കർണാൽ : വനിതാ കോളേജിൽ ക്ലാസെടുക്കുന്നതിനിടെ വിദ്യാർത്ഥിനികൾക്ക് പ്രണയത്തിന്റെ സൂത്രവാക്യങ്ങൾ പഠിപ്പിക്കാൻ ശ്രമിച്ച അധ്യാപകന് സസ്പെൻഷൻ. ഹരിയാന കർണാലിലെ വനിതാ കോളേജിലാണ് സംഭവം. കോളേജിലെ കണക്ക് പ്രൊഫസറായ ചരൺ സിങാണ് ക്ലാസെടുക്കുന്നതിനിടെ വിദ്യാർത്ഥിനികൾക്ക് പ്രണയത്തിന്റെ സമവാക്യം പഠിപ്പിക്കാൻ മുതിർന്നത്.
പ്രണയത്തിന്റെ മൂന്ന് സമവാക്യങ്ങളാണ് അധ്യാപകൻ കുട്ടികൾക്ക് പകർന്നു കൊടുത്തത്. അടുപ്പം-ആകർഷണം=സൗഹൃദം, അടുപ്പം+ആകർഷണം= പ്രണയം, ആകർഷണം- അടുപ്പം=താൽക്കാലിക പ്രണയം എന്നിങ്ങനെയാണ് പ്രണയത്തിന്റെ സൂത്രവാക്യങ്ങൾ അധ്യാപകൻ വിശദീകരിക്കുന്നത്.
പ്രണയബന്ധവും കുടുംബ ജീവിതവും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യയിലെയും വിദേശത്തെയും ബന്ധങ്ങളുടെ നിലനിൽപ്പ് തുടങ്ങിയവയെല്ലാം അധ്യാപകൻ കുട്ടികൾക്ക് വിശദീകരിക്കുന്നു. പ്രായമേറുന്തോറും ശാരീരിക ആകർഷണം കുറയുമെന്നും അപ്പോൾ ഭാര്യയും ഭർത്താവും സുഹൃത്തുക്കളായി തീരുന്നുവെന്നും ചരൺ സിംഗ് പറയുന്നു.
അടുപ്പം കുറയുമ്പോഴാണ് പരസ്പരം കലഹിക്കുന്നതെന്നും പ്രൊഫസർ പറയുന്നു. ഈ സൂത്രവാക്യങ്ങൾ സംബന്ധിച്ച് അധ്യാപകൻ കുട്ടികളോട് ചോദ്യങ്ങളും ചോദിക്കുന്നുണ്ട്. ക്ലാസിലിരുന്ന ഒരു വിദ്യാർത്ഥിനി പ്രണയ സൂത്രവാക്യ ക്ലാസ് മൊബൈലിൽ പകർത്തിയതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്.
പ്രൊഫസറുടെ വിശദീകരണങ്ങൾ കേട്ട് കുട്ടികൾ ചിരിക്കുന്നതും, കുട്ടികൾ സൂത്രവാക്യങ്ങൾ പറയുമ്പോൾ ശരിവെക്കുന്നതും വീഡിയോയിലുണ്ട്. ഈ വീഡിയോ പ്രിൻസിപ്പാളിന് മുന്നിലെത്തിയതോടെ, അധ്യാപകനോട് വിശദീകരണം ചോദിക്കുകയും സസ്പെൻഡ് ചെയ്യുകയുമായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates