും തരേണ്ട എന്ന നിശബ്ദ സഞ്ചാരത്തിലേക്ക് അധിക ദൂരമില്ല എന്നതാണ് സത്യം. നിന്റെ ദുഃഖങ്ങള്‍ എനിക്ക് തരൂ എന്ന് കവി പാടിയത് ഒരുപക്ഷെ ഇവരെക്കുറിച്ചായിരിക്കണം.

പലപ്പോഴും ശരീരഭംഗി ഒരു ഘടകമേ അല്ലാത്ത ഒരു പ്രണയമായിരിക്കുമിത്. ചാടിയ കുടവയറുകളും നരച്ച മുടികളും, പ്രസവശേഷം സ്‌ട്രെച്ച് മാര്‍ക്ക് വീണ വയറുകളും മുലകളുമെല്ലാം സ്‌നേഹപൂര്‍വ്വം തലോടപെടും, ഏറ്റവും പ്രണയത്തോടെ ചുംബിക്കപ്പെടും. നരച്ച മുടിയുള്ള കാമുകിമാര്‍, കുടവയറുള്ള കാമുകനെ ഒരു പക്ഷെ മകനെ പോലെ മടിയില്‍ കിടത്തി ലാളിക്കും, തലമുടിയില്‍ തലോടും. ചിലപ്പോള്‍ ആഴമുള്ള മൗനത്തിലൂടെ അവര്‍ സംസാരിക്കും. നിങ്ങളുടെ മുറിവുകള്‍ അവരുടെ മുന്നില്‍ പൂര്‍ണമായും അനാവരണം ചെയ്യപ്പെടും. നിങ്ങള്‍ നിങ്ങളുടെ ഏറ്റവും ദുര്‍ബലമായ ഭാഗങ്ങള്‍ അവരുടെ മുന്നില്‍ തുറന്നു വയ്ക്കും. ജീവിതത്തില്‍ ആദ്യമായി നിങ്ങള്‍ ജഡ്ജ് ചെയ്യപ്പെടാതെ ഒരാള്‍ നിങ്ങളെ കേട്ടിരിക്കും. നിങ്ങള്‍ ഏറ്റവും മോശമെന്ന് അത് വരെ കരുതിയിരുന്ന കുറവുകള്‍ , വളരെ സാധാരണമായ കാര്യങ്ങളാണെന്ന് അവര്‍ നിങ്ങളെ ബോധ്യപ്പെടുത്തും. പരസ്പരം പൂരകമാകുന്ന ഒരു പ്രണയത്തില്‍ നിന്ന്, കുറ്റങ്ങളും കുറവുകളും അംഗീകരിക്കുന്ന, അപൂര്‍ണരായ മനുഷ്യരാണ് നമ്മളെല്ലാവരും എന്നുള്ള അറിവിലേക്ക് നമ്മള്‍ പരസ്പരം നടന്നുകയറും. നമ്മുടെ ചിരി പങ്കിടുന്ന, നമ്മുടെ വേദനകള്‍ക്ക് ഇടം നല്‍കുന്ന, നമ്മെ ആശ്ലേഷിക്കുന്ന, എന്നാല്‍ അങ്ങിനെ ചെയ്യാന്‍ ഒരു ബാധ്യതയുമില്ലാത്ത ഒരാള്‍, അവരുടെ ആഗ്രഹപ്രകാരം കൂടെ നടക്കുമ്പോള്‍, ജീവിതത്തില്‍ എന്തൊക്കെ വന്നാലും, നമുക്കൊരിടം ഒഴിച്ചിട്ട് , എന്നും എപ്പോഴും കൂടെ നില്‍ക്കുക എന്നതും പ്രണയമാണെന്ന്, പ്രണയത്തിന്റെ നിര്‍വചനം നമ്മള്‍ തിരുത്തിയെഴുതും.

നമ്മുടെ മനസ്സില്‍ വച്ചുതന്നെ മരിച്ചുപോയ നൂറുകണക്കിന് പ്രണയങ്ങളുടേത് കൂടിയല്ലേ നമ്മുടെ ജീവിതം...

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com