ഏഴുവയസ്സുകാരിയുടെ അമ്മ, സൈക്കോളജിസ്റ്റ്, സോഷ്യല്‍ വര്‍ക്കര്‍; ആരാണ് വിശ്വസുന്ദരി ജെന്നിഫര്‍ ബാരെറ്റോ?

മിസ് യൂണിവേഴ്സ് പ്യൂട്ടോറിക്കോ മത്സരത്തില്‍ പങ്കെടുക്കുന്നതിന് മുന്‍പ് റാംപ് വാക്ക് പോലും പരിചയമില്ലായിരുന്നു
Jennifer Barreto
Miss Universe Jennifer BarretoGetty Images
Updated on: 
2 min read

സാന്‍ ജുവാന്‍ (പ്യൂട്ടോറിക്കോ): വിവാഹിതയും ഏഴുവയസ്സുകാരിയുടെ അമ്മയും. പ്രൊഫഷണല്‍ ജീവിതത്തില്‍ സൈക്കോളജിസ്റ്റും സോഷ്യല്‍ വര്‍ക്കറും. സൗന്ദര്യമത്സരങ്ങളുടെ ലോകത്ത് മുന്‍പരിചയമൊന്നുമില്ല. എന്നാല്‍ ഈ വിശേഷണങ്ങളെല്ലാം മറികടന്ന് മിസ് യൂണിവേഴ്സ് 2026 കിരീടം സ്വന്തമാക്കിയിരിക്കുകയാണ് പ്യൂട്ടോറിക്കോയുടെ ജെന്നിഫര്‍ ബാരെറ്റോ. മിസ് യൂണിവേഴ്സ് ചരിത്രത്തില്‍ കിരീടം നേടുന്ന ആദ്യ അമ്മ എന്ന നേട്ടവും 27കാരിയായ ജെന്നിഫറിന് സ്വന്തം.

പ്യൂട്ടോറിക്കോയിലെ സാന്‍ ജുവാനിലുള്ള ജോസ് മിഗ്വേല്‍ അഗ്രലോട്ട് കൊളീസിയത്തില്‍ നടന്ന 75-ാമത് മിസ് യൂണിവേഴ്സ് മത്സരത്തിലാണ് ജെന്നിഫര്‍ വിജയിയായത്. ഇതോടെ പ്യൂര്‍ട്ടോ റിക്കോയ്ക്ക് ആറാമത്തെ മിസ് യൂണിവേഴ്സ് കിരീടം ലഭിച്ചു. 2025ലെ ജേതാവായ മെക്സിക്കോയുടെ ഫാത്തിമ ബോഷില്‍നിന്നാണ് ജെന്നിഫര്‍ കിരീടം ഏറ്റുവാങ്ങിയത്. സൗന്ദര്യമത്സരങ്ങളുടെ ലോകത്ത് മുന്‍പരിചയമില്ലാതെയാണ് ജെന്നിഫര്‍ ഈ നേട്ടം സ്വന്തമാക്കിയത് എന്നതാണ് ഏറ്റവും ശ്രദ്ധേയം.

മിസ് യൂണിവേഴ്സ് പ്യൂട്ടോറിക്കോ മത്സരത്തില്‍ പങ്കെടുക്കുന്നതിന് മുന്‍പ് റാംപ് വാക്ക് പോലും പരിചയമില്ലായിരുന്നു. ഈ വര്‍ഷം ഫെബ്രുവരിയിലാണ് ആദ്യമായി റാംപിലൂടെ നടന്നത്. വെറും നാലുമാസത്തിനുശേഷം ദേശീയ കിരീടവും സ്വന്തമാക്കി. പ്യൂട്ടോറിക്കോയിലെ സാന്‍ സെബാസ്റ്റ്യന്‍ നഗരത്തെ പ്രതിനിധീകരിച്ചാണ് ജെന്നിഫര്‍ ദേശീയ മത്സരത്തില്‍ പങ്കെടുത്തത്. 35 മത്സരാര്‍ഥികളെ പിന്തള്ളിയാണ് മിസ് യൂണിവേഴ്സ് പ്യൂട്ടോറിക്കോ 2026 കിരീടം നേടിയത്.

സൗന്ദര്യമത്സരത്തില്‍ പങ്കെടുക്കണമെന്ന ആഗ്രഹത്തേക്കാള്‍ പുതിയ അനുഭവങ്ങള്‍ സ്വന്തമാക്കാനും ജീവിതത്തില്‍ പുതിയ അധ്യായം തുടങ്ങാനുമുള്ള താല്‍പര്യമാണ് തന്നെ മത്സരത്തിലേക്ക് എത്തിച്ചതെന്ന് അവര്‍ അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളില്‍ 'ലാ ബാരെറ്റോ' എന്ന പേരിലാണ് ജെന്നിഫര്‍ അറിയപ്പെടുന്നത്.

Jennifer Barreto
ദേശീയ കിരീടം നേടുന്നതിന് മുന്‍പ് 70 പൗണ്ട് (31.7 കിലോഗ്രാം) ശരീരഭാരം കുറച്ചിരുന്നു

ഏഴുവയസ്സുകാരിയുടെ അമ്മ

ജെന്നിഫര്‍ വിവാഹിതയാണ്. ഭര്‍ത്താവ് ജീന്‍ കാര്‍ലോസ് ബാരെറ്റോ. പെനലോപ്പ് എന്നാണ് ഏഴുവയസ്സുകാരിയായ മകളുടെ പേര്. സൗന്ദര്യമത്സരത്തിന്റെ തിരക്കുകള്‍ക്കിടയിലും കുടുംബജീവിതത്തിനും പ്രാധാന്യം നല്‍കുന്ന വ്യക്തിയാണ് ജെന്നിഫര്‍. മാതൃത്വം വ്യക്തിപരമായും തൊഴില്‍പരമായും മുന്നേറാനുള്ള ഒരു സ്ത്രീയുടെ സ്വപ്നങ്ങള്‍ക്ക് തടസ്സമാകരുതെന്നാണ് അവരുടെ നിലപാട്. അമ്മയായിരിക്കുമ്പോഴും സ്വന്തം ലക്ഷ്യങ്ങള്‍ പിന്തുടരാനും പുതിയ നേട്ടങ്ങള്‍ സ്വന്തമാക്കാനും സ്ത്രീകള്‍ക്ക് കഴിയുമെന്ന് തന്റെ വിജയത്തിലൂടെ തെളിയിക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്.

സൈക്കോളജിയില്‍ ബിരുദം, രണ്ട് ബിരുദാനന്തര ബിരുദങ്ങള്‍

സൗന്ദര്യത്തിന് പുറമെ മികച്ച വിദ്യാഭ്യാസ യോഗ്യതകളും ജെന്നിഫറിനുണ്ട്. സൈക്കോളജിയില്‍ ബിരുദവും സൈക്കോളജിയിലും ക്ലിനിക്കല്‍ സോഷ്യല്‍ വര്‍ക്കിലും രണ്ട് ബിരുദാനന്തര ബിരുദങ്ങളുമാണ് നേടിയിട്ടുള്ളത്. അമേരിക്കന്‍ സൈന്യത്തിന്റെ പ്രതിരോധ വകുപ്പുമായി ബന്ധപ്പെട്ട് പ്രിവന്‍ഷന്‍ സ്‌പെഷ്യലിസ്റ്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കുടുംബങ്ങളുടെയും സമൂഹത്തിന്റെയും മാനസികാരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്തുന്നതിനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളിലാണ് ഇവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍, ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രതിരോധം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലും അനുഭവസമ്പത്തുണ്ട്.

മാനസികാരോഗ്യത്തെക്കുറിച്ചുള്ള തുറന്ന ചര്‍ച്ചകള്‍ പ്രോത്സാഹിപ്പിക്കുകയാണ് മിസ് യൂണിവേഴ്സ് എന്ന നിലയില്‍ തന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നെന്ന് അവര്‍ പ്രതികരിച്ചു. പ്രത്യേകിച്ച് സ്ത്രീകളുടെയും കുടുംബങ്ങളുടെയും വൈകാരിക ക്ഷേമത്തിന് പ്രാധാന്യം നല്‍കണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. പ്യൂട്ടോറിക്കോയിലെ പീഡിയാട്രിക് ഡയബറ്റിസ് അസോസിയേഷനുമായി സഹകരിച്ച് സന്നദ്ധപ്രവര്‍ത്തനങ്ങളിലും ജെന്നിഫര്‍ സജീവമാണ്. പ്രമേഹം ബാധിച്ച കുട്ടികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും പിന്തുണ നല്‍കുന്നതിനും രോഗത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും അവര്‍ പ്രവര്‍ത്തിക്കുന്നു.

32 കിലോ ശരീരഭാരം കുറച്ചു

മിസ് യൂണിവേഴ്സ് മത്സരത്തിന് മുന്നോടിയായി ജെന്നിഫര്‍ നടത്തിയ മറ്റൊരു മാറ്റവും ശ്രദ്ധ നേടിയിരുന്നു. ദേശീയ കിരീടം നേടുന്നതിന് മുന്‍പ് 70 പൗണ്ട് (31.7 കിലോഗ്രാം) ശരീരഭാരം കുറച്ചിരുന്നു. കഠിനമായ തയ്യാറെടുപ്പുകളും ആത്മവിശ്വാസവും അച്ചടക്കവുമാണ് ഈ യാത്രയില്‍ സഹായിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

മരിസോള്‍ മലാരറ്റ് (1970), ഡെബോറ കാര്‍ത്തി-ഡ്യൂ (1985), ദയനാര ടോറസ് (1993), ഡെനിസ് ക്വിനോണ്‍സ് (2001), സുലെയ്ക റിവേര (2006) എന്നിവരാണ് ഇതിനു മുന്‍പ് പ്യൂട്ടോറിക്കോയില്‍ നിന്ന് മിസ് യൂണിവേഴ്സ് കിരീടം നേടിയിട്ടുള്ളത്. ജെന്നിഫറിലൂടെ ആറാമതും ഈ നേട്ടം രാജ്യത്തെ തേടിയെത്തി.

Jennifer Barreto
വിശ്വസുന്ദരിയായ ആദ്യ 'അമ്മ'; പ്യൂട്ടോറിക്കോയുടെ ജെന്നിഫര്‍ ബാരെറ്റോ മിസ് യൂണിവേഴ്സ്
Jennifer Barreto
മിസ് യൂനിവേഴ്‌സ് വേദിയില്‍ ഇന്ത്യയ്ക്ക് നിരാശ; ടോപ് 12ല്‍ എത്താതെ കെസിയ പുറത്ത്
Jennifer Barreto
'രാജീവ്ജിയുടെ ശരീരഭാഗങ്ങള്‍ അടക്കംചെയ്ത ഒരു പെട്ടി മാത്രം, അന്ത്യചുംബനം പോലും നല്‍കാനായില്ല; വര്‍ത്തമാനകാല ഇന്ത്യ കണ്ട ഏറ്റവും ധീരയായ സ്ത്രീയുടെ ജീവിതം'
Summary

Jennifer Barreto Makes History as First Mother to Win Miss Universe 2026

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER