കണ്ണൂർ: മലബാറിന്റെ കാൽപ്പന്തുകളി ആവേശത്തിന് വിസിൽ മുഴങ്ങാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, സൂപ്പർ ലീഗ് കേരള (എസ്എൽകെ) മത്സരങ്ങൾക്കായി കണ്ണൂർ ജവഹർ സ്റ്റേഡിയം സജ്ജമാകുന്നു. സെപ്റ്റംബർ 21-നകം ഗ്യാലറി നിർമ്മാണം ഉൾപ്പെടെയുള്ള പ്രധാന ക്രമീകരണങ്ങൾ പൂർത്തിയാക്കാനുള്ള ഊർജ്ജിത പ്രവർത്തനങ്ങളാണ് സ്റ്റേഡിയത്തിൽ നടക്കുന്നത്. സെപ്റ്റംബർ 25-ന് നടക്കുന്ന ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ കണ്ണൂർ വാരിയേഴ്സ് എഫ്.സി തങ്ങളുടെ സ്വന്തം മൈതാനത്ത് തൃശൂർ മാജിക് എഫ്.സിയെ നേരിടും. മൂന്നാം സീസണിനായി 26 അംഗ കരുത്തുറ്റ ടീമിനെയാണ് കണ്ണൂർ വാരിയേഴ്സ് അണിനിരത്തുന്നത്. ടീമിൽ ആറ് വിദേശ താരങ്ങളും എട്ട് പ്രാദേശിക താരങ്ങളും ഇടംപിടിച്ചിട്ടുണ്ട്.
മത്സരങ്ങൾ അന്താരാഷ്ട്ര നിലവാരത്തിൽ നടത്തുന്നതിനായി ഗ്രൗണ്ടിൽ പുല്ല് വെച്ചുപിടിപ്പിക്കുന്ന രണ്ടാംഘട്ട നവീകരണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. മൈതാനത്തിന് ചുറ്റും കാടുപിടിച്ചു കിടന്ന ഭാഗങ്ങൾ വെട്ടിത്തെളിച്ചു. ഗ്യാലറികളുടെ പെയിന്റിംഗ്, താല്കാലിക ഫ്ലഡ് ലൈറ്റുകൾ സ്ഥാപിക്കൽ, അത്യാധുനിക ഡ്രസ്സിംഗ് റൂം, മെഡിക്കൽ റൂം, മാധ്യമ പ്രവർത്തകർക്കുള്ള മീഡിയ റൂം, ടെലിവിഷൻ സംപ്രേക്ഷണത്തിനായുള്ള പ്രത്യേക സൗകര്യങ്ങൾ എന്നിവ അടുത്ത ദിവസങ്ങളിൽ പൂർത്തിയാക്കും.
സ്റ്റേഡിയത്തിലെ കിഴക്കേ പവലിയന് ബലക്ഷയമുള്ളതിനാൽ കഴിഞ്ഞ വർഷം ഇവിടെ കാണികൾക്ക് പ്രവേശനം നൽകിയിരുന്നില്ല. പതിനായിരക്കണക്കിന് കായികപ്രേമികൾ എത്തിയ മത്സരങ്ങളിൽ പലർക്കും അകത്ത് കയറാൻ സാധിക്കാതെ പുറത്തുനിൽക്കേണ്ടി വന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ബിഗ് സ്ക്രീൻ വെക്കണമെന്ന ആവശ്യവും നടപ്പായില്ല.കഴിഞ്ഞ സീസൺ കഴിഞ്ഞ് ഒരു വർഷം പിന്നിട്ടിട്ടും കിഴക്കേ പവലിയൻ ബലപ്പെടുത്താൻ അധികൃതർ തയ്യാറായിട്ടില്ല. ഇതോടെ കാണികളുടെ തിരക്ക് നിയന്ത്രിക്കാൻ കിഴക്കേ പവലിയന് സമീപം ഇത്തവണ താത്കാലിക ഗ്യാലറി ഒരുക്കാനുള്ള ശ്രമത്തിലാണ് സൂപ്പർ ലീഗ് സംഘാടകർ.
കണ്ണൂർ കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള ജവഹർ സ്റ്റേഡിയം സൂപ്പർ ലീഗ് മത്സരങ്ങൾക്കായി മൂന്ന് വർഷത്തെ കരാറിലാണ് കേരള ഫുട്ബോൾ അസോസിയേഷന് (കെഎഫ്എ) കൈമാറിയിട്ടുള്ളത്. കരാർ പ്രകാരം സ്റ്റേഡിയത്തിന്റെ പരിപാലന ചുമതല കെഎഫ്എയ്ക്കാണ്. എന്നാൽ കഴിഞ്ഞ മത്സരങ്ങൾക്ക് ശേഷം ഗ്രൗണ്ട് വൃത്തിയാക്കാനോ സംരക്ഷിക്കാനോ ഫുട്ബോൾ അസോസിയേഷൻ തയ്യാറായില്ല. വേലികളിൽ വള്ളികൾ പടർന്ന് കാടുകയറിയ സ്റ്റേഡിയം നിലവിൽ കണ്ണൂർ വാരിയേഴ്സ് മാനേജ്‌മെന്റിന്റെ നേതൃത്വത്തിലാണ് സ്വന്തം ചെലവിൽ ശുചീകരിക്കുന്നത്. സ്റ്റേഡിയം നവീകരണത്തിൽ കോർപ്പറേഷനും ഫുട്ബോൾ അസോസിയേഷനും പരസ്പരം പഴിചാരി ഒഴിഞ്ഞുമാറുകയാണെന്ന് കായികപ്രേമികളും സംഘാടകരും ചൂണ്ടിക്കാട്ടുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates