കണ്ണൂർ: ഉത്രാടപ്പാച്ചിലിന്റെ ജനത്തിരക്കൊഴിഞ്ഞ അർദ്ധരാത്രിയിൽ നഗരം വൃത്തിയാക്കാൻ ചൂലുമായി മേയറും ജനപ്രതിനിധികളും തെരുവിലിറങ്ങി. വഴിയോര കച്ചവടങ്ങൾ ഒഴിഞ്ഞതിന് പിന്നാലെ നഗരത്തിൽ കുന്നുകൂടിയ മാലിന്യങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നീക്കം ചെയ്ത് തിരുവോണ നാളിൽ കണ്ണൂരിനെ സുന്ദരമാക്കി മാറ്റി കോർപ്പറേഷൻ ഭരണസമിതിയും ആരോഗ്യ വിഭാഗവും.
ഓണവിപണി സജീവമായതോടെ കണ്ണൂർ നഗരത്തിലെ പ്രധാന റോഡുകളിലും തെരുവോരങ്ങളിലും വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. ഇതര സംസ്ഥാനങ്ങളിൽ നിന്നടക്കം നിരവധി വ്യാപാരികളാണ് വഴിയോര കച്ചവടത്തിനായി നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ എത്തിയത്. എന്നാൽ അർദ്ധരാത്രിയോടെ കച്ചവടങ്ങൾ പൂർത്തിയാക്കി ആളുകൾ ഒഴിഞ്ഞപ്പോൾ നഗരഹൃദയത്തിൽ വൻതോതിലുള്ള മാലിന്യങ്ങളാണ് അവശേഷിച്ചത്.
തിരുവോണപ്പുലരിയിൽ നഗരത്തിലെത്തുന്ന ജനങ്ങൾക്ക് വൃത്തിയുള്ള അന്തരീക്ഷം സമ്മാനിക്കുക എന്ന ലക്ഷ്യത്തോടെയാണ് മേയറുടെ നേതൃത്വത്തിൽ ശുചീകരണ യജ്ഞം ആരംഭിച്ചത്. രാത്രി വൈകി ആരംഭിച്ച ശുചീകരണം മണിക്കൂറുകളോളം നീണ്ടുനിന്നു. ജനപ്രതിനിധികളും കോർപ്പറേഷൻ ജീവനക്കാരും ഒത്തുചേർന്ന് പ്രവർത്തിച്ചതോടെ പുലർച്ചെയോടെ നഗരത്തിലെ മാലിന്യങ്ങൾ പൂർണ്ണമായും നീക്കം ചെയ്യാൻ സാധിച്ചു.
ശുചീകരണ യജ്ഞത്തിന് മേയർ പി. ഇന്ദിര, ഡെപ്യൂട്ടി മേയർ കെ.പി. താഹിർ എന്നിവർ നേരിട്ട് നേതൃത്വം നൽകി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ലിഷ ദീപക്, റിഷാം താണ, ശ്രീജ മഠത്തിൽ, റിജിൽ മാക്കുറ്റി, ഷമീമ ടീച്ചർ, വി.കെ. മുഹമ്മദലി, കൗൺസിലർമാരായ പ്രദീപ്, റഫ്ന, ഉഷ, ഫസ്ലിം, ഷബീർ, അർഷാദ്, നിസാമി, അനിൽകുമാർ, പുരുഷോത്തമൻ, ക്ലീൻ സിറ്റി മാനേജർ രാജീവൻ, ഹെൽത്ത് ഇൻസ്പെക്ടർമാർ, ആരോഗ്യ വിഭാഗം ജീവനക്കാർ എന്നിവർ ദൗത്യത്തിൽ പങ്കാളികളായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates