പാംബ്ലയിലെ 18-കാരിയുടെ കൊലപാതകം: നിർണായക വഴിത്തിരിവ്; മൃതദേഹം കത്തിക്കാൻ സഹായിച്ച പ്രതിയുടെ സഹോദരൻ പിടിയിൽ

നിത്യയെ കൊലപ്പെടുത്തിയത് വിവാഹത്തെച്ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെ
Idukki Pambla Murder Case
Idukki Pambla Murder Case
Edited By:
Updated on: 
1 min read

ഇടുക്കി: പാംബ്ല ഡാമിന് സമീപം വനമേഖലയിൽ 18-കാരിയായ പെൺകുട്ടിയെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്. തമിഴ്‌നാട് ബോഡിനായ്ക്കന്നൂർ സ്വദേശിനി നിത്യയെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയായ നിഷാന്തിന്റെ സഹോദരൻ നിഖിൽ സതീഷിനെ ശാന്തൻപാറ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാനായി മൃതദേഹം ഒളിപ്പിക്കാനും തുടർന്ന് പെട്രോളൊഴിച്ച് കത്തിക്കാനും നിഖിൽ സഹായിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. രാജകുമാരി ബി ഡിവിഷൻ അംബേക്കർ ഉന്നതി സ്വദേശിയായ നിഖിലിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വിവാഹത്തെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തമിഴ്‌നാട്ടിൽനിന്ന് വിളിച്ചുവരുത്തിയ നിത്യയുമായി നിഷാന്ത് സംസാരിക്കുകയും ഇതിനിടെ വിവാഹകാര്യത്തെച്ചൊല്ലി വാക്കുതർക്കമുണ്ടാകുകയുമായിരുന്നു. പ്രകോപിതനായ നിഷാന്ത് നിത്യയെ ബൈക്കിലിരുത്തി അരമനപ്പാറയിലെ ഏലത്തോട്ടത്തിലെത്തിച്ചു. തുടർന്ന് കേബിൾ ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പുവരുത്താനും തിരിച്ചറിയുന്നത് തടയാനുമായി പെൺകുട്ടിയുടെ മുഖത്ത് കല്ലുകൊണ്ട് ശക്തമായി ഇടിക്കുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി.

കൃത്യം നടത്തിയ ശേഷം നിഷാന്ത് സഹോദരനായ നിഖിലിനെ ഫോണിൽ വിളിച്ചുവരുത്തുകയായിരുന്നു. ഓട്ടോയുമായി എത്തിയ നിഖിലിനോട് കൊലപാതക വിവരം വെളിപ്പെടുത്തിയ നിഷാന്ത്, മൃതദേഹം ഒളിപ്പിക്കാൻ സഹായം തേടി. തുടർന്ന് ഇരുവരും ചേർന്ന് മൃതദേഹം ഓട്ടോയിൽ കയറ്റി തുണി ഉപയോഗിച്ച് മൂടി കൊണ്ടുപോയി. ആദ്യം ചതുപ്പിലോ വെള്ളക്കെട്ടിലോ ഉപേക്ഷിക്കാൻ പദ്ധതിയിട്ടെങ്കിലും അത് നടക്കാതെ വന്നതോടെ പാംബ്ലയിലെ വനമേഖലയിലേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു.

തുടർന്ന് സമീപത്തെ തോട്ടപ്പുരയിൽനിന്ന് പെട്രോൾ വാങ്ങി വനമേഖലയിലെത്തിക്കുകയും മൃതദേഹത്തിന് തീയിടുകയുമായിരുന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തി. കൊലപാതകം നടത്തിയതും മൃതദേഹം കത്തിച്ചതും താൻ ഒറ്റയ്ക്കാണെന്നായിരുന്നു ഒന്നാം പ്രതി നിഷാന്ത് ആദ്യം മൊഴി നൽകിയിരുന്നത്. എന്നാൽ സംഭവസ്ഥലത്തെ തെളിവുകളും സാഹചര്യങ്ങളും പരിശോധിച്ചപ്പോൾ ഇയാൾക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് സംശയിച്ചു. തുടർന്ന് നടത്തിയ വിശദമായ ചോദ്യംചെയ്യലിലാണ് സഹോദരൻ നിഖിലിന്റെ പങ്ക് വ്യക്തമായത്. പാംബ്ല ഡാമിന് സമീപം കെ.എസ്.ഇ.ബി ക്വാർട്ടേഴ്സിനും ചെക്ക്പോസ്റ്റിനും പിന്നിലെ വിജനമായ സ്ഥലത്താണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ബന്ധുക്കൾ നൽകിയ പരാതിയുടെയും നഖത്തിലെ പ്രത്യേക അടയാളങ്ങളുടെയും അടിസ്ഥാനത്തിലാണ് മൃതദേഹം നിത്യയുടേതാണെന്ന് തിരിച്ചറിഞ്ഞത്. നേരത്തെ അറസ്റ്റിലായ ഒന്നാം പ്രതി നിഷാന്തിനെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കി റിമാൻഡ് ചെയ്തിരുന്നു. സംഭവത്തിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോയെന്ന കാര്യത്തിൽ പൊലീസ് സമഗ്രമായ അന്വേഷണം തുടരുകയാണ്.

Summary

In a major breakthrough in the horrific murder of 18-year-old Nithya at Pambla in Idukki, the Santhanpara police have arrested Nikhil Satheesh, the brother of prime accused Nishanth

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com