

ഇടുക്കി: പൂജ അവധിക്കാലത്ത് വിനോദസഞ്ചാരികളുടെ വൻ തിരക്ക് അനുഭവിച്ച ഇടുക്കിയിലെ ടൂറിസം മേഖലയ്ക്ക് തിരിച്ചടിയായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കനത്ത മഴ മുന്നറിയിപ്പ്. വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ്തുടർച്ചയായ മൂന്ന് ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് വിനോദസഞ്ചാര മേഖലയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇതോടെ വാരാന്ത്യത്തിൽ സന്ദർശനം നിശ്ചയിച്ച സഞ്ചാരികൾക്ക് തങ്ങളുടെ യാത്രാ പദ്ധതികൾ മാറ്റിവെക്കേണ്ട അവസ്ഥയാണ് വന്നിരിക്കുന്നത്.
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതകൾ കണക്കിലെടുത്ത് ഓറഞ്ച് അലർട്ട് പിൻവലിക്കുന്നതുവരെ ജില്ലയിലെ മലയോര മേഖലകളിൽ വൈകുന്നേരം 7 മണി മുതൽ രാവിലെ 6 മണി വരെ രാത്രിയാത്ര പൂർണ്ണമായി നിരോധിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. റെഡ്, ഓറഞ്ച് അലർട്ട് ദിവസങ്ങളിൽ ബോട്ടിങ്, കയാക്കിങ്, റാഫ്റ്റിങ്, കുട്ടവഞ്ചി സവാരി ഉൾപ്പെടെയുള്ള എല്ലാവിധ ജലവിനോദങ്ങളും ട്രെക്കിങ്, സാഹസിക ജീപ്പ് സഫാരി എന്നിവയും പൂർണ്ണമായി നിർത്തിവെക്കും.
ഇടുക്കിയിലെ അണക്കെട്ടുകൾ, തേയിലത്തോട്ടങ്ങൾ, വെള്ളച്ചാട്ടങ്ങൾ, മലനിരകൾ എന്നിവ സന്ദർശിക്കാൻ പദ്ധതിയിട്ടിരുന്ന വിനോദസഞ്ചാരികൾക്ക് നിയന്ത്രണങ്ങൾ കനത്ത തിരിച്ചടിയാകും. അത്യാവശ്യമല്ലാത്ത മലയോര യാത്രകൾ പരമാവധി ഒഴിവാക്കണമെന്നും പുഴകളിലും മറ്റ് ജലാശയങ്ങളിലും ഇറങ്ങരുതെന്നും അധികൃതർ പൊതുജനങ്ങൾക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ പൂജ അവധി ദിനങ്ങളിൽ മൂന്നാറിലെത്തിയ സഞ്ചാരികൾക്കിടയിൽ കെഎസ്ആർടിസിയുടെ റോയൽ വ്യൂ ഡബിൾ ഡെക്കർ ബസ് സർവീസിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഒക്ടോബർ 17 മുതൽ 21 വരെയുള്ള അഞ്ച് ദിവസങ്ങളിൽ 1,191 വിനോദസഞ്ചാരികളാണ് സർവീസ് പ്രയോജനപ്പെടുത്തിയത്. ഇതിലൂടെ 4.06 ലക്ഷം രൂപയുടെ വരുമാനവും ലഭിച്ചു. കൊച്ചി-ധനുഷ്കോടി ദേശീയപാതയിലൂടെ ആനയിറങ്കൽ ഡാമിന്റെ സമീപം വരെ മൂന്നാറിന്റെ മഞ്ഞുമൂടിയ മലനിരകളും തേയിലത്തോട്ടങ്ങളും കണ്ട് യാത്ര ചെയ്യാവുന്ന ഈ സർവീസ്, രണ്ട് ബസുകളിലായി രാവിലെ 9 മണി മുതൽ വൈകിട്ട് 4.30 വരെ ദിവസേന ആറ് ട്രിപ്പുകളാണ് നടത്തുന്നത്.
അതേസമയം, ദേശീയപാത 85-ൽ അടിമാലി-മൂന്നാർ റൂട്ടിൽ രണ്ടാം മൈലിൽ വലിയ പാറക്കൂട്ടങ്ങൾ ഇടിഞ്ഞുവീണ് റോഡ് പൂർണ്ണമായി തടസ്സപ്പെട്ടതിനെ തുടർന്ന് ഗതാഗത നിയന്ത്രണം തുടരുകയാണ്. റോഡിലെ പാറക്കൂട്ടങ്ങളും അപകടകരമായ അവശിഷ്ടങ്ങളും നീക്കം ചെയ്യാൻ മൂന്ന് ദിവസമെങ്കിലും വേണ്ടിവരുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. നിലവിൽ വാഹനങ്ങൾ ആനച്ചാൽ, ഇരുട്ടുകാനം വഴിയാണ് തിരിച്ചുവിട്ടിരിക്കുന്നത്. വാരാന്ത്യ ദിനങ്ങളിലെ ഓറഞ്ച് അലർട്ടും പ്രധാന റോഡിലെ പാറയിടിച്ചിലും മൂന്നാറിലേക്കുള്ള സഞ്ചാരികളുടെ വരവിനെ കാര്യമായി ബാധിക്കും. ഉരുൾപൊട്ടൽ, വെള്ളപ്പൊക്ക ഭീഷണിയുള്ള പ്രദേശങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കാനും അടിയന്തര രക്ഷാപ്രവർത്തന സംവിധാനങ്ങൾ ഏകോപിപ്പിക്കാനും ജില്ലാ ഭരണകൂടം വിവിധ വകുപ്പുകൾക്ക് നിർദേശം നൽകി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates