വാർത്തകളുടെ ചൂടും വേഗവും നിറഞ്ഞ പത്രപ്രവർത്തനത്തിന്റെ തിരക്കുകളിൽനിന്ന് വേദമന്ത്രങ്ങൾ മുഖരിതമായ യാഗശാലയുടെ തപസ്സിലേക്ക് സ്വയം പരിവർത്തിക്കുകയെന്നത് തീർത്തും അപൂർവ്വമായൊരു നിയോഗമാണ്. വാർത്തകൾ തേടി നഗരവഴികളിലൂടെ ഓടിനടന്ന പഴയ പത്രപ്രവർത്തകൻ, ഇന്ന് കഠിന നിഷ്ഠകളുടെയും ആത്മസമർപ്പണത്തിന്റെയും പ്രതീകമായ സോമയാജിപ്പാടാണ്. തൃശ്ശൂർ പ്രസ് ക്ലബ്ബിന്റെ അമരക്കാരനായിരുന്ന ആരൂർ വാസുദേവൻ ഭട്ടതിരിപ്പാട് എന്ന ദേവൻ ഭട്ടതിരിപ്പാട് യാഗപാരമ്പര്യത്തിന്റെ അമൃതവഴികളിലേക്ക് മടങ്ങിയെത്തിയ ജീവിതകഥ ഏതൊരാളിലും കൗതുകവും ആദരവും ഉണർത്തും.
യാഗങ്ങൾക്ക് പേരുകേട്ട പെരുവനം ഗ്രാമത്തിലെ പ്രശസ്തമായ ചെറുവത്തൂർ ആരൂർ മനയിലെ അംഗമാണെങ്കിലും ചെറുപ്പം മുതൽ അക്ഷരങ്ങളോടും പൊതുപ്രവർത്തനത്തോടുമായിരുന്നു വാസുദേവൻ ഭട്ടതിരിപ്പാടിന് കമ്പം. മാധ്യമപ്രവർത്തനത്തിന്റെ കുപ്പായമണിഞ്ഞ് വർഷങ്ങളോളം അദ്ദേഹം പൊതുരംഗത്ത് സജീവമായി നിന്നു. എന്നാൽ, വാർത്തകളുടെ തിക്കിലും തിരക്കിലും അലിഞ്ഞുചേരുമ്പോഴും മനസ്സിന്റെ ഒരു കോണിൽ പൂർവ്വികർ പകർന്നുനൽകിയ ആചാരചിട്ടകളും പവിത്രമായ ജീവിതശൈലിയും അദ്ദേഹം കൈവിട്ടിരുന്നില്ല. ആഭിജാത്യം, അഗ്നിഹോത്രം, ഭട്ടവൃത്തി എന്നീ മൂന്ന് യോഗ്യതകളും ഒരുമിച്ചു ചേരുന്ന അപൂർവ്വം മനകളിലൊന്നാണ് ആരൂർ മന. വല്ല്യച്ഛനും മുത്തച്ഛനും അടിതിരിപ്പാടുമാരായിരുന്നു; മുതുമുത്തച്ഛൻ സോമയാജിപ്പാടും. എന്നാൽ തലമുറകൾ കഴിഞ്ഞതോടെ പെരുവനം ഗ്രാമത്തിൽ യാഗങ്ങൾ ചെയ്യുന്നവരുടെ എണ്ണം വല്ലാതെ കുറഞ്ഞു. പാരമ്പര്യം അന്യംനിന്നുപോകരുതെന്ന നാടിന്റെയും മുതിർന്നവരുടെയും അഭ്യർത്ഥന ആ മനസ്സിൽ മാറ്റത്തിന്റെ വിത്തുപാകി.
മൂന്ന് വർഷത്തോളം നീണ്ട ചിന്തകൾക്കും ആത്മപരിശോധനകൾക്കും ശേഷമാണ് യാഗജീവിതത്തിലേക്ക് കാലെടുത്തുവെക്കാൻ അദ്ദേഹം തീരുമാനിക്കുന്നത്. സോമയാഗം ചെയ്യണമെങ്കിൽ ആദ്യം അഗ്ന്യാധാനം കഴിഞ്ഞ് 'അടിതിരി'യായി മാറണം. അതിന് സ്വധർമ്മിണിയുടെ പൂർണ്ണസമ്മതവും കഠിനമായ ത്യാഗവും കൂടിയേ തീരൂ. യാഗത്തിന്റെ കഠിനനിഷ്ഠകളെക്കുറിച്ച് ബോധ്യമുണ്ടായിട്ടും, മായന്നൂർ പിടിക്കപ്പറമ്പ് സജിത അദ്ദേഹത്തിന്റെ നിയോഗത്തിന് പൂർണ്ണ പിന്തുണ നൽകി കൂടെനിന്നു. അങ്ങനെ 2018 ഏപ്രിൽ അവസാനത്തോടെ അഗ്ന്യാധാനം ചെയ്ത് വാസുദേവൻ ഭട്ടതിരിപ്പാട് അടിതിരിയായി മാറി. തുടർന്ന് ഒരുവർഷം നീണ്ട ചിട്ടയായ സാധനകൾക്കും പരിശീലനങ്ങൾക്കും ശേഷമാണ് സോമയാഗത്തിന്റെ യജമാനപദവിയിലേക്ക് അദ്ദേഹം എത്തിയത്. ഭാര്യ സജിത 'പത്തനാടി'യായി ഒപ്പം നിന്നു.
വസന്തഋതുവിന്റെ പുണ്യവേളയിൽ ചിറക്കേക്കോട് എളങ്ങള്ളൂർ മനയിൽ സജ്ജമാക്കിയ യാഗശാലയിലേക്ക് നാടിന്റെ നാനാഭാഗങ്ങളിൽനിന്നും ജനങ്ങളുടെ പ്രവാഹമായിരുന്നു. സോമരസം പ്രധാന ഹവിസ്സായി അഗ്നിയിൽ സമർപ്പിച്ച് ഏഴുദിവസം നീണ്ടുനിന്ന യാഗം പൂർത്തിയായി. യാഗശാല അഗ്നിക്ക് സമർപ്പിച്ച ആ നിമിഷം, ആകാശത്തുനിന്ന് പ്രകൃതിയുടെ അനുഗ്രഹമഴ തോരാതെ പെയ്തിറങ്ങിയത് ഭക്തർക്ക് അത്ഭുതകരമായ അനുഭവമായി മാറി. യാഗശാലയിലെ ഓരോ മന്ത്രോച്ചാരണവും പ്രപഞ്ചത്തിന്റെ നിലനിൽപ്പിനും സമസ്ത ജീവജാലങ്ങളുടെയും നന്മയ്ക്കും വേണ്ടിയുള്ളതാണെന്ന് ശാന്തമായ മുഖത്തോടെ സോമയാജിപ്പാട് ഓർമ്മിപ്പിക്കുന്നു.
സാധാരണക്കാർക്ക് സങ്കൽപ്പിക്കാൻ പോലുമാകാത്തത്ര കഠിനമാണ് സോമയാഗത്തിന്റെ യജമാനൻ പാലിക്കേണ്ട വ്രതാനുഷ്ഠാനങ്ങൾ. 'വ്രതം കൊള്ളൽ' എന്ന ചടങ്ങ് തുടങ്ങിയാൽ പിന്നെ ആരോടും സംസാരിക്കാൻ പാടില്ല. കൈകൾ മുഷ്ടിചുരുട്ടിപ്പിടിക്കണം; യാഗം തീരുന്നതുവരെ ആ കൈകൾ തുറക്കാൻ പാടില്ല. പതിനാറ് തോർത്തുകൾ ചേർത്തുകെട്ടിയ വലിയൊരു തലപ്പാവ് ശിരസ്സിലുണ്ടാകും. ദേഹത്ത് ചൊറിച്ചിൽ അനുഭവപ്പെട്ടാൽ പോലും കൈകൊണ്ടു തൊടാൻ പാടില്ലെന്നതാണ് നിഷ്ഠ. അരയിൽ കെട്ടിയിടുന്ന ഒരു മൃഗക്കൊമ്പ് കൊണ്ടേ ശരീരം ചൊറിയാൻ പാടുള്ളൂ. യാഗശാലയിൽ തയാറാക്കുന്ന പാൽ മാത്രമാണ് ദിവസങ്ങളോളം പ്രധാന ആഹാരം.
"ഇദം ന മമ..." അതായത് ഇതൊന്നും എന്റേതല്ല, എല്ലാം പ്രപഞ്ചനന്മയ്ക്കായി സമർപ്പിക്കുന്നു എന്ന സർവ്വാത്മനാ ഉള്ള സമർപ്പണമാണ് ഈ യാഗത്തിന്റെ ആത്മാവ്. യാഗത്തിനുശേഷം ഭവനത്തിലേക്ക് ആനയിച്ച 'ത്രേതാഗ്നി' മൂന്ന് കുണ്ഡങ്ങളിലായി ഇന്നും ആ മനയിൽ അണയാതെ സൂക്ഷിക്കുന്നുണ്ട്. ദിനവും മുടങ്ങാതെ അഗ്നിഹോത്രം ചെയ്താണ് ഇത് കാത്തുപോരുന്നത്. ആയുസ്സൊടുങ്ങി ഭൗതികദേഹം ചിതയിലേക്ക് വെക്കുമ്പോൾ ഈ പുണ്യവാഗ്നിയാണ് ചിതയ്ക്ക് പകരുക; അതോടെ ഒരു ജന്മത്തിന്റെ ആത്മീയയാത്ര പൂർണ്ണത കൈവരിക്കും. ഒരുകാലത്ത് വാർത്തകളുടെ ചുറ്റുവട്ടത്ത് ഓടിനടന്ന ഒരാൾ, പ്രപഞ്ചശാന്തിക്കായി സ്വന്തം സുഖങ്ങളെല്ലാം ത്യജിച്ച് പവിത്രമായ ഈ വഴിയിലൂടെ നടന്നുതീർക്കുന്നത് വിസ്മയത്തോടെയല്ലാതെ കണ്ടുനിൽക്കാനാവില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates