ഇടുക്കിയിൽ കോൺഗ്രസിന് അടിത്തറ പാകിയ കരുത്തൻ; പദയാത്രകളിലൂടെ പ്രസ്ഥാനത്തെ തോളിലേറ്റിയ ജോസ് കുറ്റിയാനി

Former Idukki MLA Jose Kuttiyani has passed away
ജോസ് കുറ്റിയാനി അന്തരിച്ചു
Edited By:
Updated on
2 min read

ഇടുക്കി: ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന് മണ്ണും വേരുകളും നഷ്ടപ്പെടുന്ന പ്രതിസന്ധിഘട്ടങ്ങളിൽ, പതറാതെ മുന്നിൽനിന്ന് പട നയിക്കുന്ന ചില നേതാക്കളുണ്ട്. അത്തരമൊരു പോരാട്ടത്തിന്റെ ചരിത്രമാണ് ജോസ് കുറ്റിയാനി എന്ന പേരിനൊപ്പം ചേർന്നുനിൽക്കുന്നത്. കേരള കോൺഗ്രസ് എന്ന വൻ രാഷ്ട്രീയ കൊടുങ്കാറ്റിൽ ഇടുക്കിയുടെ മലയോരങ്ങളിൽ കോൺഗ്രസ് അടിപതറി നിന്നൊരു കാലമുണ്ടായിരുന്നു. തോട്ടം മേഖലകളിലൊഴികെ ജില്ലയിലെ മറ്റെല്ലാ മേഖലകളിലും പാർട്ടിക്ക് പരമ്പരാഗത വോട്ടുബാങ്കും സ്വാധീനവും പൂർണ്ണമായി നഷ്ടപ്പെട്ടു. ആ ഘട്ടത്തിലാണ് തോൽവികളിൽ പതറാതെ ജോസ് കുറ്റിയാനി ഇടുക്കിയുടെ മണ്ണിലൂടെ കാൽനടയായി യാത്ര തുടങ്ങിയത്. ആ പദയാത്രകളാണ് പിന്നീട് ഇടുക്കിയിലെ കോൺഗ്രസിന്റെ രാഷ്ട്രീയ മേൽവിലാസത്തെ വീണ്ടെടുത്തത്.

Former Idukki MLA Jose Kuttiyani has passed away
സസ്യശാസ്ത്രത്തിലെ അത്ഭുതം; കാടിനെ സർവകലാശാലയാക്കിയ പിച്ചൻ സലീം

1965-ൽ കേരള കോൺഗ്രസ് രൂപീകരിക്കപ്പെട്ടതോടെ മധ്യതിരുവിതാംകൂറിലും ഹൈറേഞ്ചിലും കോൺഗ്രസ് വലിയ തകർച്ച നേരിട്ടു. 1965-ലെയും 1967-ലെയും നിയമസഭാ തെരഞ്ഞെടുപ്പുകൾ പാർട്ടിക്ക് കനത്ത ആഘാതമായി മാറി. 1967-ൽ കരിമണ്ണൂർ മണ്ഡലത്തിൽ മത്സരിച്ച് പരാജയപ്പെട്ടെങ്കിലും അദ്ദേഹം പിന്മാറിയില്ല. പകരം തൊടുപുഴ താലൂക്കിന്റെ ഓരോ ഗ്രാമങ്ങളിലൂടെയും അദ്ദേഹം നിരന്തരം പദയാത്രകൾ നടത്തി. നിരാശയിലാണ്ടുപോയ സാധാരണ പ്രവർത്തകരെ പേരെടുത്തുവിളിച്ച് വീണ്ടും സജീവമാക്കി. മലയോര മണ്ണിൽ കോൺഗ്രസിന്റെ ത്രിവർണ്ണ പതാക വീണ്ടും അഭിമാനത്തോടെ ഉയർന്നത് ആ കാൽനടയാത്രകളിലൂടെയായിരുന്നു.

Former Idukki MLA Jose Kuttiyani has passed away
മഴനൂലിൽ കൊരുത്ത രാമസേതു; കന്നിയിലെ തിരുവോണവും തൃപ്രയാർ തേവരുടെ ചിറകെട്ടും

1972 ഫെബ്രുവരി 27-ന് ഇടുക്കി ജില്ല ഔദ്യോഗികമായി രൂപംകൊണ്ടപ്പോൾ, ജില്ലയിലെ കോൺഗ്രസിന്റെ നായകസ്ഥാനത്തേക്ക് കെപിസിസി നിയോഗിച്ചത് അന്നത്തെ പ്രമുഖ കെപിസിസി അംഗമായിരുന്ന ജോസ് കുറ്റിയാനിയെയായിരുന്നു. പ്രഥമ ഡിസിസി പ്രസിഡന്റായതോടെ അദ്ദേഹത്തിന്റെ രാഷ്ട്രീയ തട്ടകം കൂടുതൽ വിശാലമായി. അയ്യപ്പൻകോവിലിൽ നിന്ന് ആരംഭിച്ച് തൊടുപുഴയിൽ സമാപിച്ച ആദ്യ പദയാത്രയും, പെരുവന്താനത്ത് നിന്ന് തൊടുപുഴയിലേക്ക് നടത്തിയ രണ്ടാമത്തെ പദയാത്രയും ജില്ലയിലെ സാധാരണ ജനങ്ങൾക്കിടയിൽ പാർട്ടിക്ക് വലിയ ജനപിന്തുണ നേടിക്കൊടുത്തു. വെറുമൊരു സംഘടനാ നേതാവായി ഒതുങ്ങാതെ, ജില്ലയിൽ പാർട്ടിക്ക് സ്വന്തമായി ആദ്യത്തെ ഡിസിസി ഓഫീസ് കെട്ടിടം നിർമ്മിച്ചതും അദ്ദേഹത്തിന്റെ സംഘാടക മികവിലാണ്.

Former Idukki MLA Jose Kuttiyani has passed away
അട്ടപ്പാടി ഇരട്ടക്കൊലപാതകം: നിർണ്ണായക തുമ്പായത് ബിരിയാണി അരിയുടെ ചാക്ക്; അപ്രത്യക്ഷനായ ഭർത്താവിലേക്ക് സംശയമുന; കേരളം വിട്ടതായി സൂചന

കെഎസ്‌യുവിന് മുൻപുണ്ടായിരുന്ന വിദ്യാർത്ഥി കോൺഗ്രസിലൂടെയായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ അരങ്ങേറ്റം. എറണാകുളം ഗവൺമെന്റ് ലോ കോളേജ് യൂണിയൻ ചെയർമാനായിരുന്ന കുറ്റിയാനി, വിമോചന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ രണ്ടാഴ്ച പൂജപ്പുര സെൻട്രൽ ജയിലിൽ തടവുശിക്ഷ അനുഭവിച്ചിട്ടുണ്ട്. താഴെത്തട്ടിൽ വാർഡ് പ്രസിഡന്റായി തുടങ്ങിയ അദ്ദേഹം 1964-ൽ മുട്ടം മണ്ഡലം പ്രസിഡന്റായും, 1965-ൽ കരിമണ്ണൂർ ബ്ലോക്ക് പ്രസിഡന്റായും, 1967-ൽ കെപിസിസി അംഗമായും ഉയർന്നു. പിന്നീട് എഐസിസി അംഗമായും പ്രവർത്തിച്ചു.

1980-ൽ ഇടുക്കി നിയോജകമണ്ഡലത്തിൽ നിന്ന് കന്നിവിജയം നേടി അദ്ദേഹം നിയമസഭയിലെത്തി. തുടർന്ന് 1982-ലും ഇടുക്കിയിൽ നിന്ന് വീണ്ടും നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. അധികാര രാഷ്ട്രീയത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളായിരുന്നു അദ്ദേഹത്തിന്റേത്. 1983-ൽ മുഖ്യമന്ത്രി കെ. കരുണാകരനെതിരെയുള്ള അവിശ്വാസത്തെ പരസ്യമായി പിന്തുണച്ചുകൊണ്ട് കെ.കെ. ബാലകൃഷ്ണനും സിറിയക് ജോണിനുമൊപ്പം അദ്ദേഹം പാർട്ടി വിട്ടു. തുടർന്ന് പ്രത്യേക രാഷ്ട്രീയ പാർട്ടി രൂപീകരിക്കുകയും 1984-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മണർകാട് മൈക്കിൾ ജോസഫിനെ ഇടുക്കിയിൽ സ്ഥാനാർത്ഥിയാക്കി മത്സരിപ്പിക്കുകയും ചെയ്തു. പിന്നീട് കോൺഗ്രസിൽ മടങ്ങിയെത്തിയെങ്കിലും നേതൃത്വത്തോട് വിയോജിച്ച് 2006-ൽ വീണ്ടും പുറത്തായി. തൃണമൂൽ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് പദവി വഹിച്ച ശേഷമാണ് അദ്ദേഹം വീണ്ടും കോൺഗ്രസ് പ്രസ്ഥാനത്തിലേക്ക് തിരിച്ചെത്തിയത്.

Former Idukki MLA Jose Kuttiyani has passed away
യുവതി കിണറ്റിൽ ചാടി ജീവനൊടുക്കിയ സംഭവം: ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ കേസ്

രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് പുറമെ സഹകരണ മേഖലയിലും അഡ്വ. ജോസ് കുറ്റിയാനി വ്യക്തിമുദ്ര പതിപ്പിച്ചു. 1975 മുതൽ 1981 വരെ ഇടുക്കി ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റായിരുന്ന അദ്ദേഹം മാർക്കറ്റിംഗ് ഫെഡറേഷൻ ചെയർമാൻ, നാഫെഡ് വൈസ് ചെയർമാൻ, കിസ്കോ വൈസ് പ്രസിഡന്റ്, ക്രിബ്കോ ഡയറക്ടർ, നാഷണൽ കോ-ഓപ്പറേറ്റീവ് ഹൗസിംഗ് ഫെഡറേഷൻ ചെയർമാൻ തുടങ്ങിയ പദവികളും അലങ്കരിച്ചു. 1939 നവംബർ 11-ന് കുറ്റിയാനിക്കൽ ജോസഫിന്റെയും മണ്ണാറാത്ത് മറിയാമ്മയുടെയും മകനായി ജനിച്ച്, പാലാ സെന്റ് തോമസിലും തേവര എസ്എച്ചിലും എറണാകുളം ലോ കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി തൊടുപുഴ ബാറിൽ അഭിഭാഷകനായെത്തിയ ജോസ് കുറ്റിയാനി, ഇടുക്കിയുടെ രാഷ്ട്രീയ പ്രയാണത്തിൽ മായാത്ത കയ്യൊപ്പ് ചാർത്തിയാണ് പടിയിറങ്ങുന്നത്. പ്രതിസന്ധികളിൽ പ്രസ്ഥാനത്തിന് കാവലായ ആ പദയാത്രകൾ ഇടുക്കിയിലെ കോൺഗ്രസ് ചരിത്രമുള്ളിടത്തോളം കാലം ഓർമ്മിക്കപ്പെടും.

Summary

This profile chronicles the indomitable political journey and legacy of veteran leader Jose Kuttiani, the foundational architect who rebuilt the Congress party from the grassroots across the high ranges of Idukki

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com