

വാരാന്ത്യത്തിലെ സായാഹ്നങ്ങളില്‍, സുഹൃത്തുക്കളോടൊന്നിച്ച് വട്ടത്തിലിരുന്ന് ചിരിച്ചും സംസാരിച്ചും പങ്കുവെച്ച ആ കുപ്പിയില്‍ ഉണ്ടായിരുന്നത് റം അല്ലായിരുന്നോ? തലമുറകളായി റം എന്ന് വിശ്വസിച്ച് ആസ്വദിച്ചു കുടിച്ച 'ഓള്‍ഡ് മങ്ക്' യഥാര്‍ഥത്തില്‍ റം അല്ലെന്ന വാര്‍ത്ത മദ്യം ആസ്വദിക്കുന്നവരെ അക്ഷരാര്‍ത്ഥത്തില്‍ നിരാശരാക്കിയിക്കുകയാണ്. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്എസ്എസ്എഐ) പുതിയ വെളിപ്പെടുത്തലുകളും ബോംബെ ഹൈക്കോടതിയിലെ നിയമപോരാട്ടങ്ങളുമാണ് ജനപ്രിയ മദ്യബ്രാന്‍ഡിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുന്നത്.
എന്താണ് യഥാര്‍ഥ പ്രശ്‌നം?
ന്യൂട്രല്‍ സ്പിരിറ്റും കൃത്രിമ റം ഫ്‌ലേവറുകളും ചേര്‍ത്തുണ്ടാക്കുന്ന ഈ പാനീയം റം എന്ന ലേബലില്‍ വില്‍ക്കാന്‍ പാടില്ലെന്നാണ് എഫ്എസ്എസ്എഐ ബോംബെ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. ലേബലുകളിലെ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ മാത്രമല്ല, പാനീയത്തിന്റെ അടിസ്ഥാന സ്വഭാവം തന്നെ ഇവിടെ ചോദ്യം ചെയ്യപ്പെടുന്നു. ഇത് റം എന്ന വിഭാഗത്തില്‍ പെടുത്താന്‍ കഴിയില്ലെന്നും, പകരം 'റം-ഫ്‌ലേവേര്‍ഡ് സ്പിരിറ്റ്' എന്ന് മാത്രമേ വിശേഷിപ്പിക്കാന്‍ സാധിക്കൂ എന്നുമാണ് എഫ്എസ്എസ്എഐയുടെ വാദം. വാര്‍ത്ത പുറത്തുവന്നതോടെ മദ്യപാനികള്‍ക്കിടയില്‍ വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. അപ്പോള്‍ തങ്ങള്‍ ഇതുവരെ കുടിച്ചതെല്ലാം വ്യാജനായിരുന്നോ? എന്ന ചോദ്യമാണ് പലരും ഉയര്‍ത്തുന്നത്.
എഫ്എസ്എസ്എഐയുടെ കണ്ടെത്തലുകളും ലേബല്‍ വിവാദവും
ലാബ് പരിശോധനകളില്‍ ഓള്‍ഡ് മങ്കില്‍ കൃത്രിമമായതോ പ്രകൃതിദത്തമായതിനോട് സാദൃശ്യമുള്ളതോ ആയ ഫ്‌ലേവറിങ് വസ്തുക്കള്‍ ചേര്‍ത്തതായി കണ്ടെത്തിയതാണ് നടപടിക്ക് കാരണം. 2018ലെ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പ്രകാരം റം, വിസ്‌കി തുടങ്ങിയ സ്റ്റാന്‍ഡേര്‍ഡ് മദ്യങ്ങള്‍ അവയുടെ തനതായ സ്വാദും സുഗന്ധവും നിലനിര്‍ത്തേണ്ടതുണ്ട്. എന്നാല്‍ കൃത്രിമ ഫ്‌ലേവറുകള്‍ ചേര്‍ത്ത് മദ്യത്തിന്റെ സ്വാഭാവികത മറയ്ക്കുന്ന രീതിയാണ് കമ്പനികള്‍ സ്വീകരിക്കുന്നത്.
ഇതോടൊപ്പം തന്നെ ഓള്‍ഡ് മങ്കിന്റെ ലേബലിലെ '7 years old blended' എന്ന അവകാശവാദവും കോടതിയുടെ വിമര്‍ശനത്തിന് കാരണമായി. ലാബ് പരിശോധനയില്‍ ബോട്ടിലിലുള്ളതിന്റെ 95 ശതമാനത്തോളം ഭാഗവും യാതൊരുവിധ കാലപ്പഴക്കവുമില്ലാത്ത, ന്യൂട്രല്‍ ഇഎന്‍എ (എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍) ആണെന്ന് തെളിഞ്ഞു. വെറും അഞ്ച് ശതമാനത്തില്‍ താഴെ മാത്രമാണ് പാകമായ റം സ്പിരിറ്റ് ഉള്ളത്. ഏറ്റവും കുറഞ്ഞ പ്രായമുള്ള സ്പിരിറ്റിന്റെ തോത് മാത്രമേ ലേബലില്‍ സൂചിപ്പിക്കാവൂ എന്ന ചട്ടം നിലനില്‍ക്കെ, 95 ശതമാനം പുതിയ സ്പിരിറ്റുള്ള പാനീയത്തെ 'ഏഴ് വര്‍ഷം പഴക്കമുള്ളത്' എന്ന് വിശേഷിപ്പിച്ചത് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കോടതി നിരീക്ഷിച്ചു.
എന്താണ് യഥാര്‍ഥ റം?
മെറിയം-വെബ്സ്റ്റര്‍ നിഘണ്ടു അനുസരിച്ച്, കരിമ്പില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ (മൊളാസസ് പോലുള്ളവ) പുളിപ്പിച്ച് വാറ്റിയെടുത്തുണ്ടാക്കുന്ന മദ്യമാണ് റം. പ്രശസ്ത കവി ലോര്‍ഡ് ബൈറന്‍ തന്റെ 'ഡോണ്‍ ജുവാന്‍' എന്ന കാവ്യത്തില്‍ റമ്മിനെ വിശേഷിപ്പിച്ചത് മനസ്സിന് സമാധാനം നല്‍കുന്ന ദിവ്യ പാനീയമായാണ്. പരമ്പരാഗതമായി കരിമ്പിന്റെ സ്വാഭാവികതയും തുകല്‍ വീപ്പകളില്‍ സൂക്ഷിക്കുന്നതിലൂടെ ലഭിക്കുന്ന സ്വാദും സുഗന്ധവുമാണ് യഥാര്‍ഥ റമ്മിന്റെ പ്രത്യേകത.
ഇന്ത്യയിലെ മദ്യവിപണി
ലോകമെമ്പാടുമുള്ള മദ്യനിര്‍മാണ രീതികളില്‍ നിന്ന് വ്യത്യസ്തമാണ് ഇന്ത്യയിലെ സ്ഥിതി. ബ്രിട്ടീഷ് കാലഘട്ടം തൊട്ടേ ഇന്ത്യയില്‍ വിദേശമദ്യങ്ങളുടെ തദ്ദേശീയ രൂപങ്ങള്‍ നിര്‍മിച്ചുതുടങ്ങിയിരുന്നു. എന്നാല്‍ ധാന്യങ്ങളും കരിമ്പും പുളിപ്പിച്ച്, മാസങ്ങളോളം വീപ്പകളില്‍ പഴകിയെടുക്കുക എന്നത് ചെലവേറിയതും സമയമെടുക്കുന്നതുമായ പ്രക്രിയയാണ്. അതിനാല്‍ ഇന്ത്യന്‍ വിപണി എളുപ്പവഴിയായ ഇഎന്‍എയിലേക്ക് തിരിഞ്ഞു.
മൊളാസസോ മറ്റ് കാര്‍ഷിക വിഭവങ്ങളോ തിളപ്പിച്ച് 95 ശതമാനത്തിലധികം ശുദ്ധമായി ലഭിക്കുന്ന നിറവും മണവും സ്വാദുമില്ലാത്ത ദ്രവ്യമാണ് ഇഎന്‍എ. ലോകത്ത് മറ്റിടങ്ങളില്‍ വോഡ്കയോ ജിന്നോ ഉണ്ടാക്കാനാണ് ഇത് സാധാരണയായി ഉപയോഗിക്കാറുള്ളതെങ്കിലും, ഇന്ത്യയില്‍ ഇത് വിസ്‌കിയുടെയും റമ്മിന്റെയും അടിസ്ഥാനമായി മാറുന്നു. ഇതിലേക്ക് ആവശ്യമായ ഫ്‌ലേവറുകളും കാരമല്‍ കളറും ചേര്‍ത്ത് റം അല്ലെങ്കില്‍ വിസ്‌കിയായി വിപണിയിലെത്തിക്കുകയാണ് ചെയ്യുന്നത്.