കണ്ണൂർ: വളപട്ടണം പാലത്തിലെ അറ്റകുറ്റപ്പണികളും മേലെ ചൊവ്വ മേൽപ്പാലം നിർമ്മാണവും ഒരേസമയം നടക്കുന്ന പശ്ചാത്തലത്തിൽ നഗരത്തിലും ദേശീയപാതയിലും അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ തിരക്കേറിയ സമയങ്ങളിൽ ഭാരവാഹനങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി. ജില്ലാ കളക്ടർ പി. വിഷ്ണുരാജാണ് ദുരന്തനിവാരണ നിയമപ്രകാരം ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. നിർമ്മാണ പ്രവൃത്തികൾ പൂർണ്ണമായി അവസാനിക്കുന്നതുവരെ ഈ നിയന്ത്രണം കർശനമായി തുടരും.
പഴയങ്ങാടി റോഡിൽ ചെറുകുന്ന് മുതൽ എടക്കാട് വരെയും, തളിപ്പറമ്പ് റോഡിൽ ധർമ്മശാല മുതൽ എടക്കാട് വരെയുമുള്ള ഭാഗങ്ങളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. രാവിലെ എട്ട് മണി മുതൽ പത്ത് മണി വരെയും വൈകുന്നേരം നാല് മണി മുതൽ രാത്രി ഏഴ് മണി വരെയുമുള്ള തിരക്കേറിയ സമയങ്ങളിലാണ് ഭാരവാഹനങ്ങൾക്ക് പാതയിൽ വിലക്ക് ബാധകമാക്കിയിരിക്കുന്നത്. പത്ത് ടയറോ അതിൽ കൂടുതലോ ഉള്ള ഹെവി ചരക്കുവാഹനങ്ങൾ, മൾട്ടി-ആക്സിൽ ട്രക്കുകൾ, ട്രെയിലർ, സെമി-ട്രെയിലർ എന്നിവയ്ക്കാണ് ഈ സമയങ്ങളിൽ പാതയിൽ പൂർണ്ണ നിരോധനമുള്ളത്.
പഴയങ്ങാടി - കണ്ണൂർ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ റൂട്ട് പുനഃക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ വിളിച്ചുചേർത്ത ബസുടമകളുടെയും തൊഴിലാളി പ്രതിനിധികളുടെയും യോഗത്തിലാണ് സുപ്രധാനമായ ഈ തീരുമാനമെടുത്തത്. ഭാരവാഹനങ്ങൾ നിർത്തിയിടുന്നത് വഴി മറ്റു വാഹനങ്ങൾക്ക് തടസ്സമുണ്ടാകാതിരിക്കാൻ കണ്ണപുരം, തളിപ്പറമ്പ്, എടക്കാട് സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് കളക്ടർ പ്രത്യേക ചുമതല നൽകി. നിയന്ത്രണ സമയങ്ങളിൽ ചരക്കുവാഹനങ്ങൾ പാതയോരങ്ങളിൽ സുരക്ഷിതമായി നിർത്തിയിടുന്നതിനുള്ള പാർക്കിങ് ക്രമീകരണങ്ങൾ ഈ പോലീസ് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണം.
ഉത്തരവ് അടിയന്തര പ്രാബല്യത്തോടെ നടപ്പിലാക്കാനും പാതയിൽ ആവശ്യമായ ട്രാഫിക് ക്രമീകരണങ്ങൾ ഏർപ്പെടുത്തി യാത്രാക്ലേശം പരിഹരിക്കാനും പോലീസ്, ദേശീയപാത അതോറിറ്റി, നിർമ്മാണ ഏജൻസി ഉദ്യോഗസ്ഥർക്ക് കളക്ടർ കർശന നിർദ്ദേശം നൽകി. കളക്ടറുടെ ചേംബറിൽ ചേർന്ന അവലോകന യോഗത്തിൽ സിറ്റി പോലീസ് കമ്മീഷണർ വിജയ ഭരത് റെഡ്ഡി, അസിസ്റ്റന്റ് കളക്ടർ എസ്. സ്വാതി, എഡിഎം കെ. ബാലഗോപാലൻ, ആർടിഒ ഇ.എസ്. ഉണ്ണികൃഷ്ണൻ, അസിസ്റ്റന്റ് പോലീസ് കമ്മീഷണർ എം.പി. ആസാദ് എന്നിവരും വിവിധ സംഘടനാ പ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates