മരണത്തെ തോല്‍പ്പിച്ച മലമടക്കുകള്‍: മുണ്ടക്കൈയുടെയും ചൂരല്‍മലയുടെയും പുനര്‍ജ്ജനി

ദുരന്തം കവര്‍ന്ന 22 മാസങ്ങള്‍ക്കിപ്പുറം, ഈ വേനലവധി ചൂരല്‍മലയ്ക്ക് സമൃദ്ധിയുടെ നല്ല നാളെകളാണ് സമ്മാനിക്കുന്നത്
rebirth of Mundakai and Chooralmala
ചൂരൽമല ടൗണിലേക്ക് ഉള്ള വഴി
Updated on
3 min read

രണ്ട് വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ആ കറുത്ത ജൂലൈ 31-ന്റെ രാത്രി. ആകാശത്തിന് തുള വീണതുപോലെ പെയ്ത പേമാരിയില്‍, വയനാടിന്റെ മാറില്‍ നിന്നും ഒരു നാട് തന്നെ മാഞ്ഞുപോയ രാത്രി. 298 ജീവനുകള്‍ മണ്ണടിയുകയും ആയിരക്കണക്കിന് സ്വപ്നങ്ങള്‍ മലവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോകുകയും ചെയ്തപ്പോള്‍ മുണ്ടക്കൈയും ചൂരല്‍മലയും ഒരു നിശ്ശബ്ദ ദുഃഖഗാഥയായിരുന്നു. പച്ചപ്പുകള്‍ക്ക് മേല്‍ മണ്ണിന്റെ കനത്ത ഭാരം വീണപ്പോള്‍, വീടുകള്‍ക്കും പള്ളിക്കൂടങ്ങള്‍ക്കും പകരം അവിടെ ശേഷിച്ചത് കല്ലും മണ്ണും മാത്രം. പക്ഷേ, മാസങ്ങള്‍ക്കിപ്പുറം ആ മണ്ണില്‍ നിന്ന് കേള്‍ക്കുന്നത് നിലവിളികളല്ല; അത് അതിജീവനത്തിന്റെ പുതിയൊരു സംഗീതമാണ് എന്ന് മേപ്പാടി പഞ്ചായത്ത് സെക്രട്ടറി ഷാജു എം പറയുന്നു. പാലത്തിന് അപ്പുറം 20 ജീപ്പ് ഡ്രൈവര്‍മാരാണ് ഇന്ന് തങ്ങളുടെ ഉപജീവനത്തിനായി സഞ്ചാരികളെ കാത്തിരിക്കുന്നത്.

ദുരന്തം കവര്‍ന്ന 22 മാസങ്ങള്‍ക്കിപ്പുറം, ഈ വേനലവധി ചൂരല്‍മലയ്ക്ക് സമൃദ്ധിയുടെ നല്ല നാളെകളാണ് സമ്മാനിക്കുന്നത്. ഇന്ന് ചൂരല്‍മലയിലേക്കും അട്ടമലയിലേക്കും പോകുന്ന പുതിയ ടാര്‍ ഇട്ട വഴികളില്‍ വണ്ടിചക്രങ്ങളുടെ ശബ്ദം തിരികെ എത്തിയിരിക്കുന്നു. ദുരന്തത്തിന്റെ പാടുകള്‍ കാണാന്‍ എത്തുന്ന സന്ദര്‍ശകരുടെ കാല്‍പ്പാടുകള്‍ ഈ മണ്ണില്‍ വീണ്ടും ചലനം സൃഷ്ടിക്കുന്നു. സൈന്യം പണിതുയര്‍ത്തിയ ബെയ്ലി പാലം ഇന്ന് കേവലം ഒരു യാത്രാമാര്‍ഗ്ഗമല്ല, മറിച്ച് മുറിവേറ്റ ഒരു ജനതയെ ജീവിതത്തിന്റെ മറുകരയിലേക്ക് എത്തിക്കുന്ന പ്രതീക്ഷയുടെ പാലമാണ്. അട്ടമലയിലെ ഗ്ലാസ് ബ്രിഡ്ജും മുണ്ടക്കൈയിലെ മനോഹാരിതയും തേടി സഞ്ചാരികള്‍ വീണ്ടുമെത്തുമ്പോള്‍, തകര്‍ന്നടിഞ്ഞ ഈ മലയോര ഗ്രാമം ഭൂപടത്തില്‍ വീണ്ടും വര്‍ണ്ണങ്ങള്‍ തേടുകയാണ്.

rebirth of Mundakai and Chooralmala
ബെയ്‌ലി പാലം

ജീവിതം തിരികെ പിടിക്കുന്ന സാരഥികള്‍

സുരക്ഷാ കാരണങ്ങളാല്‍ സ്വകാര്യ വാഹനങ്ങള്‍ ബെയ്ലി പാലത്തിന് അപ്പുറത്തേക്ക് പ്രവേശിപ്പിക്കില്ല. പക്ഷേ, അവിടെ അവര്‍ക്കായി കാത്തിരിക്കുന്നത് ജീവിതം കൊണ്ട് മല്ലിട്ട് ജയിച്ച 20 ജീപ്പ് ഡ്രൈവര്‍മാരാണ്. മേപ്പാടി പഞ്ചായത്ത് സെക്രട്ടറി ഷാജു എമ്മിന്റെ വാക്കുകളില്‍ പറഞ്ഞാല്‍, ഈ നിയന്ത്രണം ഇന്ന് ചൂരല്‍മല നിവാസികളായ ഡ്രൈവര്‍മാര്‍ക്ക് ഒരു ഉപജീവനമാര്‍ഗ്ഗമാണ്. 'അട്ട മലയിലുള്ള ഗ്ലാസ് ബ്രിഡ്ജിലേക്കും മുണ്ടക്കൈയിലുള്ള റിസോര്‍ട്ടിലേക്കും സഞ്ചാരികളെ കൊണ്ടുപോകുന്നത് ഈ ജീപ്പുകളാണ്. സഞ്ചാരികള്‍ ഉരുള്‍പൊട്ടല്‍ നടന്ന 'നോ-ഗോ സോണിലേക്ക്' പോകുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതും ഈ ഡ്രൈവര്‍മാര്‍ തന്നെയാണ്,'- ഷാജു പറഞ്ഞു.

കണ്ണീര്‍ വീണ മണ്ണില്‍ വിരിഞ്ഞ ഗ്ലാസ് ബ്രിഡ്ജ്

'ലോകം അവസാനിച്ചുവെന്ന് തോന്നിയ നിമിഷങ്ങള്‍...' അട്ടമലയിലെ ഗ്ലാസ് ബ്രിഡ്ജ് ഉടമ അഷ്റഫിന്റെയും കൂട്ടുകാരുടെയും വാക്കുകളില്‍ ആ നടുക്കം ഇന്നും നിഴലിക്കുന്നുണ്ട്. 'ചൂരല്‍മലയില്‍ കച്ചവടം നടത്തിയിരുന്ന ഞാനും എന്റെ സുഹൃത്തുക്കളായ സുനില്‍ എം ആര്‍, റെജി പി ടി, മണികണ്ഠന്‍, മന്‍സൂര്‍ കെ, മുഹമ്മദലി എം, ഷമീര്‍ എസ്, നിയാസ് വി കെ എന്നിവര്‍ ചേര്‍ന്നാണ് ഗ്ലാസ് ബ്രിഡ്ജ് എന്ന ആശയം അട്ടമലയിലേക്ക് കൊണ്ടുവരുന്നത്. ഹാരിസണ്‍ മലയാളത്തിന്റെ ഭൂമി വാടകയ്ക്ക് എടുത്തായിരുന്നു ഗ്ലാസ് ബ്രിഡ്ജ് നിര്‍മ്മിച്ചത്,'- അഷ്റഫ് ഓര്‍ക്കുന്നു.

മികച്ച പ്രതികരണം ലഭിച്ചു തുടങ്ങിയ വേളയിലാണ് വെറും ഏഴ് മാസങ്ങള്‍ക്കിപ്പുറം മഹാദുരന്തം സംഭവിക്കുന്നത്. 'ലോകം അവസാനിച്ചതുപോലെയുള്ള പ്രതീതിയായിരുന്നു ഞങ്ങള്‍ക്ക്. ഏകദേശം ഒന്നര വര്‍ഷത്തോളം അട്ടമല മേഖലയിലേക്ക് സഞ്ചാരികള്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. ഉരുള്‍പൊട്ടലില്‍ വീടും കുടുംബവും കൂട്ടുകാരും നഷ്ടപ്പെട്ട ഞങ്ങള്‍ ജീവിക്കാന്‍ വേണ്ടിയുള്ള നെട്ടോട്ടത്തിലായിരുന്നു ഈ മാസങ്ങളത്രയും,'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പക്ഷേ ഇന്ന് ആ ആവേശം തിരിച്ചുവന്നിരിക്കുന്നു. മുണ്ടക്കൈയിലും അട്ടമലയിലുമായി മൂന്ന് റിസോര്‍ട്ടുകള്‍ക്ക് പ്രവര്‍ത്തനാനുമതി ലഭിച്ചതോടെ 'ഞങ്ങള്‍ വീണ്ടും ഞങ്ങളുടെ ജീവിതം തിരികെ പിടിക്കുകയാണ്' എന്ന് അഷ്റഫ് ഉറപ്പിച്ചു പറയുന്നു.

rebirth of Mundakai and Chooralmala
അട്ടമല ഗ്ലാസ്‌ ബ്രിഡ്ജിലേക്കുള്ള പാത

തിരികെ തെളിയുന്ന കച്ചവട വിളക്കുകള്‍

ചൂരല്‍മല ടൗണിലെ ചെറിയ കടകളില്‍ നിന്ന് ഇന്ന് ചായയുടെയും പലഹാരങ്ങളുടെയും ഗന്ധം ഉയരുന്നുണ്ട്. 'നഷ്ടങ്ങള്‍ മാത്രം സമ്പാദ്യമായ ഒരു ജനതയാണിത്,' വ്യാപാരിയായ നജീബ് പറയുന്നു. 'എങ്ങനെയെങ്കിലും ജീവിതത്തിലേക്ക് തിരിച്ചുവരിക എന്നത് മാത്രമാണ് ചൂരല്‍മലയില്‍ അവശേഷിക്കുന്ന കുടുംബങ്ങളുടെ ലക്ഷ്യം. ദിവസവും ഇവിടെ വരുന്ന സഞ്ചാരികള്‍ ഞങ്ങള്‍ക്ക് ഒരു പ്രതീക്ഷയാണ്. ആ പ്രതീക്ഷയിലാണ് ചൂരല്‍മലയില്‍ നിരവധി ചെറിയ കടകള്‍ ഉയര്‍ന്നുവന്നത്. ഒരു സമയം അനക്കമില്ലാതായിപ്പോയ ഈ ടൗണില്‍ വീണ്ടും കച്ചവട സാധ്യതകള്‍ ഉയരുന്നുണ്ട്, അതുവഴി ഞങ്ങള്‍ക്ക് ഒരു പുതുജീവിതവും.'

rebirth of Mundakai and Chooralmala
കുറച്ചു മെനക്കെടാൻ റെഡി ആണെങ്കിൽ, അവക്കാഡോ വീട്ടുമുറ്റത്ത് നട്ടുവളർത്താം
rebirth of Mundakai and Chooralmala
ചൂരൽമല ടൗണിലെ കട

ജാഗ്രതയുടെ തണലില്‍

തിരിച്ചു വരാവുകള്‍ക്കിടയിലും വേദനയുടെ കനലുകള്‍ ബാക്കിയുള്ളതിനാല്‍ പൊലീസും ജില്ലാ ഭരണകൂടവും ഇവിടെ ജാഗ്രതയോടെയുണ്ട്. വൈകുന്നേരം ആറുമണിക്ക് മുന്‍പ് സഞ്ചാരികളെ സുരക്ഷിതമായി ടൗണിന് പുറത്തെത്തിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ അവര്‍ കാവലുണ്ട്. ദുരന്തബാധിത മേഖലയിലല്ലാത്ത മൂന്ന് റിസോര്‍ട്ടുകളില്‍ മാത്രമാണ് താമസ സൗകര്യമുള്ളത്.

ചൂരല്‍മലയും മുണ്ടക്കൈയും ഇന്ന് ഒരു പാഠമാണ്. പ്രകൃതി എല്ലാം തകര്‍ത്തെറിഞ്ഞാലും, മനുഷ്യന്റെ അതിജീവന മോഹം അതിനേക്കാള്‍ കരുത്തുള്ളതാണെന്ന വലിയ പാഠം. നിലവിളികള്‍ നിലച്ച ഈ താഴ്വരയില്‍ ഇപ്പോള്‍ ഉയരുന്നത് വരുംകാലത്തിന്റെ പ്രതീക്ഷാനിര്‍ഭരമായ ശബ്ദങ്ങളാണ്.

rebirth of Mundakai and Chooralmala
നാവിൽ രുചി ഉണർത്തും വിഷു വിഭവങ്ങൾ, വിഷു പുഴുക്ക് റെസിപ്പി
Summary

rebirth of Mundakai and Chooralmala, survival story

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com